കരാറില്‍ മുതല്‍ നിര്‍മ്മാണത്തില്‍ വരെ നീണ്ട അഴിമതി; പാലാരിവട്ടം പാലത്തിന്‍റെ കഥയിങ്ങനെ

By Web TeamFirst Published Aug 30, 2019, 2:37 PM IST
Highlights

2014 സെപ്റ്റംബര്‍ ഒന്നിനാണ് പാലത്തിന്‍റെ  നിര്‍മ്മാണം തുടങ്ങിയത്. 2016 ഒക്ടോബര്‍ 12ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2019 മേയ് ഒന്നിന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.

കൊച്ചി: ഗതാഗതത്തിനായി തുറന്നുകൊടുത്ത് മൂന്നു വര്‍ഷം തികയും മുമ്പേ അറ്റകുറ്റപ്പണിക്കായി അടച്ചിടേണ്ടി വന്നതിലൂടെയാണ് പാലാരിവട്ടം പാലം കുപ്രസിദ്ധി നേടിയത്. 2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്‍റ് കോര്‍പറേഷന്‍. ആര്‍.ഡി.എസ് പ്രോജക്ടിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്കോ ആയിരുന്നു കണ്‍സള്‍ട്ടന്‍റ. ബംഗളൂരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയാണ് പാലത്തിന്‍റെ ഡിസൈന്‍ തയ്യാറാക്കിയത്. അക്കാലത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഇന്ന് അറസ്റ്റിലായ ടി ഒ സൂരജ്. 

2014 സെപ്റ്റംബര്‍ ഒന്നിനാണ് പാലത്തിന്‍റെ  നിര്‍മ്മാണം തുടങ്ങിയത്. 2016 ഒക്ടോബര്‍ 12ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.442 മീറ്ററാണ് പാലത്തിന്‍റെ നീളം.  42 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്.

2017 ജൂലൈയില്‍ പാലത്തില്‍ കുഴികളുണ്ടായി. മേല്‍പ്പാലത്തിലെ തകരാറിനെക്കുറിച്ച് ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പാലാരിവട്ടം സ്വദേശി കെ.വി.ഗിരിജന്‍. 2017 ജൂണ്‍ 30-ന് ഗിരിജന്‍ മന്ത്രിക്കു പരാതി നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുളള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താല്‍ക്കാലിക താങ്ങ് നല്‍കിയെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം.

2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്ത് വിളളല്‍ കണ്ടെത്തി. തുടര്‍ന്ന് ഗതാഗത നിയന്ത്രണത്തിനു ശുപാര്‍ശ ചെയ്തു. പാലത്തിന്‍റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐഐടി ആയിരുന്നു.  2019 മാര്‍ച്ച് 27-ന് ഐഐടി പരിശോധനാ റിപ്പോര്‍ട്ട് നല്‍കി.

മദ്രാസ് ഐഐടിയുടെ  റിപ്പോര്‍ട്ടിലുളളത്.....

#രണ്ടുഘട്ടങ്ങളായി പാലം പുനരുദ്ധീകരിക്കുക.

#ഗര്‍ഡറുകളിലും തൂണുകളിലും 0.2 മുതല്‍ 0.4 മില്ലീമീറ്റര്‍ വീതിയില്‍ വിളളലുണ്ട്.

#കോണ്‍ക്രീറ്റ് മിശ്രിതത്തിന്‍റെ നിലവാരമില്ലായ്മ മൂലം പാലത്തിന്‍റെ ഗര്‍ഡറുകളിലും തൂണുകളിലും പൊട്ടലുണ്ടാക്കി.

#പിയര്‍ ക്യാപ്പില്‍ നിന്ന് ഗര്‍ഡര്‍ ഇളകിമാറിയത് പാലത്തിന് ബലക്ഷയമുണ്ടാക്കി.

#കേടായ ബെയറിംഗുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക.

#ടാറിങ് പുതുക്കുക

#ഗര്‍ഡറുകള്‍ പുതിയ സംവിധാനത്തില്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുക

2019 മേയ് ഒന്നിന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.ആദ്യത്തെ മൂന്ന്  വര്‍ഷമുണ്ടാകുന്ന അപാകതകള്‍ കരാറുകാരന്‍റെ ചെലവില്‍ തീര്‍ക്കണമെന്ന കരാര്‍ പ്രകാരം ആര്‍ഡിഎസ് പ്രോജക്ട്സ് തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, അതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍,ഇ ശ്രീധരനെ കൂടുതല്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

2019 മേയ് 3ന് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വിജിലന്‍സ് എസ്‍പി കെ കാര്‍ത്തിക്കിനായിരുന്നു അന്വേഷണ ചുമതല. എറണാകുളം യൂണിറ്റ് ഡിവൈഎസ്‍പി ആര്‍ അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു.

2019 മേയ് ഏഴിന് വിജിലന്‍സ് അന്വേഷണം തുടങ്ങി.മേയ് 29ന് പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്  വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ജൂണ്‍ നാലിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.  പാലത്തിന്‍റെ നിര്‍മ്മാണ കരാറെടുത്ത ആര്‍ഡിഎസ് പ്രോജക്ട്സിന്‍റെ എംഡി സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. കേസില്‍ ആകെ 17 പ്രതികളാണുള്ളത്. 

2019 ജൂണ്‍ 14ന് ആര്‍ഡിഎസിന്‍റെ കൊച്ചി ഓഫീസിലും ആര്‍ഡിഎസ് എംഡി സുമിത് ഗോയലിന്‍റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. കരാറുമായി ബന്ധപ്പെട്ട നാല്‍പതോളം രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. 

2019 ജൂണ്‍ 17ന് ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പാലത്തില്‍ പരിശോധന നടത്തി. ജൂലൈ നാലിന് ഇ ശ്രീധരന്‍ പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന്, ഡിസൈനിലെ പാളിച്ചകള്‍ കിറ്റ്കോ ഒരുഘട്ടത്തിലും ശ്രദ്ധിച്ചില്ലെന്നും കിറ്റ്കോയുടെ 2011 മുതലുളള എല്ലാ പദ്ധതികളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ടിലുളളത്...

#പാലത്തിന്‍റെ ആയുസ് നാലിലൊന്നായി കുറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ പാലത്തിന്‍റെ ആയൂസ് 20 കൊല്ലം മാത്രം.

#പാലത്തിന്‍റെ അസ്തിവാരത്തിനും തൂണുകള്‍ക്കും ബലക്ഷയമില്ല.

#പാലം ‍ഡിസൈന്‍ ചെയ്ത ഘട്ടം മുതല്‍ വീഴ്ചയുണ്ടായി.

#102 ആര്‍സിസി ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിളളല്‍

#19 സ്പാനുകളില്‍ പതിനേഴും മാറ്റണം

#18 പിയര്‍ ക്യാപ്പില്‍ 16 എണ്ണം മാറ്റണം. 3 എണ്ണം അങ്ങേയറ്റം അപകടാവസ്ഥയിലാണ്.

#സ്പാനിനും തൂണിനുമിടയില്‍ ഉപയോഗിച്ച ലോഹ ബെയറിംഗുകള്‍ മേന്മയില്ലാത്തതാണ്.

#തൂണുകള്‍ക്ക് മുകളിലെ പിയറിനും ക്യാപ്പിനും ബലക്ഷയം.

#പാലം പുനര്‍നിര്‍മ്മിക്കേണ്ടതില്ല, അറ്റകുറ്റപ്പണി നടത്തണം.

#അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ചെലവ് 18.71 കോടി രൂപ.

2019 ഓഗസ്റ്റ് 30ന് മുന്‍ പൊതുമരാമത്ത് വകുപ്പ്  മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പേരെ വിജിലന്‍സ് അറസ്റ്റു ചെയ്തു. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർ വിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 

click me!