സിൽവർലൈൻ പദ്ധതി പ്രളയസാധ്യത പ്രദേശങ്ങളിൽ; വെള്ളപ്പൊക്കമുണ്ടായാൽ സ്റ്റേഷനും യാര്‍ഡും മുങ്ങാന്‍ സാധ്യത

By Web TeamFirst Published Jan 16, 2022, 9:20 AM IST
Highlights

പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങൾ തീർത്തും അപകടരമാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. 

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി (Silver Line Project) കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. (DPR) ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്.  (Flood) വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.

സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നൽകുന്നു. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങൾ തീർത്തും അപകടകരമാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. 

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യതയേറെ. കാസർ​കോഡ് യാർഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തിൽ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നി‍ർദ്ദേശം. കാസർ​കോഡ് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു. എംബാങ്ക്മെൻറ് അഥവാ തറനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ‌ ദൂരത്തിലെ പാത നിർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നു. 

നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നുള്ള നിഗമനം. സെൻറർ ഫോർ എൻവയോൺ‌മെന്റ്  ആൻറ് ഡവലപ്മെൻറാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോ‍ർട്ട് ഡിപിആറിലെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും


         
 

click me!