Latest Videos

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുകയാണ് ഈ ജില്ലാ ജയില്‍ ആസ്ഥാനം

By Web TeamFirst Published Nov 15, 2018, 7:37 PM IST
Highlights

കെട്ടിടങ്ങള്‍ പുതുക്കി പണിയുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇവിടെ സാധ്യമല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന മുറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെള്ളം വീഴുന്ന ഇടങ്ങളില്‍ ബക്കറ്റ് ഉപയോഗിച്ച് ശേഖരിച്ച ശേഷം കളയുകയാണ് പതിവ്. കൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു സൗകര്യവും ജില്ലാ ജയിലില്‍ ഇല്ല. വൈദ്യസഹായം നിഷേധിച്ചതോടെ തടവുകാര്‍ക്കും അടിയന്തിര ചികിത്സ അന്യമായിരിക്കുകയാണ്

ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജില്ലാ ജയില്‍ ആസ്ഥാനം. അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ നാല് ബ്ലോക്കുകളും തികച്ചും ശോച്യാവസ്ഥയിലാണ്. ഇക്കാരണത്താല്‍ തടവുകാരെ യഥാവിഥം പാര്‍പ്പിക്കാന്‍ കഴിയുന്നില്ല. 80ല്‍ അധികം വിചാരണ തടവുകാരാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്. മുറികളില്‍ ആകെ 41 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമേ നിലവിലുള്ളു. പ്രശ്‌നം പലപ്പോഴും അധികാരികളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. തടവുകാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുന്നത്.

രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. നിലത്ത് തിങ്ങി ഞെരിഞ്ഞ് വേണം കിടക്കാന്‍. കെട്ടിടത്തിന്റെ ബലക്ഷയമാണ് മറ്റൊരു വെല്ലുവിളി. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളായതിനാല്‍ ഓഫീസ് ജോലിപോലും മുടങ്ങുന്ന സ്ഥിതിയാണ്. കെട്ടിടങ്ങള്‍ പുതുക്കി പണിയുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇവിടെ സാധ്യമല്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന മുറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെള്ളം വീഴുന്ന ഇടങ്ങളില്‍ ബക്കറ്റ് ഉപയോഗിച്ച് ശേഖരിച്ച ശേഷം കളയുകയാണ് പതിവ്. കൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു സൗകര്യവും ജില്ലാ ജയിലില്‍ ഇല്ല. വൈദ്യസഹായം നിഷേധിച്ചതോടെ തടവുകാര്‍ക്കും അടിയന്തിര ചികിത്സ അന്യമായിരിക്കുകയാണ്.

ചികിത്സ ലഭ്യമാക്കണമെങ്കില്‍ ദൂരം പലതും താണ്ടണമെന്നാണ് ജയില്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്യാധുനിക ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മാറി മാറി വരുന്ന ജയില്‍ സൂപ്രണ്ടുമാര്‍ ജയില്‍ വകുപ്പിന് കത്തെഴുന്നുണ്ട്. ജീവനക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍  കെ സി  വേണുഗോപാല്‍ എം പി ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല. അടിയന്തിര ചികിത്സ നല്‍കേണ്ടവരെ തിരുവനന്തപുരത്തും കൊച്ചിയിലും എത്തിക്കേണ്ടി വരുന്നു. അതിന് ജയില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയും വാങ്ങണം. ഈ കടമ്പ കടന്നു കിട്ടാനും ബുദ്ധിമുട്ടാണ്.

തടവുകാരുടെ ബാഹുല്യം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം ആകെ 800 പേരെയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. മാവേലിക്കര സബ് ജയിലിലെ സ്ഥിതിയും സമാനമാണ്. അടിക്കിടെയുള്ള ജയില്‍ മാറ്റം തടവുകാര്‍ക്ക് മാത്രമല്ല സന്ദര്‍ശകര്‍ക്കും ഒരുപോലെ തലവേദന പിടിച്ച പണിയായി മാറിയിരിക്കുകയാണ്. ജീവനക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. കൂടുതല്‍ തടവുകാരുള്ള ജില്ലാ ജയിലില്‍ നിലവില്‍ ഒരു സൂപ്രണ്ടും രണ്ട് അസിസ്റ്റന്റ് സൂപ്രണ്ട്, ആറ് ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍, 10 അസിസ്റ്റന്റ് പ്രിസണര്‍ ഓഫീസര്‍, ഒരു വാര്‍ഡന്‍ കം ഡ്രൈവര്‍ എന്നിങ്ങനെ 19 പേരാണ് ജില്ലാ ജയിലില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നത്. ആകെ 59 ജീവനക്കാരെയാണ് ജില്ല ജയിലില്‍ ഇന്ന് ആവശ്യമായി ഉള്ളത്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

വെല്‍ഫെയര്‍ ഓഫീസര്‍മാരോ, ഫാര്‍മസിസ്‌റ്റോ, മീഡിയാ ഓഫീസറോ ഇല്ലാത്തതും പ്രശ്‌നത്തിന്റെ ഗൗരവം സങ്കീര്‍ണ്ണമാക്കുന്നു. കൂടാതെ വിചാരണ തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിനായി മികച്ച വാഹനം ഇല്ലാത്തത് പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നുണ്ട്. വളരെ കാലപ്പഴക്കം ചെന്ന ഒരു ജീപ്പ് മാത്രമാണ് ജില്ല ജയിലില്‍ ഇപ്പോള്‍ ഉള്ളത്. ഇതാകട്ടെ നിരന്തരം എന്‍ജിന്‍ തകരാറിലാണ്. ഒരു ടാറ്റാ സുമോയും ഒരു ഗുഡ്‌സ് വെഹിക്കിളിനും വേണ്ടി വകുപ്പിന് കത്തെഴുതിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ കാത്തിരിപ്പ് ഇന്നും തുടരുകയാണ്.

ജയിലിനുള്ളില്‍ അന്തേവാസികള്‍ തമ്മില്‍ അക്രമണവും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സഹിച്ചാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. എല്ലാ ജില്ലാ ജയിലുകളിലും ജീവനകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ പതിവാണ്. എന്നാല്‍ ആലപ്പുഴയില്‍ സ്ഥിതി അതല്ല. ജീവനകാര്‍ വന്നും പോയിട്ടാണ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. തോക്കുകള്‍ ആവശ്യത്തിന് ഇല്ലാത്തതും ജയിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ജയില്‍ വളപ്പിന് സമീപം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കണ്ടെത്തിയ സ്ഥലം കാട് പിടിച്ച് നശിക്കുകയാണ്.

click me!