Asianet News MalayalamAsianet News Malayalam

വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി

Mili on the day i became feminist
Author
Thiruvananthapuram, First Published Feb 3, 2018, 5:45 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Mili on the day i became feminist

എന്നാണ് ഞാനൊരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് കൃത്യമായി പറയാന്‍ അറിയില്ല. വീട്ടിലെ ഒരേ ഒരു പുത്രി ആയതിനാല്‍ ഒരു തരത്തിലുള്ള വിവേചനവും അറിഞ്ഞിട്ടില്ല. തന്നെയുമല്ല അതിന്റെ ഒരു പാട് സുഖങ്ങള്‍ അറിഞ്ഞാണ് വളര്‍ന്നതും. ഭക്ഷണത്തിനായാലും, വസ്ത്രത്തിനായാലും ആദ്യ പരിഗണന കിട്ടിയിരുന്നു .പക്ഷെ വളര്‍ന്നു വന്നപ്പോള്‍ തിരിച്ചറിഞ്ഞു, കൂടെ ഉള്ള ആണ്‍കുട്ടികളായ  കസിന്‍സിനുള്ള  പല സ്വാതന്ത്ര്യങ്ങളും എനിക്കും മറ്റുള്ള പെണ്‍കുട്ടികള്‍ക്കും നിഷേധിക്കപെടുന്നുണ്ട് എന്ന്. 

അന്ന് ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഇടയിലെ സ്ഥിരം പല്ലവി ആയിരുന്നു, 'ശ്ശോ..നമുക്ക് ആണായി ജനിച്ചാല്‍ മതിയായിരുന്നു' എന്നത്. ഉത്സവ പറമ്പുകളിലെ  കലാപരിപാടികളും സെക്കന്റ് ഷോ കളും അവര്‍ തനിയെ പോയി ആസ്വദിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അതെല്ലാം ആസ്വദിക്കാന്‍ അവസരം കിട്ടിയിരുന്നത് മുതിര്‍ന്നവരുടെ കാരുണ്യം കൊണ്ട് മാത്രം ആയിരുന്നു. പോകെപ്പോകെ തിരിച്ചറിഞ്ഞു, ഞാനും അവനും തമ്മില്‍ ഒരു പാട് അന്തരം ഉണ്ട്! അവനു പ്രത്യേക പരിഗണന എവിടെയും ഉണ്ട്!

ചിലപ്പോഴെങ്കിലും ഈ വിവേചനത്തെ ചോദ്യം ചെയ്തിരുന്നു. പിന്നെ എല്ലാവരെയും പോലെ അതങ്ങു ശീലം ആയി.നാളെ വേറൊരു വീട്ടില്‍ ചെന്ന് കയറാനുള്ളതാണ് എന്ന പല്ലവി ദിവസവും ഒരു പത്തു പ്രാവശ്യം എങ്കിലും കേട്ട് കേട്ട് മനസ്സില്‍ തറച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, പൊട്ടിച്ചിരികളെ വാപൊത്തി അമര്‍ത്തി, വീട്ടു ജോലികള്‍ നന്നായി പഠിച്ചു, ആചാരാനുഷ്ഠാനങ്ങള്‍ കടുകിടെ തെറ്റാതെ പാലിച്ചു, ആരെയും പ്രേമിക്കില്ലെന്നും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും മനസ്സില്‍ ഉറപ്പിച്ചു കൊണ്ട്, നന്നായി പഠിച്ചു, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ആയി വളര്‍ന്നു. 

ഇരുപത്തി മൂന്ന് വയസ്സില്‍ വിവാഹിത ആയി. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് അല്ലെങ്കില്‍ ഒരു ഫെമിനിസ്റ്റ് എന്റെ ഉള്ളില്‍  ഉറങ്ങി കിടപ്പുണ്ട് എന്ന് പതുക്കെ പതുക്കെ തിരിച്ചറിയാന്‍ തുടങ്ങി. ആണ്‍വീട്ടുകാര്‍ക്കു കിട്ടുന്ന മുന്തിയ പരിഗണനയും പെണ്‍ വീട്ടുകാര്‍ക്കു കിട്ടുന്ന അവഗണനയും ചോദ്യം ചെയ്യപ്പെടണം എന്ന് തോന്നി തുടങ്ങി. സ്വന്തം വീട്ടില്‍ ഒന്ന് പോയി നില്‍ക്കണമെങ്കില്‍ അമ്മായി അമ്മയുടെ പെര്‍മിഷന്‍  വേണമായിരുന്നു. എന്റെ പ്രതിഷേധം തുടങ്ങുന്നത് അവിടെ നിന്നാണ്. ഭര്‍ത്താവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും കിട്ടുന്ന പരിഗണന എന്റെ അച്ഛനും അമ്മക്കും ബന്ധുക്കള്‍ക്കും നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പിച്ചു.

പലപ്പോഴും എന്റെ അച്ഛനും അമ്മയും ഞാനും രണ്ടാം തരം പൗരന്മാരായി കണക്കാക്കപ്പെട്ടു. അതിനു പിന്നിലെ ന്യായങ്ങള്‍ എനിക്ക് ഒട്ടും ദഹിക്കുന്നില്ലായിരുന്നു. ഞാന്‍ പതുക്കെ പ്രതികരിക്കാന്‍ തീരുമാനിച്ചു. എന്റെ വാദങ്ങളില്‍ ന്യായമുണ്ട് എന്ന് ഭര്‍ത്താവിന്  നല്ല ബോധ്യം ഉണ്ടായിരുന്നു. കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ പൊരുതിക്കൊണ്ടേ ഇരുന്നു. വന്നു കയറിയ പെണ്ണ് ഏതാണ്ട് ഒരു അടിമയെ പോലെ ആണ് എന്ന് വിശ്വസിച്ചിരുന്ന ചിലരില്‍ നിന്ന് ഞങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു കുടുംബത്തില്‍ സ്ത്രീയും പുരുഷനും ഒരേ പോലെ ആണെന്നും ഒരുമിച്ചു തീരുമാനങ്ങള്‍ എടുക്കണം എന്നും ആരോഗ്യകരമായ ഒരു വിവാഹ ജീവിതത്തില്‍ വ്യക്തി സ്വാതന്ത്ര്യം പ്രധാനം ആണെന്നും ആണ് ഞങ്ങളുടെ പക്ഷം.

രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെനിക്ക്. വേറൊരു വീട്ടില്‍ പോയി ജീവിക്കേണ്ടതാണ് നിങ്ങള്‍ എന്ന് ഒരിക്കല്‍ പോലും അവരോടു പറഞ്ഞിട്ടില്ല. ആരും അങ്ങനെ പറയാനും സമ്മതിക്കാറില്ല. വിദ്യാഭ്യാസം നേടേണ്ടതിന്റെയും, സ്വതന്ത്ര ആവേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കും. എനിക്ക് ഇവരില്‍ ഇന്നത്തെ പെണ്‍കുഞ്ഞുങ്ങളില്‍ പ്രതീക്ഷയുണ്ട് ഞങ്ങള്‍ കണ്ട സ്വപ്ന ലോകം നാളെ ഇവര്‍ സ്വന്തം ആക്കും എന്ന് വിശ്വസിക്കുന്നു. അതിരുകളില്ലാത്ത ആകാശത്തു അവര്‍ ചിറകു വിരിച്ചു പറന്നുയരുന്നത്  കാണാന്‍ പറ്റും എന്ന് പ്രത്യാശിക്കുന്നു.

വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി എന്ന് സംശയം ഇല്ലാതെ പറയാം.

ഇതെഴുതുമ്പോഴും, പത്തും ഇരുപതും കൊല്ലമായി അനീതികള്‍ നിശബ്ദം സഹിച്ചു അസുഖം ബാധിച്ച സ്വന്തം അച്ഛനെയും അമ്മയെയും ഒന്നു പരിചരിക്കാന്‍ കഴിയാതെ, ഒരു ആഘോഷ അവസരങ്ങളില്‍ പോലും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ, ഞാനൊരു നന്ദി ഇല്ലാത്തവളാണ് എന്ന് സ്വയം ശപിച്ചുകൊണ്ട് കഴിച്ചു കൂട്ടുന്ന ഒരു പാട് പേരെ അറിയാം. അവരോടു നമ്മള്‍ എന്താണ് പറയേണ്ടത് അറിയില്ല.

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

ചിത്രാ വിജയന്‍: സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!
 

Follow Us:
Download App:
  • android
  • ios