Asianet News MalayalamAsianet News Malayalam

എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

Asha Suzan on the day when i became a feminist
Author
Thiruvananthapuram, First Published Jan 19, 2018, 8:29 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.
 

Asha Suzan on the day when i became a feminist

പണ്ടുള്ളവര്‍ പറയും അടുക്കള കണ്ടാലറിയാം ഒരു വീടിന്റെ സമൃദ്ധിയും വൃത്തിയും അച്ചടക്കവും എന്ന്. എന്തായാലും റീമയുടെ ഒരു പൊരിച്ച മീനില്‍ നിന്നും അടുക്കളയിലെ വിവേചനം ചര്‍ച്ച ചെയ്യാനും ചിന്തിക്കാനും ചിലരെങ്കിലും തിരുത്താനും തയ്യാറായത് വലിയ കാര്യം. അര്‍ഹിക്കാതെയും അധ്വാനിക്കാതെയും കിട്ടിയ പുരുഷവേഷത്തില്‍ അതിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കുന്നവര്‍ക്കറിയില്ല എന്താണ് പ്രിവിലേജ് എന്നും എന്താണ് സ്ത്രീവിവേചനമെന്നും. പന്ത്രണ്ടു വയസുകാരി പെണ്‍കുട്ടി ഒരു മീനിന്റെ പേരില്‍ കണ്ണ് നനയിച്ചതിനെ ട്രോള്‍ കൊണ്ട് എതിരേറ്റവരെല്ലാം ചോദിച്ച ഒരു ചോദ്യമുണ്ട്, ഇതൊക്കെ ഇപ്പോഴും ഉണ്ടോയെന്ന്. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോടായി എന്റെ പത്തു വയസുകാരി മോളുടെ പരാതിയും അവളുടെ ഏട്ടന്‍ അറിയാതെ അനുഭവിക്കുന്ന പ്രിവിലേജിനെപ്പറ്റിയും പറയാം.

ഞാനൊരു ഫെമിനിസ്റ്റാണ് എന്നൊരു പെണ്ണ് പറഞ്ഞാല്‍, അതല്ലെങ്കില്‍ ഫെമിനിസത്തെ പിന്തുണച്ചു സംസാരിച്ചാല്‍, നിങ്ങള്‍ ഭീകരവാദത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തുന്നു എന്ന രീതിയിലാണ് സമൂഹം അവളെ/അവനെ തുറിച്ചു നോക്കുന്നത്. അതില്‍ മലയാളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മലയാള ചലച്ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കുന്ന ചില പൊതുബോധങ്ങളുണ്ട്, അതിലൊന്നാണ് എന്താണ് ഒരു ഫെമിനിസ്റ്റ് എന്നത്.

സ്ത്രീ സ്വാന്ത്ര്യത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നോക്കിയാല്‍ കാണാം ആവര്‍ത്തന വിരസതയുളവാക്കുന്ന ഒരേ തരത്തിലുള്ള അനേകം ചോദ്യങ്ങള്‍. കെട്ടും മട്ടും വെവ്വേറെയാണെങ്കിലും ആ ചോദ്യങ്ങളുടെ പൊതുസ്വഭാവം ഒന്നായിരിക്കും. 'ഇന്നത്തെ സമൂഹത്തില്‍ ഏതു സ്ത്രീക്കാണ് സ്വാതന്ത്ര്യം ഇല്ലാത്തത്?'- ഇതാണ് ആ മില്യണ്‍ ഡോളര്‍ ചോദ്യം. ഇതിനൊക്കെ ഉത്തരം പറയാന്‍ നില്‍ക്കരുത്. കാരണം ചില ചോദ്യങ്ങള്‍ ഉത്തരത്തിനു വേണ്ടിയല്ല. സ്വയം ജയിച്ചേ എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

ഇനി ഞാന്‍ പറയാന്‍ പോകുന്ന സംഭവത്തില്‍ നിന്ന് മുകളിലുള്ള ചോദ്യത്തിനും ആരാണ് ഫെമിനിസ്‌റ്റെന്നു മനസ്സിലാക്കാന്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. പ്രവാസലോകത്തിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ നോക്കികാണുമ്പോള്‍ ഉള്ളിലൊരു തോന്നലുണ്ടായിരുന്നു, കാലത്തിന്റെ മാറ്റം നമ്മുടെ നാടും ഉള്‍ക്കൊള്ളുന്നുണ്ടെന്ന്. എന്നാല്‍ അവയെല്ലാം സുന്ദരമായ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന സത്യം തിരിച്ചറിയാന്‍ ഒരു ഒഴിവുകാലം വേണ്ടി വന്നു. 

'അതും കൂടി അമ്മയുടെ പുന്നാര മകന് കൊണ്ടോയി കൊട്.'

എന്നാണ് സ്വാതന്ത്ര്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നമ്മുടെ നാടിന്റെ പടികടന്നെത്തുക എന്നൊക്കെയാലോചിച്ചു കുന്തം വിഴുങ്ങി പണ്ടാരമടങ്ങി താടിക്ക് കൈയ്യും കൊടുത്തിരിക്കുകയായിരുന്നു ഞാന്‍. പതിവില്ലാത്ത ശബ്ദത്തിലുള്ള അമ്മൂട്ടിയുടെ കൊലുസിന്റെ നിലവിളി എന്റെ ചിന്തകളെ മുറിച്ചു.

അന്ന് വെള്ളിയാഴ്ചയോ ദുര്‍ഗ്ഗാഷ്ടമിയോ അല്ലാതിരുന്നിട്ടും അവളിലെ കാളീരൂപം വല്ലാതെ കലി തുള്ളി. യുദ്ധഭൂമി സംഘര്‍ഷഭരിതമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളില്‍ നോക്കി പുഞ്ചരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു, 'അമ്മൂസേ നമുക്കൊരു ചൂടന്‍ കാപ്പി കുടിച്ചാലോ?' അവളിലെ നാഗവല്ലിയെ തളക്കാന്‍ എന്റെ കാപ്പി മന്ത്രത്തിനു കഴിഞ്ഞില്ല. പകരം ഒരു പൊട്ടിത്തെറിയോടെ അവള്‍ പറഞ്ഞു, 'അതും കൂടി അമ്മയുടെ പുന്നാര മകന് കൊണ്ടോയി കൊട്.'

കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടിയ ഞാന്‍ കോടതിക്ക് മുന്നില്‍ പ്രതിക്ക് സത്യം ബോധിപ്പിക്കാന്‍ ഒരു അവസരം കൊടുത്തു.

ഇന്നത്തെ താരം ലാപ്‌ടോപ്പാണ്. അവള്‍ തേങ്ങിക്കൊണ്ട് പറഞ്ഞു, 'പപ്പയുടെ ലാപ്‌ടോപ്പില്‍ തൊടാന്‍ പോലും അവളുടെ ഏട്ടന്‍ സമ്മതിക്കുന്നില്ല. അവനിഷ്ടമുള്ള സിനിമയോ പ്രോഗ്രാമോ വെക്കും, അരികില്‍ മിണ്ടാതിരുന്നു കാണാമെങ്കില്‍ കാണാം, എനിക്കും കൂടി ഇഷ്ടമുള്ളതു വെക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കത്തില്ല'. 

