ഷിജുഖാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ; സമ്പത്തിനെ ഒഴിവാക്കി, പ്രശാന്തിനേയും ആര്യയേയും പരിഗണിച്ചില്ല

By Web TeamFirst Published Jan 16, 2022, 12:34 PM IST
Highlights

എസ്.എഫ്.ഐയുടെ മുൻസംസ്ഥാന പ്രസിഡൻ്റായ ഷിജുഖാനൊപ്പം പ്രവർത്തിച്ചിരുന്നവരെല്ലാം ഇതിനോടകം വിവിധ ജില്ലാ കമ്മിറ്റികളിൽ എത്തിയിരുന്നു. 

തിരുവനന്തപുരം: ശിശുക്ഷേമ സമിതി അധ്യക്ഷൻ ഷിജുഖാൻ അടക്കമുള്ളവരെ ഉൾപ്പെടുത്തി സിപിഎം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. 46 അംഗ കമ്മിറ്റിയിൽ നിന്നും മുൻ ആറ്റിങ്ങൽ എംപി എ.സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത്, അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ എന്നിവരെ ഇക്കുറി ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല. 

എസ്.എഫ്.ഐയുടെ മുൻസംസ്ഥാന പ്രസിഡൻ്റായ ഷിജുഖാനൊപ്പം പ്രവർത്തിച്ചിരുന്നവരെല്ലാം ഇതിനോടകം വിവിധ ജില്ലാ കമ്മിറ്റികളിൽ എത്തിയിരുന്നു. തിരുവനന്തപുരത്തെ പാർട്ടി വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമീപകാലത്ത് അരങ്ങേറിയെങ്കിലും അദ്ദേഹത്തെ ഇക്കുറി സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഷിജു ഖാനെ കൂടാതെ വേറെയും കാര്യമായ യുവപ്രാതിനിധ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. 

 ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബീഗം, കിസാൻ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേൻ, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്. 

തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായി എസ്.പി.ദീപകും ജില്ലാ കമ്മിറ്റിയിൽ എത്തിയിട്ടുണ്ട്.  ശിശുക്ഷേമസമിതിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ദീപകിനെ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് തിരുത്തൽ നടപടികളുടെ ഭാഗമായി ദീപകിനെ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടു വന്നിരുന്നു. 

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം നേരത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സമ്പത്ത് സംഘടനാ രംഗത്ത് നിർജീവമാണ് എന്ന വിമർശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രൻ നായർ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ട്. 

അതേസമയം വിഭാഗീയ കാലത്ത് വി.എസിനൊപ്പം ഉറച്ചു നിന്ന പീരപ്പൻകോട് മുരളി, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ അവർ വിഭാഗീയതയുടെ ഭാഗമല്ലെങ്കിലും പ്രായപരിധി പിന്നിട്ടതോടെ ഈ മുതിർന്ന നേതാക്കളെ ഒഴിവാക്കി പകരം യുവാക്കളെ ഉൾപ്പെടുത്തുകയായിരുന്നു. 


 

click me!