Latest Videos

പൊലീസാണെന്ന് പറഞ്ഞ് അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

By Web TeamFirst Published Jul 19, 2020, 10:31 PM IST
Highlights

ബീവറേജ് ഔട്ട് ലെറ്റ് കുത്തി തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ച കേസിലേയും മറ്റ്നിരവധി പിടിച്ചുപറി, മോഷണ കേസുകളിലേയും പ്രതിയാണ് ജാബിർ. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോഴിക്കടയിൽ നിന്നും പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് ഫൈസൽ.

കോഴിക്കോട്: പൊലീസ് ആണെന്ന വ്യാജേന ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ നവീകരണ ജോലിക്ക് വന്ന അതിഥി തൊഴിലാളിയിൽ നിന്നും പണം തട്ടിയെടുത്ത രണ്ട്പേർ പിടിയിൽ. അത്തോളി സ്വദേശികളായ പുനത്തിൽത്താഴം ജാബിർ എന്ന ജാഫർ.പി.ടി (47), തൊണ്ടിപുറത്ത് ഫൈസൽ കെ.കെ.വി, ( 41) എന്നിവരാണ് അറസ്റ്റിലായത്. 

ഈ മാസം ആറിന് രാത്രി ഏകദേശം 8:25 മണിയോടെ ജില്ലാ പൊലീസ് കാര്യാലയത്തിൽ ഇന്റീരിയർ ജോലിക്ക് വന്ന അഖിലേഷ് യാദവ് എന്ന ഉത്തർപ്രദേശ് സ്വദേശി ഭക്ഷണം വാങ്ങി പാവമണി റോഡിലെ പൊലീസ് ക്ലബ്ബിന് എതിർവശം എത്തിയപ്പോൾ, വെളുത്ത ആക്ടിവ സ്കൂട്ടറിൽ വന്ന രണ്ട് പേർ പരാതിക്കാരനെ തടഞ്ഞ് വെച്ചു. പിന്നാലെ പൊലീസ് ആണെന്ന് പറഞ്ഞ് ഐഡന്റികാർഡ് കൈവശം ഉണ്ടോ എന്ന് ചോദിച്ചു. ശേഷം പോക്കറ്റിലെ പഴ്സിൽ പൊന്തി നിൽക്കുന്നത് കഞ്ചാവാണോന്ന് ചോദിച്ച് കൊണ്ട് പരാതിക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന പഴ്സ്പിടിച്ച് വാങ്ങി. പരിശോധിച്ച ശേഷം അതിൽ നിന്നും 11000 രൂപയെടുത്തു. പിന്നീട് പാരാതിക്കാരനെ തള്ളി മാറ്റി പഴ്സ് വലിച്ചെറിഞ്ഞ് വാഹനം ഓടിച്ചു പോവുകയും ചെയ്തു. 

ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം കുറ്റകൃത്യം അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ എസ്. സുജിത്ത് ദാസിൻ്റ നിർദ്ദേശത്തിൽ എ.സി.പി എ.ജെ ബാബുവിൻ്റെ  മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെകടർ പ്രജീഷ്. എൻ, കസബ എസ്.ഐ സിജിത്ത്. വി, എ.എസ്.ഐ മാരായ സന്തോഷ് കുമാർ, മനോജ് സീനിയർ സി.പി.ഒ രമേഷ്ബാബു എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണ ടീമിനെ രൂപികരിച്ച് അന്വേഷണം നടത്തി.

സമീപത്തുളള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെളള അക്ടിവ സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാവുകയും ശേഷം ഇവർ അത്തോളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നുണ്ടെന്നുളള രഹസ്യ വിവരവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സിജിത്തും പാർട്ടിയും സ്ഥലത്തെത്തി. ഇന്ന് ഉച്ചയ്ക്ക്12.30യോടെ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബീവറേജ് ഔട്ട് ലെറ്റ് കുത്തി തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ച കേസിലേയും മറ്റ്നിരവധി പിടിച്ചുപറി, മോഷണ കേസുകളിലേയും പ്രതിയാണ് ജാബിർ. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോഴിക്കടയിൽ നിന്നും പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് ഫൈസൽ.

click me!