അപകടങ്ങളില്‍ മരണപ്പെടുന്നവരെ കയറ്റാത്ത ആംബുലന്‍സുകള്‍; ഇത് കര്‍ണാടകയിലെ 'അലിഖിത നിയമമോ'? വിവാദം

Published : Apr 28, 2022, 11:01 PM IST
അപകടങ്ങളില്‍ മരണപ്പെടുന്നവരെ കയറ്റാത്ത ആംബുലന്‍സുകള്‍; ഇത് കര്‍ണാടകയിലെ 'അലിഖിത നിയമമോ'? വിവാദം

Synopsis

അന്നത്തെ അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാക്കള്‍ രണ്ട് പേരും മരിച്ചിരുന്നു. എന്നാല്‍, ഈ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റാത്ത സ്ഥിതിയാണ് പിന്നീടുണ്ടായത്.

കല്‍പ്പറ്റ: കര്‍ണാടകയില്‍ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റില്ലെന്ന 'അലിഖിത നിയമ'ത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ 23ന് കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ ലോറിയും മിനി പികപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ അവിടെയുണ്ടായ ഒരു നടപടിയാണ് വിവാദമായിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ നടപടി, അപകടം കണ്ട മറ്റൊരു മലയാളി യുവാവ് വേദനയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിഷയം വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

അന്നത്തെ അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാക്കള്‍ രണ്ട് പേരും മരിച്ചിരുന്നു. എന്നാല്‍, ഈ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റാത്ത സ്ഥിതിയാണ് പിന്നീടുണ്ടായത്. അപകടസ്ഥലത്തേക്ക് ആംബുലന്‍സ് എത്തിയെങ്കിലും യുവാക്കള്‍ രണ്ട് പേരും മരിച്ചെന്ന കാരണം പറഞ്ഞ് മൃതദേഹം ഏറ്റെടുക്കാതെ തിരിച്ച് പോകുകയായിരുന്നുവെന്ന് പള്‍സ് എമര്‍ജന്‍സി ടീം എന്ന സംഘടനയുടെ  സംസ്ഥാന ഭാരവാഹിയായ സലീം കല്‍പറ്റ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. കര്‍ണാടകയിലെ പൊലീസും ഈ നടപടിക്ക് കൂട്ടുനില്‍ക്കുന്ന പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് സലീം ആരോപിച്ചു. വയനാട്, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മരിച്ച അപകടസ്ഥലത്ത് വിവരമറിഞ്ഞയുടന്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിടുന്ന ആംബുലന്‍സ് എത്തിയിരുന്നു.

പിന്നീട് മൃതദേഹങ്ങള്‍ റോഡില്‍തന്നെ ഉപേക്ഷിച്ച് ആംബുലന്‍സ് തിരികെപ്പോവുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിലും മോശമായ അനുഭവങ്ങളാണ് കര്‍ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാവാറുള്ളതെന്നാണ് 'കല്‍പറ്റക്കാരുടെ ഗ്രൂപ്പി'ല്‍ പങ്കുവെച്ച പോസ്റ്റിനോട് നിരവധിപേര്‍ പ്രതികരിക്കുന്നത്. അതേസമയം, മുമ്പും മലയാളികള്‍ അടക്കം അപകടത്തില്‍പ്പെട്ട സമയത്ത് ഇത്തരം രീതികള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ വ്യക്തമാക്കുന്നു. 

സലീമിന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗം:

ഞാനും സുഹൃത്തും ഗുണ്ടല്‍പേട്ടയില്‍ നിന്നും മടങ്ങും വഴിയാണ് കര്‍ണാടകയുടെ മില്‍ക്ക് ലോറിയും വയനാട്ടിലേക്ക് ഉള്ളിയും കയറ്റിവരുകയായിരുന്ന വാഹനവും അപകടത്തില്‍പെട്ടത് കാണുന്നത്.

നാട്ടുകാരും യാത്രക്കാരും മലയാളികളായ നിരവധി ചരക്ക് വാഹന ഡ്രൈവര്‍മാരും അവിടെ ഉണ്ടായിരുന്നു. ഇവരെല്ലാം ഇടപെട്ട് വാഹനത്തിനകത്ത് നിന്ന് യുവാക്കളെ പുറത്തെടുത്തിരുന്നു. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ഞാന്‍ വന്ന് നോക്കുമ്പോള്‍ കണ്ടത് റോഡില്‍ അവരെ കിടത്തിയിരിക്കുന്നതാണ്. മൃതദേഹം ആശുപത്രിയിലേക്ക് എന്താണ് മാറ്റാത്തത് എന്ന് അവിടെ ഉണ്ടായിരുന്ന ഒരാളോട് ചോദിച്ചു.

അതിന് കിട്ടിയ മറുപടി, ഹൈവേയില്‍ അപകടം നടന്നാല്‍ ഉടന്‍ വരുന്ന ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിടുന്ന ആംബുലന്‍സ് ഇവിടെ വന്നിരുന്നു. പക്ഷേ, ഇവര്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. മൃതദേഹം ആംബുലന്‍സില്‍ അവര്‍ കയറ്റില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് കാര്യം അന്വേഷിച്ചു. അദ്ദേഹത്തോട് മൃതദേഹം ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും അപകടം നടന്ന് 20 മിനിറ്റ് ആയിരുന്നു. ആ സമയത്താണ് എനിക്ക് ഫോണ്‍കാള്‍ വരുന്നത്. അപ്പോള്‍ പൊലീസുകാരന്‍ എന്നോട് ചോദിച്ചു അവരുടെ കുടുംബക്കാരാണോ വിളിക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു അല്ല, മീഡിയയില്‍ നിന്നാണ് എന്ന്. ഇത് കേട്ടയുടന്‍ ആ പൊലീസുകാരന്‍ അവിടെ ഉണ്ടായിരുന്ന സിഐ, എസ്ഐ എന്നിവരോട് സംസാരിക്കുന്നതാണ് കണ്ടത്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അംബാസഡര്‍ കാര്‍ വന്ന് മരിച്ച രണ്ടാളെയും അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്റെ പ്രിയ സുഹൃത്തുക്കളെ ഒരു മൃതദേഹം കയറ്റാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് ആംബുലന്‍സ്? അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിലൂടെ മനസ്സിലാവുന്നത്.

അവര്‍ നമ്മുടെ നാട്ടിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ കണ്ടുപഠിക്കട്ടെ. നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുപഠിക്കട്ടെ. നമ്മുടെ ഭരണാധികാരികള്‍ ഇതില്‍ ഇടപെടണം. ഇനി ഒരാള്‍ക്കും ഈ അനുഭവം ഉണ്ടാകരുത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം