ആറ് കിലോമീറ്റര്‍ നടന്ന് ജനാലച്ചില്ലിന് പുറത്ത് നിന്ന് പേരക്കിടാവിനെ കൊഞ്ചിക്കുന്ന മുത്തച്ഛന്‍

Web Desk   | others
Published : Apr 08, 2020, 06:23 PM IST
ആറ് കിലോമീറ്റര്‍ നടന്ന് ജനാലച്ചില്ലിന് പുറത്ത് നിന്ന് പേരക്കിടാവിനെ കൊഞ്ചിക്കുന്ന മുത്തച്ഛന്‍

Synopsis

അമേരിക്കയിലെ മിഷിഗണിലാണ് ജോഷ്വായും ഭാര്യയും കുഞ്ഞും താമസിക്കുന്നത്. അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറത്താണ് ജോഷ്വായുടെ അച്ഛന്‍ കഴിയുന്നത്. കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളാണ് മിഷിഗണിലും അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ജോഷ്വായുടെ കുഞ്ഞുമകളായ ഏലിയാനയെ മുത്തച്ഛന്‍ എടുത്തത്. അപ്പോഴേക്കും മിഷിഗണില്‍ കടുത്ത നിയന്ത്രണങ്ങള്‍ എത്തി

കൊറോണ വൈറസ് ഭീതിയില്‍ ലോകരാജ്യങ്ങളെല്ലാം വിറങ്ങലിച്ച് നില്‍ക്കേ ഇതുവരെ പരിചിതമല്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ലോക്ക്ഡൗണ്‍, നിരോധനാജ്ഞ എന്നിങ്ങനെ അസാധാരണമായ അവസ്ഥകളാണ് മിക്കവാറും രാജ്യങ്ങളിലുള്ളത്. 

അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാവില്ല, യാത്രാസൗകര്യമില്ല, ആഘോഷങ്ങളോ ഒത്തുകൂടലോ ഇല്ല. വീട്ടില്‍ത്തന്നെ തുടരണമെന്നാണ് അതത് സര്‍ക്കാരുകള്‍ ജനങ്ങളോട് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന വേദനിപ്പിക്കുന്ന പ്രഹരങ്ങള്‍ ചെറുതല്ല. പലപ്പോഴും പ്രിയപ്പെട്ടവര്‍ പരസ്പരം കാണാനാകാതെ വീര്‍പ്പുമുട്ടുകയും മാനസിക സമ്മര്‍ദ്ദത്തിലാവുകയും ചെയ്‌തേക്കാം. എങ്കിലും എല്ലാം, നമുക്ക് വേണ്ടിത്തന്നെയാണല്ലോ എന്ന ആശ്വസത്തില്‍ തുടര്‍ന്നേ പറ്റൂ.

അത്തരത്തില്‍ ഹൃദയം തൊടുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നത്. ദിവസവും ആറ് കിലോമീറ്റര്‍ ദൂരം നടന്നുവന്ന് പേരക്കുഞ്ഞിനെ ജനാലച്ചില്ലിന് അപ്പുറം നിന്ന് കാണുന്ന മുത്തച്ഛന്‍. ചില്ലിനപ്പുറത്ത് നിന്ന് മകന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കളിയും ചിരിയും കാണും. സന്തോഷത്തോടെ മടങ്ങും. 

ഈ അച്ഛനെ കുറിച്ച് മകന്‍ ജോഷ്വാ ഗില്ലറ്റ് എഴുതിയ കുറിപ്പും ചിത്രവുമാണ് പിന്നീട് വൈറലായത്. അമേരിക്കയിലെ മിഷിഗണിലാണ് ജോഷ്വായും ഭാര്യയും കുഞ്ഞും താമസിക്കുന്നത്. അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറത്താണ് ജോഷ്വായുടെ അച്ഛന്‍ കഴിയുന്നത്. കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് കര്‍ശന നടപടികളാണ് മിഷിഗണിലും അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ജോഷ്വായുടെ കുഞ്ഞുമകളായ ഏലിയാനയെ മുത്തച്ഛന്‍ എടുത്തത്. അപ്പോഴേക്കും മിഷിഗണില്‍ കടുത്ത നിയന്ത്രണങ്ങള്‍ എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹം നടന്നുവന്നാണ് പേരക്കിടാവിനെ കാണുന്നത്. ഈ അനുഭവത്തെക്കുറിച്ച് ഹൃദ്യമായ രീതിയിലാണ് ജോഷ്വാ കുറിപ്പെഴുതിയിരിക്കുന്നത്. 

'അച്ഛന് എന്റെ മകളെ ഒന്ന് കയ്യിലെടുക്കാന്‍ പോലും കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നും. ഈ ചിത്രത്തില്‍ പക്ഷേ നിങ്ങള്‍ക്ക് കാണാം, കുഞ്ഞിനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വരുന്ന സന്തോഷം. പിന്നെ ഇതെല്ലാം താല്‍ക്കാലികമാണല്ലോ എന്ന് ഞാനോര്‍ക്കും...'- ജോഷ്വാ കുറിക്കുന്നു. 

നിരവധി പേരാണ് ഈ ചിത്രവും കുറിപ്പും വീണ്ടും പങ്കുവച്ചത്. ഈ സമയവും അതിജീവിക്കുമെന്നും അതിന് ധൈര്യം പകരുന്നതാണ് ഇത്തരം അനുഭവങ്ങളുടെ പങ്കുവയ്ക്കലുമെന്നും പലരും കുറിക്കുന്നു.

 

PREV
click me!

Recommended Stories

മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍
മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