ബ്രിട്ടനില്‍ കഥ മാറുകയാണ്!

By Alaka NandaFirst Published Jun 5, 2017, 3:28 PM IST
Highlights

ജൂണ്‍ 8 ലെ ബ്രിട്ടിഷ് തെരഞ്ഞെടുപ്പ് തെരേസ മേയുടെ കടുത്തൊരു തീരുമാനമായിരുന്നു. എല്ലാവരേയും ഞെട്ടിച്ച തീരുമാനം. വിജയം ഉറപ്പെന്നാണ് അന്ന് മേയും ഭരണകക്ഷിയായ ടോറികളും കരുതിയത്. പക്ഷേ കഥ മാറുകയാണെന്നാണ് സൂചന. ടോറികളും ലേബര്‍പാര്‍ട്ടിയും തമ്മിലെ വ്യത്യാസം കുറഞ്ഞുവരുന്നുവെന്നാണ് അഭിപ്രായസര്‍വേ ഫലം. തൂക്ക് സഭ എന്നാണ് ഇപ്പോഴത്തെ പ്രവചനം. 

ടോറികള്‍ക്ക് അതായത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 20 സീറ്റ് നഷ്ടപ്പെടുമെന്നും ലേബര്‍ പാര്‍ട്ടി 28 സീറ്റ് കൂടുതല്‍ നേടുമെന്നുമുള്ള അഭിപ്രായസര്‍വേ സൂചന വിവാദവുമായിരിക്കയാണ്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബയിന്‍ നല്‍കിയ ഒരു അഭിമുഖം പാളിപ്പോയിരുന്നു, ചില നയങ്ങളില്‍ വ്യക്തത പോരായെന്നായി വിമര്‍ശനം. പക്ഷേ അടുത്ത അഭിമുഖത്തില്‍ കോര്‍ബയിന്‍ കത്തിക്കയറി. അതോടെലേബര്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെട്ടുവെന്ന് വാദിക്കുന്നു ഒരു വിഭാഗം.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ലേബറിന്റെ ഇരട്ടിയായിരുന്നു വോട്ട് ശതമാനം. അട്ടിമറി വിജയമാണ് മേയ്ക്ക് അന്ന പ്രവചിച്ചത്. അത് കുറഞ്ഞുകൊണ്ടേയിരുന്നെങ്കിലും  മുന്‍തൂക്കം പാലിച്ചു. ഇപ്പോഴാണ് അതും കൈവിട്ടുപോയെന്ന് അഭിപ്രായ സര്‍വേ പറയുന്നത്.  ഫലസൂചനയാണോ ഇത് നല്‍കുന്നത് എന്നുചോദിച്ചാല്‍ ആണെന്നു പറയില്ല തെരഞ്ഞെടുപ്പ് പഠനവിഷയമാക്കുന്നവര്‍, അതായത് സെഫോളജിസ്റ്റ്‌സ്. 

തെരേസ മേ

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നോട്ടുവച്ച സാമൂഹ്യസുരക്ഷാപദ്ധതിയിലെ മാറ്റം വോട്ടര്‍മാര്‍ക്ക് സ്വീകാര്യമായില്ല,

വോട്ടര്‍മാരുടെ മനസ്സ് പ്രചാരണത്തിലൊന്നും അലിയില്ലെന്നും അതൊക്കെ നേരത്തെ തീരുമാനിച്ചുറപ്പിക്കുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. എങ്കിലും വോട്ടര്‍മാര്‍ക്ക് ഒരൊറ്റ പാര്‍ട്ടിയോടുള്ള പ്രതിപത്തി കുറഞ്ഞുവരുന്നു എന്നതാണ് ഇപ്പോഴത്തെ മറ്റൊരു അപകടകരമായ വസ്തുത. കഴിഞ്ഞ 50 വര്‍ഷത്തിനകം പല പാര്‍ട്ടികളിലായി ചാടിക്കളിക്കുന്ന വോട്ടര്‍മാരുടെ എണ്ണം കൂടിവരികയാണെന്നും കണക്കുകളുടെ സഹായത്തോടെ വിദഗ്ധര്‍ പറയുന്നു. 

