കണ്ണൂരിന് അഭിമാനമായി ബാരാപോൾ ജലവൈദ്യുത പദ്ധതി

Published : Oct 30, 2021, 10:17 PM ISTUpdated : Oct 30, 2021, 10:20 PM IST
കണ്ണൂരിന് അഭിമാനമായി ബാരാപോൾ ജലവൈദ്യുത പദ്ധതി

Synopsis

വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവർഹൗസിൽ ഉൽപാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും, സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയുമായ ബാരാപോൾ ജലവൈദ്യുത പദ്ധതി ചരിത്രനേട്ടം കൈവരിച്ചു. വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവർഹൗസിൽ ഉൽപാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

വാർഷിക ഉൽപാദനമായ 36എം.യു ഒക്ടോബർ 13നാണ് പിന്നിട്ടത്. 2017-18 വർഷത്തിൽ കൈവരിച്ച 40.51ദശലക്ഷം യൂണിറ്റ് ഉൽപാദനം മറികടന്നാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ജലം ലഭ്യമായതിനാൽ ഇപ്പോഴും എല്ലാ ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിച്ചു വരികയാണെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അനീഷ് അരവിന്ദ് പറഞ്ഞു.

ജനുവരി വരെ ഉൽപാദനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 മെഗാവാട്ടിൻ്റെ മൂന്ന് ജനറേറ്ററുകളുള്ള ബാരാപോളിൻ്റെ സ്ഥാപിതശേഷി 15 മെഗാവാട്ടാണ്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽ നിന്നും ഇതുവരെ ആകെ 150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു കഴിഞ്ഞു.

കർണ്ണാടകയിലെ കുടകിൽ നിന്നും ഒഴുകി വരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ജനുവരിയാകുമ്പോൾ പുഴയിൽ ജലം പൂർണ്ണമായും കുറയും. എന്നാൽ പോലും ഇനിയുള്ള മൂന്ന് മാസം കൂടുതൽ ഉൽപാദനം നടക്കുമെന്ന പ്രതീക്ഷയിലാണെന്നും ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ജീവനക്കാർക്ക് അതിയായ സന്തോഷമുണ്ടെന്നും, കൽക്കരി ക്ഷാമം മൂലം വൈദ്യുതി മേഖല പ്രതിസന്ധി നേരിട്ട കാലത്ത് മൂന്ന് ജനറേറ്ററുകളും ഫുൾ ലോഡിൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കണക്കാക്കുന്നതായും അനീഷ് അരവിന്ദ് പറഞ്ഞു.

ഇടയ്ക്ക് ഒരു ജനറേറ്ററിന് അറ്റകുറ്റപണികൾ വന്നിരുന്നെങ്കിലും രാത്രിയും പകലുമായി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി ജനറേറ്റർ പ്രവർത്തനക്ഷമമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേനൽക്കാല അറ്റകുറ്റപ്പണികൾക്ക് ശേഷം മേയ് 28ന് ഉൽപാദനം ആരംഭിച്ചിരുന്നു. ജൂൺ മാസം മുതൽ പെയ്ത എല്ലാ മഴയും ഉപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഈ ചരിത്രനേട്ടത്തിലേക്ക് പദ്ധതിയെ എത്തിച്ചത്.

2017ൽ മികച്ച ഉൽപാദനം നടന്നിരുന്നെങ്കിലും 2018ലെയും 2019ലെയും പ്രളയങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. 2018ലെ പ്രളയത്തിന് ശേഷം ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഉൽപാദനം പൂർണ്ണമായും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

തുടർന്ന് 2019ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. 2020-21ൻ്റെ തുടക്കത്തിലും ഒട്ടനവധി പ്രശ്നങ്ങൾ ബാരാപോളിനെ പിന്തുടർന്നു. കറണ്ട് ട്രാൻസ്ഫോർമറുകളും, പൊട്ടൻഷ്യൽ ട്രാൻസ്ഫോർമറുകളും, സെർവോ മോട്ടറുകളും കേടായി. അടിയന്തിര അറ്റകുറ്റപണികൾക്ക് ശേഷം അന്ന് ഉൽപാദനം പുനരാരംഭിക്കുകയും 2020 ഒക്ടോബർ മാസം പെയ്ത മഴ ഉപയോഗപ്പെടുത്തി കഴിഞ്ഞ വർഷം 29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുകയും ചെയ്തതോടെ ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിച്ചു.

