Asianet News MalayalamAsianet News Malayalam

ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

Sunitha Devadas on the day i became a feminist
Author
Thiruvananthapuram, First Published Jan 22, 2018, 5:01 PM IST

തുല്യനീതിക്കും തുല്യവേതനത്തിനും തുല്യ അവസരത്തിനും അവര്‍ക്ക് ആവശ്യപ്പെട്ടേ മതിയാവുമായിരുന്നുള്ളു. അമ്മമ്മക്ക് ഫെമിനിസ്റ്റല്ലാതെ മറ്റൊന്നുമാവാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് ജീവിക്കണമായിരുന്നു . അഞ്ചു പെണ്‍കുട്ടികളെയും അഞ്ചു ആണ്‍കുട്ടികളെയും വളര്‍ത്തണമായിരുന്നു. ഇപ്പോള്‍ അമ്മമ്മക്ക് 88 വയസ്സുണ്ട്. ആ അമ്മമ്മയെ കണ്ടു വളര്‍ന്ന ഞാന്‍ ഇങ്ങനെയല്ലാതെ  മറ്റൊന്നുമാവില്ല. 

Sunitha Devadas on the day i became a feminist

പറഞ്ഞു കേട്ട ഒരു വയനാടന്‍ കുടിയേറ്റത്തിന്റെ കഥയുണ്ട് . 13 വയസ്സില്‍ കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ കയ്യും പിടിച്ചു മലപ്പുറത്തു നിന്നും നാടുകാണി ചുരം വഴി വയനാട്ടിലേക്ക് കുടിയേറിയ എന്റെ അമ്മമ്മയുടെയും അമ്മച്ചന്റെയും കഥ . ഞങ്ങളുടെയൊക്കെ ജീവിതം തുടങ്ങുന്നത് അവിടെ നിന്നുമാണ് . അതിജീവനത്തിന്റെ ആ ചുരം കയറലില്‍ നിന്നും . 

അമ്മമ്മ ഇരുപതുകളില്‍ തന്നെ വിധവയായി. അതിജീവനം കടുപ്പമായിരുന്നു . ഒന്നര വയസ്സുള്ള ഇളയകുട്ടിയടക്കം ആറു മക്കള്‍. കൂടാതെ ഭര്‍ത്താവിന്റെ പെങ്ങളുടെ നാലു മക്കള്‍. പെങ്ങളും ഭര്‍ത്താവും മരിച്ചു പോയിരുന്നു . അതിലെ ഇളയ കുട്ടിക്കും രണ്ടുവയസ്സില്‍ താഴെ പ്രായം. പ്രായപൂര്‍ത്തിയാവാത്ത 10 കുഞ്ഞുങ്ങള്‍ . ഒരു തൊഴിലും അറിയില്ല . പ്രാഥമിക വിദ്യാഭ്യാസം മാത്രം. വയനാടിന്റെ തണുത്ത കാലാവസ്ഥ, ദാരിദ്ര്യം, ഒറ്റപ്പെടല്‍...

അവിടെ നിന്നും കരുത്തോടെ, തളര്‍ന്നു വീഴാതെ അവര്‍ ജീവിതത്തെ നേരിട്ടു. 

തുല്യനീതിക്കും തുല്യവേതനത്തിനും തുല്യ അവസരത്തിനും അവര്‍ക്ക് ആവശ്യപ്പെട്ടേ മതിയാവുമായിരുന്നുള്ളു. അമ്മമ്മക്ക് ഫെമിനിസ്റ്റല്ലാതെ മറ്റൊന്നുമാവാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് ജീവിക്കണമായിരുന്നു . അഞ്ചു പെണ്‍കുട്ടികളെയും അഞ്ചു ആണ്‍കുട്ടികളെയും വളര്‍ത്തണമായിരുന്നു. ഇപ്പോള്‍ അമ്മമ്മക്ക് 88 വയസ്സുണ്ട്. ആ അമ്മമ്മയെ കണ്ടു വളര്‍ന്ന ഞാന്‍ ഇങ്ങനെയല്ലാതെ  മറ്റൊന്നുമാവില്ല. 

ഇപ്പോഴും ഞങ്ങള്‍ അമ്മമ്മയുടെ ഇളയ മകളെ (എന്റെ അമ്മയുടെ അനിയത്തി) പറഞ്ഞു കളിയാക്കുന്ന ഒരു കഥയുണ്ട് . എല്ലാവരും ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ ആരോ ബേബി ചേച്ചിയോട് ചോദിച്ചു 'ബേബി നിനക്ക് മീന്‍ കിട്ടിയോ?' 

