Asianet News MalayalamAsianet News Malayalam

വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

Shemi on the day when i became a feminist
Author
Thiruvananthapuram, First Published Jan 20, 2018, 8:36 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.
 

Shemi on the day when i became a feminist

Yes... I am a feminist. തിരസ്‌ക്കരിക്കപ്പെടുന്നതിലൂടെയാണ് ഫെമിനിസ്റ്റ് ഉണ്ടാവുന്നതെങ്കില്‍ എന്നിലെ ഫെമിനിസ്റ്റ് എനിക്കൊപ്പം ജനിച്ചതാണ്. വീട്ടില്‍ പണവും പ്രതാപവും പൊങ്ങച്ചവും കത്തി നില്‍ക്കുന്ന സമയത്ത്  ജനിച്ചിട്ടും  നാലാമത്തെ പെണ്‍കുഞ്ഞായതു കൊണ്ടു ലേബര്‍ റൂമില്‍ നിന്ന് കൊണ്ടു വന്നപ്പോള്‍ തന്നെ ആരും വാങ്ങിക്കാന്‍ കൂട്ടാകക്കിയിരുന്നില്ലത്രെ. എങ്കിലും പ്രസവിച്ചു പോയില്ലേന്നു കരുതി വീട്ടിലേക്ക് കൊണ്ട് പോന്നു എന്നത് കൊണ്ടു എന്റെ ഉമ്മക്ക് നേരിടേണ്ടി വന്ന അവഗണനയും മുഖം തിരിക്കലുകളും ആണായി പിറക്കാത്ത ഞാന്‍ കാരണം തന്നെ ആയിരുന്നു. 

അധികം താമസിയാതെ അനിയന്‍ ജനിച്ചതോടെയാണ് വിവേചനത്തിന്റെ ഭീകരത മനസ്സിലായത്.

എനിക്ക് കിട്ടാത്തത് പലതും അവനു കിട്ടിയിരുന്നത് എന്നില്‍ ഉണ്ടാക്കിയ പക പോലെത്തന്നെ അവനില്‍ പെങ്ങളെന്നത് ഒന്നും വിട്ടു കൊടുക്കാതെ മുടി പിടിച്ചു വലിക്കാനും  പുറത്തു കേറി ഇടിക്കാനും ഉള്ള കളിപ്പാട്ടം ആയിരുന്നു. എന്നിട്ടും തല്ലു കിട്ടിയിരുന്നത് എനിക്കും. ഒരിക്കല്‍ അവന്‍ എന്നെ തള്ളിയിട്ട്  ദൂരേയ്ക്ക് ഓടി. ഞാന്‍ എണീറ്റു പിറകെ ഓടിയില്ല. ഒറ്റ കല്ലു  കൊണ്ട് അവന്റെ മുന്നിലെ രണ്ടു പല്ലുകള്‍  എറിഞ്ഞു വീഴ്ത്തിയത് എന്റെ എറിയാനുള്ള കഴിവ് കൊണ്ടായിരുന്നില്ല. എന്നില്‍ കത്തി നില്‍ക്കുന്ന പകയുടെ ശക്തിയായിരുന്നു.  

അടുത്ത കാലം വരെ ഞാന്‍ അവനെ ശത്രുവിനെ പോലെയാണ് കണ്ടത്. അതിനു കാരണം എന്റെ വീട്ടുകാര്‍ തന്നെയാണ്. തുല്യരാണ് എന്നു പറഞ്ഞു വളര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ബാല്യം നഷ്ടപ്പെടില്ലായിരുന്നു.

ഇംഗ്ലണ്ടില്‍ ജീവിച്ചിട്ടും ഇംഗ്ലീഷ് പത്രം മാത്രം വായിച്ചിട്ടും എനിക്ക് ഒരു രൂപ പോക്കറ്റ് മണി തരുമ്പോള്‍ അവനു കൊടുക്കാന്‍  അഞ്ചു രൂപ എന്റെ കയ്യില്‍ തന്നെ തന്നു വിട്ടു ഡിസ്‌ക്രിമിനേഷന്‍ കാണിച്ച  വല്യുപ്പ എന്നിലെ ആദ്യ രാക്ഷസ കഥാപാത്രമായി. വളര്‍ന്നിട്ടും തീര്‍ന്നില്ല. എത്ര യാചിച്ചു പറഞ്ഞിട്ടും പഠിത്തം തുടരാന്‍ സമ്മതിക്കാതെ എനിക്ക് ഇഷ്ടമില്ലാത്ത  വിവാഹത്തിന് കഴുത്ത് നീട്ടി കൊടുക്കേണ്ടി വന്നു. അധികം വൈകാതെ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്‌റ്റെയര്‍കേസില്‍ നിന്നു  വീണ്  നട്ടെല്ലിന് പരിക്കുപറ്റി ഞാന്‍ വെട്ടിയിട്ട പോലെ എന്റെ വീട്ടില്‍ തന്നെ കിടപ്പിലായി. 

ഒറ്റ കല്ലു  കൊണ്ട് അവന്റെ മുന്നിലെ രണ്ടു പല്ലുകള്‍  എറിഞ്ഞു വീഴ്ത്തിയത് എന്റെ എറിയാനുള്ള കഴിവ് കൊണ്ടായിരുന്നില്ല. എന്നില്‍ കത്തി നില്‍ക്കുന്ന പകയുടെ ശക്തിയായിരുന്നു.

ഡോക്ടര്‍മാര്‍ക്ക് പോലും എന്ന് എണീറ്റു നടക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്റെ ജീവിതവും ഭാവിയും കട്ടിലില്‍ വായില്‍ ഭക്ഷണം വെച്ചു തരുന്ന അവസ്ഥയിലേക്ക് മാറുമ്പോഴും അനിയനെ ബാംഗ്‌ളൂര്‍ വിട്ടു പഠിപ്പിക്കുന്നത് ആയിരുന്നു വീട്ടില്‍ ചര്‍ച്ച. ആരോടോ ഒക്കെയുള്ള എന്നിലെ പക വീണ്ടും ശക്തി തന്നു. അതിനെ ഡോക്ടറും കുരിക്കളും വൈദ്യരും വില്‍പവര്‍ എന്നു വിളിച്ചു. ആ വിവേചനത്തില്‍ നിന്ന് ഉണ്ടായ വില്‍ പവറില്‍ നിന്നാണ് ഇത്ര ദൂരം നടന്നത്. 

ഞാന്‍ യുകെജി യില്‍ പഠിക്കുമ്പോള്‍ എന്നെ കൊണ്ട് പോവാതെ അവനെയും കൊണ്ട് മാതാപിതാക്കള്‍ ദൂരയാത്ര പോയ ദിവസം girl girl ന്നു സ്‌ളേറ്റില്‍ ഒത്തിരി തവണ എഴുതി അതില്‍ കുത്തി വരഞ്ഞോണ്ടിരിക്കുമ്പോള്‍ അടുത്തു വന്നിരുന്നു ചേര്‍ത്തു പിടിച്ച ആംഗ്ലോ ഇന്ത്യന്‍ ടീച്ചറുടെ കൈകളിലെ ചൂട് ഇന്നും ഒറ്റക്കാണെന്നു തോന്നുന്ന സമയങ്ങളില്‍ ആ നാലു വയസുകാരിയിലൂടെ എനിക്ക്  ധൈര്യം പകരാറുണ്ട്.

ഒന്നും അവന്റെ തെറ്റായിരുന്നില്ല. ഞങ്ങളുടെ ചുറ്റുമുള്ളവര്‍ സെറ്റ് ചെയ്തു വെച്ച വിവേചനം കൊണ്ട് മാത്രമായിരുന്നു.

പതിനേഴു വര്‍ഷം വിവാഹത്തിന് മുമ്പും പതിനാല് വര്‍ഷം വിവാഹത്തിന് ശേഷവും നെഞ്ചില്‍ കൊണ്ട് നടന്ന കനലിന്റെ തൊണ്ണൂറു ശതമാനവും പെണ്ണായി പിറന്നത് കൊണ്ടും നിറം കുറവായതു കൊണ്ടും മാത്രമാണ്.

വിവാഹം കഴിച്ചു ചെന്ന സ്ഥലത്തും സ്ഥിതി മോശമായിരുന്നില്ല.സ്വന്തം ഇഷ്ടങ്ങള്‍ക്കോ രീതികള്‍ക്കോ പ്രസക്തിയില്ല. എന്ത് ഇഷ്ടമില്ലായ്മ കണ്ടാലും സഹിച്ചുകൊള്‍ക. പഠിക്കാനെന്ന പേരും പറഞ്ഞു മാറി നിന്നത് പോലും ഒരു തരത്തിലും ആ വീട്ടില്‍  മനസ്സ് ആഗ്രഹിക്കുന്ന പോലെ ഒന്നു ചിരിക്കാന്‍ പോലും സാധിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.

തോന്നിയ പോലെ ജീവിക്കാനല്ല തോന്നുന്ന പോലെ ഒരിക്കലെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ വേണ്ടിയാണ് കാല് പിടിക്കുന്നതെന്നു ആരും മനസ്സിലാക്കിയില്ല.

Shemi on the day when i became a feminist

ചിത്രീകരണം: സുനിത മാത്യൂസ്
 

പൊരുത്തപ്പെടാന്‍ പറ്റുന്ന ജീവിതമല്ല കിട്ടിയതെന്ന് മനസ്സിലാക്കിയത് തൊട്ട്, ആയിരം തവണ എന്നെയിനി അങ്ങോട്ട്  പറഞ് വിടല്ലേയെന്നു വീട്ടില്‍ വന്നു യാചിക്കുമ്പോള്‍ പെണ്ണായി പിറന്നാല്‍ ഇങ്ങനൊക്കെ സഹിക്കേണ്ടി വരും, ഒരുപാടു സഹിക്കുന്നോര്‍ക്കും ക്ഷമിക്കുന്നോര്‍ക്കുമാണ് പിന്നീട് പടച്ചോന്‍ നല്ലകാലം കൊടുക്കുക എന്ന് പറഞ്ഞ് വീണ്ടും തള്ളിവിടും.

പിന്നീട് കോളേജിലും ജോലി സ്ഥലത്തും വിവേചനം ഇല്ലാതിരുന്നത് കൊണ്ട് അതായി ലോകം. ജോലിയായി കഴിഞ്ഞപ്പോള്‍ വീണ്ടും യാചിച്ചു, ഇനി ഞാന്‍ ആര്‍ക്കും ബാധ്യത ആവാതെ ജോലി ചെയ്തു ജീവിച്ചോളാം, എന്നെ ഇനി അങ്ങോട്ട് പറഞ്ഞ വിടല്ലേ എന്ന്. 'എന്നിട്ട് നിനക്കു തോന്നിയ പോലെ ജീവിക്കാല്ലോ,നീ ഇവിടെ നിന്നാല്‍ നിന്റെ അനിയന്മാര്‍ക്ക് നല്ലൊരു കുടുംബത്തില്‍ നിന്ന് പെണ്ണ് കിട്ടാതെ  ഇരുന്നോളുമല്ലോ'-ഇതാണ് എന്റെ ഉദ്ദേശ്യമെന്ന് കണ്ടെത്തിയത് തറവാട്ടിലെ നോക്കി പേടിപ്പിക്കല്‍ വിദഗ്ധനായ പിതൃ സഹോദരനായിരുന്നു.

തോന്നിയ പോലെ ജീവിക്കാനല്ല തോന്നുന്ന പോലെ ഒരിക്കലെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ വേണ്ടിയാണ് കാല് പിടിക്കുന്നതെന്നു ആരും മനസ്സിലാക്കിയില്ല.

