മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം; കമ്മീഷന്‍ ശുപാര്‍ശ സംസ്ഥാന സർക്കാർ അംഗീകരിച്ചു

By Web TeamFirst Published Dec 31, 2019, 11:12 PM IST
Highlights

കാർഷിക കടങ്ങൾക്ക് ഉള്ള മോറട്ടോറിയം നീട്ടണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനും പ്രക്യതി ദുരന്തങ്ങൾ നേരിടാൻ സന്നദ്ധ സേന രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംസ്ഥാന സർക്കാർ സർവീസിൽ 10 ശതമാനം സംവരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം കിട്ടും. ആനുകൂല്യം കിട്ടേണ്ടവരുടെ ഭൂമിയുടെ പരിധിയും നിശ്ചയിച്ചു. മൂന്ന് വർഷത്തിലൊരിക്കൽ സംവരണം വിലയിരുത്തും. കാർഷിക കടങ്ങൾക്ക് ഉള്ള മോറട്ടോറിയം നീട്ടണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനും പ്രക്യതി ദുരന്തങ്ങൾ നേരിടാൻ സന്നദ്ധ സേന രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും  മുനിസിപ്പാലിറ്റിയില്‍ 75 സെന്‍റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്‍റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.

മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്‍റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്‍റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്‍റെ പരിധിയില്‍ വരില്ല. സംസ്ഥാന സര്‍വ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറ് പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

മൊറട്ടോറിയം നീട്ടാന്‍ അപേക്ഷിക്കും

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 2020 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണ മണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ കഴിയും വിധം 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

click me!