ആ മഴ കവളപ്പാറ നിവാസികളുടെ കണ്ണീരായിരുന്നു

By MEHBOOB CFirst Published Aug 6, 2021, 4:26 PM IST
Highlights

മുത്തപ്പൻകുന്നിന്‍റെ മുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും മൂന്നായി തിരിഞ്ഞ് ഭൂമിയുടെ സമതലത്തിലെത്തി. ഏകദേശം പത്ത് ഏക്കറോളം വിസ്തൃതിയിൽ മണ്ണും കല്ലും പരന്നു. താഴേക്കുള്ള കുത്തൊഴുക്കിൽ തകർത്ത് തരിപ്പണമാക്കിയത് 44 വീടുകളും 59 ജീവനുകളും.


ലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്ത് ഭൂദാനം വാർഡിലെ കവളപ്പാറയിലെ മുതപ്പൻ കുന്നിന് ഇന്നും ചോരയുടെ ചുവന്ന നിറമാണ്. ഉരുൾപ്പൊട്ടലിൽ മണ്ണോട് ചേർന്ന 59 പേരിൽ 11 പേരും ഇപ്പോഴും ഈ മണ്ണിനിടയിലെവിടെയോ ശാന്തമായി ഉറങ്ങുകയാകും. ഇടക്ക് മഴ പെയ്യുമ്പോൾ ആ രാത്രിയിലെ ഓർമ്മകൾ ഇവരെ വേദനിപ്പിക്കുന്നുണ്ടാകുമോ, അറിയില്ല... മൊത്തം ഇരുട്ടാണ്. മഴ ശക്തിയായി പെയ്യുന്നു. ഇടക്ക് അൽപ്പം ശമനം ലഭിക്കുമെങ്കിലും ആരോടോ തീർക്കുന്ന ദേഷ്യം പോലെ മഴ വീണ്ടും കനക്കും. വീടുകളിൽ അഭയം തേടിയ കവളപ്പാറക്കാരുടെ ജീവിതത്തിന് മേൽ കരി നിഴൽ വീഴ്ത്തിയ ആ മഴയ്ക്ക് ഈ ആഗ്‌സ്റ്റ് എട്ടിന് രണ്ട് വർഷം തികയുകയാണ്. 59 പേരുടെ ജീവനെടുത്ത ആ ഉരുൾപ്പൊട്ടലിന്‍റെ ഓർമയ്ക്ക് എത്ര വർഷം പഴക്കമെത്തിയാലും ഇന്നലെ നടന്ന ദുരന്തം പോലെ ആ നാട്ടുകാർ ഓർത്തെടുക്കും. അത്രക്കും ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ട് അവരെ. രാത്രി എട്ട് മണിയോടെ നടന്ന അപകടത്തിന്‍റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാൻ പിറ്റേന്ന് നേരം വെളുക്കേണ്ടി വന്നു.

 

മറക്കാതെ 2019 ആഗസ്റ്റ് എട്ട്

( ഉരുൾപ്പൊട്ടലിൽ ഒലിച്ചുവന്ന കല്ല്. ഈ കല്ലിനും മണ്ണിനടിയിലുമായി രണ്ട് വീടുകളുണ്ട്. മൂന്ന് മൃതദേഹങ്ങൾ ഇവിടെ നിന്നാണ് കണ്ടെത്തിയത് ) 

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വൈകുന്നേരം നാല് മണിയോടെ സമീപ പ്രദേശമായ പാതാറിൽ ഉരുൾപ്പൊട്ടിയെങ്കിലും നാട്ടുകാരെ സുരക്ഷാ സ്ഥലത്തേക്ക് മാറ്റിയതിനാൽ ജീവഹാനി ഒന്നും സംഭവിച്ചില്ല. പാതാർ ടൗണിനെ മുഴുവനായി മണ്ണെടുത്തു. നിരവധി വീടുകളും ആരാധനാലയങ്ങളും കടകളും തകർന്നു. പലരും ഒറ്റപ്പെട്ടുവെങ്കിലും ജീവഹാനി സംഭവിക്കാത്തത് വലിയ ആശ്വാസമായി.

തുടർന്ന് രാത്രി എട്ടോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടിയത്. മുത്തപ്പൻകുന്നിന്‍റെ മുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും മൂന്നായി തിരിഞ്ഞ് ഭൂമിയുടെ സമതലത്തിലെത്തി. ഏകദേശം പത്ത് ഏക്കറോളം വിസ്തൃതിയിൽ മണ്ണും കല്ലും പരന്നു. താഴേക്കുള്ള കുത്തൊഴുക്കിൽ തകർത്ത് തരിപ്പണമാക്കിയത് 44 വീടുകളും 59 ജീവനുകളും. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഉറ്റവർ മണ്ണിലലിയുന്നത് കണ്ടുനിൽക്കാൻ മാത്രമാണ് ഇവർക്ക് സാധിച്ചത്. മൂന്നായി ഒഴുകിയെത്തിയ മണ്ണിന് നടുക്ക് ഒരു തുരുത്ത് രൂപപ്പെട്ടു. അതിൽ കുടുങ്ങിയത് 24 വീടുകൾ. അതിലുള്ളവരെല്ലാം ഭാഗ്യം കൊണ്ട്  രക്ഷപ്പെട്ടു.

 

ദൃക്‌സാക്ഷി സനിൽ സംഭവം ഓർത്തെടുക്കുന്നു

( ഉപേക്ഷിച്ച വീടിനരികെ ദുരന്തത്തിന് ദൃക്‌സാക്ഷിയായ സനിൽ )

'' നല്ല മഴയായിരുന്നു. മഴ കാരണം വൈദ്യുതി നിലച്ചിട്ട് മൂന്നാമത്തെ ദിവസമാണ്. എല്ലാവരും മെഴുകുതിരിവെട്ടത്തിലാണ് രാത്രി തള്ളിനീക്കുന്നത്. രാത്രി എട്ട് മണിയായിക്കാണും. എന്തോ വലിയ ശബ്ദം കേട്ടു. പുറത്തിറങ്ങി ടോർച്ചടിച്ചു നോക്കി. മണ്ണൊലിച്ച് കിടക്കുകയായിരുന്നു. സമീപത്തെ വീടുകളൊന്നും കാണുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തീവ്രത മനസ്സിലായിത്. ആ സമയത്ത് വീട്ടിൽ  ഞാനടക്കം ഭാര്യയും അമ്മയും അനിയനുമുണ്ടായിരുന്നു. '' സംഭവത്തിന് ദൃക്‌സാക്ഷിയായ സനിലിന്‍റെ വാക്കുകളിടറി.

ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്‍റെ വീടിന്‍റെ ഏതാനും മീറ്ററുകൾക്ക് അപ്പുറത്തെ വീടുകളെല്ലാം മണ്ണെടുത്തു. ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. പഴയ വീട് ഉപേക്ഷിച്ച് ദുരിത ബാധിതർക്ക് എം എ യൂസുഫലി നിർമിച്ച് നൽകിയ വീട്ടിലാണ് ഇപ്പോൾ സനിലും കുടുംബവും താമസിക്കുന്നത്. പഴയ ഓർമകൾ ഉറങ്ങുന്ന വീട്ടിലേക്ക് ഇടയ്ക്ക് സനിലെത്താറുണ്ട്.

