ഒരുവള്‍ ധന്യയാകുന്നത് അമ്മയാകുമ്പോള്‍ മാത്രമാണ്!

By അജീഷ് മാത്യുFirst Published Sep 26, 2017, 7:27 PM IST
Highlights

 അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

ലോകത്തിലെ ഏറ്റവും വലിയ സമ്മാനം എനിക്കു തന്നവള്‍ക്കു എന്താണു ഞാന്‍  എന്താണ് പ്രതിസമ്മാനം നല്‍കുക? അവളുടെ വ്യാക്കൂണുകള്‍ക്കു കൂട്ടിരിക്കുക, ഒരുറുമ്പു പോലുമവളെ കടിക്കാതെ,ഒരു കൊതുകുപോലുമവളെ  നോവിക്കാതെ നോക്കുക. ഭൂമിയില്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും സ്വന്തമെന്നവകാശപ്പെടാന്‍ ഒരാള്‍ വരുന്നു. എവറസ്റ്റ് കൊടുമുടി നടന്നു കയറിയ സന്തോഷമായിരുന്നു ഞങ്ങളിരുവര്‍ക്കും. രണ്ടു ചുവന്ന വരയില്‍ ഞങ്ങളതുറപ്പിച്ച നാളു  മുതല്‍ അവള്‍ക്കു ഗര്‍ഭാലസ്യം ആരംഭിച്ചിരുന്നു. ബിരിയാണിയും മസാല ദോശയും പച്ച മാങ്ങയും എന്നു  വേണ്ട മുന്‍പു  വായിച്ചറിഞ്ഞതും കണ്ടും കേട്ടും അറിഞ്ഞതുമായ സകലതിനുമവള്‍ കൊതിക്കുന്നുണ്ടാവണം. ഇപ്പോള്‍ കൊതിക്കുന്നതു അവളാവില്ല, ഉള്ളില്‍ ഊറിക്കൂടിയ  എന്റെ ജീവനാവണം. ഒന്നിനും ഒരു കുറവുണ്ടായിക്കൂടാ ആവശ്യപ്പെടും മുന്‍പ് ആഗ്രഹങ്ങള്‍ സാധിക്കുന്നവനാകണം ഉത്തമഭര്‍ത്താവ് .
 
മനം പിരട്ടലും ഓക്കാനവും ഗര്‍ഭകാല അസ്‌കിതകളാണ്. മുമ്പു  പെങ്ങളെ പ്രസവത്തിനു വന്നപ്പോള്‍ അതൊക്കെ കണ്ടിട്ടുമുണ്ട് എന്നാല്‍ ഇത്രത്തോളം വ്യഥകളുടെ കാലമാണ് ഗര്‍ഭകാലം എന്നറിയുന്നത് ശ്രീമതി വയറ്റില്‍ വഹിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്. ഒരു ചെറിയ മണം പോലും മനം പിരട്ടലുകളും ഛര്‍ദിയും ഉണ്ടാക്കുന്ന ആദ്യ മാസങ്ങള്‍ കടന്നതും ഉള്ളില്‍ കിടന്നൊരാള്‍ കുറുമ്പു കാട്ടി തുടങ്ങി. ഹൃദയത്തില്‍ ചെവി ചേര്‍ത്തവള്‍ ഉറങ്ങുമ്പോള്‍ ഉള്ളിലിരുന്നൊരാള്‍ കലപില ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കും. ഉറക്കമില്ലാത്ത രാവുകളില്‍ കൂട്ടിരുന്നപ്പോള്‍ ദൈവം സ്ത്രീകളോടു കാണിക്കുന്നതൊക്കെയും അനീതിയാണെന്നിക്കു തോന്നി . വേദനകളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ദൈവം ശ്രീമതിയുടെ ഉള്ളില്‍ കിടന്നു തുള്ളുന്ന കുഞ്ഞിനെക്കാളും വികൃതിയാണ് എന്നെനിക്കു തോന്നി. അല്ലെങ്കില്‍ ഓരോ പ്രസവവും മാറി മാറി സ്ത്രീയും പുരുഷനും  ഗര്‍ഭം ധരിക്കാത്തത് എന്തു  കൊണ്ടായിരിക്കണം. സകല സമഭാവനയിലും സൃഷ്ടി കര്‍മ്മം പൂര്‍ത്തിയാക്കിയവന്‍ ഈ വേദനകളെല്ലാം  ഒരാള്‍ക്കു മാത്രമായി എന്തിനു നല്‍കി .
 