ഇത്രയും പറഞ്ഞപ്പോഴേക്കും കരച്ചില്‍ ഉച്ചത്തിലായി. 'ഇവിടെ മനുഷ്യന്‍ ആകെ ടിവിക്ക് മുന്നിലിരിക്കുന്നതു സന്ധ്യക്ക് രണ്ടു സീരിയല്‍ കാണാനാ, അതു പോലും അപ്പനും മോനും കാണിക്കില്ല, പിന്നെയാ നിന്നെ'-ഈ ശബ്ദരേഖ മമ്മിയുടെയായിരുന്നു. ഇത് കേട്ടതും അടങ്ങിയിരുന്ന നമ്മുടെ നാഗവല്ലി വീണ്ടും സടകുടഞ്ഞെണീറ്റു ഞങ്ങള്‍ക്കിടയില്‍ കുമ്മനടിക്കാന്‍ വന്ന മമ്മിയോടായി പറഞ്ഞു, 'മമ്മിക്ക് അങ്ങനെ തന്നെ വേണം, മമ്മിയാണ് എല്ലാത്തിനും കാരണം'.

ഇത് കേട്ടതും ചോദ്യഭാവത്തില്‍ ഞാന്‍ അവളെ നോക്കി. 

അവള്‍ തുടര്‍ന്നു. 'അമ്മക്ക് അറിയോ, ഏട്ടന് പുറത്തെവിടെ വേണേലും കളിക്കാന്‍ പോവാം, തോട്ടില്‍ കുളിക്കാന്‍ പോവാം, അയല്‍വക്കത്തെ കൂട്ടുകാരുടെ വീട്ടില്‍ പോവാം, കളിക്കാം, സന്ധ്യക്ക് പള്ളിയില്‍ പോവാം, രാത്രി വരെ കൂട്ടുകാരോടൊപ്പം വര്‍ത്തമാനം പറഞ്ഞു വരാം, രാത്രിയിലെ ഏതുത്സവത്തിനും, ഗാനമേളക്കും, സിനിമക്കുമെല്ലാം കൂട്ടുകാരോടൊപ്പം പോവാം, ഇഷ്ടമുള്ള ഡ്രസ്സ് തിരഞ്ഞെടുക്കാം, എങ്ങനെ വേണേലും ഇരിക്കാം, നടക്കാം, ഒച്ചയിടാം, അങ്ങനെ എന്തും ചെയ്യാം, എനിക്ക് മാത്രം ഈ ഗേറ്റിന്റെ പടി കടക്കാന്‍ പാടില്ല'.

'എനിക്ക് എങ്ങനെ വേണേലും ഇരിക്കാം, ഞാനൊരു ആണ്‍കുട്ടിയാണ്, അതുപോലെയാണോ ഇവള്‍?

പെരുമ്പറ കൊട്ടി പെയ്യുന്ന മഴ പോലെ പരാതികള്‍ ചറപറാ വന്നു കൊണ്ടേ ഇരുന്നു. ഇനിയും പെയ്‌തൊഴിയാന്‍ ബാക്കി ചിലത് അവളില്‍ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു. അതിനവസരം കൊടുക്കാതെ ഞാന്‍ എതിര്‍കക്ഷിയെ വിളിച്ചു. ആണധികാരത്തിന്റെ സകല ഭാവവും ആവാഹിച്ചു പുത്രന്‍ തമ്പുരാന്‍ കോലായിലേക്ക് ആഗതനായി.

വന്നപാടെ അവളെ നോക്കിക്കൊണ്ടു പറഞ്ഞു 'ആദ്യം നീ മര്യാദക്ക് ഇരിക്കടീ'- അത്രയും നേരം അവളെ നോക്കി മിഴിച്ചിരുന്ന എനിക്ക് തോന്നാത്ത എന്ത് മര്യാദകേടാണ് ഒറ്റ നിമിഷത്തില്‍ ഇയാള്‍ കണ്ടുപിടിച്ചതെന്നറിയാന്‍ ഞാന്‍ വീണ്ടും അവളെ നോക്കി, കാലുകള്‍ രണ്ടും സെറ്റിയിലേക്ക് കേറ്റി വെച്ചാണ് അവളുടെ ഇരിപ്പ്. 

'എന്താണീയിരുപ്പിനു കുഴപ്പം?'- ചോദ്യം അവനോടായിരുന്നു. 

