Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

Vani Prashanth on the day when i became feminist
Author
Thiruvananthapuram, First Published Jan 26, 2018, 10:22 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Vani Prashanth on the day when i became feminist

'തെറിച്ച പെണ്ണി'ല്‍ നിന്ന് ഫെമിനിസ്റ്റിലേക്കുള്ള ദൂരം താണ്ടാന്‍ ഇനിയും എത്ര പൊരിച്ച മീനുകള്‍ക്കായി വഴക്കടിക്കേണ്ടിയിരിക്കുന്നു. എത്രയെത്ര അനുഭവക്കുറിപ്പുകള്‍ നാം എഴുതേണ്ടിയിരിക്കുന്നു. ലിംഗവ്യത്യാസമില്ലാതെ ഇടപെടുന്ന പെണ്ണിനെ എന്തിനും കിട്ടുമെന്ന് കരുതുന്ന, പെണ്ണത്തം എന്നത് പെണ്ണിന്റെ അടക്ക ഒതുക്കങ്ങളില്‍ ചങ്ങലക്കിടുന്ന സമൂഹത്തില്‍ ലിംഗവിവേചനം എവിടെ തുടങ്ങുന്നു എന്ന് തിരിച്ചറിയുക തന്നെ പ്രയാസം. സൗന്ദര്യത്തിന്റെയും, ത്യാഗത്തിന്റെയും, ക്ഷമയുടെയും ഒക്കെ പര്യായമായി സ്ത്രീ പരിണമിച്ച ഒരു നാട്ടില്‍ സ്വന്തം  ഇഷ്ടങ്ങളിലേക്ക്, സ്വാതന്ത്ര്യങ്ങളിലേക്ക് നടന്നു കയറുക അവള്‍ക്ക് ഏറെ ശ്രമകരമായ കാര്യം തന്നെയാണ്. അവള്‍ തകര്‍ക്കേണ്ടി  വരിക സംസ്‌കാരത്തിന്റെ മുഖമുദ്രയെന്ന്, കുടുംബത്തിന്റെ ഐശ്വര്യമെന്ന, നാടിന്റെ നന്മയെന്ന് എന്ന് കാലാകാലങ്ങളായി  സ്ഥാപിക്കപ്പെട്ട വന്‍മതിലുകളെയാണ് . 

നല്ല പെണ്ണിന്റെ ആദ്യപാഠങ്ങളില്‍ ഏറ്റവും മുഖ്യമായി ഉണ്ടായിരുന്നത് ഒതുക്കിയ ചിരിയും, തല താഴ്ത്തി പതുക്കെയുള്ള നടത്തവും, എപ്പോഴും കാലുകള്‍ ചേര്‍ത്ത് വെച്ചുള്ള ഇരുപ്പുമായിരുന്നു . പൊട്ടിച്ചിരികള്‍ നെഞ്ചകത്ത് കുരുക്കിയിടുമ്പോള്‍ പലപ്പോഴും ശ്വാസം മുട്ടിയിരുന്നു . അമ്മവീടിന്റെ പിന്നാമ്പുറത്തെ സര്‍പ്പക്കാവിലെ ഇലഞ്ഞിക്കും, തിളങ്ങിപൊങ്ങി നിന്ന വെള്ളാരങ്കല്ലുകള്‍ക്കും മാത്രമറിയാം അന്നത്തെ എന്റെ ചിരിയുടെ അലയിളക്കങ്ങള്‍. 

ബാല്യം മുതല്‍  ഒതുക്കേണ്ടി വന്ന ആ ചിരികള്‍ ജീവിതത്തില്‍ നിന്നേ  ഒതുങ്ങിപ്പോയത് തിരിച്ചറിയാന്‍ പോലും ആവാത്തവിധം രൂപപ്പെടുത്തിയിരിക്കുന്നു നമ്മുടെ പെണ്‍ മനസ്സുകളെ. സമൂഹത്തിന്റെ പെണ്ണടക്കയൊതുക്കനിയമസംഹിതകളില്‍ കുടുങ്ങിയ ബാല്യത്തിന്റെ, കൗമാരത്തിന്റെ പെണ്ണത്തങ്ങള്‍ ആയിരുന്നു എന്റെ ഏറ്റവും വലിയ നഷ്ടങ്ങള്‍. ഇഷ്ട നഷ്ടങ്ങള്‍. കൈകാലുകള്‍ പോലും ഇഷ്ടമുള്ള രീതിയില്‍ വെച്ചിരിക്കാന്‍ വയ്യാത്ത സാഹചര്യങ്ങളെ എതിര്‍ക്കാന്‍ പോലും ആവാത്ത വിധം രൂപപ്പെടുത്തിയ ഒരു ചട്ടക്കൂട്. കാലിനു മുകളില്‍ കാല്‍ കയറ്റി പ്രൗഢിയോടെ ഇരിക്കുന്ന ആണും, പാദങ്ങള്‍  പിണച്ച് കാല്‍ ചേര്‍ത്തിരിക്കുന്ന പെണ്ണും ഒരുപോലെ കുലീനതയുടെ പര്യായമാകുന്ന അവസ്ഥ. പെണ്ണോട്ടങ്ങളില്‍ പോലും അടക്കവും ഒതുക്കവും പ്രകടമാക്കിയേ തീരൂ. പട്ടി പിറകെ ഉണ്ടെങ്കിലും ആദ്യം ശ്രദ്ധിക്കേണ്ടത് മാറിടം തുളുമ്പുന്നുണ്ടോ എന്നായിരിക്കണം. ഒന്നും എഴുതി വെച്ച നിയമങ്ങളല്ല. മനസ്സിനേക്കാള്‍ പ്രധാനം എപ്പോഴും തന്റെ  ശരീരത്തിനാണ് എന്ന് കണ്ണ് തുറക്കുമ്പോള്‍ മുതല്‍ പല പല ശീലങ്ങളിലായി നടത്തുന്ന സ്ലോ പോയിസനിങ് ! അവള്‍ പോലും അറിയാതെ അവളുടെ എല്ലാ ഇഷ്ടങ്ങളും കാണാമറയത്താകുന്നു. പകരം സമൂഹത്തിന്റെ, ആണധികാരത്തിന്റെ ഇഷ്ടങ്ങളാണ് തന്റെ നിര്‍വൃതികളെന്ന സ്വയം ബോധ്യത്തിലേക്ക് അവള്‍ എത്തുന്നു . 

ജീവിതത്തിന്റെ പ്രധാന ഭാഗങ്ങള്‍ അങ്ങിനെയൊരു ബോധ്യത്തിലും ഇപ്പോള്‍ അതില്ലാതെയും ജീവിക്കുന്ന ഒരാളാണ് ഞാന്‍. 

പെണ്ണോട്ടങ്ങളില്‍ പോലും അടക്കവും ഒതുക്കവും പ്രകടമാക്കിയേ തീരൂ

പ്രണയം, പഠനം, വിവാഹം ഇതെല്ലാം സമൂഹത്തിന്റെ തൃപ്തികള്‍ക്കനുസരിച്ച് തന്നെ ജീവിതത്തില്‍ നടന്ന 'നല്ല പെണ്ണ്'. ഇരുപത്തിരണ്ടാം രണ്ടാം വയസ്സില്‍ അതുവരെ കണ്ട സകല  സ്വപ്നങ്ങളെയും ഒരു താലിച്ചരടില്‍ തൂക്കിക്കൊന്ന 'നല്ല പെണ്ണ്'. പ്രായം തികഞ്ഞ പെണ്‍ മക്കള്‍ അന്നും, ഇന്നും വീടിനും , സമൂഹത്തിനും കഥകള്‍ മെനയുവാനുള്ള ഇഷ്ട വിഷയങ്ങളാണ്  എന്ന പൊതു നിയമത്തെ പേടിച്ച്, നല്ല വിവാഹാലോചനയ്ക്കു മുന്നില്‍ എന്റെ പഠനമോ ജോലിയോ ഒന്നും ബാധകമല്ലാതെ, മറ്റൊരു കുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അങ്ങിനെ നിലവിളക്കും പിടിച്ച് തല കുനിച്ച് നടന്നു കയറി. പിന്നീടെന്റെ നടത്തങ്ങള്‍ ആ  വീടിന്റെ രീതികള്‍ക്കനുസരിച്ചായി. മറ്റൊരു വീട്ടില്‍ ചെന്ന് കയറേണ്ട പെണ്ണെന്ന ബോധ്യം, കളിമണ്ണപ്പം ചുട്ടു കളിച്ച കാലം മുതലേ ഉണ്ടായിരുന്നതു കൊണ്ട് പൊരുത്തപ്പെടലുകള്‍ വലിയ ബാധ്യതയായില്ല . പെണ്ണൊതുക്കത്തിന്റെ വന്മതിലുകള്‍ക്കുള്ളിലും ചെറുപ്പത്തില്‍ പുസ്തകങ്ങളുടെ അതിരില്ലാത്ത ആകാശം അച്ഛനുമമ്മയും അനുവദിച്ചിരുന്നത് കൊണ്ട് എന്റെ ചിരിയും , സ്വപ്നങ്ങളും പുസ്തകത്താളുകളില്‍ പാലക്കാടന്‍ കാറ്റിനൊപ്പം അലിഞ്ഞു. എങ്കിലും എന്റെ ശീലമായ തേങ്ങയരയ്ക്കാത്ത  സാമ്പാറും, കുടമ്പുളിയിട്ടു വെച്ച മത്തിക്കറിയും എന്നെ അവിടെ എന്നും കൊതിപ്പിച്ചു കൊണ്ടേയിരുന്നു.  ഒരിക്കല്‍ പോലും എന്റെയാ ഇഷ്ടങ്ങളെ അവര്‍ അറിഞ്ഞിരുന്നു എന്ന് തോന്നിയിട്ടില്ല, ഞാന്‍ പറഞ്ഞിട്ടുമില്ല . ഞങ്ങള്‍ രണ്ടു കൂട്ടരും അതിനു പരിശീലിപ്പിക്കപ്പെട്ടവര്‍ തന്നെയാണല്ലോ. വീട്ടിലെ പെണ്ണുങ്ങള്‍ തന്നെ പെണ്ണിഷ്ടങ്ങളുടെ കടിഞ്ഞാണ്‍ ചരട് പിടിച്ച് ആ തേര് അങ്ങു മുന്നോട്ടോടിക്കുന്നു, കാലങ്ങള്‍ക്കിപ്പുറവും . 

ഞാന്‍  പറഞ്ഞ എന്റെ ഇഷ്ടങ്ങള്‍ ആ വീടിന്റെ ഇഷ്ടക്കേടുകളും, എന്റെ തന്റേടവും, എന്റെ കൂട്ടുകാരന്റെ 'ആണത്തമില്ലായ്മ'യും ഒക്കെയായി വ്യാഖ്യാനിക്കപ്പെടാന്‍ പിന്നെ അധികകാലം വേണ്ടി വന്നില്ല.  പിന്നീടങ്ങോട്ടുള്ള ആശ്വാസം ഭര്‍ത്താവു എന്ന് ഞാന്‍ പറയാന്‍ ഇഷ്ടപ്പെടാത്ത എന്റെ കൂട്ടുകാരന്‍ തന്നെയായിരുന്നു. എന്റെ ഇഷ്ടങ്ങളെ, എനിക്കായി വിട്ടുതന്ന കൂട്ട്! അതിനു അവന്‍ കേള്‍ക്കേണ്ടി വന്നത് അവന്റെ 'നട്ടെല്ലില്ലായ്മ' , 'ആണത്തമില്ലായ്മ' ഒക്കെയാണ്.  

ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു -'എന്തുകൊണ്ടാണ് നീ പെണ്ണത്തമുള്ള പെണ്ണെന്ന് അവരാരും പറയാത്തത്'. പെണ്ണിന്റെ പെണ്ണത്തം നീണ്ട മുടിയിലും, തല കുനിച്ച് ഒതുങ്ങിയ നടപ്പിലും, ഒതുക്കമുള്ള സംസാരത്തിലും, പുഞ്ചിരിയിലും ഒക്കെയാണെന്നു ഞാന്‍ പറയുമ്പോള്‍ പെണ്ണത്തത്തിന്റെ കണ്‍ഫ്യുഷനിലായി അവന്‍. പെണ്ണിന്റെ പെണ്ണത്തത്തില്‍ 'നട്ടെല്ലില്ലാ'താകുന്നതാണ് ആണിന്റെ ആണത്തം എന്നു ഞാനന്ന് പൊട്ടിച്ചിരിച്ചു. 

സ്വന്തം നാട്ടില്‍ എനിക്കന്യമായിരുന്ന സ്വാതന്ത്ര്യത്തിന്റെ ഭൂമിക ഞാന്‍ അറിഞ്ഞത് മറ്റു നാടുകളിലാണ്.

പല നാടുകളിലെ ജീവിതം പിന്നെ അരികി്േലക്കു വന്നു. അവ എനിക്ക് മുന്നില്‍ തുറന്നത് അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനാരുമില്ലാത്ത എന്റെ ഇഷ്ടങ്ങളുടെ ആകാശം തന്നെയാണ്. എന്റെ സ്വന്തം നാട്ടില്‍ എനിക്കന്യമായിരുന്ന സ്വാതന്ത്ര്യത്തിന്റെ ഭൂമിക ഞാന്‍ അറിഞ്ഞത് മറ്റു നാടുകളിലാണ്. നിലാവൊഴുകുന്ന വഴിയേ മിന്നാമിന്നികളെ കിനാക്കണ്ട് ടൈം സ്‌ക്വയറില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു.  വഴിയോരത്തെ മരച്ചുവട്ടില്‍ തോന്നിയ പോലിരുന്ന് , കിടന്ന് നെരൂദയെ, ജിബ്രാനെ, ചുള്ളിക്കാടിനെ, സച്ചിദാനന്ദനെ ആലപിച്ചു. തേന്മാവിന്‍ കൊമ്പത്തെ തമാശകളില്‍ കെട്ടിടങ്ങള്‍ കുലുങ്ങുമാറ് പൊട്ടിച്ചിരിച്ചു.  രണ്ടു നാടുകളുടെയും സംസ്‌ക്കാര വൈജാത്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇടയ്ക്കു ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരഞ്ഞ അമ്മുവിന് അമ്മിഞ്ഞ കൊടുത്തു. ഒരു മിന്നാമിന്നി തെളിച്ചത്തില്‍ മിന്നിയ ആ രാത്രിപോലൊന്ന് എന്റെ നാട്ടിലെ  ഇലഞ്ഞിത്തറയില്‍ അല്ലെങ്കില്‍ ചിറയുടെ കരയില്‍ എന്റെ സ്വപ്നമാണ്. സ്വപ്നങ്ങള്‍ കണ്ണില്‍ മിന്നിയ കാലം മുതലുള്ള സ്വപ്നം.  

ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു -'എന്തുകൊണ്ടാണ് നീ പെണ്ണത്തമുള്ള പെണ്ണെന്ന് അവരാരും പറയാത്തത്'

നാട്ടുവഴികളില്‍ നിന്ന് അടുക്കളക്കാര്യങ്ങള്‍ മിണ്ടാനല്ലാതെ ആല്‍ത്തറയില്‍, പൊതു ഇടങ്ങളില്‍ ഇഷ്ടവിഷയങ്ങള്‍ ഇഷ്ടാനുസരണം മിണ്ടാന്‍ എന്നാണു കഴിയുക! ബാല്യവും, കൗമാരവും, യൗവനവും, സൗഹൃദവും ഒക്കെ ആഘോഷങ്ങളാക്കിയ ആണ്‍കൂട്ടങ്ങള്‍ പല വട്ടം കൊതിപ്പിച്ചിട്ടുണ്ട്. വളപ്പൊട്ടുകളും, മയില്‍പ്പീലിത്തുണ്ടും ഒന്നുമല്ല എന്റെ ഇഷ്ടങ്ങള്‍ എന്ന് വിളിച്ചു പറയണമെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ നല്ല പെണ്ണിന്റെ സര്‍ട്ടിഫിക്കറ്റില്‍ പോയന്റുകള്‍ എന്നും കുടുക്കയിലെ വളപ്പൊട്ടുകള്‍ക്കും, മഞ്ചാടിക്കുരുക്കള്‍ക്കും ഒക്കെയായിരുന്നല്ലോ. പൊതുവിടങ്ങളില്‍ ചെന്നിരുന്നു പത്രം വായിച്ചു ചര്‍ച്ചകള്‍ ചെയ്യണം എന്ന് തോന്നിയപ്പോഴെല്ലാം വീട്ടിലെ വയലിടുക്കിലെ തുരുത്തില്‍ ചെന്നിരുന്നു യക്ഷിപ്പനയോടും, തോട്ടില്‍ ഊളിയിട്ട  മീനുകളോടും വാദപ്രതിവാദങ്ങള്‍ നടത്തി. മുതിര്‍ന്നവരോട് ഉച്ചത്തില്‍ സംസാരിക്കരുത് എന്നോര്‍മ്മിപ്പിക്കാതെ തേന്മധുരങ്ങള്‍ സമ്മാനിച്ച് ആകാശം മുട്ടെ ഉയര്‍ന്ന ആഞ്ഞിലിയും, യക്ഷിയോര്‍മ്മകളുണര്‍ത്തി നീണ്ടു നിന്ന പനയും, കുഞ്ഞിക്കണ്ണു മിനുക്കി ചെറുമീനുകളും എന്നെ  ഉറക്കെയുറക്കെ പറയാന്‍ പഠിപ്പിച്ചു.  

ഇന്ന് നഗരങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. പക്ഷേ പലയിടങ്ങളിലും നേരിടുന്ന പ്രധാന ചോദ്യം ഇങ്ങിനെയൊക്കെ പറയാന്‍/ ചെയ്യാന്‍  പെണ്ണുങ്ങള്‍ക്ക് ആകുമോ എന്ന് തന്നെയാണ്. ഇത് ഏറ്റവുമധികം സ്ത്രീകളില്‍ നിന്ന് തന്നെ നേരിടുന്നു എന്നിടത്തുണ്ട് നമ്മുടെ സാമൂഹ്യ വികസനത്തിന്റെ പുറം പൂച്ച്. ഡല്‍ഹി പോലൊരു മെട്രോ നഗരത്തില്‍ പോലും സെക്കന്‍ഡ് ഷോയ്ക്ക് കൂട്ടുകാരനുമൊത്ത് പോയ പെണ്ണിന്റെ ദയനീയ മരണത്തോടൊപ്പം, അവളുടെ സദാചാരബോധത്തെ കൂടി ചര്‍ച്ച ചെയ്തവരാണ് നമ്മള്‍. വേഷത്തില്‍, നടപ്പില്‍ , ഇടപെടലുകളില്‍ പെണ്ണ് എന്ന ബോധ്യത്തില്‍ നിന്ന് മാറി വ്യക്തി എന്ന അവസ്ഥയിലേക്ക് എത്താന്‍ കഴിയുന്നിടത്താണ് എന്റെ സംതൃപ്തി. ശരീരബോധത്തില്‍ നിന്ന് മനസ്സിന്റെ ബോധ്യത്തിലേക്കുള്ള യാത്ര..അടിയുറച്ച ബോധങ്ങളുടെ അടിക്കല്ലിളക്കി , മനസ്സിന്റെ ബോധ്യങ്ങളിലേക്കൊരു മഹായാനം. ചിരിച്ചു തിമര്‍ത്ത്, തലയുയര്‍ത്തി, തോന്നുംപടിയൊരു പെണ്‍യാത്ര!

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!



 

Follow Us:
Download App:
  • android
  • ios