സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

Published : Feb 03, 2018, 11:38 AM ISTUpdated : Oct 05, 2018, 01:40 AM IST
സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

Synopsis

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.


അതെ ഞാനൊരു ഫെമിനിസ്റ്റ് ആണ്. അത് തുറന്നു പറയുന്നത് കൊണ്ട് എന്റെ 'കുല സ്ത്രീ' പട്ടം അഴിഞ്ഞു പോകുമെന്ന് വിശ്വസിക്കുന്നില്ല. വീട്ടിലെ മുതിര്‍ന്ന പുരുഷന്മാരെയും  സ്ത്രീകളെയും  ബഹുമാനിക്കുന്ന സ്ത്രീ ആയാല്‍ ഫെമിനിസ്റ്റാാകാന്‍ പാടില്ല എന്നും കരുതുന്നില്ല. 

സമൂഹത്തില്‍ നില നില്‍ക്കുന്ന പല തരം വിവേചനങ്ങളില്‍ ഒന്ന് മാത്രം ആണ് സ്ത്രീകള്‍ക്കെതിരെ ഉള്ളത്. സമൂഹത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം സ്ത്രീകള്‍ ആയതു കൊണ്ട് തന്നെ, അതിന്റെ വ്യാപ്തി വളരെ വലുതാണെന്ന് മാത്രം.

എന്നെ ഫെമിനിസ്റ്റാക്കിയത് വീട്ടിലെ അസമത്വം അല്ല. വീട്ടില്‍ എനിക്കും ജ്യേഷ്ഠനും ഒരേ സ്ഥാനം ആയിരുന്നു. ചിലപ്പോള്‍ ഇളയതായതു കൊണ്ട് എനിക്കായിരിക്കാം കൂടുതല്‍ ലാളന കിട്ടിയത്. പോരാത്തതിന്  വര്‍ണ ശബളമായ കുട്ടിക്കാലവും. നാട്ടിന്‍പുറത്തായതു കൊണ്ടാകും, അയല്‍ക്കാരുടെ  ഒക്കെ ലാളനയും സ്‌നേഹവും  ഒക്കെ അനുഭവിച്ചു വളര്‍ന്ന ബാല്യവും കൗമാരവും. ഹൈ സ്‌കൂളില്‍ വെച്ച് ആ സ്‌കൂളിലെ റെക്കോര്‍ഡ് മാര്‍ക്ക് വാങ്ങിയ കുട്ടിയായിരുന്നു. അങ്ങനെ ഒരുപാട് സ്വീകരങ്ങളും ഷീല്‍ഡും കപ്പും മറ്റും കിട്ടിയ പത്താം ക്ളാസ് കഴിഞ്ഞു പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ആണ് സംഭവം. 

കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ സയന്‍സ് ഗ്രൂപ്പിനൊപ്പം പുറത്തു മാത്‌സ് ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ് ഉം. എല്ലാം കൊണ്ടും തിരക്ക് പിടിച്ച രണ്ടു വര്‍ഷ പഠന കാലം. എഞ്ചിനീറിങ് അല്ലെങ്കില്‍ മെഡിസിന്‍. അത് മാത്രം ലക്ഷ്യം ആക്കിയുള്ള പഠനത്തിരക്ക്. കോളേജിലെ  ക്ലാസ് കഴിഞ്ഞു നേരെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററി ലേക്ക് പോകും. അവിടത്തെ ക്ളാസ് കഴിഞ്ഞു നേരെ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി എസ് ടി പോലും കൊടുക്കാതെ (നേരത്തെ വീടെത്താന്‍) മൊഫ്യുസല്‍ ബസ് സ്റ്റാന്‍ഡില്‍ വരും..

പിന്നെ വീട്ടിലേക്കുള്ള ബസ് പിടിക്കുമ്പോഴേക്കും സമയം ആറര ആകും. 

അങ്ങനെ ഏറെ വൈകിയ ഒരു വൈകുന്നേരം. കോച്ചിങ്  കഴിഞ്ഞ് മൊഫ്യുസല്‍ സ്റ്റാന്‍ഡിന്റെ പുറത്തു പാളയം സ്റ്റാന്‍ഡില്‍  നിന്ന് വരുന്ന ഞങ്ങളുടെ  ബസ് കാത്തു നില്‍ക്കുമ്പോള്‍  ഒരു കാമവെറിയന്‍ എന്നോട് ചോദിച്ചു, 'എത്രയാ റേറ്റ്' എന്ന്. 

എനിക്കാദ്യം ഒന്നും മനസ്സിലായില്ല. ഒരു പരിചയവും ഇല്ലാത്ത എന്നോട് സംസാരിക്കാന്‍ വന്ന അയാള്‍ വട്ടു കേസ് ആകും എന്ന് കരുതി. പിന്നീട് ബസില്‍ കയറി ഇരുന്ന ശേഷം ആണ് എന്താണ് അയാള്‍ പറഞ്ഞതെന്ന് ചിന്തിച്ചത്. അയാള്‍ പറഞ്ഞത് ഉള്‍ക്കൊണ്ടപ്പോളേക്കും ബസ് വിട്ടു പോയി. അയാളെ മുഖത്ത്  ചെരുപ്പൂരി ആഞ്ഞൊന്നടിക്കാന്‍ പോലും പറ്റിയില്ല. 

ബസില്‍ ഇരുന്നു വീടെത്തും വരെ എന്റെ കണ്ണുകള്‍ നിറഞ്ഞു തന്നെ ഇരുന്നു.

ഒരു പെണ്‍കുട്ടി ആയി ജനിച്ചതില്‍ അത് വരെ അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയ്ക്കും അധ്യാപകര്‍ക്കും എന്നെ ഓര്‍ത്തു അഭിമാനിക്കാന്‍ ഉള്ള വക ഒരുപാട് നല്‍കിയിട്ടും ഉണ്ട്. അന്ന് ഞാനാദ്യമായി ചിന്തിച്ചു, എന്തൊരു സ്വാതന്ത്ര്യം ആണ് ആണ്‍കുട്ടികള്‍ക്ക്. അവര്‍ക്ക് ആരെയും ഭയക്കാതെ ഏതു പാതി രാത്രിയിലും യാത്ര ചെയ്യാം. ആരെയും കൂസാതെ കൂട്ടുകാരോടൊത്തു ടൂര്‍ പോകാം.. വൈകിട്ട് കൂട്ടുകാരോടൊത്തു ഫുട്‌ബോളും ക്രിക്കറ്റും കളിച്ചു ചിരിച്ചു തിമിര്‍ത്തു രാത്രി വൈകി കയറി വരാം. കുളത്തിലും തോട്ടിലും ചാടി നീന്താം, മീന്‍ പിടിക്കാന്‍ പോകാം. ഒറ്റയ്ക്ക് കടപ്പുറത്തു പോയിരിക്കാം. ഒറ്റയ്ക്ക് സിനിമക്ക് പോകാം..

ഇതൊക്കെ ഓരോ പെണ്‍കുട്ടികള്‍ക്കും കിട്ടേണ്ടതല്ലേ? നമ്മുടെ സമൂഹം അല്ലെ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്?

വൈകിയ വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പേടി ആകുന്നത്, വീട്ടുകാര്‍ക്ക് അവരെ ഒറ്റക്ക് വിടാന്‍ പേടി ആകുന്നത് ചുറ്റും ഉള്ള കഴുകന്‍ കണ്ണുകള്‍ കൊണ്ട് മാത്രം അല്ലെ? 

എല്ലാ മേഖലയിലും ഒരേ പോലെ ജോലി ചെയ്യാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യം ആണ്.

ഇപ്പോള്‍ പത്തു വര്‍ഷത്തോളം ആയി ഞാന്‍ ജീവിക്കുന്നത് യൂറോപ്പില്‍ ആണ്. ജോലി ആവശ്യത്തിനും അല്ലാതെയും രാവെന്നും പകലെന്നും ഇല്ലാതെ ഫ്‌ളൈറ്റിലും ട്രെയിനിലും ബസിലും ഒക്കെ എത്രയോ തവണ എത്രയോ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയേണ്ടി വന്നിട്ടുണ്ട്. 

പക്ഷെ വികസിതരാജ്യമായ അവിടെ ഒന്നും ഇല്ലാത്ത ഒരു ചോദ്യം നമ്മുടെ നാട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ട്- 'മോള്‍ ഒറ്റക്കാണോ, കൂടെ ഭര്‍ത്താവില്ലേ? അല്ലെങ്കില്‍ അച്ഛനില്ലേ? അല്ലെങ്കില്‍ സഹോദരനില്ലേ?'

സ്ത്രീ ആരാലെങ്കിലും സംരക്ഷിക്കപ്പെടേണ്ടവള്‍ അല്ല എന്നും ആരും ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതിയാകും എല്ലാം ശരി ആകാന്‍ എന്നും മനസ്സിലാക്കിയാല്‍ നല്ലത്. 

അതിനു തുടക്കം നമ്മുടെ വീടുകളില്‍ നിന്ന് തന്നെ വേണം.

ആണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടത്, ഏതൊരു സ്ത്രീയും സ്വന്തം അമ്മയെ പോലെ ബഹുമാനിക്കപ്പെടേണ്ടവള്‍ ആണെന്നുള്ള ചിന്ത ആണ്. വീട്ടിലെ ജോലി സ്ത്രീയുടെ മാത്രം കടമ അല്ല, എല്ലാം ആണ്‍ പെണ്‍ ഭേദമില്ലാതെ ഒരുമിച്ചു ചെയ്തു ശീലിക്കാം,  അതിനു ചെറുപ്പത്തിലേ നമുക്ക് ആണ്‍കുട്ടികളെയും അടുക്കളയില്‍ സഹായിക്കാന്‍ പഠിപ്പിക്കാം.

ഒരു കുടുംബം നന്നായി നോക്കുന്നതിനോടൊപ്പം കരിയറും ശ്രദ്ധിക്കുന്ന സ്ത്രീകള്‍ ആണ് നമുക്ക് ചുറ്റും. ശ്രദ്ധിച്ചിട്ടുണ്ടോ എത്ര ബുദ്ധിമുട്ടാണ്, കഠിനാധ്വാനം ചെയ്താലും ഒരു സ്ത്രീക്ക് കരിയറില്‍ ഉയരാന്‍ എന്ന്? പഠിത്തം കഴിഞ്ഞു ജോലി കിട്ടി ഒന്ന് പ്രൊമോഷന്‍ കിട്ടാന്‍ പോകുമ്പോള്‍ ആയിരിക്കും മിക്കവാറും കല്യാണം. അടുത്ത പ്രൊമോഷന്റെ സമയത്താകും ചിലപ്പോള്‍ പ്രസവം. ഈ ബ്രേക്കുകള്‍  കഴിഞ്ഞു വീണ്ടും ജോലിക്കു കയറിയാലും ആണ്‍ മേല്‍ക്കോയ്മയുടെ ഇരകള്‍ ആവേണ്ടി വരുന്ന എത്രയോ ഉയര്‍ന്ന തസ്തികകളില്‍ ഉള്ള സ്ത്രീകള്‍. അപ്പോള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന എക്‌സ്ട്രാ പരിഗണന കിട്ടുക തന്നെ വേണം.

കല്യാണം കഴിഞ്ഞു പറിച്ചു നടപ്പെടുന്ന വീട്ടില്‍ ജോലിക്കു പോകാന്‍ സമ്മതമില്ലാത്ത എത്രയോ വിദ്യാ സമ്പന്നരായ സ്ത്രീകള്‍ ഉണ്ട്.

'അവള്‍ കൂടി സമ്പാദിക്കേണ്ട, വേണ്ടത് ഞാന്‍ വാങ്ങി കൊടുത്തോളം!' എന്ന് പറയുന്ന പുരുഷന്മാര്‍. ഒരു പൊട്ടെ കമ്മലോ പോലും സ്വന്തം ഇഷ്ടപ്രകാരം വാങ്ങാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത എത്രയോ സ്ത്രീകള്‍ എന്റെ സുഹൃത്തുക്കളില്‍ തന്നെ ഒരുപാടുണ്ട്..

ഈ ചിന്തകള്‍, അനുഭവങ്ങള്‍ ഒക്കെ  എന്നെ ഫെമിനിസ്റ്റാക്കി.

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