''അമ്മ ഇരിക്കുമ്പോലെയാണോ അവള്‍ ഇരിക്കുന്നത്?'- അതു ശരിയാണ്, ഞാന്‍ ഇരിക്കുന്നത് പോലെയല്ല, പക്ഷേ നീയിരിക്കുന്നത് പോലെയാണ് എന്നു ഞാനും പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ച മറുപടി തന്നെ അവിടെന്നു വന്നു. 

'എനിക്ക് എങ്ങനെ വേണേലും ഇരിക്കാം, ഞാനൊരു ആണ്‍കുട്ടിയാണ്, അതുപോലെയാണോ ഇവള്‍? ഒരു പെണ്‍കുട്ടിയാണോ ഇങ്ങനെ കിടന്നലറുന്നത്? തെല്ലൊരു സങ്കടത്തോടെ അവന്റെ വിവരക്കേടുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തു.

അവന്റെ കണ്ണിലെ പെണ്ണിന്റെ രൂപത്തിന് അമ്മയുടെ സ്വഭാവമായിരിക്കണം. അവനറിയുന്നില്ലല്ലോ, 'അരുത് അരുത് എന്ന മന്ത്രം കേട്ടു മറ്റൊരു വീട്ടിലേക്ക് ബലികൊടുക്കാന്‍ വേണ്ടി പോറ്റി വളര്‍ത്തുന്ന വളര്‍ത്തുമൃഗമായിരുന്നു അവന്റെയമ്മ എന്നത്. ആഗ്രഹങ്ങളില്ലാത്ത, സ്വയം നിശ്ശബ്ദയായ, സ്വന്തം ഇഷ്ടങ്ങളോ, ചിന്തകളോ എന്തെന്ന് പോലും അറിയാന്‍ ശ്രമിക്കാത്ത ഈ അമ്മയെയാണ് അവന്‍ അവളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നതെന്നോര്‍ത്തപ്പോള്‍ ഫീലിംഗ് പുച്ഞം തോന്നി.

അപ്പോള്‍ അവള്‍ക്ക് ഒരു ഫ്രീഡവും പാടില്ലേ എന്ന ചോദ്യത്തിനും കിട്ടിയത് പ്രതീക്ഷിച്ച മറുപടി തന്നെ. 'അവള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ ഞങ്ങള്‍ കൊടുക്കുന്നുണ്ട്'-ഇതേ മറുപടി പറയുന്ന ഒരുപാട് ഭര്‍ത്താക്കന്മാരേയും, എന്റെ ഭര്‍ത്താവ് എനിക്കെല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ടെന്നു പറയുന്ന മഹിളാരത്‌നങ്ങളെയും നമുക്ക് ചുറ്റും ധാരാളം കാണാം.

ആണ് എപ്പോഴാണ് പെണ്ണിന്റെ തമ്പുരാനായത്?

ആണ് ആവോളം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിച്ച പെണ്ണിന് നേരെ നീട്ടാന്‍ ആണ് എപ്പോഴാണ് പെണ്ണിന്റെ തമ്പുരാനായത്? സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടം പുരുഷന്റെ കയ്യിലാണോ? കസേരയില്‍ കാല്‍ കയറ്റിവെക്കുമ്പോള്‍ ആണിന് നഷ്ടപ്പെടാത്ത എന്താണ് പെണ്ണിനുള്ളത്? രാത്രിയും നിലാവും ആണിനാസ്വദിക്കാന്‍ മാത്രമായുള്ളതാണോ? ആണ്‍കുട്ടിയുടെ പ്രണയത്തെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ എന്തേ ഒരു പെണ്ണിന്റെ പ്രണയത്തെ, അവളുടെ ലൈംഗീക ചോദനയേ ഓര്‍ത്തു ഭയപ്പെടുന്നു?

