കൊച്ചി/തിരുവനന്തപുരം: ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളി. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എൽഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാൽ 2019-ലെ പട്ടിക വാർഡ് അടിസ്ഥാനത്തിൽ പുതുക്കുന്നതിന് നിരവധി സമയം വേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് എൽഡിഎഫും സർക്കാരും ഈ ആവശ്യത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ 2015-ന് ശേഷം പ്രായപൂർത്തിയായ, വോട്ടവകാശം നേടിയ നിരവധിപ്പേരുണ്ടാകുമെന്നും അവർക്കെല്ലാം ഇനിയും വോട്ടർപട്ടികയിൽ പേര് രണ്ടാമത് ചേർക്കേണ്ടി വരുമെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ 2019-ൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടി വരും. 2015-ലെ പട്ടികയിൽ ഇവരുടെ പേരുണ്ടാകില്ലെന്നതാണ് കാരണം.

മണ്ഡലത്തിലെ വാർഡ് അടിസ്ഥാനമാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നത്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് വോട്ടർ പട്ടിക പുതുക്കുന്നത് പോളിംഗ് ബൂത്ത് അടിസ്ഥാനമാക്കിയാണ്.  

പല വാർഡുകളുടെയും ഭാഗങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനി രണ്ടാമത് തയ്യാറാക്കണമെങ്കിൽ ഇരുപത്തിയയ്യായിരത്തോളം അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥർ പോകണം. വീടുവീടാന്തരം കയറി പരിശോധിക്കണം. വീണ്ടും പട്ടിക തയ്യാറാക്കണം. അങ്ങനെയാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇതിനായി പത്ത് കോടിയോളം രൂപ ചെലവാകുമെന്നും കമ്മീഷൻ വാദിച്ചു. 

ഈ വാദം കൂടി പരിഗണിച്ചാണ് യുഡിഎഫ് ഹ‍ർജി ആദ്യം ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കിയിരുന്നു. എന്നാലിത് ഇപ്പോൾ ഡിവിഷൻ ബഞ്ച് തള്ളുകയാണ്.

വാദത്തിനിടെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ ഡിവിഷൻ ബഞ്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. കോടതി ഉത്തരവിടുകയാണെങ്കിൽ പുതിയ പട്ടിക തയ്യാറാക്കാൻ ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കോടതി തീരുമാനിക്കട്ടെ എന്നാണ് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്‍ദീനും വ്യക്തമാക്കിയത്. അതിനാൽ ഇനി അപ്പീൽ പോയി സമയം കളയാനില്ലെന്നതിനാൽ, പുതിയ പട്ടിക തയ്യാറാക്കാൻ തന്നെയാണ് സാധ്യത.