സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ബസുകള്‍ 'ഫിറ്റ്' ആകണമെന്ന് സര്‍ക്കാര്‍; റോഡിലിറക്കാന്‍ വന്‍ തുക ചെലവാകും

Published : Sep 26, 2021, 10:47 AM ISTUpdated : Sep 26, 2021, 10:59 AM IST
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ബസുകള്‍ 'ഫിറ്റ്' ആകണമെന്ന് സര്‍ക്കാര്‍;  റോഡിലിറക്കാന്‍ വന്‍ തുക ചെലവാകും

Synopsis

കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്സ് അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും.  

കോഴിക്കോട്: കൊവിഡ് (Covid) കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള(School re open) തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനു മുന്നോടിയായി സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്കൂൾ വാഹനങ്ങളുടെ(SchoolBus) സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ രണ്ട് വർഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്സ് അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരും.

പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച സ്കൂളാണ് നടക്കാവ് ഗേള്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിലെ ബസുകളിലൊന്നിൻറെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തുരുമ്പെടുത്ത് കട്ടപ്പുറത്തായ ബസിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി നല്ലൊരു തുക ചെലവിടണം. ഇതിന് പുറമെ ഒന്നര വര്‍ഷത്തെ ടാക്സ് ഇന്‍ഷൂറന്‍സ് , ബാറ്ററി, ടയറ് എന്നിവയ്ക്കെല്ലാമായി ബസ് ഒന്നിന് 1,77,000 രൂപയോളം കണ്ടെത്തണം. സര്‍ക്കാര്‍ സ്കൂളായതിനാല്‍ ഈ തുകയെല്ലാം പിടിഎ കണ്ടേത്തേണ്ടിയും വരും.

എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പ‌ഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സർക്കാർ സ്കൂളുകളിലും വണ്ടി വാങ്ങുന്നത്. കൊവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാൽ പിടിഎ ക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ ഇരിക്കാൻ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്.

എയിഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്കൂള്‍ ബസുകളുടെ ചെലവിന്‍റെ ഒരു ഭാഗം മാനേജ്മെന്‍റുകളാണ് വഹിക്കുന്നത്. എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്കൂളുകളാണെങ്കിൽ ചെലവ് ഇരട്ടിയാകും. ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം.

സ്കൂൾ ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച്  ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക ബുദ്ധിമുട്ടാകും. കെഎസ്ആർടിസി കുട്ടികളെ മാത്രം കൊണ്ട് പോകുന്ന തരത്തിൽ ക്രമീകരിക്കും. അധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ ഇതുസംബന്ധിച്ച് ചർച്ച നടത്തും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