കുടുംബത്തിന്റെ വരുമാന സ്രോതസ്സ് പെണ്ണാണെങ്കിലും പങ്കാളിയുടെ പുരുഷത്വത്തെ തൃപ്തിപ്പെടുത്താനായി അത് അവളല്ലായെന്ന് എന്തിനു അഭിനയിക്കേണ്ടി വരുന്നു? പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് കോപിക്കാന്‍ പാടില്ല? ഇല്ലാത്ത കന്യകാത്വത്തിന്റെ പേരില്‍ എന്തിനവളിലെ ലൈംഗികതയെ കുഞ്ഞിലേ കരിച്ചു കളയുന്നു? എന്നിങ്ങനെ അതുവരേയും കേട്ടതിനൊക്കെ നിരവധി ചോദ്യങ്ങള്‍ ഞാന്‍ അവനോട് ചോദിച്ചു കൊണ്ടേയിരുന്നു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജൈവികമായി വ്യത്യസ്തരാണെന്നതില്‍ തര്‍ക്കമില്ല, പക്ഷെ സാമൂഹ്യവല്‍ക്കരണം വ്യത്യസ്തതകളെ വര്‍ധിപ്പിക്കുകയും, അവയെ യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്നു.

ഇന്ന് അമ്മുവിന്റെ ലോകം വീടും, വിദ്യാലയവും മാത്രമാണ്, ഇന്ന് അവളുടെ വിരല്‍ ചൂണ്ടിയത് ഏട്ടന് നേരെ ആണെങ്കില്‍ നാളെ ഈ വിശാലമായ ലോകത്തിലെ പൊരുത്തക്കേടുകള്‍ക്ക് നേരെ അവള്‍ പ്രതികരിക്കുക തന്നെ ചെയ്യും. പെണ്ണിന് വേണ്ടി മാത്രം മാറ്റി വെക്കപ്പെട്ട ജോലിയോടും, ആചാരങ്ങളോടും കീഴ് വഴക്കങ്ങളോടും മുഖം തിരിക്കുകയും കൈചൂണ്ടുകയും ചെയ്യുന്ന ആത്മാഭിമാനമുള്ള ഒരു പെണ്ണിന് കിട്ടുന്ന പട്ടങ്ങളാണ് തന്റേടി എന്നത്, ഇതിന്റെ പരിഷ്‌ക്കരിച്ച പേരാണ് ഫെമിനിസ്റ്റ്.

എന്റെ കാലിലെ ചങ്ങലകളെ തിരിച്ചറിയാന്‍ എനിക്കു നീണ്ട മുപ്പതു വര്‍ഷങ്ങള്‍ വേണ്ടി വന്നപ്പോള്‍ അവളതു പത്തു വയസ്സിലേ മനസ്സിലാക്കി എന്നതില്‍ എനിക്കു സന്തോഷം തോന്നി, ഇന്ന് എന്റെ കുഞ്ഞുങ്ങള്‍ എന്തിനും പാകപ്പെടാന്‍ പരുവത്തിലുള്ള കളിമണ്ണാണ്, ഏതു രൂപത്തില്‍ ആക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിലേക്ക് മാറ്റാന്‍ കഴിയും, എന്നാല്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആണധികാരത്തിന്റെ തീച്ചൂളയില്‍ പാകപ്പെട്ട കലങ്ങളെ ഒരു പൊളിച്ചു വാര്‍ക്കലിന് സാധ്യമല്ലല്ലോ.

ഭരണഘടനയില്‍ രാജ്യത്തിലെ എല്ലാ പൗരനും തുല്യ അവകാശവും ,അവസരവും ഉണ്ട്. പൗരന്‍ എന്നതില്‍ ലിംഗഭേദമന്യേ എല്ലാവരും ഒരുപോലെ ഉള്‍പ്പെടും. ഈ ബാലപാഠം അറിയാവുന്ന ഏതൊരു ആണും പെണ്ണും ഫെമിനിസ്റ്റാണ്. അതുകൊണ്ടു തന്നെ അമ്മൂട്ടിയും ഒരു ചെറിയ വലിയ ഫെമിനിസ്റ്റാണ്.

Follow Us:
Download App:
  • android
  • ios