അമ്മമ്മക്ക് ഫെമിനിസ്റ്റല്ലാതെ മറ്റൊന്നുമാവാന്‍ കഴിയില്ലായിരുന്നു.

ചേച്ചി ഇല്ല എന്ന് പറഞ്ഞതും കരഞ്ഞതും ഒരുമിച്ചായിരുന്നത്രെ . ഇപ്പോഴും വീട്ടില്‍ എല്ലാവരും കൂടുമ്പോഴും മീന്‍ വിളമ്പുമ്പോഴുമൊക്കെ ഇത് ആരെങ്കിലുമൊരാള്‍ പറഞ്ഞു ചിരിക്കും . എല്ലാ വീട്ടിലും ഉണ്ടായിരുന്നു ഒന്നോ അതിലധികമോ റിമമാര്‍. കരയുകയോ പ്രതികരിക്കുകയോ ചെയ്യുന്ന ഓരോ റിമമാര്‍ക്കും അറിയാം മീന്‍ കിട്ടിയില്ലെങ്കില്‍ അത് തീര്‍ന്നു പോയിട്ടുണ്ടാവും. ഇന്നിനി കിട്ടില്ല എന്ന് . 

വറുത്ത മീനിന്റെയും കഞ്ഞിയില്‍ നിന്നും ഊറ്റിയ വറ്റിന്റേയും പാലൊഴിച്ച ചായയുടെയും ഒക്കെ രാഷ്ട്രീയം എല്ലാ വീട്ടിലും ഉണ്ടായിരുന്നു . 

വറുതിയിലും ഇടക്കൊക്കെ സിനിമയും ഹോട്ടലില്‍ നിന്നും ചായ കുടിയും ഒക്കെ ഉണ്ടായിരുന്നു. അപ്പോ ഒരിക്കല്‍ ചായ കുടിക്കാന്‍ കയറിയപ്പോ അമ്മുവേട്ടത്തി,  എന്നാല്‍ എനിക്കും തങ്കമണിക്കും വെള്ളച്ചായ' എന്ന് പറഞ്ഞത്രെ. തങ്കമണി ചെറിയ കുട്ടിയായിരുന്നു. വെള്ളച്ചായ കുടിക്കുന്ന പ്രായം. അമ്മുവേട്ടത്തിക്ക് വെള്ളച്ചായ കുടിക്കണമെങ്കില്‍ അതെ ഉണ്ടായിരുന്നുള്ളു അന്ന് വഴി. ഇപ്പോള്‍ എല്ലാരും ഇതൊക്കെ കുടുംബ സദസില്‍ പറഞ്ഞു ചിരിക്കും . പക്ഷെ ആ ചിരിയുടെ പുറകില്‍ ഉണ്ടായിരുന്ന പച്ചയായ അതിജീവനത്തിന്റെ കണ്ണീരുണ്ട്, ഭക്ഷണത്തിന്റെ രാഷ്ട്രീയമുണ്ട്. 

പല പേരില്‍ അറിയപ്പെട്ട റിമമാരാണ് ബേബിയും അമ്മുവും തങ്കമണിയും ഒക്കെ. റിമ എന്നത് സെലിബ്രിറ്റിയായ ഒരു സ്ത്രീയുടെ പേരല്ല. മറിച്ചു അതിജീവനത്തിന്റെ പാതയിലെ ഓരോ സ്ത്രീയുടെയും അപരനാമമാണ്. 

