മഹേശൻ അവസാനം എഴുതിയ ആത്മഹത്യാകുറിപ്പ് പുറത്ത്; വെള്ളാപ്പള്ളിക്കെതിരെ പരാമർശം

By Web TeamFirst Published Jul 1, 2020, 10:19 AM IST
Highlights

വെള്ളാപ്പള്ളി നടേശന്റെയും അശോകന്റെയും പേരുള്ള കുറിപ്പാണ് പുറത്തുവന്നത്. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന കുറിപ്പാണിത്.

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന മഹേശൻ അവസാനം എഴുതിയ ആത്മഹത്യാകുറിപ്പ് പുറത്ത്. വെള്ളാപ്പള്ളി നടേശന്റെയും അശോകന്റെയും പേരുള്ള കുറിപ്പാണ് പുറത്തുവന്നത്. ഇവർക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കന്മാർക്കായി തന്‍റെ ജീവിതവും ഹോമിക്കുന്നു എന്ന് കുറിപ്പിൽ മഹേശൻ പറയുന്നു. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന കുറിപ്പാണിത്.

കെ കെ മഹേശന്‍റെ ആത്മഹത്യയിൽ, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന നിലപാടിലാണ് കുടുംബം. മരണത്തിന് ഇടയാക്കിയ യഥാർത്ഥ കാരണങ്ങൾക്ക് പകരം മഹേശന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിലാണ് പൊലീസിന് വ്യഗ്രത. മൈക്രോഫിനാൻസ് കേസുകളിൽ കുടുക്കാൻ ശ്രമിച്ചതിൽ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.

ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് നേരത്തെ കുടുംബ ആരോപിക്കുന്നുണ്ട്. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മഹേശന്‍റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങാനിരിക്കുകയാണ്. 

അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മാരാരിക്കുളം പൊലീസ് പ്രതികരണം. മഹേശൻ കത്തുകളിൽ പറയുന്ന ചേർത്തല യൂണിയനിലെ ഇടപാടുകളും ശ്രീകണ്ഠേശ്വരം സ്കൂളിലെ നിയമനങ്ങളെകുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിന് ശേഷം വെള്ളാപ്പള്ളി ഉൾപ്പെടെ മറ്റുള്ളരുടെ മൊഴി രേഖപ്പെടുത്തുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

click me!