തോക്കിൻ മുനയിലെ 16 ദിവസങ്ങൾ; മോചിതരായിട്ടും വിറയല്‍ മാറാതെ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍

Nikhil Pradeep   | Asianet News
Published : Mar 24, 2022, 09:20 AM IST
തോക്കിൻ മുനയിലെ 16 ദിവസങ്ങൾ; മോചിതരായിട്ടും വിറയല്‍ മാറാതെ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍

Synopsis

20 വർഷത്തെ മത്സ്യബന്ധന ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദൂരം കടൽ പണിക്ക് പോകുന്നതെന്നും ഇത്തരം ഒരു ദുരനുഭവം നേരിട്ടത്തെന്നും ജോണി പറയുന്നു.

തിരുവനന്തപുരം: തോക്കിൻ മുനയിലെ 16 ദിവസങ്ങൾ. മത്സ്യബന്ധനത്തിന് പോയി സമുദ്രാതിർത്തി ലംഘിച്ചതിന് കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീ ഷെൽസിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളിൽ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. ഇവരുടെയും മോചനത്തിന് ഇടപെട്ട എല്ലാവർക്കും നന്ദി പറഞ്ഞ് കുടുംബാംഗങ്ങൾ. സീ ഷെൽസിൽ തങ്ങൾക്ക് ഏറെ സഹായകമായത് ലോക മലയാളി ഫെഡറേഷന്‍റെ പ്രവർത്തകരാണെന്ന് ഇവർ പറയുന്നു.

20 വർഷത്തെ മത്സ്യബന്ധന ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദൂരം കടൽ പണിക്ക് പോകുന്നതെന്നും ഇത്തരം ഒരു ദുരനുഭവം നേരിട്ടത്തെന്നും ജോണി പറയുന്നു. പിടിച്ച സമയത്ത് ഒരിക്കലും താൻ കരുതിയില്ല ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന്. രണ്ടു ദിവസം കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. ശേഷം വീണ്ടും ബോട്ടിൽ എത്തിച്ചു തടവിൽ പാർപ്പിച്ചു. 

നല്ലരീതിയിൽ ആണ് അവർ പെരുമാറിയതെന്ന് ജോണി പറയുന്നു. 18 ലക്ഷം രൂപയോളം കടം ഉള്ളതിനാലാണ് തോമസ് ഉൾക്കടൽ മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കടങ്ങൾ കുറവ് കുറച്ചായി തീർക്കാൻ ആണ് ശ്രമം. കടൽ പണികൾ കഴിഞ്ഞു വിശ്രമിച്ച തങ്ങൾ രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് തോക്കുമായി തങ്ങളെ വളഞ്ഞ സീ ഷെൽസ് പൊലീസ് ബോട്ടുകളാണെന്ന് തോമസ് പറയുന്നു. പൊടുന്നനെ തോക്കുകൾ ഏന്തിയ പൊലീസുകാർ മത്സ്യബന്ധന ബോട്ടുകളിലേക്ക് ചാടി കയറി എല്ലാവരെയും തോക്കിൻ മുനയിലാക്കിയെന്ന് തോമസ് ഞെട്ടലോടെ പറയുന്നു. 

ഇതോടെ തങ്ങളുടെ ജീവിതം തന്നെ അവസാനിച്ചു എന്നും കുടുംബത്തെ ആര് സംരക്ഷിക്കും എന്ന ഭയം ആയിരുന്നു മനസ്സിൽ വന്നത്. ബോട്ട് മുഴുവൻ അരിച്ചുപെറുക്കി തങ്ങൾ മത്സ്യബന്ധനത്തിന് എത്തിയതെന്ന് താണെന്ന് ബോധ്യമായ ശേഷമാണ് ഇരിക്കാൻ പോലും പൊലീസ് സമ്മതിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് ഇവരെ കരയിൽ കൊണ്ട് പോകുന്നത്. കരയിൽ എത്തിയ ഉടനെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ച് വെച്ചു. 