കൂട്ടുകുടുംബമാവുമ്പോള്‍ അവിടെ ഭക്ഷണത്തിന്റെ രാഷ്ട്രീയം മാത്രമല്ല ഉണ്ടാവുക. വരുമാനത്തിന്റെയും വിയര്‍പ്പ് ഓഹരിയുടെയും അദ്ധ്വാനത്തിന്റെയും രാഷ്ട്രീയം കൂടിയുണ്ടായിരിക്കും. വരുമാനമുള്ളവരെയും അവരുടെ നേര്‍ ആശ്രിതരെയും വി ഐ പികളായി തന്നെ പരിഗണിച്ചിരുന്നു. വരുമാനമില്ലാത്ത ഊരു തെണ്ടികളെയും കലാകാരന്മാരെയും അങ്ങനെ തന്നെ അവഗണിച്ചിരുന്നു. ചിലപ്പോഴൊക്കെ രണ്ടടുപ്പുകള്‍ പോലും പുകഞ്ഞിരുന്നു. ഒരടുപ്പില്‍ സാമ്പത്തിക സുസ്ഥിരതയുള്ളവര്‍ക്ക് വേണ്ടിയുള്ള നെയ്യും വെളിച്ചെണ്ണയും പാലുമൊഴിച്ച ഭക്ഷണവും മറ്റേ അടുപ്പില്‍ റേഷനരിയും കട്ടന്‍ കാപ്പിയും കറമൂസു കൂട്ടാനും വെന്തിരുന്നു. പുറത്തെ ചായ്പ്പില്‍ പശുവിനുള്ള കഞ്ഞിയും വെന്തിരുന്നു. നെയ്യ് പുരട്ടിയ ദോശയുടെയും മൊരിഞ്ഞ മുട്ടയുടെയും പശുവിന്റെ കാടിയുടെയും റേഷനരിയുടെയും  മൂവാണ്ടന്‍ മാങ്ങയുടെയും മണം ആരുടെയും അടുപ്പില്‍ തങ്ങി നില്‍ക്കാതെ എല്ലാവരിലേക്കും കിനിഞ്ഞിറങ്ങിയിരുന്നു . 

ഓര്‍മകളില്‍ നിലാവ് പൊഴിക്കുന്ന എത്രയോ ചിത്രങ്ങള്‍. മറന്നാലും മാഞ്ഞു  പോകാത്തവ.

ചായ്പ്പില്‍ ഇരുന്നു ആകാശം നോക്കി അരിയാട്ടുന്നവര്‍.
തലയില്‍ പശുവിനുള്ള കാടി വെള്ളവുമായി റോഡിലൂടെ വരുന്നവര്‍.
പുല്ലരിഞ്ഞു പുല്ലു കെട്ടുമായി താഴെ തൊടിയില്‍ നിന്നും കയറ്റം കയറി കിതച്ചു വരുന്നവര്‍.
കാപ്പിക്കുരു പറിക്കുന്നവര്‍, മുറ്റത്തു കുഴി കുഴിച്ചു അതിലിട്ട് കുത്തുന്നവര്‍.
നെല്ല് കൊയ്ത കറ്റ  തലയിലേറ്റി വരുന്നവര്‍, അത് മെതിക്കുന്നവര്‍.
കുരുമുളക് കാല് കൊണ്ട് ചവിട്ടി മെതിക്കുന്നവര്‍. 
അടക്ക പൊളിക്കുന്നവര്‍, പശുവിനെ കുളിപ്പിക്കുന്നവര്‍. 
ഒക്കെ എന്റെ ചോര തന്നെയാണ്..അമ്മമ്മ, അമ്മ, വല്യമ്മ...

എനിക്കൊരിക്കലും ഇത്തരം കായികാധ്വാനമുള്ള പണികളൊന്നും ചെയ്യേണ്ടി വന്നില്ലെങ്കിലും ഇതിന്റെയൊക്കെ ആകെത്തുകയാണ് എന്റെയും ജീവിതം. ജീവിതം പിന്നീട് എത്ര മുന്നോട്ട് പോയാലും തളിര്‍ത്തത് എവിടെയാണോ അവിടെയാണ് നമ്മള്‍ രൂപപ്പെടുന്നത് എന്ന് തോന്നാറുണ്ടഎ. അതാണ് യഥാര്‍ത്ഥ നാം.  

പല പേരില്‍ അറിയപ്പെട്ട റിമമാരാണ് ബേബിയും അമ്മുവും തങ്കമണിയും ഒക്കെ.

ഒറ്റ പെണ്‍കുട്ടിയായ എനിക്ക് അതിജീവിക്കാന്‍ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ശരീരത്തിന്റെ രാഷ്ട്രീയവും അറിയണമായിരുന്നു . അതിനപ്പുറം ജീവിതത്തിന്റെ രാഷ്ട്രീയം അറിയണമായിരുന്നു . കൂട്ടുകുടുംബത്തിലെ വളരുന്നത് കൊണ്ട് സഹജീവികളുടെ രാഷ്ട്രീയം അറിയണമായിരുന്നു . സഹനത്തിന്റെ രാഷ്ട്രീയം അറിയണമായിരുന്നു . പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടുന്നവരുടെയും രാഷ്ട്രീയം അറിയണമായിരുന്നു . 