 

അതിദുഷ്‌കരം രക്ഷാപ്രവർത്തനം

(രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ട്രോമാ കെയർ വളണ്ടിയർമാർ )

സംഭവം നടന്നയുടനെ സ്ഥലത്തേക്ക് ആദ്യമെത്തിയത് സന്നദ്ധ സംഘടനയായ ട്രോമാ കെറയറിലെ വളണ്ടിയർമാരാണ്. എടക്കര ടീമിന്‍റെ അദ്യ സംഘം എത്തിയപ്പോഴുണ്ടായ അനുഭവം ഇങ്ങനെ പറയുന്നു. അന്നത്തെ ടീം ലീഡർ ശിഹാബ് : '' ശക്തമായ മഴ തുടരുന്നിനാൽ രാത്രി തന്നെ എടക്കര ടൗണിൽ വെള്ളം കയറുന്നുണ്ടായിരുന്നു. ട്രോമാ കെയർ വളണ്ടിയർമാർ സജീവമായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടയതായി വിവരമറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചക്കാണ് വിവരം ലഭിച്ചത്. ഉടൻ തന്നെ എട്ടോളം വളണ്ടിയർമാരെക്കൂട്ടി സംഭവ സ്ഥലത്തേക്ക് കുതിച്ചു. വഴിയിലുള്ള പാലത്തിൽ മരവും മറ്റുമടിഞ്ഞ് ഗതാഗതം നിലച്ചിരുന്നു. പി വി അൻവർ എം എൽ എ അടക്കമുള്ളവർ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് അത് മാറ്റുന്ന സമയത്താണ് ഞങ്ങളെത്തിയത്. ഉടൻ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത് തടസ്സം നീക്കി. തുടർന്ന് കവളപ്പാറയിലെത്തി. സ്ഥലത്തെ തകർന്ന ഒരു വീടിന് മുകളിൽ നിന്ന് കണ്ട ആദ്യ കാഴ്ചയില്‍ തന്നെ ഒന്നും ചെയ്യാൻ കഴിയാത്ത നിസാഹയവസ്ഥയിലായിരുന്നു ഞങ്ങൾ. വെള്ളത്തിന്‍റെയും മണ്ണിന്‍റെയും ഒഴുക്ക് അപ്പോഴും നിലച്ചിട്ടില്ലായിരുന്നു.''

പതിനഞ്ച് ദിവസത്തോളം ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തി.  പല ഷിഫ്റ്റുകളാക്കിയായിരുന്നു പ്രവർത്തനം. ഇതിനിടയിൽ ബലി പെരുന്നാളൊക്കെ കഴിഞ്ഞുപോയെങ്കിലും ഉറ്റവരുടെ വേദനകൾ മാത്രമായിരുന്നു മനസ്സിലെന്ന് ഇപ്പോൾ പൊലീസ് വളണ്ടിയറായ ശിഹാബ് ഓർത്തെടുക്കുന്നു.

 

പള്ളിയിലെ പോസ്റ്റ്മോര്‍ട്ടം

( കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച 59 മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്തിയ പോത്തുകല്ല് മുജാഹിദ് മഹല്ല് പള്ളി ) 

ഈ പള്ളിയിലായിരുന്നു മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താൻ മഞ്ചേരി മെഡിക്കൽ കോളജിലെത്തിക്കുന്നത് പ്രായോഗികമായിരുന്നില്ല.  ഏകദേശം അറുപത് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം മഞ്ചേരിയിലെത്താൻ. അതും പല മൃതദേഹങ്ങളും ചീഞ്ഞളിഞ്ഞ അവസ്ഥയിലും. ഇതോടെയാണ് പോത്തുകല്ല് മുജാഹിദ് മഹല്ല് കമ്മിറ്റി പള്ളിമുറി പോസ്റ്റ്‌മോർട്ടം ചെയ്യാനായി വിട്ടുകൊടുത്തത്. പള്ളിക്കമ്മിറ്റി അംഗമായ കരീമിന്‍റെ നേതൃത്വത്തിലാണ് പള്ളി പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനൽകിയത്.

