സുഹൈല്‍ വധശ്രമം: കെപിസിസി നേതാവിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published May 18, 2020, 4:22 PM IST
Highlights

സംഭവത്തില്‍ പൊലീസിനും സിപിഎമ്മിനുമെതിരേ കോണ്‍ഗ്രസ് സമരപരമ്പരകള്‍ നടക്കുന്നതിനിടെയാണ് മുഹമ്മദ് ഇക്ബാലിന്റെ വെളിപ്പെടുത്തല്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കറ്റാനം മങ്ങാരത്ത് സുഹൈല്‍ഹസ്സനെ രാത്രിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെപിസിസി നേതാവിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്. യൂത്ത് കോണ്‍ഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാലാണ് ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രേഖാമൂലം പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസിനും സിപിഎമ്മിനുമെതിരേ കോണ്‍ഗ്രസ് സമരപരമ്പരകള്‍ നടക്കുന്നതിനിടെയാണ് മുഹമ്മദ് ഇക്ബാലിന്റെ വെളിപ്പെടുത്തല്‍. 

ഏപ്രില്‍ 21 ന് കറ്റാനം മങ്ങാരത്തുവെച്ച് ഇക്ബാല്‍ ഓടിച്ച ബൈക്ക് തടഞ്ഞാണ് പിന്നിലിരുന്ന സുഹൈലിനെ വെട്ടിയത്. പ്രതികള്‍ ഇക്ബാലിനു നേരെ തിരിഞ്ഞപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം കിട്ടിയതടക്കമുള്ള വിഷയങ്ങളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സിപിഎമ്മിനും പൊലീസിനും മേല്‍ പഴിചാരുകയായിരുന്നു. പൊലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ വെള്ളിയാഴ്ച  സമരപരമ്പരയും നടത്തി. അതിനിടയിലാണ് സ്വന്തം പാര്‍ട്ടി നേതാവിനുനേരെ വിരല്‍ചൂണ്ടി, പ്രതികളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട യുവനേതാവ് രംഗത്ത് വന്നിരിക്കുന്നത്. 

തനിക്കും സുഹൈലിനും നേരെ ഉണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നതിനും കേസ് അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്നതിനും തെളിവ് എന്ന നിലയ്ക്ക് മുല്ലപ്പള്ളിക്കുള്ള കത്തില്‍ ചില സംഭവങ്ങളും മുഹമ്മദ് ഇക്ബാല്‍ ചൂണ്ടിക്കാട്ടുന്നു. ഐവൈസി. കറ്റാനം എന്ന എഫ്.ബി. പേജിലൂടെ, സിപിഎം ഭരിക്കുന്ന ഭരണിക്കാവ് പഞ്ചായത്തിന്‍റെ അഴിമതിക്കെതിരേ താന്‍ ഇട്ട പോസ്റ്റുകള്‍ കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശ പ്രകാരം പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്നീട്, ഇതേ പരാതികള്‍ മറ്റൊരു വ്യാജ എഫ്.ബി. പേജിലൂടെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വള്ളികുന്നം എസ്.ഐ.തന്നെ സ്റ്റേഷനില്‍ വിളിപ്പിച്ചു. വ്യാജ അക്കൗണ്ടിലൂടെ പഞ്ചായത്തിനെതിരേ പോസ്റ്റിട്ടത് താനാണെന്ന് പ്രദേശത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു.

ഇതിന്റെ പിന്നാലെ വ്യാജനെ കണ്ടെത്തിയെന്നും നിയമം നടപ്പാക്കുമെന്നും ഡി.വൈ.എഫ്.ഐ. പേജില്‍ കുറിപ്പ് വരികയും അതിന്റെ പത്താം ദിവസം താനും സുഹൈലും ആക്രമിക്കപ്പെടുകയുമായിരുന്നവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനയച്ച കത്തില്‍ ഇക്ബാല്‍ പറയുന്നു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് നടക്കുന്നതിനിടെ മറ്റ് മൂന്നുപേര്‍ക്ക് മുന്‍കൂര്‍ജാമ്യം കിട്ടിയതിലും അട്ടിമറികളുണ്ടായതായി ഇദ്ദേഹം പറയുന്നു. പ്രതികളുടെ ജാമ്യത്തെ എതിര്‍ക്കാന്‍ ഈ നേതാവ് ചുമതലപ്പെടുത്തിയ വക്കീല്‍ കേസ് വിളിച്ചപ്പോള്‍ ഹൈക്കോടതിയില്‍ ഹാജരായില്ല. ഈ കേസിലെ ആറാംപ്രതിക്കുവേണ്ടി മറ്റൊരു കേസില്‍ വാദിഭാഗം വക്കീലായിരുന്നയാളെയാണ് തങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ചുമതലപ്പെടുത്തിയതെന്ന് അറിയുന്നത് പിന്നീടാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാതെ തങ്ങള്‍ ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ലെന്നും കത്തിലുണ്ട്.

click me!