പ്രളയം തകര്‍ത്ത കര്‍ഷകര്‍ക്ക് ഊര്‍ജവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണിലിറങ്ങി

By Web TeamFirst Published Sep 22, 2018, 11:14 AM IST
Highlights

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ജില്ലയിലെ എണ്ണൂറിലധികം വരുന്ന കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ മമ്മട്ടിയും കുട്ടയും മറ്റുമായി മണ്ണിലേക്കിറങ്ങിയത്. കൃഷിയും കൃഷിപ്പണിയും മുഖ്യ ജീവനോപാധിയായ ഇവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനുളള ശ്രമത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയാണെന്നത്  കര്‍ഷകര്‍ക്കും ആവേശം നല്‍കുന്നുണ്ട്.
 

തൃശൂര്‍: കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും പ്രളയം തകര്‍ത്ത മനോനിലയില്‍ നിന്ന് പഴയ ഊര്‍ജ്ജത്തിലേക്ക് മടക്കികൊണ്ടുവരുന്നതിന് നാടിനൊപ്പം ഉദ്യോഗസ്ഥരും മണ്ണിലേക്ക്. കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ജില്ലയിലെ എണ്ണൂറിലധികം വരുന്ന കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ മമ്മട്ടിയും കുട്ടയും മറ്റുമായി മണ്ണിലേക്കിറങ്ങിയത്. കൃഷിയും കൃഷിപ്പണിയും മുഖ്യ ജീവനോപാധിയായ ഇവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനുളള ശ്രമത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയാണെന്നത്  കര്‍ഷകര്‍ക്കും ആവേശം നല്‍കുന്നുണ്ട്.

കേരളത്തിന്റെ പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി റവന്യൂ ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും രാപ്പകലില്ലാതെ പരിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് കൃഷികാര്‍ക്ക് തുണയായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രംഗത്ത് വരുന്നത്. കാര്‍ഷിക വിളകളുടെ നഷ്ടകണക്കെടുക്കലും വിളകള്‍ക്കുളള നഷ്ടപരിഹാരം നിര്‍ണ്ണയിക്കലും കൃഷി പ്രോത്സാഹിപ്പിക്കലും പോലുളള പതിവ് ജോലികള്‍ക്കപ്പുറത്താണ്. പ്രളയം താറുമാറാക്കിയ കൃഷിയിടങ്ങള്‍ വ്യത്തിയാക്കാന്‍ അവ കൃഷി യോഗ്യമാക്കാന്‍ കര്‍ഷകര്‍ക്കൊപ്പം മണ്ണിലേക്കിറങ്ങുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. 

പ്രളയം കൃഷിയിടങ്ങളില്‍ ബാക്കിയായ ചളി നീക്കി ചാലക്കുടി മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഫാമുകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നാണ് ഈ ഇടപെടല്‍. ചളി മാറ്റി, മണ്ണുപരിശോധിച്ച് മണ്ണിന്റെ രാസപരിണാമങ്ങള്‍ ഇതോടൊപ്പം പങ്കുവയ്ക്കുന്നുണ്ട് ഉദ്യോഗസ്ഥര്‍.

ആദ്യ ദിവസം നാനൂറിലേറെ ഉദ്യോഗസ്ഥരാണ് ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ടത്. 50 ഹെക്ടറോളം ചളി നീക്കി ജാതി തൈകള്‍ക്കും മറ്റു വൃക്ഷങ്ങള്‍ക്കും വായുസഞ്ചാരയോഗ്യമാക്കി കഴിഞ്ഞു. കോട്ടാറ്റ് ഭാഗത്ത് ചളിനീക്കുന്നതോടൊപ്പം സഞ്ചരിക്കുന്ന മണ്ണുപരിശോധന ലാബിന്റെ സഹായത്തോടെ മണ്ണു പരിശോധിച്ച് കൃഷിക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. 

400 പേര്‍ ചാലക്കുടിയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം ജോലികളിലേര്‍പ്പെട്ടുവരികയാണ്. കൃഷി വകുപ്പ് ഓഫീസുകളിലെ ജോലിക്ക് തടസ്സം വരാതെയാണ് ഇവരുടെ പ്രവര്‍ത്തനം. കര്‍ഷകരും കൃഷി വകുപ്പും ഒന്നാണെന്ന സന്ദേശം നല്‍കുന്ന ഈ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതോടൊപ്പം കര്‍ഷകരോടൊപ്പം വകുപ്പുണ്ടെന്ന ഉറച്ചവിശ്വാസവും നല്‍കുന്നുണ്ട്. ഇതിനിടയില്‍ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ സജീവപിന്തുണയാണ് ക്ഷീരകര്‍ഷകര്‍ക്കും നല്‍കുന്നത്. പ്രളയബാധിത മേഖലകളിലെ കന്നുകാലികള്‍ക്കായി 215.35 മെട്രിക്ക് ടണ്‍ കാലിത്തീറ്റ ഇതുവരെ വിതരണം ചെയ്തതു. ഓഗസ്റ്റ് 18 മുതലുള്ള കണക്കാണിത്. ഇതിനുപുറമേ കേരള ഫീഡ്സിന്റെ 33 ലക്ഷം രൂപയുടെ 14 കിലോഗ്രാം തൂക്കമുള്ള 850 ടോട്ടല്‍ മിക്സ്ഡ് റേഷന്‍ ബാഗുകള്‍ വിതരണം ചെയ്തു.  60 കിലോ തൂക്കംവരുന്ന 3300 കാലിത്തീറ്റ ബാഗുകളും ഇതുവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 

പശു, ആട്, പോത്ത് ഉള്‍പ്പടെ എകദേശം 34620 കന്നുകാലികള്‍ക്കാണ് പ്രധാനമായും തീറ്റ ലഭ്യമാക്കിയത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് പുറമേ തമിഴ്നാട് സര്‍ക്കാര്‍, നാഷ്ണല്‍ ഡയറി ഡവലപ്പ്മെന്റ് ബോര്‍ഡ്, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയും പ്രളയം ബാധിച്ച സ്ഥലങ്ങളിലെ കന്നുകാലിള്‍ക്കാവശ്യമായി കാലിത്തീറ്റ ലഭ്യമാക്കി. നാഷ്ണല്‍ ഡയറി ഡവലപ്പ്മെന്‍റ്  ബോര്‍ഡ് 1007 കാലിത്തീറ്റ ബാഗുകളാണ് ജില്ലയില്‍ വിതരണം ചെയ്യാനായി എത്തിച്ചത്. 

കൃഷിവകുപ്പ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളും മൃഗങ്ങള്‍ക്ക് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുന്നതില്‍ പങ്കുവഹിച്ചു. കേരള സ്റ്റേറ്റ് സീഡ് ഫാം ആവശ്യമായ വൈക്കോല്‍ ലഭ്യമാക്കി. ചാലക്കുടി, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, എന്നീ റീജ്യണല്‍ ആനിമല്‍ ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കാലിത്തീറ്റ മൃഗാശുപത്രികളിലേക്ക് എത്തിച്ചതും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതും. 

click me!