ഈ കുഞ്ഞിനെ എനിക്ക് വേണ്ട; 7 മാസം പ്രായമായ കുഞ്ഞിനെ 'അബോര്‍ട്ട്' ചെയ്യാന്‍ അനുമതി തേടി അമ്മ കോടതിയില്‍

By Web TeamFirst Published Feb 16, 2019, 1:40 PM IST
Highlights

വൈകിയുള്ള 'അബോര്‍ഷന്‍' കുഞ്ഞിന്റെ ജീവനെടുക്കുന്നുവെന്ന് മാത്രമല്ല, അമ്മയുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്യും. എന്നിട്ടും അതിന് ശ്രമിക്കുകയാണ് കൊല്‍ക്കത്ത സ്വദേശിയായ 42കാരി

ഏഴ് മാസം പ്രായമമായ കുഞ്ഞ് എന്ന് പറഞ്ഞാല്‍ നമുക്കറിയാം, വളര്‍ച്ചയുടെ പൂര്‍ണ്ണതയിലേക്ക് കടക്കുന്ന ഘട്ടമാണത്. സാധാരണഗതിയില്‍ ഒരു 'അബോര്‍ഷന്‍' നടത്താന്‍ ആരും തയ്യാറാകാത്ത, ഡോക്ടര്‍മാര്‍ അനുമതി നല്‍കാത്ത, സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഘട്ടം. 

വൈകിയുള്ള 'അബോര്‍ഷന്‍' കുഞ്ഞിന്റെ ജീവനെടുക്കുന്നുവെന്ന് മാത്രമല്ല, അമ്മയുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്യും. എന്നിട്ടും അതിന് ശ്രമിക്കുകയാണ് കൊല്‍ക്കത്ത സ്വദേശിയായ 42കാരി. കുഞ്ഞിനെ നശിപ്പിച്ചുകളയാന്‍ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇവര്‍. ഇതിന് ഇവര്‍ ശക്തമായ കാരണങ്ങളും ഉന്നയിക്കുന്നുണ്ട്.

കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ആണ്. കൂടാതെ, കുഞ്ഞിന്റെ അന്നനാളത്തിനും ഹൃദയത്തിനും വയറിനുമെല്ലാം പ്രശ്‌നങ്ങളുണ്ട്. ഈ കുഞ്ഞ് ജനിച്ചാല്‍ അതിനാവശ്യമായ ചികിത്സകളും സൗകര്യങ്ങളുമൊരുക്കാന്‍ തങ്ങളുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തികാവസ്ഥയില്ലെന്നും, ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ള കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കുന്ന പ്രായമല്ല തനിക്കെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍. അടുത്തയാഴ്ചയുടെ തുടക്കത്തോടെ കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ തനിക്ക് 'അബോര്‍ഷന്‍' ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അക്കാര്യത്തിലുള്ള 'റിസ്‌ക്' താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. 

20 ആഴ്ച പ്രായമായ കുഞ്ഞിനെ നശിപ്പിക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് നിയമം. സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്തരത്തിലുള്ള 'അബോര്‍ഷന്‍' നടത്തുകയുമില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിക്കപ്പെട്ടു എന്നതിനാല്‍ മാത്രം കുഞ്ഞിനെ നശിപ്പിക്കാന്‍ നിയമപരമായ സാധുത തേടാനും കഴിയില്ല. 

അതേസമയം അമ്മയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ കുഞ്ഞ് പ്രശ്‌നത്തിലാണെങ്കില്‍ മാത്രം ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലും ഡോക്ടര്‍മാര്‍ ഒരു സര്‍ജറിക്ക് തയ്യാറാകാറുണ്ട്. എന്നാല്‍ ഇവിടെ സാമ്പത്തികവും സാമൂഹികവുമായ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയാണ് മദ്ധ്യവയസ്‌കയായ യുവതി, കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുന്നത്. 

'ഡൗണ്‍ സിന്‍ഡ്രോം' അത്രമാത്രം മാരകമായ അസുഖമാണോ?

ശരീര കോശങ്ങളിലെ ക്രോമസോമില്‍ വരുന്ന പാകപ്പിഴകളാണ് 'ഡൗണ്‍ സിന്‍ഡ്രോം'. അതായത് ഡിഎന്‍എ ഉള്‍പ്പെടെയുള്ള ജീവന്റെ അടിസ്ഥാനഘടകങ്ങള്‍ വഹിക്കുന്നത്‌ക്രോമസോമാണ്, ഇതില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഒരു വ്യക്തിയുടെ ജനിതക ഘടകങ്ങളെ സ്വാധീനിക്കുന്നു. സ്വഭാവം, പെരുമാറ്റം, ശരീരം - ഇവയിലെല്ലാം മാറ്റങ്ങളുണ്ടാകുന്നു. 

ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് 'ഡൗണ്‍ സിന്‍ഡ്രോം' ഉണ്ടോ എന്ന കാര്യം അറിയാന്‍ സാധിക്കും. കുഞ്ഞിന് 10 മുതല്‍ 13 ആഴ്ച വരെ വളര്‍ച്ചയെത്തുമ്പോഴാണ് ഇതിനുള്ള പരിശോധന നടത്താറുള്ളത്. സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് കുഞ്ഞിന് ഉള്ളതെങ്കില്‍ 'അബോര്‍ഷന്‍' സാധ്യത അപ്പോഴേ തേടാവുന്നതേയുള്ളൂ. എന്നാല്‍ 'ഡൗണ്‍ സിന്‍ഡ്രോം' ഉണ്ട് എന്ന കാരണത്താല്‍ മാത്രം 'അബോര്‍ഷന്‍' ചെയ്യല്‍ സാധ്യമല്ല. ഇതിന് നിയമത്തിന്റെ കര്‍ശനമായ വിലക്കുണ്ട്.

'ഡൗണ്‍ സിന്‍ഡ്രോം' ബാധിച്ച കുട്ടികളിലെ പ്രശ്‌നങ്ങള്‍ എപ്പോഴും ഒരുപോലെയായിരിക്കണം എന്നില്ല. ചിലര്‍ക്ക് പെരുമാറാനായിരിക്കും പ്രശ്‌നം, മറ്റ് ചിലര്‍ക്കാണെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ കുറവായിരിക്കും. 'ഡൗണ്‍ സിന്‍ഡ്രോം' ബാധിച്ച ഒരു വലിയ വിഭാഗം മനുഷ്യര്‍ ഇപ്പോഴും വിജയകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതേസമയം നേരത്തേ സൂചിപ്പിച്ച സംഭവത്തില്‍ കുഞ്ഞിന് വേറെയും ശാരീരികമായ വിഷമതകളുണ്ട്.

'ഡൗണ്‍ സിന്‍ഡ്രോം' ചികിത്സിച്ച് ഭേദമാക്കാനാകുന്ന ഒരു അസുഖമല്ല. അത് ജീവിതാവസ്ഥയാണ്. അമിതമായ ബുദ്ധിമുട്ടുകളിലേക്ക് കടക്കാതിരിക്കാന്‍ ചെറിയ തോതിലുള്ള ചികിത്സയുമായി മുന്നോട്ടുപോകാമെന്നത് മാത്രമാണ് ഏക മാര്‍ഗം. ഇവര്‍ക്ക് പ്രത്യേകമായി നല്‍കാവുന്ന തെറാപ്പികളും വിദ്യാഭ്യാസവും കൃത്യമായി നല്‍കണം. അത് വ്യക്തിത്വ രൂപീകരണത്തിന് സഹായമേകും. 

click me!