Asianet News MalayalamAsianet News Malayalam

അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

Junia jamal on the day i became feminist
Author
Thiruvananthapuram, First Published Feb 2, 2018, 8:23 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Junia jamal on the day i became feminist

ഡിഗ്രി ഒന്നാം വര്‍ഷം, ഇംഗ്ലീഷ് ക്ലാസ്. 

ഇന്ന് നമുക്ക് പഠിക്കാനുള്ളത് ഒരു ഫെമിനിസ്റ്റ് എസ്സേ ആണ്. ജൂഡി ബ്രഡിയുടെ 'Why I want a wife?' ക്ലാസിനു ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ടീച്ചര്‍ തുടര്‍ന്നു. 

'അതിനു മുന്‍പ് ഈ ക്ലാസ്സില്‍ എത്ര ഫെമിനിസ്റ്റുകളുണ്ട് എന്നെനിക്കറിയണം'

ഞങ്ങളാരും കൈ പൊക്കിയില്ല. 

സ്‌കൂള്‍ സമയങ്ങളിലും വീട്ടിലുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിലുണ്ടാക്കിയ കലഹങ്ങള്‍, ലിംഗവിവേചനത്തെ പറ്റി ചോദിച്ച സംശയങ്ങള്‍ എല്ലാം മനസ്സില്‍ നിറഞ്ഞു. മുമ്പാണ്. ഒരു വേദിയില്‍ ചിലര്‍ക്കിടയില്‍ നിന്നുള്ള സംസാരം ശ്രദ്ധിച്ചു. 'നമ്മള്‍ സ്ത്രീകള്‍ പ്രസവിക്കില്ലെന്ന് തീരുമാനിച്ചാല്‍ ലോകമേയില്ല'.  'അതിപ്പോള്‍ പുരുഷന്മാര്‍ ബീജസങ്കലനം നടത്തില്ലെന്ന് തീരുമാനിച്ചാലും അങ്ങനെ തന്നെ' എന്ന ഉത്തരമാണ് മനസ്സില്‍ വന്നത്. മനസ്സില്‍ ആ ഉത്തരം പറഞ്ഞു തിരികെ നടക്കുമ്പോള്‍, തൊട്ടപ്പുറത്തു മറ്റൊരാള്‍ പരിഹസിച്ചു  പറയുന്നതും കേട്ടു. 'ഫെമിനിസ്റ്റുകളാ... '

അപ്പോള്‍ അതാണ് ഫെമിനിസ്റ്റുകള്‍!

പിന്നെയാണ് 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' തുടങ്ങി അനേകം സിനിമകളിലെ ഫെമിനിസ്റ്റ് പരാമര്‍ശങ്ങള്‍ കേട്ടത്. 

'ഇരുന്നോളൂ, നീ ഒരു ഫെമിനിസ്റ്റ് തന്നെ' 

ആ എന്നോടാണ് ടീച്ചറിന്റെ ചോദ്യം. 

ഒരു കൈ പോലുമുയരാത്ത ക്ലാസ്സിനെ നോക്കി കുറച്ചു നേരം നിന്ന ശേഷം ടീച്ചര്‍ എന്നെ വിളിച്ചു. 

'ജുനിയ, നീ ഫെമിനിസ്റ്റല്ലേ?'

'ഞാന്‍... ടീച്ചര്‍.. എനിക്ക് പുരുഷന്മാരെ ഇഷ്ടമാണ്.. എന്റെ ജീവിതത്തില്‍ ഒരു പുരുഷനുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു (ഫെമിനിസ്റ്റുകള്‍ വിവാഹവിരോധികളാണ് എന്നാരോ പറഞ്ഞുകേട്ടതും ഓര്‍ത്താണ് ഞാന്‍ അത് ചേര്‍ത്തത് ). ഒരു ജെന്‍ഡറിനും പ്രത്യേക മേധാവിത്തം കിട്ടണമെന്ന് ഞാന്‍ കരുതുന്നില്ല.. അത് കൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ്റല്ല..'

ഒന്നു ചിരിച്ച ശേഷം ടീച്ചര്‍ എനിക്കെന്റെ ഭര്‍ത്താവിനെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ ചോദിച്ചു. 

'സ്‌നേഹമുള്ള, കെയര്‍ ചെയ്യുന്ന ഒരാളാവണം. എന്നെ മനസ്സിലാവുന്നൊരാള്‍. സമൂഹത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും അവകാശങ്ങള്‍ എനിക്കുമുണ്ടെന്ന് മനസ്സിലാക്കുന്ന ഒരാള്‍'

'ഭര്‍ത്താവിനെ പോലെ തുല്യാവകാശം നിനക്കും വേണമെന്ന് നീ കരുതുന്നുണ്ടോ ?'

'ഉണ്ട്'

'ഇരുന്നോളൂ, നീ ഒരു ഫെമിനിസ്റ്റ് തന്നെ' 

'ഞാന്‍!'

'പക്ഷെ ഞാന്‍ പുരുഷവിരോധിയല്ല'...കൂടുതല്‍ പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ ഞെട്ടലിലായിരുന്നു. സത്യത്തില്‍ ഞാന്‍ ഫെമിനിസ്റ്റായിരുന്നോ?

പാഠഭാഗം വിശദീകരിക്കുന്നതിനോടൊപ്പം ക്ലാസില്‍ ഓരോരുത്തരുടെയും ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങളും ചോദിച്ചിരുന്നു. 

സുന്ദരനും കരുത്തനും ആയ ഭര്‍ത്താവിനെ വേണമെന്നായിരുന്നു മിക്ക പെണ്‍കുട്ടികളുടെയും താല്‍പ്പര്യം. സുന്ദരിയും ശാലീനയും അനുസരണയുള്ളവളുമായ ഭാര്യയെ വേണമെന്നാണ് ആണ്‍കുട്ടികളേറെയും പറഞ്ഞത്. തന്റെ ഭാര്യ ബോള്‍ഡ് ആയിരിക്കണം എന്ന് പറഞ്ഞ ഒരു പയ്യനെ 'ഇവന് വട്ടാണോ പണി ഇരന്നു മേടിക്കാന്‍?' എന്ന അര്‍ത്ഥത്തില്‍ എല്ലാവരും നോക്കി. 

സമൂഹത്തിലെ ലിംഗവിവേചനത്തിനെതിരാണ് ഫെമിനിസം എന്നു ടീച്ചര്‍ പറഞ്ഞു. ലിംഗവിവേചനങ്ങള്‍ക്ക് വളം വെച്ചു കൊടുക്കുന്നതില്‍ പങ്കുള്ള, കണ്ണീരൊഴുക്കി സീരിയലുകളിലെ സര്‍വംസഹയായ മരുമക്കളും, ശാരീരികമായി കരുത്തര്‍ അല്ലെങ്കില്‍ നായകര്‍ ആകാത്ത നമ്മുടെ നായകസങ്കല്പങ്ങളുമെല്ലാം ആ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 

പക്ഷെ എന്റെ ചിന്തകള്‍ വീട്ടിലെത്തിയിട്ടും ആ വാക്കില്‍ തന്നെ തടഞ്ഞുനിന്നു. 

ഞാന്‍ ഫെമിനിസ്റ്റാണോ?

ആ ചോദ്യമായി പിന്നെയുള്ളില്‍. ഫെമിനിസത്തിന്റെ നിര്‍വ്വചനങ്ങള്‍, ചരിത്രങ്ങള്‍ എല്ലാം ഞാന്‍ തിരഞ്ഞു തുടങ്ങി. ഒപ്പം പലയിടങ്ങളിലായി ഞാന്‍ ചോദിച്ച ചോദ്യങ്ങളും കിട്ടിയ ഉത്തരങ്ങളും ഓര്‍മ്മ വന്നു. 

പ്രസവമുറിയില്‍ നിന്ന് പുറത്തു കൊണ്ടുവന്ന കുഞ്ഞ് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞപ്പോള്‍ ഒരാള്‍ 'ആഹ്, അപ്പൊ അതിവര്‍ക്കുള്ളതല്ല, ആരാന്റെ മുതലാണ്' എന്ന് പറഞ്ഞപ്പോള്‍, ഐഡന്റിറ്റി പോലും ഇല്ലാത്തവരാണോ പെണ്‍കുട്ടികള്‍ എന്ന ചോദ്യം എന്റെ മനസ്സിലുയര്‍ന്നു.  

കന്യകാത്വം ഒരു പളുങ്കു പാത്രമാണ്. പൊട്ടിയാല്‍ തീര്‍ന്നു.

'പെണ്‍കുട്ടികള്‍ ജനിച്ച വീടിന്റെയല്ല, മറ്റൊരു വീടിന്റെയാണ്. ഒരു പ്രായം കഴിഞ്ഞാല്‍ നീയുമതെ. അത് കൊണ്ടാണ് പെണ്‍കുട്ടികളെ അത്ര സൂക്ഷിച്ചു പേരുദോഷം കേള്‍പ്പിക്കാതെ വളര്‍ത്താന്‍ പറയുന്നത്'-എന്നായിരുന്നു മുന്നിലെത്തിയ ഉത്തരം. 

ആണ്‍കുട്ടികള്‍ പലതും പറയും. അവരെപോലെയല്ല നീ. നിന്റെ ശരീരം. നിന്റെ കന്യകാത്വം ഒരു പളുങ്കു പാത്രമാണ്. പൊട്ടിയാല്‍ തീര്‍ന്നു. അത് ഭര്‍ത്താവിന് മാത്രമുള്ളതാണ്'

പിന്നീട് ഞാന്‍ വളരുന്നതിനേക്കാള്‍ എന്നെ മറക്കാനും സമൂഹം പറയുന്ന രീതികളില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്നും ഞാന്‍ വിശ്വസിച്ചു. സാനിട്ടറി നാപ്കിന്‍ വളരെ ശ്രദ്ധാപൂര്‍വം പുസ്തകങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കണമെന്നും എന്റെ 'അശുദ്ധിയെ' പറ്റി ആണ്‍കുട്ടികള്‍ കേള്‍ക്കാതെ സംസാരിക്കണമെന്നും പഠിച്ചു. അല്ല അങ്ങനെ പഠിപ്പിച്ചു. 

സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ എടുത്തു തരുമ്പോള്‍, 'എന്നെ ഞാനായിട്ട് ഇഷ്ടപ്പെടുന്ന ആളല്ലേ വേണ്ടത് 'എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: ' അതേയ്, ആരാന്റെ മുതലാണ്. ദേഹം നോക്കിയാലേ നല്ല ആളും വരൂ. അല്ലേല്‍ വിറ്റുപോകില്ല. ഇവിടിരിക്കും'

വിറ്റുപോകേണ്ട വസ്തു! 

പൊതിഞ്ഞിരിക്കേണ്ട പലഹാരങ്ങള്‍!

ഉടവ് തട്ടാത്ത പാത്രം!

പൊതിഞ്ഞു വെച്ച വജ്രം!

ഉപമകള്‍ ഏറെയായിരുന്നു. നീയൊരു ചരക്ക് മാത്രമെന്ന് പറയുന്ന വിശേഷണങ്ങള്‍.

നല്ല പെണ്ണാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പിന്നെയുമൊരുപാടായിരുന്നു. 

ഒരു സല്‍ക്കാരം നടന്നാല്‍ അതില്‍ രണ്ടാം പന്തിക്കാരാണ് സ്ത്രീകള്‍ എന്ന് മനസിലാക്കി. പൊരിച്ചു വെച്ച വലിയ പുഴമീന്‍ കഷണങ്ങള്‍ ഞാന്‍  വിളമ്പുമ്പോള്‍ ഒരു  അമ്മായി വന്നു പറഞ്ഞു 'ആ നല്ല കഷണങ്ങള്‍ ആണുങ്ങള്‍ക്ക് വെച്ചേക്ക്, നമുക്ക് കുറച്ചു പൊട്ടിയതായാലും പ്രശ്‌നമില്ല' 

'അതെന്താ അമ്മായി? ഇതൊക്കെയുണ്ടാക്കാനേ നമ്മള്‍ വേണ്ടൂ, കഴിക്കാന്‍ പിന്നെ പൊട്ടും പൊടിയുമാണോ എന്ന ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

'അധികപ്രസംഗമൊന്നും വേണ്ട, ആണുങ്ങള്‍ക്ക് ഒരു പടി താഴെ തന്നേണ് പെണ്ണ് '-എന്ന ഉത്തരം. 

പ്രണയത്തിലേര്‍പ്പെടുന്ന പെണ്ണ് 'കുടുംബത്തെ ഓര്‍ക്കാത്തവളും' അതേ കാര്യം ചെയ്യുന്ന ആണ്‍ 'സ്വാഭാവികമായി ഇതൊക്കെ ചെയ്യേണ്ടയാളും എന്നും സമൂഹം പറഞ്ഞുതന്നു. 

രാത്രികള്‍ ആണുങ്ങളുടേതാണ്. പെണ്‍കുട്ടികള്‍ക്ക്  രാത്രി പേടിക്കേണ്ട ഒന്നാണെന്നും പറഞ്ഞു തന്നു. പീഡനങ്ങളുടെ കഥകള്‍ ഉറക്കെ കേള്‍പ്പിച്ചു. 
'അല്ലേലും, ആണ്‍കുട്ടികളുടെ കൈക്കരുത്തു പെണ്‍കുട്ടികള്‍ക്കുണ്ടാകില്ലലോ' എന്ന് പിന്നില്‍ പറയുന്നത് കേട്ടപ്പോള്‍ 'മതിയിനി കളിക്കാന്‍ പോയത്, ആ പ്രായമൊക്കെ തീര്‍ന്നു' എന്നെന്റെ കൂട്ടുകാരിയോട് അമ്മ  പറഞ്ഞതും എന്നാല്‍ ഇപ്പോഴും മുടങ്ങാതെ പാടത്തു കളിക്കാന്‍ പോകുന്ന അനിയന്റെ കാര്യം അവള്‍ കുറച്ചു പരിഹാസം കലര്‍ന്ന ചിരിയോടെ പറഞ്ഞതും ഓര്‍ത്തു. 

നല്ല പെണ്ണാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പിന്നെയുമൊരുപാടായിരുന്നു. 

നന്നായി പാചകം ചെയ്യാന്‍ അറിയുന്ന, നന്നായി വീട് വൃത്തിയാക്കുന്ന, എല്ലാ ജോലിയും പെട്ടന്ന് ചെയ്തു തീര്‍ക്കുന്ന, തനിക്കു അസുഖമാണെങ്കിലും അതൊന്നും മറ്റുള്ളവരെ അറിയിക്കാതെ എല്ലാം വൃത്തിയായി ചെയ്യുന്ന അടക്കവും ഒതുക്കവുമുള്ളവളാണ് നല്ല ഭാര്യ എന്ന് ഞാന്‍ ഓരോ ദിവസവും കേട്ടു. 
അത്രമേല്‍ ഭീകരിയും, മരുമകളുടെ കഴിവുകള്‍ പരീക്ഷിക്കുന്നവളുമായ അമ്മായി അമ്മയുടെ മുന്നില്‍ തോറ്റു പോകാതെ എല്ലാറ്റിലും ജയിക്കാന്‍ കഴിയുന്നതായിരുന്നു തറവാട്ടിലെ അകത്തളങ്ങളിലെ സ്ത്രീകളുടെ  ജീവിതത്തിലെ സുപ്രധാന പരീക്ഷ. 

വഴക്കുകള്‍ക്കിടയില്‍ 'ഈ തറവാട്ടിലെ പെണ്ണുങ്ങളുടെ ശബ്ദം വീടിനപ്പുറത്തേക്ക് കേട്ടിട്ടില്ല' എന്ന് അഭിമാനത്തോടെ പറയുന്ന കാരണവന്മാര്‍. ഉയര്‍ത്തിയ ശബ്ദങ്ങള്‍ക്കെല്ലാം കേട്ട അധികപ്രസംഗി എന്ന പേര്. 

ലൈംഗികതയെ പറ്റി സംസാരിക്കുന്നത് നല്ല പെണ്ണിന് ചേര്‍ന്നതല്ല എന്ന ഉപദേശം. 

വിവാഹാലോചനകള്‍ നിരസിക്കുമ്പോള്‍ നിനക്ക് കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു ചോദിച്ചു. 'എങ്കിലിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ജോലിയില്ലാത്ത പയ്യനെ ഞാന്‍ കല്യാണം കഴിക്കാം. അയാള്‍ക്കും അത് പോലെ പഠിക്കാമല്ലോ? പറ്റില്ലേ? എങ്കില്‍ അയാളെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ എനിക്കുമില്ലേ ആഗ്രഹങ്ങള്‍?'

ചോദ്യങ്ങള്‍. ശകാരങ്ങള്‍. മിണ്ടരുതെന്ന് ചൂണ്ടിയ വിരലുകള്‍. മാറ്റിവെച്ച സ്വപ്നങ്ങള്‍.
 
നിഷേധിക്കപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍.

അധികപ്രസംഗി, തന്റേടി തുടങ്ങിയ പേരുകളില്‍ അതും കേട്ടു. ആ വിളിപ്പേര്. ഫെമിനിസ്റ്റ്!

ഞാന്‍ എന്നേ ഫെമിനിസ്റ്റായിരുന്നു. പക്ഷെ ഫെമിനിസ്റ്റ് എന്നാല്‍ പുരുഷവിരോധിയും സ്ത്രീകളുടെ മേധാവിത്വം ആഗ്രഹിക്കുന്നവളും അങ്ങനെയുള്ള പെണ്ണുങ്ങളും മാത്രമുള്‍പ്പെടുന്ന ഒന്നായിരുന്നു എനിക്ക്, അന്ന് ആ ക്ലാസ് വരെ. 

സമൂഹം കല്‍പ്പിച്ചുതന്ന ചട്ടക്കൂടുകള്‍ക്കും യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്കുമപ്പുറത്തേക്ക് ഇന്നും സഞ്ചരിക്കുന്നു. 

ചുറ്റുമുള്ള വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സ്ത്രീവിരോധം വെച്ചു പുലര്‍ത്തുന്നത് കണ്ടു ചോദ്യം ചെയ്തപ്പോളെല്ലാം ഞാന്‍ 'നല്ല പെണ്ണുങ്ങളുടെ' ലിസ്റ്റില്‍ നിന്നും പുറത്തായി.

ലജ്ജ അലങ്കാരമായ, ചോദ്യങ്ങള്‍ ചോദിക്കാത്ത, എന്നേ പോലെ തര്‍ക്കുത്തരങ്ങള്‍ പറയാത്ത, 'എന്റെ കൂടെ വരുവോ? എനിക്ക് പേടിയാവുന്നു. ആണുങ്ങളില്ലാതെ അങ്ങോട്ടൊന്നും പറ്റില്ല' എന്നിങ്ങനെ പറയുന്ന കുലീനകളുടെ കൂട്ടത്തില്‍ പെടാത്തതിന് കടുത്ത അമര്‍ഷങ്ങള്‍ ചുറ്റുമുണ്ട്. 

പ്രസംഗമത്സരത്തിന് പോകാന്‍ നില്‍ക്കുകയാണ് മകള്‍ എന്ന് പറഞ്ഞപ്പോള്‍ 'ഇത് മാതിരി സ്വാതന്ത്ര്യങ്ങളൊക്കെ കിട്ടിയിട്ടാണ് നിന്റെ മോള്‍ക്ക് ഇങ്ങനെയുള്ള ഓരോ ചിന്തകളൊക്കെ. ഇങ്ങനെ വാ തുറക്കുന്നത് നിര്‍ത്തിയാല്‍ തന്നെ പകുതി ശരിയാകും' എന്ന ഉപദേശം കൊടുത്ത ബന്ധുക്കള്‍. ഇങ്ങനെ ഉള്ള പെണ്ണിനെ ഏത് ആണാണ് ഇഷ്ടപ്പെടുക എന്ന് പറയുന്നവര്‍. 20 വയസ്സ് കഴിഞ്ഞത് കൊണ്ട് ഞാന്‍ കല്യാണം കഴിക്കേണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു എന്ന് കരുതുന്ന നാട്ടുകാര്‍. ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിനു അതേ എന്നും  ലിംഗസമത്വം അവകാശമാണെന്നും പറഞ്ഞപ്പോള്‍  'തിന്നു തിന്നു എല്ലില്‍കുത്തി പുരോഗമനം വിളിച്ചുപറയാന്‍ നടക്കുന്ന കൊച്ചമ്മ' എന്ന് കളിയാക്കിയ കൂട്ടുകാരുള്‍പ്പടെ ഒരുപാട് പേര്‍.. 

ചോദിച്ച ചോദ്യങ്ങളുടെ പേരില്‍ അഭിമാനമേയുള്ളു. പക്ഷെ കുറ്റബോധവുമുണ്ട്. സമൂഹത്തിനു വേണ്ടത് അവരൊരുക്കിയ പുരുഷമേധാവിത്വ ചട്ടക്കൂടുകള്‍ക്കുള്ളിലെ, സ്വന്തം താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ നല്ല പെണ്ണ് എന്ന് പറഞ്ഞു അംഗീകരിക്കാന്‍ കുറച്ചു ബൊമ്മകളെയാണ് എന്ന് തിരിച്ചറിയുന്നതിന് മുന്നേ, ഇതെല്ലാമാണ് ശരി എന്ന് വിശ്വസിച്ചിരുന്ന സമയത്തെ കുറിച്ചോര്‍ക്കുമ്പോള്‍. 