ആ സംഭവം ഓർമിക്കുകയാണ് ഇപ്പോള്‍ പോത്തുകല്ലിൽ ഫൂട്ട്‌വെയർ ബിസിനസ് നടത്തുന്ന കരീം ''ഞാൻ കടയിൽ നിൽക്കുന്ന സമയത്താണ് അന്നത്തെ വാർഡ് കൗൺസിലർ സുലൈമാൻ ഹാജിയെയും ഒരു പൊലീസുകാരനെയും കാണുന്നത്. അവരോട് കാര്യമന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ഇടം കണ്ടെത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഉടനെ പള്ളി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു." കരീമിന്‍റെ പിതാവ് നൽകിയ സ്ഥലത്താണ് പള്ളി നിർമിച്ചത്. ദുരന്തം നടക്കുമ്പോൾ ജാതിയും മതവുമെല്ലാം നോക്കുന്നത് എന്തിനാണെന്നാണ് കരീം ചോദിക്കുന്നു.

അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പല മൃതദേഹങ്ങളും ലഭിക്കുന്നത്. അതിനാൽ തന്നെ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. സമീപത്തെ മദ്‌റസയിൽ നിന്നും ബെഞ്ചും ഡെസ്‌കുമെത്തിച്ച് പോസ്റ്റുമോർട്ടം ടാബിൾ സജ്ജമാക്കുകയായിരുന്നു. എല്ലാം കഴിഞ്ഞതിന് ശേഷം പള്ളിയിലെ വിരിപ്പ് മാറ്റുകയും പള്ളി പെയിന്‍റടിക്കുകയും ചെയ്തു. അന്ന് സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും സന്തോഷത്തോടെ നിരസിക്കുകയായിരുന്നു. ദുരന്തത്തില്‍ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളും ഈ പള്ളിയില്‍ തന്നയാണ് പോസ്റ്റുമോർട്ടം നടത്തിയത്.  

 

ഓർമകള്‍ ഉള്ളിലൊതുക്കി...

 

വർഷം രണ്ട് കഴിഞ്ഞിട്ടും എല്ലാം ഇന്നലത്തെ ഓർമകളെന്നപോലെ ഉള്ളിലൊതുക്കി കഴിയുകയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ. ഉറ്റവരെ നഷ്ടപ്പെട്ടവരും വീട് നഷ്ടപ്പെട്ടവരും വീട് ഉപേക്ഷിക്കേണ്ടി വന്നവരും ഇന്നും ഒരുമയോടെ കവളപ്പാറക്ക് സമീപം താമസിക്കുന്നു. ആലിൻചുവട് വായനശാലപടിയിൽ 59 വീടുകളാണ് ഇവർക്കായി നിർമിച്ച് നൽകിയത്. സംസ്ഥാന സർക്കാർ സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ നൽകി. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും ഒരു ലക്ഷം രൂപയും ലഭ്യമാക്കി. പ്രവാസി വ്യവസായി എം എ യൂസുഫലി 33 ഉം എൻജിനീയർമാരുടെ സംഘടന എട്ടും കേരള മുസ്‌ലിം ജമാഅത്ത് 12 ഉം ക്രിസ്റ്റിയർ ചർച്ച് ആറ് വീടുകളും നിർമിച്ച് നൽകി. 67 പേർക്ക് ഭൂമി വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 4.02 കോടി രൂപ  അനുവദിച്ചു. ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപ വച്ച് ലഭിച്ചു.  ആകെയുള്ള 94 ഗുണഭോക്താക്കൾക്കും വീട് നിർമാണത്തിന് 3.76 കോടി രൂപയും അനുവദിച്ചു. ഓരോരുത്തർക്കും നാലുലക്ഷം രൂപ വച്ച്. ഇവർക്ക് ഇഷ്ടമുള്ള പ്രദേശത്ത് ഭൂമി വാങ്ങാം. വീടും നിർമിക്കാമെന്നതായിരുന്നു ധാരണ.

 

( കവളപ്പാറ ദുരിത ബാധിതർക്ക് പ്രവാസി വ്യവസായി എം എ യൂസുഫലി നിർമിച്ച് നൽകിയ വീടുകൾ )

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!