പാഠപുസ്തകത്തില്‍ നിന്നും വളരെ കുറച്ചേ പഠിച്ചിട്ടുള്ളു . പഠിച്ചത് മുഴുവന്‍ ജീവിതത്തില്‍ നിന്നാണ്. ചുറ്റുപാടുകളില്‍ നിന്നും . 

എന്റെ ഭക്ഷണം, എന്റെ ശരീരം, എന്റെ ജീവിതം, എന്റെ മനുഷ്യാവകാശങ്ങള്‍ എന്നൊക്കെ ഞാന്‍  അറിയാതെ തന്നെ പഠിച്ച പാഠങ്ങളാണ് . 

അതൊക്കെ പഠിച്ചപ്പോഴാണ്  അവരെന്നെ റിബല്‍ എന്ന് വിളിച്ചു തുടങ്ങിയത്. അഹങ്കാരി എന്ന് പരിഗണിച്ചു തുടങ്ങിയതും. തേവിടിച്ചീ എന്ന് വിളിക്കുന്നപോലെ ചിലര്‍ ഫെമിനിച്ചി എന്ന് വിളിച്ചു തുടങ്ങിയതും അപ്പോഴാണ്. അപ്പോഴാണ് ഞാന്‍ ഞാനായത്. 

ഫെമിനിസം എന്നാല്‍ അവനവന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നത് കൂടിയാവണം.

ഫെമിനിസ്റ്റുകളില്‍ നല്ല ഫെമിനിസ്റ്റ്, ചീത്ത ഫൈമിനിസ്റ്റ് , മുഴുവന്‍ ഫെമിനിസ്റ്റ്, പകുതി ഫൈമിനിസ്റ്റ്, പാര്‍ട്ട് ടൈം ഫെമിനിസ്റ്റ്, ഫുള്‍ ടൈം ഫെമിനിസ്റ്റ് എന്നൊന്നുമില്ല. ഫെമിനിസ്റ്റ് എന്നാല്‍ ഫെമിനിസ്റ്റ് എന്ന് തന്നെയാണ് അര്‍ഥം . 

എന്നെ സംബന്ധിച്ചിടത്തോളം ഫെമിനിസം എന്നാല്‍ അവനവന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നത് കൂടിയാവണം. എന്നുവച്ചാല്‍ അവനവനു ഇഷ്ടമുള്ള പോലെ ജീവിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. എനിക്കെന്താണ് വേണ്ടത് എന്ന് ഞാന്‍ ചിന്തിക്കുകയും വളരെ കാലം കഷ്ടപ്പെട്ടാണെങ്കിലും അത് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.  അത് തന്നെയാണ് എനിക്ക് ഫെമിനിസവും. എന്റെ കുഞ്ഞുങ്ങള്‍ക്ക് എനിക്ക് കിട്ടിയതിനേക്കാള്‍ കുറച്ചു കൂടി മെച്ചപ്പെട്ട ജീവിത വീക്ഷണവും സ്വാതന്ത്ര്യവും വേണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. അവരെ അതിനു പ്രാപ്തരാക്കാന്‍, ചിന്തകളില്‍ സ്വാതന്ത്രരാക്കാന്‍ ശ്രമിക്കാറുണ്ട്. ചിന്തകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചാല്‍ , അവനവന് എന്തൊക്കെ വേണമെന്ന് വ്യക്തത കിട്ടിയാല്‍, അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ ഒരാള്‍ ഫെമിനിസ്റ്റ് ആയി എന്നാണ് ഞാന്‍ കരുതുന്നത് . 

സ്ത്രീകളെ സംബന്ധിച്ച് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ആദ്യം ഉണ്ടാവേണ്ടത് സാമ്പത്തിക സുസ്ഥിരതയാണ്. സാമ്പത്തിക സുസ്ഥിരത അല്ലെങ്കില്‍ വരുമാനമുള്ള ഒരു സ്ത്രീക്ക് മാത്രമേ സ്വന്തം ജീവിതം ഡിസൈന്‍ ചെയ്യാന്‍ കഴിയൂ. ഫെമിനിസം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. എല്ലാ സ്ത്രീകളും സ്വന്തം കാലില്‍ നില്‍ക്കുന്ന, സ്വപ്നങ്ങളെ പിന്തുടരുന്ന, സ്വാതന്ത്ര്യം നുകരുന്ന,  ഫെമിനിസ്റ്റുകള്‍ ആവുന്നതു വരെ നമുക്ക് അതിജീവിക്കാം. പിന്നെ ജീവിക്കാം. 

Follow Us:
Download App:
  • android
  • ios