വയനാട്ടിലും പൂത്തുലഞ്ഞു സൂര്യകാന്തി ശോഭ; യുവകര്‍ഷകരുടെ വിജയം

By Web TeamFirst Published Apr 2, 2019, 4:57 PM IST
Highlights

സുല്‍ത്താന്‍ ബത്തേരിക്കടുത്ത മാതംമംഗലം വയലിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയൊരുക്കിയിരിക്കുന്നത്. മാതാമംഗലം പുത്തന്‍വീട് ഹരിദാസ്, വെണ്ടാമരത്ത് അനില്‍ എന്നീ യുവകര്‍ഷകരാണ് തങ്ങളുടെ പൂകൃഷി പരീക്ഷണത്തില്‍ നൂറുമേനി വിജയം കൊയ്തത്

കല്‍പ്പറ്റ: ഗുണ്ടല്‍പ്പേട്ടിലെ പൂപാടങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ വയനാട്ടിലും പൂകൃഷിയാകാമെന്ന് തെളിയിച്ചിരിക്കുകയാണ് യുവകര്‍ഷകര്‍. സുല്‍ത്താന്‍ ബത്തേരിക്കടുത്ത മാതംമംഗലം വയലിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയൊരുക്കിയിരിക്കുന്നത്.

മാതാമംഗലം പുത്തന്‍വീട് ഹരിദാസ്, വെണ്ടാമരത്ത് അനില്‍ എന്നീ യുവകര്‍ഷകരാണ് തങ്ങളുടെ പൂകൃഷി പരീക്ഷണത്തില്‍ നൂറുമേനി വിജയം കൊയ്തത്. കഴിഞ്ഞ ജനുവരിയിലാണ് കൃഷി തുടങ്ങിയത്. മാര്‍ച്ച് അവസാനത്തോടെ രണ്ടേക്കറിലെ ചെടികളെല്ലാം വലിയ പൂക്കളുമായി കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്.

ഈ മാസം അവസാനത്തോടെ വിളവെടുക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന അനിലിനും ഹരിദാസിനും നാട്ടില്‍ നെല്‍കൃഷിക്ക് ശേഷം പാടങ്ങള്‍ തരിശ് ഇടാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്ത് ചെയ്യാമെന്ന ആലോചനയില്‍ നിന്നാണ് സൂര്യകാന്തി കൃഷിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

പിന്നെ താമസിച്ചില്ല, കര്‍ണാടകയിലെ തന്നെ ശിക്കാരിപുരത്ത് നിന്ന് മികച്ചയിനം വിത്തുകളെത്തിച്ചു. വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും വിത്ത് വിതച്ചു. സമീപം നിര്‍മിച്ച കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം കൊണ്ട് നനച്ച് തുടങ്ങി. വിത്തുകള്‍ മുളപൊട്ടിയതോടെ കൂടുതല്‍ ആവേശമായി.

മിക്ക ദിവസങ്ങളിലും രാവിലെയും വൈകീട്ടും വീട്ടുകാര്‍ ആരെങ്കിലും പാടത്തെത്തി ചെടികളെ പരിചരിക്കും. മാര്‍ച്ച് പകുതിയായതോടെ ചെടികള്‍ ഭൂരിഭാഗവും പൂവിട്ട് തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കര്‍ണാടകയിലെ തോട്ടങ്ങളെ പോലെ ചന്തമേറുന്നതായി മാതമംഗലം പാടത്തെ സൂര്യകാന്തി തോട്ടവും. വിത്തിനും നിലം ഉഴുന്നതിനും മാത്രമാണ് പണച്ചിലവ് വന്നത്.

വളമായി ഒന്നും തന്നെ നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു കൃഷിക്കായി നിര്‍മിച്ചതാണ് കുഴല്‍ക്കിണര്‍. ഇങ്ങനെ നോക്കൂമ്പോള്‍ അയ്യായിരം രൂപ പോലും രണ്ടേക്കറിലെ പൂക്കൃഷിക്ക് ചിലവ് വന്നിട്ടില്ലത്രേ. പൂക്കള്‍ കൊഴിഞ്ഞ് വിത്തുകള്‍ പാകമാകുന്നതോടെ കര്‍ണാടകയില്‍ കൊണ്ടുപോയി ആട്ടി എണ്ണയെടുക്കും. നിലവില്‍ വയനാട്ടില്‍ സൂര്യകാന്തി വിത്തുകള്‍ ആട്ടാനുള്ള സംവിധാനം ഇല്ല.

വരും വര്‍ഷങ്ങളിലും കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുമെന്ന് അനിലും ഹരിദാസും പറഞ്ഞു. ഇപ്പോള്‍ സൂര്യകാന്തിപാടം കാണാന്‍ ദൂരെ ദിക്കുകകളില്‍ നിന്ന് പോലും കുടുംബസമേതം ആളുകള്‍ എത്തുന്നുണ്ട്. ഗുണ്ടല്‍പേട്ടയിലെ പൂപാടങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഉടമകള്‍ പണം വാങ്ങാറുണ്ട്. എന്നാല്‍, തങ്ങളുടെ തോട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും വന്ന് ഫോട്ടോ എടുക്കാം. ചെടികളെ നശിപ്പിക്കരുതെന്ന് മാത്രമേ അഭ്യര്‍ഥനയുള്ളുവെന്ന് ഇവര്‍ പറയുന്നു.

click me!