വീട്ടിലേക്ക് ഇരച്ച് കയറുന്ന കടല്‍; കണ്ണമാലിയില്‍ നിന്ന് ഭയം വിതയ്ക്കുന്ന കാഴ്ചകള്‍

By Balu KGFirst Published Jul 7, 2022, 11:07 AM IST
Highlights

നിലവില്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശം 7000 -ത്തോളം ജിയോബാഗുകളുണ്ട്. പഞ്ചായത്ത് കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നതും. ഫണ്ടില്ലാത്തതിനാലാണ് ഇവ ഉപയോഗിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതെന്ന് അധിക‍ൃതര്‍ പറയുന്നു. അപ്പോഴും കടല്‍ കരയിലേക്ക് അടിച്ച് കയറിക്കൊണ്ടിരിക്കുന്നു. ജനം വീട് ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടാന്‍ വധിക്കപ്പെടുന്നു. 


എറണാകുളം / ചെല്ലാനം: എറണാകുളം ജില്ലയുടെ തെക്കന്‍ തീരങ്ങളില്‍ അതിശക്തമായ കടലേറ്റം. ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് രൂക്ഷമായ കടലേറ്റം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഭാഗങ്ങളില്‍ ശക്തമായ വേലിയേറ്റമാണ്. പ്രദേശത്ത് നിന്നും നൂറ് കണക്കിന് കുടുംബങ്ങള്‍ വീടൊഴിഞ്ഞ് ബന്ധു വീടുകളിലേക്ക് മാറി. ഇന്ന് പുലര്‍ച്ചെയും ഈ ഭാഗങ്ങളില്‍ കടലേറ്റം രൂക്ഷമായിരുന്നു. 

വര്‍ഷങ്ങളായി കടലേറ്റം രൂക്ഷമായ പ്രദേശമാണ് എറണാകുളം ചെല്ലാനം പ്രദേശം. ചെല്ലാനത്തിന് വടക്കുള്ള കണ്ണമാലിയിലാണ് ഇത്തവണ കടലേറ്റം രൂക്ഷമായത്. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശം ശക്തമായ കടലേറ്റ ഭീതിയിലാണെന്ന് പ്രദേശവാസിയായ റൂബന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മണാശ്ശേരി മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള പ്രദേശം ഒരുവശത്ത് കടലും മറുവശത്ത് കായലുമാണ്. അതിനാല്‍ തന്നെ കടലേറ്റം രൂക്ഷമായാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പുറത്ത് കടക്കാന്‍ പോലുമാകില്ല. വെള്ളത്തിന് ഒഴുകിപ്പോകാന്‍ മറ്റ് വഴികളുമുണ്ടാകില്ല. ഇത് വലിയ പ്രതിസന്ധി സ‍ൃഷ്ടിക്കുമെന്നും റൂബന്‍ പറഞ്ഞു. 

മൂന്ന് വര്‍ഷമായി തുടരുന്ന കടലേറ്റം 

ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് പ്രദേശത്ത് വീണ്ടും കടലേറ്റം രൂക്ഷമായത്. ഏതാണ്ട് ആറ് മണിവരെ കടലേറ്റം ശക്തമായി തുടര്‍ന്നു. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന കടലേറ്റത്തിന്‍റെ ഫലമായി ആലപ്പുഴ - അര്‍ത്തുങ്കല്‍- കൊച്ചി സംസ്ഥാന പാത 66 ല്‍ അടക്കം വെള്ളം കയറി. ശ്രീരാമകൃഷ്ണ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് വശത്താണ് രൂക്ഷമായ കടലേറ്റം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശത്ത് കടലേറ്റം രൂക്ഷമായിട്ടും ഇതുവരെയായും ഒരു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. നിലവില്‍ കണ്ടക്കടവ് വരെയാണ് കല്ലിട്ടിട്ടുള്ളത്. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണമാലിക്കും കടല്‍ഭിത്തി നിര്‍മ്മിക്കാമെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാല്‍ പദ്ധതി നടപ്പിലായി വരുമ്പോഴേക്കും പ്രദേശത്തെ വീടുകള്‍ കടലെടുക്കുമെന്നും കുടുംബങ്ങളൊക്കെ വീടൊഴിയേണ്ടിവരുമെന്നും റൂബന്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തെ കടലേറ്റത്തില്‍ പ്രദേശത്തെ മൂന്നോളം വീടുകള്‍ ഇതിനകം തകര്‍ന്നു.  കൃഷ്ണന്‍, ഫ്രാന്‍സിസ് എന്നിവരടക്കം മൂന്നോളം പേരുടെ വീടുകളാണ് ഇതിനകം കടലേറ്റത്തില്‍ തകര്‍ന്നത്. തീരവുമായി അടുത്തുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്. കടലേറ്റം വരും ദിവസങ്ങളിലും രൂക്ഷമായാല്‍ കൂടുതല്‍ വീടുകള്‍ വാസയോഗ്യമല്ലാതാകുമെന്നും റൂബന്‍ പറയുന്നു. 

കടലേറ്റം തടയുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ ആറ്, ഏഴ് വാര്‍ഡുകളില്‍ നടന്നിരുന്നെങ്കിലും എട്ടാം വാര്‍ഡില്‍ ഇത്തരത്തിലുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പ്രദേശത്തെ എംഎല്‍എ കെ ജെ മാക്സി സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍, എട്ടാം വാര്‍ഡ് മെമ്പറും നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ എല്‍ ജോസഫ്, 20 ട്വന്‍റി പിന്തുണയോടെ വിജയിച്ച സ്വതന്ത്രസ്വാനാര്‍ത്ഥിയാണ്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം കാരണം എട്ടാം വാര്‍ഡില്‍ ഒരു തരത്തിലുമുള്ള കടലേറ്റ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

ഫണ്ടില്ലാത്തതിനാല്‍ പ്രതിരോധം പാളുന്നു 

ചെല്ലനം പഞ്ചായത്തിലെ കണ്ണമാലി പ്രദേശത്തെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തുടങ്ങിയ ആറ് വാര്‍ഡുകളിലാണ് കടലേറ്റം രൂക്ഷമായിട്ടുള്ളതെന്നും അതില്‍ തന്നെ എട്ടാം വാര്‍ഡിലാണ് രൂക്ഷമായ കടലേറ്റമെന്നും എട്ടാം വാര്‍ഡ് മെമ്പറും ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റുമായ കെ എല്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പ്രദേശങ്ങളില്‍ കടല്‍ഭിത്തിയിലാത്തതാണ് കടലേറ്റം രൂക്ഷമാക്കാന്‍ കാരണം. തീരപ്രദേശത്ത് ജിയോബാഗ് സ്ഥാപിക്കുന്നതിനായി കലക്ടര്‍ക്കും എംഎല്‍എയ്ക്കും ഇറിഗേഷന്‍ വകുപ്പിനും കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു. 

ഫണ്ടിന്‍റെ അപര്യാപ്തതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെ തടസമെന്നാണ് പഞ്ചായത്തിന് ലഭിച്ച മറുപടി. നിലവില്‍ ഇപ്പോഴും ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശം 7000 -ത്തോളം ജിയോബാഗുകളുണ്ട്. പഞ്ചായത്ത് കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെങ്കിലും ഇതുവരെയായും ഇത് പഞ്ചായത്തിന് കൈമാറിയിട്ടില്ല. ഇതില്‍ മണല്‍ നിറയിക്കുന്നതും മറ്റും ഇറിഗേഷന്‍ വകുപ്പിന്‍റെ ചുമതലയാണ്. അവര്‍ക്കാണ് അതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉള്ളതും. എന്നാല്‍, ഫണ്ടില്ലെന്ന കാരണത്താല്‍ ഈ ബാഗുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും മെമ്പര്‍ കെ എല്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ക്യാമ്പുകള്‍ ഒഴിവാക്കി ബന്ധു വീടുകളിലേക്ക് 

പത്ത് പതിനഞ്ചോളം വീടികളില്‍ നിന്ന് ഓരാഴ്ചയായി ആളുകള്‍ ഫോര്‍ട്ട്കൊച്ചി അടക്കമുള്ള ബന്ധു വീടുകളിലേക്ക് മാറി താമസിക്കുകയാണ്. നിലവില്‍ മഴയുമായി ബന്ധപ്പെട്ട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പഞ്ചായത്ത് ഒരുക്കിയിരുന്നെന്നും കെ എല്‍ ജോസഫ്  പറഞ്ഞു. കണ്ടക്കടവ് സെന്‍റ് സേവിഴ്സ് സ്കൂളും കളത്രച്ചിറയിലെ സ്കൂളുമാണ് ദുരിതാശ്വാസ ക്യാമ്പായി മാറ്റിയിരുന്നത്. എന്നാല്‍, ആളുകള്‍ കൊവിഡ് രോഗഭീതി മൂലം ക്യാമ്പുകളിലേക്ക് എത്തുന്നില്ല. പകരം പ്രദേശത്ത് നിന്നും വീടൊഴിയുന്ന ആളുകള്‍ ബന്ധുവീടുകളിലേക്കാണ് പോകുന്നത്. ക്യാമ്പിലെത്തുന്നവരുടെ എണ്ണം കുറവായതിനാല്‍ നിലവില്‍ കണ്ണമാലി സെന്‍റാന്‍റണീസ് ചര്‍ച്ചിന്‍റെ എല്‍പി സ്കൂളിലേക്ക് ദുരിതാശ്വാസ ക്യാമ്പ് മാറ്റി. രണ്ട് കുടുംബങ്ങളില്‍ നിന്ന് മൂന്ന് പേരും കഴിഞ്ഞ ദിവസം അഞ്ച് പേരുമടക്കം പത്തോളം പേര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. ക്യാമ്പിലേക്ക് ആളുകള്‍ എത്തുന്നില്ലെങ്കിലും പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നതടക്കമുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോവുകയാണ്. അതോടൊപ്പം താലൂക്ക് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കെ എല്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.   

click me!