കന്യകാത്വം ആണ്‍കുട്ടികള്‍ക്ക് വേണ്ടേ?

By അലീഷ അബ്ദുല്ലFirst Published Feb 3, 2018, 5:51 PM IST
Highlights

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

എന്താ ഈ ഫെമിനിച്ചി? അടുത്തിടെയായി ഏറെ കേള്‍ക്കുന്ന ഒരു വാക്കാണിത്. ഈ വാക്കിന്റെ അര്‍ത്ഥം തിരിച്ചറിയാതെയാണ് പലരും പല കോലാഹലങ്ങളും ഉണ്ടാക്കുന്നത്....

ഇനി ഈ എന്റെ കാര്യത്തിലാണെങ്കില്‍ അതെ, സ്ത്രീകളെ വലയ്ക്കുന്ന എന്തും എന്നെയും വേദനിപ്പിക്കും. സമത്വത്തിന് വേണ്ടി ഞാന്‍ വാദിക്കും. വാ തുറന്നു ചങ്കൂറ്റത്തോടെ സംസാരിക്കുമ്പോള്‍ നീ അഹങ്കാരിയാണെന്ന് പറയുന്നവരോട് തിരിച്ചു ചോദിക്കും. കാരണം, എന്റെ പരിധികളും, പരിമിതികളും നിശ്ചയിക്കേണ്ടത് ഞാന്‍ തന്നെയാണ്.

എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്റെ ചുറ്റുപാടുകളാണ്.പൊരിച്ച മീനിനെ ചൊല്ലിയോ, ഉയര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചോ,സ്വാതന്ത്ര്യത്തെ ചൊല്ലിയോ ഞാന്‍ കലഹിച്ചിട്ടില്ലെങ്കിലും ഞാന്‍ ജനിച്ചു വളര്‍ന്നു വന്ന സമൂഹത്തില്‍ പലതും നേരില്‍ കണ്ടിട്ടുണ്ട്. രണ്ടു പെണ്‍ മക്കളുടെ അച്ഛനും, അമ്മയുമായ എന്റെ മാതാപിതാക്കള്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നു തന്നെയാണ് വളര്‍ത്തിയത്. അവരോടു ഒരുപാട് ബഹുമാനം.

അങ്ങനെ എങ്കില്‍ ഞാന്‍ ഈ പറഞ്ഞ സമൂഹം ആരാണ്? അതെ, ഞാന്‍ ജനിച്ചു വളര്‍ന്ന സമൂഹം, എന്റെ പഴയകാല കൂട്ടുകാര്‍. ആ വഴികളിലൊക്കെയും പെണ്ണെന്ന പേരില്‍ വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവരെ എനിക്കറിയാം, ഒരാളെ പ്രേമിച്ചതിന്റെ പേരില്‍ ഇനി നീ വെളിച്ചം കാണേണ്ട എന്നും പറഞ്ഞു മത പാഠശാലകളില്‍ അടച്ചിട്ടവരെ അറിയാം, പെണ്ണെന്ന ഒറ്റ കാരണത്താല്‍ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാത്തവരെ,എന്തിനേറെ, ഒരു കടയില്‍ ഒറ്റയ്ക്ക് പോയി സാധനം വാങ്ങാന്‍ കഴിയാതിരുന്ന കൂട്ടുകാരികളെ എനിക്കറിയാം.

നീ പെണ്ണാണ്, ഒറ്റയ്ക്ക് പോകണ്ട, വിവാഹ പ്രായമായി ഇനി നീ പഠിക്കേണ്ട, രാവിലെ ഇത്രയും നേരം കിടന്നുറങ്ങിയാല്‍ എങ്ങനാ, അടുക്കളയില്‍ ജോലിയുണ്ട്, അപ്പൊ ഇവന്‍ കിടന്നുറങ്ങുന്നതോ, അവന്‍ ആണ്‍കുട്ടിയല്ലേ., ഉറങ്ങട്ടെ, അവനുറങ്ങാം, എനിക്ക് പറ്റില്ല എന്നും പറഞ്ഞു ശബ്ദം ഉയര്‍ത്തിയാലോ..ഉടന്‍ പറയും..നീ പെണ്ണാണ്, സ്വരം ഉയര്‍ത്തണ്ട...

അതെ, ഇത്തരം അനീതികള്‍ നാം എങ്ങനെയാണ് വെച്ചുപൊറുപ്പിക്കുക? എനിക്ക് ഒരു നീതി, നിനക്ക് മറ്റൊരു നീതി അതെങ്ങനെയാണ് ശരിയാവുക.

സ്ത്രീ ശബ്ദമുയര്‍ത്തിയാല്‍ അവളെ വളഞ്ഞാക്രമിക്കാന്‍ ആയിരം ആളുകളാണ്. അഭിമാനമുണ്ട്. നടി പാര്‍വതിയോട് ചില കാര്യങ്ങളില്‍ എനിക്ക് വിയോജിപ്പുണ്ടെങ്കിലും ആ തുറന്നു പറച്ചില്‍ നമുക്കൊക്കെ ഒരു പ്രചോദനമാണ്. സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. കാരണം ഞാന്‍ പറയേണ്ടല്ലോ...

പറഞ്ഞു വന്നപ്പോഴാണ് ഓര്‍ക്കുന്നത്, ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിച്ചു, സഹോദരന് ഒരു പെണ്ണ് വേണം,വലിയ വിദ്യാഭ്യാസം വേണ്ട, പ്ലസ് ടു മതി.

'ഡോക്ടര്‍ ആയ നിന്റെ ആ സഹോദരന് തന്നെയാണോ കല്ലൃാണാലോചന?'

'അതെ,വിദ്യാഭ്യാസമില്ലാത്ത കുട്ടി ആവുമ്പോ ജോലിക്കൊന്നും പോവില്ലല്ലോ. പോവണോന്നു വാശിയും പിടിക്കില്ലല്ലോ. ഇവിടെ ജോലിയൊക്കെ ചെയ്തു നിന്നോളും'-ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു...

നാം പെണ്‍കുട്ടികളെ ചുരുങ്ങാനും ചെറുതാകാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസമുള്ള ഒരു വിഭാഗം തന്നെ ഇങ്ങനെ ചിന്തിക്കുകയാണെങ്കില്‍ നാം പിന്നെ എന്താ പറയുക. എല്ലാവരും ഇങ്ങനെയെന്നല്ല. ഇങ്ങനെയും ഉള്ളവര്‍ സമൂഹത്തില്‍ ഉണ്ടെന്നു അറിയണം.ഇനിയും സ്ത്രീ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എത്തിയിട്ടില്ല. അവളെ ചൂഷണം ചെയ്യാന്‍ അവള്‍ തന്നെ നിന്ന് കൊടുക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

ഞാന്‍ ഈ പറയുന്നത് ചൂഷണത്തിന് ഇരയായി, ഇന്നും സങ്കടപ്പെടുന്ന, പാതി വഴിക്ക് വിദ്യാഭൃാസം മുടങ്ങി നാല് ചുമരുകളില്‍ അകപ്പെട്ടുപ്പോയ ആ കഴിവുള്ളവരെ കുറിച്ചാണ്. 

പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തരാണ്. വ്യത്യസ്തങ്ങളായ ഹോര്‍മോണുകള്‍. വ്യത്യസ്ത ലൈംഗിക അവയവങ്ങള്‍. ജൈവശാസ്ത്രപരമായി വ്യത്യസ്തങ്ങളായ കഴിവുകള്‍. സ്ത്രീകള്‍ക്ക് കുട്ടികളെ പ്രസവിക്കുവാന്‍ സാധിക്കും, പുരുഷന് സാധിക്കില്ല. പുരുഷന്മാര്‍ക്ക് ടെസ്‌റ്റോസ്റ്റീറോണ്‍ ഉണ്ട്. അവര്‍ പൊതുവെ സ്ത്രീകളേക്കാള്‍ ശാരീരിക ശക്തിയുള്ളവരാണ്. 

നാം ജീവിക്കുന്ന ഈ വ്യത്യസ്ത ലോകത്ത്, കായികബലമുള്ളയാള്‍ നമ്മെ നയിക്കണമെന്നില്ല. അത് കൂടുതല്‍ ബുദ്ധിശക്തിയുള്ളവരും, അറിവുള്ളവരും, സര്‍ഗപരതയുള്ളവരും, നവീനതയുള്ളവരും നയിക്കട്ടെ. 

കാലിന്മേല്‍ കാല്‍ വെച്ചാല്‍, അഭിപ്രായം പറഞ്ഞാല്‍, ദൂരെപ്പോയി പഠിച്ചാല്‍, ജോലി ചെയ്താല്‍ അഹങ്കാരിയായി മാറുമെന്നു വിചാരിക്കുന്ന സമൂഹമാണ് മാറേണ്ടത്. അല്ലാതെ, ഫെമിനിച്ചി എന്നും പറഞ്ഞു കടന്നാക്രമിക്കുകയല്ല വേണ്ടത്.

അടുക്കള പെണ്ണിന്റെ മാത്രമല്ല, ബിസിനസ്സ് ആണിന്റെ മാത്രമല്ല, അങ്ങനെ എല്ലാ മേഖലകളിലും ആര്‍ക്കും അവരുടേതായ ഒന്നുമില്ല. കുടുംബത്തിലെ പ്രധാന വരുമാനസ്രോതസ്സ് നിങ്ങളാണെങ്കിലും, പങ്കാളിയുടെ പൗരുഷത്തെ തൃപ്തിപ്പെടുത്താനായി അത് നിങ്ങളല്ല എന്ന് അഭിനയിക്കേണ്ടി വരുന്നു. എന്താ ഞാന്‍ ഈ പറയുന്നത് ശരിയല്ലേ? ഭര്‍ത്താവിന്റെ അതേ വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് കുട്ടിയുടെ ഡയപ്പര്‍ മാറ്റുമ്പോഴെല്ലാം നന്ദി പറയുന്നത് എന്തിനാണ്...

പെണ്‍കുട്ടികളുടെ കന്യകാത്വത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ ആണ്‍കുട്ടികളുടെ കന്യകാത്വത്തെ ആരും പുകഴ്ത്താത്തതെന്താണ്.

എല്ലാ ലിംഗക്കാരുടെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സമത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഫെമിനിസ്റ്റ്. അതെ, എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്റെ ചുറ്റുപാടുകള്‍ തന്നെയാണ്!

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

ചിത്രാ വിജയന്‍: സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

മിലി: വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി
 

click me!