
ഇടുക്കി: പാമ്പിനെ കണ്ടാൽ ഇനി മുതൽ ഉടൻ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു. ഇനി മുതല്‍ പാമ്പ് പിടുത്തത്തിന് വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.
ഇതിനായി യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനം വകുപ്പ് പാഠ്യ പദ്ധതിയും തയ്യാറാക്കി പഠന ക്ലാസ് തുടങ്ങി. പഠന-പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് നിർവഹിച്ചു. നോഡൽ ഓഫീസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അൻവർ ക്ലാസ്സ് നയിച്ചു. റേഞ്ച് ഫോറെസ്റ്റ് ഓഫീസർ വിനോദ് കുമാർ എംജി പരിപാടിയ്ക്ക് നേതൃത്വം നൽകി. ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോർമിറ്ററിയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ 70 തോളം ആളുകൾ പങ്കെടുത്തു.
പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരില്‍ കൂടുതല്‍ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പ് പിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ പെരുമാറുക, പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പാമ്പുകളെ പിടികൂടാന്‍ പാടുള്ളുവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്.
പാമ്പുകളുടെ വര്‍ഗ്ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. പാമ്പ് പിടിത്തത്തിലേര്‍പ്പെടാന്‍ താല്‍പര്യമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.
പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുന്‍പരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ച് വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികള്‍, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പ് പിടിത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പാമ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും.
പാമ്പ് പിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാര്‍ക്ക് ഗൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് 'സര്‍പ്പ' എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam