വെയ്സ്റ്റ് തള്ളിത്തള്ളി പുഴ നശിപ്പിച്ചതിന് പിഴ 25 ലക്ഷം രൂപ; നമുക്കും ആകാം 'റോള്‍ മോഡല്‍'

By Web TeamFirst Published Feb 5, 2019, 9:04 PM IST
Highlights

നമ്മള്‍ നമ്മുടെ വീടുകളില്‍ നിന്നും, ജോലിസ്ഥലങ്ങളില്‍ നിന്നും, കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ഉള്ള മാലിന്യങ്ങള്‍ ഒന്നിച്ച് പുഴയിലേക്ക് തള്ളുകയോ, അല്ലെങ്കില്‍ പുഴയിലേക്ക് തള്ളുന്നവരുടെ കയ്യിലേല്‍പിക്കുകയോ ചെയ്യാറാണ് പതിവ്. ഇതുതന്നെയേ അവരും ചെയ്തുള്ളൂ. പക്ഷേ സംഗതി അല്‍പം കൈവിട്ടുപോയെന്ന് മാത്രം

നമ്മുടെ നാട്ടിലൊക്കെ സാധാരണഗതിയില്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും, മറ്റ് കെട്ടിടങ്ങളില്‍ നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ എന്താണ് ചെയ്യാറ്? അടുത്തുള്ള തോട്ടിലോ പുഴയിലോ ഒക്കെ തള്ളും, അല്ലേ? ആ മാലിന്യങ്ങള്‍ക്കൊക്കെ പിന്നെയെന്താണ് സംഭവിക്കുന്നത്? 

പറയാം. നമ്മുടെ നഗരങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങളില്‍ പകുതിയിലധികം മനുഷ്യവിസര്‍ജ്ജം തന്നെയാണ്. ഇത് കൂടാതെ മലിനജലം, ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക്- കുപ്പി- ഇലക്ട്രോണിക് വെയ്‌സ്റ്റ് തുടങ്ങിയ ഒരിക്കലും നശിക്കാത്ത തരത്തിലുള്ള മാലിന്യങ്ങള്‍... ഇവയെല്ലാം ഒടുക്കം നിങ്ങളുടെ ഏറ്റവും അടുത്തുള്ള പുഴയില്‍ത്തന്നെ എത്തുന്നു. 

ഇത് വെറുതെ പറയുന്നതല്ല. നമ്മള്‍ കളയുന്ന മാലിന്യങ്ങളില്‍ ഏതാണ്ട് 60 ശതമാനത്തില്‍ അധികവും നമ്മള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന, നമ്മുടെ തൊട്ടടുത്തുള്ള ജലസ്രോതസ്സിലേക്കായിരിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇത് നമ്മള്‍ തന്നെ കുടിക്കുന്ന വെള്ളം, കുളിക്കാനും, പാചകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം- ഇവയൊക്കെയായി കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്ക് തന്നെ വരുന്നു. ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ഭൂരിഭാഗം ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ സംഭാവനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ടൈഫോയ്ഡ്, വയറിളക്കം, ഛര്‍ദി, വയറിനെ ബാധിക്കുന്ന രോഗങ്ങള്‍, തലവേദന... ഇങ്ങനെ നീളും മാലിന്യം മൂലമുണ്ടാകുന്ന രോഗങ്ങളുടെ പട്ടിക. നിരവധി മരണങ്ങള്‍, മാറാരോഗങ്ങളൊക്കെയുണ്ടാക്കാന്‍ വെള്ളം മലിനമാകുന്നത് കാരണമാകുമെന്നും ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇനി 25 ലക്ഷം രൂപ പിഴ ചുമത്തിയ കഥയിലേക്ക് വരാം...

ആദ്യമേ സൂചിപ്പിച്ചത് പോലെ, നമ്മള്‍ നമ്മുടെ വീടുകളില്‍ നിന്നും, ജോലിസ്ഥലങ്ങളില്‍ നിന്നും, കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ഉള്ള മാലിന്യങ്ങള്‍ ഒന്നിച്ച് പുഴയിലേക്ക് തള്ളുകയോ, അല്ലെങ്കില്‍ പുഴയിലേക്ക് തള്ളുന്നവരുടെ കയ്യിലേല്‍പിക്കുകയോ ചെയ്യാറാണ് പതിവ്. ഇതുതന്നെയേ അവരും ചെയ്തുള്ളൂ. പക്ഷേ സംഗതി അല്‍പം കൈവിട്ടുപോയെന്ന് മാത്രം. 

മറ്റാരുമല്ല, യോഗി ആദിത്യനാഥ് സര്‍ക്കാരിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 25 ലക്ഷം രൂപ! ഗംഗാനദിയുടെ ശോച്യാവസ്ഥയെ കുറിച്ച് നമ്മള്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ഗംഗയിലേക്ക് മാലിന്യം തള്ളുന്നത് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വന്‍ തുക പിഴ നല്‍കേണ്ടിവന്നിരിക്കുന്നത്. അതും ഏതോ ഒരു സാധാരണക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍. 

അപ്പോള്‍ ഒരു സാധാരണക്കാരന്‍ വിചാരിച്ചാല്‍ ലക്ഷങ്ങള്‍ പൊട്ടുമെന്ന് മനസ്സിലായില്ലേ? ഇത് ബെഗലൂരു, ദില്ലി, മുംബൈ, കൊച്ചി എന്നിങ്ങനെയുള്ള നഗരങ്ങള്‍ക്കൊക്കെ ഒന്നാന്തരം ഒരു പാഠമാണ് നല്‍കുന്നത്. ജലസ്രോതസ്സുകള്‍ മലിനമാക്കുന്ന കാര്യത്തില്‍ ഒരു നഗരവും മോശമല്ലെന്ന് നമുക്കറിയാമല്ലോ. മാലിന്യം സംസ്‌കരിക്കാന്‍ കൃത്യമായ ഒരു സംവിധാനമുള്ള നഗരങ്ങളേതെല്ലാമെന്ന് ചോദിച്ചാല്‍ പോലും നമുക്ക് ഭംഗിയായി ഉത്തരം നല്‍കാന്‍ കഴിയില്ല. അത്രയും ദുസ്സഹമാണ് നമ്മുടെ ജീവിതസാഹചര്യങ്ങള്‍. 

അങ്ങനെയുള്ള സാഹചര്യങ്ങളെ ചോദ്യം ചെയ്യാന്‍ പൗരന്‍ ആയിരിക്കുന്ന ആര്‍ക്കും അവകാശമുണ്ട് എന്നാണ് ഉത്തര്‍പ്രദേശ് സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതായത്, നമ്മള്‍ സാധാരണക്കാര്‍ ദിവസവും വീട്ടില്‍ നിന്നും നമ്മുടെ ചുറ്റുപാടില്‍ നിന്നും ഒഴിവാക്കുന്ന മാലിന്യം എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കന്വേഷിക്കാവുന്നതേയുള്ളൂ, ഇത് നമ്മുടെ തന്നെ അന്തകരായി തിരിച്ചുവരുന്നതിന് മുമ്പ് ജനക്ഷേമത്തിനായി അല്‍പം ഫണ്ട് നമുക്കും ഇതുപോലെ പിടിച്ചുവാങ്ങിക്കാം. നമുക്കും ആകാം 'റോള്‍ മോഡല്‍'...
 

click me!