
മഴക്കാല അസുഖങ്ങളുടെ കൂട്ടത്തിൽ കണ്ട് വരുന്ന രോഗമാണ് ന്യുമോണിയ. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. വൈറസുകളും ബാക്ടീരിയകളും ന്യുമോണിയക്ക് കാരണമാകാറുണ്ട്. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്.
ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയയ്ക്ക് കാരണമാകുന്നത്.
സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ തുടങ്ങിയവയാണ് പ്രധാന വില്ലന്മാർ. തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്ക് എത്തുന്നതാണ് (aspiration) ഒട്ടുമിക്ക ന്യൂമോണിയകളുടെയും കാരണം.
സാധാരണ കാണപ്പെടുന്ന ഒട്ടു മിക്ക ന്യൂമോണിയകളും ബാക്ടീരിയായോ വൈറസോ മൂലമുള്ളവയാണ്. ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവ മൂലമുള്ള ന്യൂമോണിയ അപൂർവമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത്തരം ന്യൂമോണിയകൾ കൂടുതലായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ ഇവയൊക്കെ...
കഠിനമായ പനി
കടുത്ത ചുമ
കുളിരും വിറയലും
തലവേദന
ഛർദ്ദി
വിശപ്പില്ലായ്മ
അസുഖം കൂടുതലായാൽ...
അസുഖം കൂടുതൽ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാം. അസുഖം അതീവ ഗുരുതരമാവുന്നതോടെ ശ്വാസോഛാസത്തിന്റെ വേഗത വല്ലാതെ കൂടുകയും രക്തത്തിലെ ഓക്സിജൻ ലെവൽ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉൾപ്പെടെ വ്യതിയാനം വരികയും ചെയ്യാം.
ശ്വാസകോശത്തിൽ നിന്നു രക്തം വഴി അണുബാധ മറ്റു ശരീരഭാഗങ്ങളിൽ എത്തുന്നതോട് കൂടി കിഡ്നി ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ തകരാറിലാവാൻ പോലും സാധ്യതയുണ്ട്. ഇത്തരം രോഗികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ ഇവയൊക്കെ..
മഴക്കാലം
മഞ്ഞുള്ള കാലാവസ്‌ഥ
പൊടി, പുക തുടങ്ങിയ അലർജികൾ
പുകവലി
ദീർഘ നാളായുള്ള ജലദോഷം
മദ്യപാനം
∙
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam