മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി പറയുന്നത് കേട്ട് മനസ്സ് അമിതമായി അസ്വസ്ഥമാകാറുണ്ടോ?

By Priya VargheseFirst Published Oct 16, 2019, 2:31 PM IST
Highlights

നമ്മുടെ മേലധികാരികള്‍, വീട്ടിലുള്ളവര്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരും നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ചിലപ്പോള്‍ ഒരു കൂട്ടം ആളുകളെക്കുറിച്ചാവും വിമര്‍ശനം എങ്കില്‍ പോലും അതു നിങ്ങളെപറ്റി മാത്രം പറയുകയാണ് എന്ന തരത്തില്‍ അമിതമായി മനസ്സിനെ ബാധിക്കുന്ന അവസ്ഥ ഉണ്ടോ?

മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി പറയുന്നത് കേട്ടു മനസ്സ് അമിതമായി അസ്വസ്ഥമാകാറുണ്ടോ? അതു കേള്‍ക്കേണ്ടി വരുമ്പോള്‍ ഞാന്‍ എന്തുചെയ്താലും എല്ലാവര്‍ക്കും കുറ്റങ്ങള്‍ മാത്രമേ പറയാനുള്ളൂ, എന്‍റെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ല, എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്നൊക്കെ തോന്നാറുണ്ടോ?“നീ ഇങ്ങനെ തൊട്ടാവാടിയാവരുത്” എന്നു പല സുഹൃത്തുക്കളും നിങ്ങളോടു പറയാറുണ്ടോ?

നമ്മുടെ മേലധികാരികള്‍, വീട്ടിലുള്ളവര്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരും നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ചിലപ്പോള്‍ ഒരു കൂട്ടം ആളുകളെക്കുറിച്ചാവും വിമര്‍ശനം എങ്കില്‍പോലും അതു നിങ്ങളെപറ്റി മാത്രം പറയുകയാണ് എന്ന തരത്തില്‍ അമിതമായി മനസ്സിനെ ബാധിക്കുന്ന അവസ്ഥ ഉണ്ടോ?

ചില സമയങ്ങളില്‍ ആരും ഒന്നും പറയണമെന്ന് കൂടിയില്ല. മറ്റുള്ളവരുടെ മുഖഭാവം വായിച്ച് “അവര്‍ എനിക്കെതിരാണ്, എന്നെ അവര്‍ ഇഷ്ടപ്പെടുന്നില്ല” എന്നെല്ലാമുള്ള വ്യാഖ്യാനങ്ങള്‍ നല്‍കാറുമുണ്ട് നമ്മളില്‍ പലരും. ഇത്തരം ചിന്തകള്‍ ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും മനസ്സിനെ അസ്വസ്ഥമാക്കുന്ന അവസ്ഥയുണ്ടാവാം. ഈ കാരണങ്ങളാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, സന്തോഷം നഷ്ടമാകുന്ന അവസ്ഥ എന്നിവയുണ്ടായേക്കാം. എങ്ങനെ ഈ പ്രശ്നത്തെ നേരിടാം?

1.    സ്വയം വിലയില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങളുടെ കാരണമെന്നു തിരിച്ചറിയുക. മറ്റുള്ളവര്‍ പറയുന്നതിനപ്പുറം നിങ്ങളെപ്പറ്റി സ്വയം തിരിച്ചറിയാന്‍ ശ്രമിക്കാം. നിങ്ങളുടെ കഴിവുകളെപ്പറ്റി ചിന്തിക്കാം. എല്ലാ മനുഷ്യര്‍ക്കും കഴിവുകളും പ്രാധാന്യവും ഉണ്ടെന്നു മനസ്സിലാക്കാം. എപ്പോഴും സ്വയം വിലകുറച്ചു കാണേണ്ടതില്ല. നിങ്ങളിലെ നന്മകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ശീലിക്കാം.

2.    എന്താണ് നിങ്ങളുടെ മനസ്സു വിഷമിക്കാന്‍ കാരണമെന്നു തിരിച്ചറിയുക. ഉദാ: ചെറുപ്പകാലത്ത് അമിതമായി വിമര്‍ശിക്കുന്ന പിതാവിനെ ഭയന്ന് എല്ലാ കാര്യങ്ങളിലും കൃത്യത പാലിക്കാന്‍ ഒരു കുട്ടി ശ്രമിച്ചു എന്നു കരുതുക. എന്നാല്‍ എത്ര ശ്രമിച്ചാലും എന്തെങ്കിലും ഒരു ചെറിയ കാരണം കണ്ടെത്തി അവനെ പിതാവ് എപ്പോഴും കുറ്റപ്പെടുത്തുന്നു എങ്കില്‍ വലുതാകുമ്പോള്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വരുമ്പോള്‍ വലിയ രീതിയില്‍ അതവന്‍റെ മനസ്സിനെ ബാധിക്കും. എന്നാല്‍ ഇപ്പോള്‍ നേരിട്ട വിമര്‍ശനമാണോ, മറിച്ച് ചെറുപ്രായത്തിലെ ഓര്‍മ്മകള്‍ ഉണ്ടാക്കിയ നൊമ്പരമാണോ ഇപ്പോഴത്തെ വിഷമങ്ങള്‍ക്ക് യാഥാര്‍ത്ഥ കാരണമെന്ന് സ്വയം ചോദിക്കേണ്ടതായുണ്ട്.

3.    സ്വയം അംഗീകരിക്കാം. മറ്റുള്ളവരുടെ വിലയിരുത്തലുകളെ, അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി ചിന്തിക്കുന്നത് എന്തായിരിക്കും എന്നെല്ലാമുള്ള കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന ശീലം അവസാനിപ്പിച്ച്‌ നിങ്ങളെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാം. ജീവിതം എന്നാല്‍ വെറുതെ ദിവസങ്ങള്‍ തള്ളിനീക്കുക മാത്രമല്ല, ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്നു മനസ്സിലാക്കാന്‍ സ്വയം തിരിച്ചറിയുന്നതിലൂടെ സാധ്യമാകും.

4.    “No” പറയാന്‍ ശീലിക്കാം. നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിക്കുന്നു എങ്കില്‍ അവരുമായുള്ള സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ അതിനു തയ്യാറാകേണ്ട കാര്യമില്ല. അങ്ങനെ നഷ്ടമാകുന്ന സൗഹൃതങ്ങള്‍ വേണ്ട എന്ന് ധൈര്യമായി തീരുമാനമെടുക്കാം. മറ്റുള്ളവരുടെ അംഗീകാരം കിട്ടാന്‍ അമിതമായ ശ്രമം നടത്തുമ്പോള്‍ അവരുടെ ചെറിയ ഒരു ഭാവമാറ്റം പോലും നിങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും.

5.    വിമര്‍ശനം നേരിടേണ്ടി വരുമ്പോള്‍, നിരാശയിലേക്കു പോകാതെ ആ അവസ്ഥയിലും അതിന്‍റെ നന്മയെ കാണാന്‍ ശ്രമിക്കാം. വിമര്‍ശനങ്ങളെ എല്ലായ്പ്പോഴും നെഗറ്റീവ് ആയി കാണേണ്ടതില്ല. കഴിവുകളെ മെച്ചപ്പെടുത്താന്‍ കിട്ടിയ ഒരവസരമായി അതിനെ കാണാം. ഇനി പിഴവുകള്‍ വരാതെ നോക്കാന്‍ മുന്‍പു വിമര്‍ശനം കേള്‍ക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ മാനസികാവസ്ഥയുടെ ഓര്‍മ്മ നമ്മളെ സഹായിക്കും.

നമ്മളാരും തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. എന്നാല്‍ നമുക്കു നേരെ വിമര്‍ശങ്ങള്‍ വരുമ്പോള്‍ നമ്മെ വിമര്‍ശിച്ച വ്യക്തിയോടുള്ള പക ഉള്ളില്‍ അടക്കിവയ്ക്കുന്നതുംപ്രതികാര മനോഭാവം സൂക്ഷിക്കുന്നതുമെല്ലാം വിനാശകരമായ പ്രവര്‍ത്തികളിലേക്കേ കൊണ്ടെത്തിക്കൂ. അത്തരം ചിന്തകള്‍ഒരു രീതിയിലും നമ്മുക്കു ഗുണംചെയ്യില്ല. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് അങ്ങനെയുള്ള അവസരങ്ങളില്‍ ചെയ്യേണ്ടത്.മനസ്സ് വല്ലാതെ അസ്വസ്ഥമാണ് എങ്കില്‍ മന:ശാസ്ത്ര ചികിത്സ ആവശ്യമാണ്.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 8281933323

click me!