അത് എല്ലാത്തവണയും സംഭവിക്കണമെന്നില്ല. പക്ഷേ സംഭവിച്ചുകൂടായ്കയുമില്ല. യുവതലമുറക്കിടയില്‍ കൂടിവരുന്ന പിന്തുണയാണ് തത്കാലം ലേബര്‍ പാര്‍ട്ടിയുടെ വോട്ട് ശതമാനം കൂടാന്‍ കാരണം. പക്ഷേ 2015ല്‍ പോളിംഗ്ബൂത്തിലെത്തുന്നവരുടെ കണക്കില്‍ പറ്റിയ പിഴവാണ്  പ്രവചനങ്ങള്‍ തെറ്റിച്ചത്. ആ പ്രശ്‌നം ഇത്തവണയും നിലവിലുണ്ട്. പിന്തുണക്കുന്നവരത്രയും വോട്ട്‌ചെയ്യണമെന്നില്ല. അതുകൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ വിജയസാധ്യതയായി കണക്കുകളെ കാണാനാവില്ല. എങ്കിലും കണക്കുകള്‍ തല്‍ക്കാലം ലേബറിന് അനുകൂലമാണ്. 

രണ്ടുപാര്‍ട്ടികളുടേയും മാനിഫെസ്‌റ്റോ ഇതിനൊരു കാരണമായി പറയപ്പെടുന്നുണ്ട്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്നോട്ടുവച്ച സാമൂഹ്യസുരക്ഷാപദ്ധതിയിലെ മാറ്റം വോട്ടര്‍മാര്‍ക്ക് സ്വീകാര്യമായില്ല, അതേസമയം വരുമാനമനുസരിച്ച് നികുതി ഉയര്‍ത്താനുള്ള ലേബറിന്റെ പദ്ധതി പലരും അംഗീകരിച്ചു.  കോര്‍ബയിനും പിന്തുണ കൂടി. കുടിയേറ്റം കാരണമുണ്ടായ ബ്രക്‌സിറ്റാണ് കണ്‍സര്‍വേറ്റിവ് പിന്തുണ കൂട്ടിയിരുന്നത്, മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത്. കുടിയേറ്റവിരുദ്ധത അവസാനിച്ചിട്ടില്ല. ബ്രക്‌സിറ്റിലേയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെയും അഭിപ്രായസര്‍വേകളും പ്രവചനങ്ങളും തെറ്റിയതും ചൂണ്ടിക്കാണിക്കാനുണ്ട്. 

ജെറമി കോര്‍ബയിന്‍

വരുമാനമനുസരിച്ച് നികുതി ഉയര്‍ത്താനുള്ള ലേബറിന്റെ പദ്ധതി പലരും അംഗീകരിച്ചു

ഇനി സര്‍വേ തെറ്റിയില്ലെങ്കില്‍ അത് തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാകും. 2015 ലെ തെരഞ്ഞെടുപ്പില്‍ കണ്‍ പാര്‍ട്ടിക്ക് കിട്ടിയ അധികാരം 18 വര്‍ഷത്തിനുശേഷമാണ്. അഞ്ചു വര്‍ഷമാണ് ഭരണകാലാവധി. രണ്ടുവര്‍ഷത്തിനകം മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഭൂരിപക്ഷം കൂട്ടാമെന്ന വിശ്വാസത്തിലാണ്. അതിനുപകരം തൂക്കുപാര്‍ലമെന്റായാല്‍ രണ്ട് വര്‍ഷത്തിനകം കിട്ടിയ അധികാരം കളഞ്ഞുകുളിച്ചെന്ന ആരോപണവും മേയുടെ നേര്‍ക്ക് ഉയരും. 

വേറെയുമുണ്ട് .തൂക്കുപാര്‍ലമെന്റായാല്‍ ബ്രക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കും. പല അഭിപ്രായങ്ങളുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാംകൂടി തലയിട്ട് ചര്‍ച്ചകളും തുടര്‍നടപടികളും പ്രതിസന്ധിയിലാകും. ഭൂരിപക്ഷം കുറഞ്ഞാല്‍പ്പോലും മേയുടെ നേതൃത്വത്തിലെ ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ശബ്ദത്തിന് കരുത്ത് കുറയുമെന്നാണ , തന്റെ നേതൃത്വത്തിന് ഭൂരിപക്ഷത്തിലൂടെ കരുത്ത് കൂട്ടാമെന്ന് മേയുടെ വാദവും തകര്‍ന്നടിയും...

click me!