മഴയൊന്ന് പെയ്താല്‍ അഭയാര്‍ത്ഥികളാകുന്ന കുട്ടനാട്ടുകാര്‍ ; 'സേവ് കുട്ടനാട്' ഹാഷ്ടാഗുമായി സാമൂഹ്യമാധ്യമങ്ങള്‍

By Web TeamFirst Published Jun 3, 2021, 11:21 AM IST
Highlights

2018 ലെ മഹാപ്രളയത്തിന് ശേഷം കുട്ടനാട്ടുകാര്‍ ഓരോ മഴക്കാലവും ആശങ്കയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളില്‍ തന്നെ ജീവിതം മുന്നോട്ട് നീക്കുന്ന കുട്ടനാട്ടുകാര്‍ ഓരോ മഴയത്തും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടുന്നു. 


ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദേശങ്ങളിലൊന്നാണ് കുട്ടനാട്. കാലാവസ്ഥാ വ്യതിയാനത്തോടെ മഴയുടെ താളം തെറ്റുകയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ധങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമായ കുട്ടനാട് സ്വാഭാവികമായും വെള്ളത്തിനടിയിലാകുന്നു. പ്രദേശവാസികള്‍ അഭയാര്‍ത്ഥികളാകുന്നു. 

വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ഈ ദുരിതത്തിന് ശ്വാശ്വത പരിഹാരം വേണമെന്ന് കുട്ടനാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം അകലെയാണ്. നാടിന്‍റെ തീരാദുരിതത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ 'സേവ് കുട്ടനാട്' ഹാഷ്ടാഗുകള്‍ ഉയരുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടനാടന്‍ ജനതയുടെ പ്രതിഷേധം അധികാരികളിലെത്തിച്ച്‌ പരിഹാരം കാണുകയെന്ന ലക്ഷ്യത്തിലാണ് ഹാഷ്ടാഗ് പ്രതികരണങ്ങളുടെ ലക്ഷ്യം. 

കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്‌ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്‌. വെള്ളം കയറുന്നതോടെ ഒരാള്‍ മരിച്ചാല്‍ മൃതദേഹം സംസ്കരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുമ്പുണ്ടായ ടൌട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ആദ്യ വെള്ളപ്പൊക്കത്തില്‍ നിന്ന്‌ മുക്‌തരാവുന്നതിന്‌ മുന്‍പേ യാസ് ചുഴലിക്കാറ്റെത്തി. വീണ്ടും കരകയറി വെള്ളവുമെത്തി. ഒരാഴ്ചയ്ക്കിടെ കുട്ടനാട്ടുകാര്‍ രണ്ട് തവണ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു. 

തിരിച്ച് വെള്ളമിറങ്ങിയ കരയിലേക്ക് തിരികെയെത്തുമ്പോള്‍ വീട് നിറയെ മാലിന്യങ്ങള്‍ അടിഞ്ഞ് കിടപ്പുണ്ടാകും. അത് വൃത്തിയാക്കി കഴിയുമ്പോഴേക്കും മണ്‍സൂണ്‍ എത്തും. ഇത്തവണ മണ്‍സൂണ്‍ നേരത്തെയാണെന്ന് കലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഇതോടെ അങ്ങനെയെങ്കില്‍ കുട്ടനാട്ടുകാര്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെടും. കൊവിഡ് രോഗാണുവ്യാപനത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും കണ്ടൈന്‍മെന്‍റ് സോണുകളും മറ്റും ഉള്ളതിനാല്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ മടിക്കുന്നു. ഇനിയുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്തതരത്തില്‍ തകര്‍ന്നിരിക്കുകയാണ് പ്രദേശത്തുകാര്‍. 

