തദ്ദേശ തെരഞ്ഞെടുപ്പ് വൈകില്ല, തെര. കമ്മീഷൻ സുപ്രീംകോടതിയിൽ പോകാൻ ആലോചന

By Web TeamFirst Published Feb 13, 2020, 3:29 PM IST
Highlights

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വ്യക്തമാക്കുന്ന സർക്കാർ പക്ഷേ നിയമപരമായി സഹായം ആവശ്യപ്പെട്ടാൽ ചെയ്തു നൽകുമെന്നും വ്യക്തമാക്കുന്നു. 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ സി ഭാസ്കരൻ. ഇപ്പോൾ പുതുക്കി തയ്യാറാക്കുന്ന 2015-ലെ വോട്ടർ പട്ടികയുടെ അവസാന കരടിന്‍റെ ജോലികൾ നിർത്തി വയ്ക്കുമെന്നും കമ്മീഷണർ അറിയിച്ചു. 2015-ൽ തയ്യാറാക്കിയ വോട്ടർ പട്ടിക ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിനെത്തുടർന്നാണ് തീരുമാനം. 

ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയ ശേഷം, എന്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. സംസ്ഥാനസർക്കാർ അപ്പീലുമായി ഇനി കോടതിയിൽ പോകില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിധിപ്പകർപ്പ് കിട്ടിയ ശേഷം സുപ്രീംകോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നാണ് തെര. കമ്മീഷണർ സി ഭാസ്കരൻ അറിയിക്കുന്നത്. 

Read more at: തദ്ദേശ തെരഞ്ഞെടുപ്പ്: 2015-ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

അതേസമയം, 2019-ലെ പട്ടിക അനുസരിച്ച് വാർഡ് തലത്തിൽ പുതുക്കാൻ സമയം വേണ്ടി വരുമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തുറന്ന് സമ്മതിക്കുന്നു. ഇരുപത്തിയയ്യായിരം അസംബ്ലി ബൂത്തുകളിൽ വാർഡ് പ്രകാരമാക്കി പുതുക്കാൻ ബുദ്ധിമുട്ടാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയത് അസംബ്ലി ബൂത്ത് തലത്തിലാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പുതുക്കുന്നത് വാർഡ് തലത്തിലാണ്. അസംബ്ലി ബൂത്ത് തലത്തിൽ തയ്യാറാക്കിയ ഒരു പട്ടിക വാർഡ് തലത്തിലേക്ക് മാറ്റി പുതുക്കണമെങ്കിൽ സംസ്ഥാനത്തെ 25,000 അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥർ പോകേണ്ടി വരും. ഇവിടെ വീടുവീടാന്തരം കയറി പട്ടിക പുതുക്കിയെടുക്കേണ്ടി വരും. ഇതിന് സമയവും പത്ത് കോടി രൂപയെങ്കിലും ചെലവുമുണ്ടാകും. ഇതേ വാദങ്ങൾ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷണർ ഉയർത്തിയിരുന്നതാണ്.

ഇത് ഒഴിവാക്കാനാണ് 2015-ലെ പട്ടിക അടിസ്ഥാനമാക്കി, വോട്ടർ പട്ടിക പുതുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. അതിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫെബ്രുവരി 14- വരെ സമയം നൽകിയിരുന്നു. ഈ സമയം നാളെ അവസാനിക്കാനിരിക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി വരുന്നത്. ഈ മാസം 28-ന് പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കവേയാണ്, പുതിയൊരു പട്ടിക തന്നെ ഇനി വീണ്ടും തയ്യാറാക്കണമെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത്. 

അപ്പോഴും തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തന്നെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിക്കുന്നത്. വാർഡ് വിഭജനം 5 മാസത്തിനകം തീർക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഹൈക്കോടതി ഉത്തരവ് പ്രകാരം തൽക്കാലം നിർത്തി വയ്ക്കുകയാണ് - സി ഭാസ്കരൻ അറിയിച്ചു.

അതേസമയം, സർക്കാർ ഇതിൽ നിന്ന് അകലം പാലിച്ച് നിൽക്കുകയാണ്. സുപ്രീംകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറയുന്നുണ്ടെങ്കിലും നിയമസഹായം തേടിയാൽ അത് നൽകാൻ തയ്യാറാണെന്നും തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ വ്യക്തമാക്കിയത്. ഇത് യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമല്ല. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനെ യുഡിഎഫ് ഭയക്കുന്നു. അതിനാലാണ് ഹർജിയുമായി കോടതിയിൽ പോയതെന്ന് എ സി മൊയ്‍ദീൻ ആരോപിച്ചത്. വാർഡ് വിഭജനവുമായി മുന്നോട്ട് പോകും. യഥാസമയം തെരഞ്ഞെടുപ്പ് നടത്താനാകും മന്ത്രി അറിയിച്ചു. 

click me!