എന്റെ മുന്നില്‍ നിന്ന് കരഞ്ഞ കൂട്ടുകാരനോട് 'അയ്യേ, ആണ്‍കുട്ടികള്‍ കരയില്ല' എന്ന് പറഞ്ഞപ്പോള്‍ 'അതെന്താ? ഞങ്ങള്‍ക്കുമില്ലേ വികാരങ്ങള്‍?' എന്ന് എന്നോട് തിരിച്ചു ചോദിച്ച അവനായിരുന്നു ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ട, കൂട്ടുകാര്‍ക്കിടയിലെ  ആദ്യ ഫെമിനിസ്റ്റ്.

ഞാന്‍ ഫെമിനിസ്റ്റാണ് എന്ന് പറയാനുള്ള ധൈര്യം വരാന്‍ എനിക്ക് ടീച്ചര്‍ വേണ്ടി വന്നു.പലര്‍ക്കും ഇനിയും മനസിലാക്കാന്‍ അത് പോലെ ആരെങ്കിലും വരണമായിരിക്കാം.  

എന്റെ ഉമ്മയാണ് ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്. 

പക്ഷെ സമൂഹത്തിനെ ഭയന്ന് വളരണം എന്ന് കൂടെക്കൂടെ താക്കീത് ചെയ്യുന്ന, ഇതേ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോഴും, മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍, പെണ്ണുങ്ങള്‍ രാവിലെ പത്രം വായിക്കാനല്ല ചായപ്പണി നോക്കാനാണ് പഠിക്കേണ്ടത് എന്ന് പറയുന്ന, എന്നാല്‍ പത്രക്കാരനോട്, അവള്‍ വായിക്കുമെന്നു പറയുന്ന, തിരക്കിനിടയില്‍ പത്രം നോക്കാന്‍ വിട്ടുവെന്നു തോന്നിയാല്‍ ഞാനിരിക്കുന്ന സ്ഥലത്തേക്ക് കുറച്ചു ശബ്ദമുണ്ടാക്കി പത്രമെറിയുന്ന എന്റെ ഉമ്മയാണ് ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്. 

സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി കൈനീട്ടരുത് ജോലി ഉണ്ടാകണം എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുന്ന, കടയില്‍ പോകാനറിയണമെന്നും പേടിക്കേണ്ട ഒന്നല്ല ബാങ്ക് എന്നും പറഞ്ഞു സ്വയം പര്യാപ്തയാക്കാന്‍ ശ്രമിക്കുന്ന, ഞാന്‍ ലിംഗസമത്വത്തെ പറ്റി  തര്‍ക്കിക്കുമ്പോള്‍ ശകാരിക്കുകയും പിന്നെ, അവള്‍ പറഞ്ഞതിലും കാര്യമുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്ന ഉമ്മ. ഉമ്മ അതൊരിക്കലും അംഗീകരിക്കാനിടയില്ല. പക്ഷെ എന്നിലുണ്ടായ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉമ്മയെ ചുറ്റിപറ്റി കൂടെയായിരുന്നു. ഉയരരുത് എന്ന് പറഞ്ഞ നാക്കിനെയും അനുസരണയുടെയും അച്ചടക്കത്തിന്റെയും നല്ല പെണ്ണ് എന്ന കാഴ്ചപ്പാടിനെയും പറ്റിയായിരുന്നു. 

ഫെമിനിസം എന്താണെന്നു ശരിയായി മനസിലാക്കിയ, ലിംഗസമത്വം സ്വപ്നം കാണുന്ന ആരും പറയാന്‍ മടിക്കില്ല ഞാന്‍ ഫെമിനിസ്റ്റാണ് എന്ന്. ഫെമിനിസം എന്താണെന്നു മനസിലാക്കാത്ത ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്. മനസിലാക്കിയവരെ വെറുക്കുന്നവരുണ്ട്.   

പക്ഷെ, സമൂഹത്തിന്റെ ആണത്തമേല്‍ക്കോയ്മയുടെ  ചട്ടക്കൂടുകള്‍ക്കുള്ളില്‍ വളരുന്ന, അത് കാണുന്ന, ചോദ്യങ്ങള്‍ ചോദിക്കുന്ന ഇടങ്ങളെല്ലാം ഇനിയും ഫെമിനിസ്റ്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?
 

Follow Us:
Download App:
  • android
  • ios