എത്ര കോടി ജനം പട്ടിണി കിടക്കുന്നു, എത്ര ടണ്‍ ഭക്ഷണം പാഴാക്കുന്നു; ഞെട്ടിപ്പിക്കുന്ന കണക്കുമായി യുഎന്‍ സെക്രട്ടറി

By Web TeamFirst Published Oct 17, 2019, 10:20 PM IST
Highlights

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്(14.5ശതമാനം). അഞ്ച് വയസ്സിന് താഴയുള്ള 20.8 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവും 37.9 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാക്കുറവുമുണ്ട്.

ദില്ലി: ലോകത്ത് എത്ര കോടി ജനം പട്ടിണി കിടക്കുന്നുണ്ടെന്നും എത്രകോടി ടണ്‍ ഭക്ഷണം ഒരു വര്‍ഷം പാഴാക്കുന്നുവെന്നതിന്‍റെ കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്. 82 കോടി ആളുകള്‍ ഭക്ഷണം ലഭ്യമല്ലാതിരിക്കുമ്പോള്‍ 100 കോടി ടണ്‍ ഭക്ഷണമാണ് ഒരു വര്‍ഷം പാഴാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകഭക്ഷ്യ ദിനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.

ഒരുവശത്ത് പട്ടിണികിടക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറുവശത്ത് പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവും വര്‍ധിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 200 കോടി ജനങ്ങളാണ് അമിത വണ്ണം മൂലം കഷ്ടപ്പെടുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം അമിത വണ്ണത്തിനും രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നു. ഉല്‍പാദനം, ഉപഭോഗം എന്നിവയില്‍ മാറ്റം വരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണികിടക്കുന്നവര്‍ ഇല്ലാത്ത, എല്ലാവര്‍ക്കും പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന സാഹചര്യമാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. 2021ല്‍ ഫുഡ് സിസ്റ്റം ഉച്ചകോടി സംഘടിപ്പിക്കും. കാലാവസ്ഥാ മാറ്റം ഭക്ഷ്യോല്‍പാദനത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്(14.5ശതമാനം). അഞ്ച് വയസ്സിന് താഴയുള്ള 20.8 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവും 37.9 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാക്കുറവുമുണ്ട്.15-49 വയസ്സിനിടയിലുള്ള  51.4 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

click me!