കരൾ മാറ്റിവയ്ക്കൽ യൂണിറ്റിന് പൂട്ട് വീണിട്ട് നാലര വര്‍ഷം; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

By Web TeamFirst Published Dec 27, 2020, 11:47 AM IST
Highlights

18 മുതൽ 30 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിൽ ശസ്ത്രക്രിയ ചെലവ്. പാവപ്പെട്ടവർക്ക് അത്താണിയാകേണ്ട തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ, സർക്കാർ മേഖലയിലെ ഒരേ ഒരു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പൂട്ടിയിട്ട് വർഷം അഞ്ചാവുകയാണ്. 

തിരുവനന്തപുരം: സർക്കാർ മേഖലയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് നാലര വർഷം. യൂണിറ്റ് പ്രവർത്തിക്കാൻ വിദഗ്ധരുടെ അഭാവവും പണച്ചെലവും പ്രശ്നമാണെന്നാണ് വിശദീകരണം. ഇതോടെ സൗജന്യമായി കരൾ മാറ്റിവയ്ക്കാനെത്തുന്ന പാവപ്പെട്ട രോഗികളെ സ്വകാര്യ മേഖലയിലേക്ക് പറഞ്ഞയക്കുന്ന റഫറൽ കേന്ദ്രമായി സർക്കാർ ആശുപത്രികൾ മാറി. 

പാവപ്പെട്ടവർക്ക് അത്താണിയാകേണ്ട തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ, സർക്കാർ മേഖലയിലെ ഒരേ ഒരു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പൂട്ടിയിട്ട് വർഷം അഞ്ചാകുന്നു. സൗജന്യമായി ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്ന ഇവിടെ നിന്നും ഇപ്പോൾ രോഗികളെ സ്വകാര്യ മേഖലയിലേക്ക് പറഞ്ഞയക്കുകയാണ്. 18 മുതൽ 30 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിൽ ശസ്ത്രക്രിയ ചെലവ്. 

2016 മാർച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ നടത്തിയത്. സ്വകാര്യ ആശുപത്രിയുടെ സഹായത്തോടെയായിരുന്നു ഇത്. എന്നാൽ അണുബാധയെ തുടർന്ന് രോഗി മരിച്ചു. അതോടെ ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ഒരു വിഭാഗം ഡോക്ടർമാർ പിന്തിരിഞ്ഞു. സർക്കാരും അനങ്ങിയില്ല. ശസ്ത്രക്രിയ വൈദഗ്ധ്യവും സഹായവും തേടി സ്വകാര്യ ആശുപത്രിയുമായി ഒപ്പിട്ട കരാർ ഒരു വർഷത്തിനുള്ളിൽ കഴിഞ്ഞു. ഇതിനായി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടു. 

കോടികൾ ചെലവഴിച്ച ഒരു പദ്ധതി അങ്ങനെ തുടക്കത്തിൽ തന്നെ അന്ത്യശ്വാസം വലിച്ചു. ഒരു ശസ്ത്രക്രിയക്ക് മെഡിക്കൽ കോളജ് ആശുപത്രിക്ക് 12 ലക്ഷം രൂപയിലേറെ ചെലവ് വരും. ഈ പണം എങ്ങനെ കണ്ടെത്തുമെന്നതിലും സർക്കാരിന് വ്യക്തതയില്ലായിരുന്നു. അതേസമയം കൊവിഡ് വന്നതോടെ ട്രാൻസ് പ്ലാൻറ് ഐസിയു ട്രോമോ ഐസിയുവായി ഉപയോഗിക്കുകയാണെന്നും രോഗ വ്യാപനം കുറയുന്ന ഘട്ടത്തിലേ ഈ രീതി മാറ്റി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കാനാകൂവെന്നുമാണ് അധികൃതരുടെ വിശദീകരണം. 

click me!