ഇതോടെ വീട്ടുകാരുമായി ബന്ധപെടാൻ വേറെ വഴിയില്ലാതെ ആയി. പക്ഷേ നല്ലരീതിയിൽ ആണ് സീ ഷെൽസ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഇരുവരും പറയുന്നു. ശാരീരിക ഉപദ്രവങ്ങൾ ഒന്നും ഉണ്ടായില്ല. കൃത്യമായി മൂന്ന് നേരവും ഭക്ഷണം എത്തിച്ചു. ശ്രീലങ്കയിൽ നിന്ന് എത്തിയ നിരവധി മത്സ്യത്തൊഴിലാളികൾ രണ്ട് വർഷത്തിലേറെയായി സീ ഷെൽസിലെ ജയിലിൽ കഴിയുന്നുണ്ടെന്നും ഇത് കണ്ടതോടെ തങ്ങളുടെയും അവസ്ഥ ഇത് തന്നെ ആകുമെന്ന് ഭയന്നിരുന്നതായും തോമസ് പറയുന്നു. 

മൂന്ന് പെൺമക്കൾ അടങ്ങുന്ന തന്‍റെ കുടുംബം ഏക ആശ്രയമാണ് താൻ. ജീവിതം അവസാനിച്ചു എന്നാണ് കരുതിയത്. വീട്ടുകാരുമായി ബന്ധപെടാൻ കഴിയാതെ ഇരുന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കി. എന്നൽ സംഭവം അറിഞ്ഞെത്തിയ സീ ഷെൽസ് ലോക മലയാളി ഫെഡറേഷന്‍റെ പ്രവർത്തകരുടെ ഇടപെടലിൽ അവരുടെ ഫോണുകളിൽ നിന്ന് തന്നെ വീട്ടിലേക്ക് വിളിക്കുവാനും മക്കളെ കാണാനും സംസാരിക്കാനും ഒക്കെ അവസരം ഉണ്ടായി എന്ന് ഇരുവരും പറയുന്നു. 

പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇരുവരും മറ്റൊരു രാജ്യത്തെ പൊലീസിന്‍റെ പിടിയിലായ വാർത്ത കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടലിൽ ആയിരുന്നു തങ്ങളെന്ന് തോമസിൻ്റെ ഭാര്യ റീനയും ജോണിയുടെ ഭാര്യ ജൻസിയും പറഞ്ഞു പറയുന്നു. വാർഡ് കൗൺസിലർ തങ്ങൾക്ക് ഒപ്പം സഹോദരനെ പോലെ ഉണ്ടായിരുന്നു എന്ന് കുടുംബങ്ങൾ പറയുന്നു. 

ലോക മലയാളി ഫെഡറേഷൻ പ്രവർത്തകർ കൃത്യമായി വിവരങ്ങൾ തങ്ങളെ വിളിച്ച് അറിയിക്കുനുണ്ടയിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇരുവരുടെയും മോചനത്തിന് കാലതാമസം ഇല്ലാതെ സഹായം ലഭിച്ചുവെന്നും ഇവർക്കും തങ്ങൾക്കൊപ്പം നിന്ന മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. ജോണിയും തോമസും മത്സ്യബന്ധനത്തിന് പോയ ബോട്ടിന്‍റെ ഉടമയും ക്യാപ്റ്റനും കൂടിയായ കുപ്ളിൻ ഉൾപ്പടെ അഞ്ചുപേർ ഇപ്പോഴും സീ ഷെൽസ് പൊലീസ് കസ്റ്റഡിയിൽ ആണ്. 

ഇവരുടെ അറിവോടെയാണ് ബോട്ട് അതിർത്തി ലംഘിച്ചത് എന്ന പേരിലാണ് അഞ്ച് ബോട്ടുകളിലെയും ക്യാപ്റ്റന്മാരെ പിടിച്ച് വെച്ചിരിക്കുന്നത് എന്ന് ഇരുവരും പറയുന്നു. ഇക്കഴിഞ്ഞ ആറിനാണ് സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ട്രോളറുകളിലായി കൊച്ചിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീ ഷെൽസിൽ പിടിയിലാകുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കി, ടിക്കറ്റ് തുക റീഫണ്ട് നൽകിയില്ല; എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി
മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് 2.5 വർഷം തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