വലംകൈയ്യില്‍ ഇടംകൈ ചേര്‍ത്തു  നടക്കുമ്പോള്‍ അവള്‍ എന്നെ വിലക്കി. ദൈവദോഷം പറയരുത . ഭൂമി ഉണ്ടായ കാലം മുതല്‍ എല്ലാ പെണ്ണുങ്ങളും  ഇങ്ങനെ തന്നെയാണ് പ്രസവിക്കുന്നത്. ഇച്ചായനെ  പ്രസവിക്കാന്‍ അമ്മച്ചിയും ഇത്രത്തോളമോ ഇതിനേക്കാളേറെയോ വ്യഥകള്‍ അനുഭവിച്ചിരുന്നിരിക്കണം. 'അമ്മ സത്യമാണ് , ഇത്രയും വ്യാകുലപര്‍വ്വം കടന്നു ജീവന്‍ നല്‍കുന്നതു കൊണ്ടാവണം സകല ലോകത്തിലും അവളെ  വാഴ്ത്തപ്പെട്ടവള്‍ എന്നു വിളിക്കുന്നത്'

ഇതിനു തക്ക സ്‌നേഹം അമ്മയ്ക്കു തിരികെ നല്‍കാന്‍ എനിക്കായിട്ടുണ്ടാവുമോ. ഇനിയെങ്കിലും എനിക്കു മാറിയേ പറ്റൂ കാരണം അവളില്‍ നിന്നും പകുത്ത പാതിയായിരുന്നു ഞാന്‍.

നോവാരംഭിച്ചിരിക്കുന്നു, സകല നാഡീ ഞരമ്പുകളും പിടയുന്ന വേദനയില്‍ അവള്‍ കരയുകയാണ്

ഈറ്റൂ നോവാരംഭിച്ചിരിക്കുന്നു, സകല നാഡീ ഞരമ്പുകളും പിടയുന്ന വേദനയില്‍ അവള്‍ കരയുകയാണ്. സിസേറിയന്‍ ആയാലോ?  എന്റെ ഉത്കണ്ഠകളെ ഡോക്ടര്‍ ഭാവ വ്യത്യാസമില്ലാതെ ചിരിച്ചു തള്ളി. വേദനയുടെ വക്ത്രത്തില്‍ പിടയുന്ന അവളുടെയടുത്ത് ഒരു പാടിരിക്കാന്‍ എനിക്കാവുന്നില്ല. നല്ല പാതി മുറിഞ്ഞൊരാളും കൂടിചേര്‍ന്നു ഞങ്ങളൊരു കുടുംബമാകാന്‍ പോകുകയാണ. വേദന ഉച്ചസ്ഥായീയില്‍ ആയിരിക്കുന്ന, പ്രസവമുറിയുടെ ഉള്ളില്‍ എനിക്കായി  നീക്കിവെയ്ക്കപ്പെട്ട കസേരയില്‍ എനിക്കിരിക്കാന്‍ കഴിയുന്നില്ല. പച്ച പുതച്ച മാലാഖമാരുടെ സംഘം എന്റെ വെപ്രാളം കണ്ടു കണ്ണിറുക്കി ചിരിക്കുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് എന്റെ കുഞ്ഞിനെ പ്രസവിക്കുന്ന സമയത്തു എന്റെ പ്രിയപ്പെട്ടവളുടെ അരികില്‍ ഉണ്ടാവുക എന്നത് .
 
രക്തം, തല  ചെകിടിപ്പിക്കുന്ന ഉളുമ്പു മണമുള്ള രക്തം, എന്റെ ബോധമണ്ഡലത്തില്‍ ടൊര്‍ണാഡോ പോലെ വീശിയടിക്കുന്നു. ഒന്നും കണ്ടിരിക്കാന്‍ കരുത്തില്ലാത്തവനെപ്പോലെ ഞാന്‍ ആ കസേരയില്‍ ഇരുന്നു കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു കൊച്ചു കരച്ചില്‍ അതാണെന്നെ  ഉണര്‍ത്തിയത്. ഞാന്‍ പ്രിയപ്പെട്ടവളുടെ മുഖത്തേയ്ക്കു നോക്കി  വലിയ വേദനകളുടെ ഭാരം ഒഴിഞ്ഞൊരു പഞ്ഞികെട്ടുപോലെ അവള്‍ നിശ്വസിക്കുന്നതെനിക്കു കാണാം.
 
പെണ്‍ കുട്ടിയാണ്! വെള്ള തുണിയില്‍ പൊതിഞ്ഞ മാലാഖ കുട്ടിയെ അവര്‍ എനിക്കു നേരെ നീട്ടി, ഞാന്‍ പ്രിയപ്പെട്ടവളെ നോക്കി, അവള്‍ എന്നെ നോക്കി കണ്ണടച്ചു ചിരിച്ചു. എല്ലാ സ്ത്രീകളും ഇങ്ങനെയാണ് അമ്മയാകുന്നത്! 

പഞ്ഞിക്കെട്ടില്‍  പൊതിഞ്ഞ കുഞ്ഞു മാലഖയുമായി പ്രസവ മുറിക്കു പുറത്തേയ്ക്കു ഇറങ്ങുമ്പോള്‍ പുറത്തെ കസേരയില്‍ ഇരുന്നു മയങ്ങി പോയ അമ്മച്ചി  ചാടിയെഴുന്നേറ്റു. സുന്ദരി മാലാഖയെ 'അമ്മ ഏറ്റു വാങ്ങുമ്പോള്‍ ഞാന്‍ അമ്മയുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു.
 
നന്മ നിറഞ്ഞവളെ അമ്മേ! നീ ധന്യയാകുന്നത് അമ്മയാകുമ്പോഴാണ്! അമ്മയാകുമ്പോള്‍ മാത്രമാണ്. 

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട

നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?​

കൊച്ചു ത്രേസ്യ: കുടുംബവും ഒരു ടീം വര്‍ക്ക്!

click me!