ഓരോ വെള്ളപ്പൊക്കത്തിന് ശേഷവും വീട് വൃത്തിയാക്കുകയെന്നത് ഇന്ന് ചെലവേറിയ പരിപാടിയായി കഴിഞ്ഞിരിക്കുന്നു. വീടുകള്‍ വൃത്തിയാക്കുന്നതിനൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനവും വലിയൊരു പ്രതിസന്ധി നേരിടുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും തകര്‍ന്ന് തുടങ്ങുന്ന വീടിന്‍റെ അടിത്തറകളും ചുമരുകളും മറ്റൊരു ബാധ്യതയാകുന്നു. അതോടൊപ്പം വിളനാശവും യാത്ര ദുരിതവും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന്‍റെ തുടര്‍ച്ച നഷ്ടപ്പെടുന്നതും കുട്ടനാട്ടുകാരെ ഏറെ വലയ്ക്കുന്നു.

നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കത്താല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുട്ടികളും വൃദ്ധരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ്‌ ഇന്ന് അന്തിയുറങ്ങുന്നത്‌. കഴിഞ്ഞ ആഴ്ചകളില്‍ വീശിയടിച്ച ചുഴലിക്കാറ്റുകള്‍ക്കൊപ്പം കുട്ടനാട്ടിലെ നിരവധി വീടുകളാണ് ഭാഗീകമായും പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. ഈ അവസ്ഥയിൽപ്പോയാൽ കാലവർഷം ആരംഭിക്കുമ്പോൾ മഹാപ്രളയത്തിന് സമാനമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് കുട്ടനാട്ടുകാർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലൂടെ ആശങ്കകള്‍ പങ്കുവെയ്ക്കയാണ്.   

മാറി മാറി വന്ന ജനപ്രതിനിധികളോ ഗവൺമെന്‍റുകളോ കുട്ടനാടിന്‍റെ കാര്യത്തിൽ പരാജയപ്പെട്ടെന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കൊണ്ട് കുട്ടനാട്ടുകാരൻ എന്ന നിലയിൽ ഈ പ്രശ്നങ്ങൾക്ക് വേണ്ട ശ്രദ്ധ നേടിക്കൊടുക്കുവാനും അതിലൂടെ ഒരു പരിഹാരം കണ്ടെത്തുന്നതിനുമായുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
 അടുത്തൊരു വെള്ളപ്പൊക്കം പ്രതീക്ഷിച്ച് മുന്നോട്ട് പോകുന്ന ഈ അവസരത്തിലെങ്കിലും ഒരുമിച്ച് നിന്ന് പ്രതികരണമുയര്‍ത്തണമെന്നും നാടിന്‍റെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും കുട്ടനാട്ടുകാരനായ ശ്യാം കറുകപറമ്പിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഇനിയും പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായാൽ കുട്ടനാട്ടിലെ അൻപതിനായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരും. അതായത് ഏതാണ്ട് രണ്ടരലക്ഷത്തോളം ആളുകളെ ഓരോ മഴക്കാലത്തും കുട്ടനാട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കായലിന്‍റെയും തോടുകളുടെയും ആഴം കുറഞ്ഞത് വെള്ളപ്പൊക്കം രൂക്ഷമാക്കിയെന്നും ഇവിടെ അടിഞ്ഞ് കൂടിയ ചളി നീക്കം ചെയ്ത് കായലിന് ആഴം വര്‍ദ്ധിപ്പിക്കണമെന്നും ക്യാമ്പൈന്‍ ആവശ്യപ്പെടുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷം കുട്ടനാട്ടുകാർ ഓരോ കാലവർഷത്തെയും  ആശങ്കയോടെയാണ് നേരിടുന്നത്. കിഴക്കൻ വെള്ളത്തിന്‍റെ വരവും ഉയർന്ന വേലിയേറ്റവും അതോടൊപ്പം ഡാമുകള്‍ തുറന്നുവിടുന്നതും കൂടെയാകുമ്പോള്‍  കുട്ടനാട് പ്രളയഭീതിയോടെയാണ് ഓരോ മഴക്കാലവും തള്ളിനീക്കുന്നത്. 

click me!