വര്‍ഷത്തിലൊരിക്കല്‍ വന്നു പോവുന്ന വിരുന്നുകാരന്‍ എന്നതില്‍ കവിഞ്ഞ ആത്മബന്ധമൊന്നും  ഭര്‍ത്താവുമായിട്ടും ഉണ്ടായില്ല. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെ പോരല്ലോ എന്ന ചിന്ത യുഎഇ യില്‍ വന്നു ഒന്നിച്ചു ജീവിക്കാം എന്ന തീരുമാനത്തിലെത്തിയപ്പോള്‍ അവിടെയും വന്നു വിവേചനത്തിന്റെ ചാകര .

പാട്ടു കേട്ടാല്‍ ചെവി അടിച്ച പൊട്ടിക്കുമത്രേ. കണ്ണാടിയില്‍ നോക്കിയിരുന്നാല്‍ മുഖത്തു  ആസിഡ് ഒഴിക്കുമത്രേ

സ്വന്തം ഇഷ്ടങ്ങളുടെ ജസ്റ്റ് ഓപ്പസിറ്റ്. പാട്ടു കേട്ടാല്‍ ചെവി അടിച്ച പൊട്ടിക്കുമത്രേ. കണ്ണാടിയില്‍ നോക്കിയിരുന്നാല്‍ മുഖത്തു  ആസിഡ് ഒഴിക്കുമത്രേ. കൂടുതല്‍ സംസാരിക്കാന്‍ പാടില്ലത്രേ. ഇനി ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍ നാട്ടിലേക്കു പോകുന്നത് പെട്ടിയില്‍ അടച്ചിട്ടാകുമത്രേ. സ്വന്തമായി തലച്ചോറും മനസ്സും ഇല്ലാത്ത മാംസപിണ്ഡമായി ജീവിക്കാനായിരുന്നു ആജ്ഞ. മറ്റുള്ളവരുടെ മുന്നില്‍ എല്ലാം മൂടിവെച്ചു അഭിനയിച്ചു കൊണ്ടിരിക്കുക പക്ഷെ ജോലിചെയ്ത് പണം കണ്ടെത്തുന്നതിനും സ്വന്തം കാര്യങ്ങളൊക്കെ ഒറ്റക്ക് നിറവേറ്റുന്നതിനും വിവേചനം ഒട്ടുമില്ലതാനും.

ഇന്നും പേടിയാണ്, ഒന്നുറക്കെ കരയാന്‍, ഈ വഴിയിലൂടെ ഇനിയെനിക്ക് യാത്ര ചെയ്യേണ്ടെന്ന് പറയാന്‍, ശിഷ്ടകാലം കൂടി ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പറയല്ലേന്നു പറയാന്‍. 

ഇഷ്ടമില്ലായ്മക്ക് അര്‍ദ്ധവിരാമമിടാന്‍ കഴിയാതെ വരുമ്പോഴാണ് പലരും ജീവിതത്തിനു തന്നെ പൂര്‍ണ വിരാമമിടുന്നത്.ചിലര്‍ അതിനെ മറികടന്നു ഒറ്റക്ക് പറഞ്ഞ് തളര്‍ന്നതില്‍ നിന്നും കരുത്തുള്‍ക്കൊണ്ടാണ്  സര്‍ പുറത്തു പറയാന്‍ തുടങ്ങുന്നത്. അവരെയാണ് നിങ്ങള്‍ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നത്.

ഫെമിനിസം ചങ്കൂറ്റമുള്ള, നട്ടെല്ലുള്ള, പെണ്ണിനെ മാനിക്കുന്ന പുരുഷനെതിരെ അല്ല. ഒരു തെറ്റായ പ്രസ്ഥാനത്തിനും ചിന്തകള്‍ക്കും അത്തരം ആളുകള്‍ക്കും എതിരെ മാത്രമാണ്.

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

Follow Us:
Download App:
  • android
  • ios