പവർഹൗസിലെ സാങ്കേതിക വിഭാഗം ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയ കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റഡിൻ്റെ ഗ്യാരണ്ടി കാലയളവിൽ ആയതിനാൽ ബാരാപോളിലെ മുഴുവൻ കറണ്ട് ട്രാൻസ്ഫോർമറുകളും, പൊട്ടൻഷ്യൽ ട്രാൻസ്ഫോർമറുകളും മാറ്റി നൽകാമെന്ന് കെബിഎൽ അറിയിക്കുകയും ഈ വർഷം ഉൽപാദനം ആരംഭിക്കുന്നതിന് മുൻപ് 2021 മേയ് 22ന് എല്ലാ സി.റ്റിയും പി.റ്റിയും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

അറ്റകുറ്റപണികൾക്ക് ശേഷം ഉൽപാദനം ആരംഭിക്കാൻ തുടങ്ങുമ്പോൾ സ്റ്റേഷനിലെ 5എംവിഎ ട്രാൻസ്ഫോർമർ കേടായത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. 5എംവിഎ ട്രാൻസ്ഫോർമറിലൂടെയായിരുന്നു ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി എത്തിച്ചിരുന്നത്. തുടർന്ന് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ താൽക്കാലിക സംവിധാനമുണ്ടാക്കി. വിതരണ വിഭാഗത്തിലെ വള്ളിത്തോട് സെക്ഷൻ ഓഫീസിന് കീഴിലെ 11കെ.വി ഫീഡർ വഴി പവർഹൗസിൽ വൈദ്യുതി എത്തിച്ച് മേയ് 28ന് ഉൽപാദനം ആരംഭിച്ചത്. ജൂൺ മാസം ആദ്യം മറ്റൊരു സെർവോ മോട്ടറും കേടായി. കിർലോസ്കറിൻ്റെ അഭ്യർത്ഥനപ്രകാരം ജീവനക്കാർ തന്നെ അതിവേഗം ഉപകരണം ബാംഗ്ലൂരിൽ എത്തിക്കുകയും റിപ്പയർ ചെയ്തശേഷം തിരികെ എത്തിച്ച് ഘടിപ്പിക്കുകയും ചെയ്തു. ജൂൺ മുതൽ ഇതുവരെ മൂന്ന് ജനറേറ്ററുകളും പ്രവർത്തനത്തിൽ ആയിരുന്നതും ചരിത്രനേട്ടത്തിലേക്കുള്ള വഴിതെളിച്ചു.

ബാരാപോളിലെ ജീവനക്കാരിൽ അസിസ്റ്റൻറ് എഞ്ചിനീയർ മാത്രമാണ് സ്ഥിരം ജീവനക്കാരൻ. ബാക്കിയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്. നിർമ്മാണം പൂർത്തീകരിച്ച് ഉൽപാദന വിഭാഗത്തിന് 2020 ജനുവരിയിൽ പദ്ധതി കൈമാറിയെങ്കിലും അസിസ്റ്റൻറ് എഞ്ചിനീയർ ഇപ്പോഴും നിർമ്മാണ വിഭാഗത്തിൽ നിന്നാണ്. കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗറിൻ്റെ ഇലക്ട്രിക്കൽ വിഭാഗം നിർമ്മാണ ചുമതലയും ബാരാപോളിലെ എ.ഇയായ അനീഷ് അരവിന്ദിനാണ്.

കോഴിക്കോട് ജനറേഷൻ വിഭാഗത്തിൻ്റെ കീഴിലാണ് ബാരാപോൾ. അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെയും, മുഴുവൻ കരാർ ജീവനക്കാരുടെയും, കിർലോസ്കറിൻ്റെയും കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നതായും അനീഷ് അരവിന്ദ് പറഞ്ഞു. പഴശ്ശി - സാഗർ പ്രോജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും വള്ളിത്തോട് സെക്ഷനിലെയും, ഇരിട്ടി സബ് സ്റ്റേഷനിലെയും ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും, ഇതരവകുപ്പുകളുടെയും സഹകരണവും വിസ്മരിക്കാൻ കഴിയുന്നതല്ല എന്നും എ.ഇ അറിയിച്ചു.

മാനസ് മാത്യു, സനൽകുമാർ പി.ബി, അജേഷ്.പി, രജിൽ.കെ, വിവേക്.കെ, ധനീഷ് ചാക്കോ, ഷിബിൻ ചാക്കോ, അജീഷ്.കെ, സുവിൻ.കെ, ഉത്തമൻ കല്ലായി, ജോബി മോൻ ജോസഫ്, ബാബു കെ.ജെ, ആനന്ദൻ.കെ എന്നിവരാണ് പവർഹൗസിലെ കരാർജീവനക്കാർ. ബാബൂസ് ആൻ്റണിയാണ് കനാലിൻ്റെ അറ്റകുറ്റപണികൾ ചെയ്തിതിരുന്ന കരാറുകാരൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