Asianet News MalayalamAsianet News Malayalam

ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

Niju Ann Philip on the day when i became A feminist
Author
Thiruvananthapuram, First Published Jan 22, 2018, 4:51 PM IST

മുന്‍പ് രണ്ടു തലമുറയില്‍ എന്റെ വീട്ടില്‍ ജീവിച്ച പെണ്ണുങ്ങളുടെ വിധി എനിക്കുണ്ടാവാതിരുന്നത് എന്റെ നിരന്തര കലഹങ്ങള്‍ കൊണ്ട് തന്നെയാണ്.
അത് കൊണ്ട്, വറുത്ത മീന്‍ റിമയുടെ മാത്രം കഥയല്ല.

Niju Ann Philip on the day when i became A feminist
ഞാനെങ്ങനെയാണ് ഫെമിനിസ്റ്റ് ആയത് എന്നെനിക്ക് ഓര്‍മ്മയില്ല. എങ്കിലും ഓര്‍മ്മ വെച്ച കാലം മുതല്‍ എല്ലാത്തരം വിവേചനങ്ങളോടും ഞാന്‍ പ്രതികരിച്ചിരുന്നു. ലിംഗവിവേചനം എന്നെ അന്നെന്നപോലെ ഇപ്പോഴും ചൊടിപ്പിക്കാറുണ്ട്.

എനിക്ക് ആറ് വയസുള്ളപ്പോഴാണ് അനിയന്‍ ജനിക്കുന്നത്. അത്രയും കാലം എന്റെ വീട്ടില്‍ ഞാന്‍ പ്രത്യേകാധികാരങ്ങളും വിശേഷവകാശങ്ങളും ഉള്ള പെണ്‍കുട്ടിയായിരുന്നു.

-അറവാതിലില്‍ കയറി പെണ്‍കുട്ടികള്‍ നില്‍ക്കരുത്
-അരവാതിലില്‍ ഇരുന്ന് ആടരുത്
-ഉമ്മറത്ത് ഇരിക്കരുത്
-ചാരുകസേരയുടെ കൈ വരിയില്‍ കാല്‍കയറ്റി വയ്ക്കരുത്

ഇങ്ങനെ നൂറായിരം അരുതുകള്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ അവയൊക്കെ നിഷേധിച്ചു. ഇഷ്ടമുള്ളതൊക്കെ ചെയ്തു.

ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ റിബല്‍ ആയിരുന്നു. എട്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്ള വീട്ടില്‍ ജനിച്ച അമ്മയ്ക്ക് ഞാന്‍ ജനിച്ചപ്പോള്‍ വലിയ സങ്കടമായിരുന്നെന്നു കേട്ടിട്ടുണ്ട്.അത് കൊണ്ട് തന്നെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അനിയന്‍ ജനിച്ചപ്പോള്‍ അമ്മയുടെ ആഗ്രഹം സഫലമായത് കൊണ്ട് അവനു 'സഫല്‍' എന്ന് പേരിട്ടു അമ്മ. അപ്പയും സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തുമായിരുന്നെങ്കിലും,അതൊക്കെ എന്നില്‍ കുത്തിവെക്കാന്‍ നോക്കിയിരുന്നെങ്കിലും എന്നോട് അനല്പമായ വാത്സല്യം ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അതൊക്കെ എനിക്ക് അനുകൂലമാക്കിയെടുത്തു.

അനിയന്‍ എന്റെ ജീവന്‍ ആയിരുന്നെങ്കിലും,അമ്മ അവനു കൊടുക്കുന്ന വിശിഷ്ട പരിഗണനകളില്‍ ഞാന്‍ വലിയ അസ്വസ്ഥയായിരുന്നു.വറുത്ത മീന്‍,മ ാഗ്ഗി നൂഡില്‍സ്, ബൗര്‍ബോണ്‍ ബിസ്‌ക്കറ്റ് തുടങ്ങിയ അനുകൂല്യങ്ങളില്‍ ഞാന്‍ നിരന്തരം വഴക്കിട്ടു.എത്ര കാറിക്കരഞ്ഞും ഞാന്‍ എനിക്ക് അവശ്യമുള്ളവ സ്വന്തമാക്കിയിരുന്നു.കേവലം ഭക്ഷണത്തെക്കാള്‍ വീട്ടില്‍ ഞാന്‍ രണ്ടാം തരക്കാരിയായി പരിഗണിക്കപ്പെടുന്നു എന്ന തോന്നല്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു.

അമ്മയാകട്ടെ നിരന്തരം എന്നെ ഉപദേശിച്ചിരുന്നു. എട്ടു സഹോദരിമാരും തങ്ങള്‍ക്ക് ആകെ ഉള്ള സഹോദരന് (മോന്‍) തങ്ങള്‍ക്ക് കിട്ടിയ മുട്ട കൊടുക്കുന്നതിനെ പറ്റിയും, മോന് കരിമീന്‍ വറുത്തത് നല്‍കി ചാരിതാര്‍ഥ്യം അനുഭവിച്ചതിനെ കുറിച്ചും വാചാലയാകുമ്പോള്‍ ഞാന്‍ അമ്മയോട് 'എന്നിട്ട് അമ്മയ്ക്ക് എന്ത് പ്രയോജനമാണ് അത് കൊണ്ട് കിട്ടിയിരുന്നത്' എന്ന് ചോദിക്കുമായിരുന്നു.

വ്യക്തിയെന്ന നിലയില്‍ എന്നെ പരിഗണിക്കാത്ത ഒരു ബന്ധങ്ങളും ഞാന്‍ മുന്‍പോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല.

അഭിപ്രായം പറയുമ്പോള്‍ പലപ്പോഴും ആണ്‍കുട്ടികളെ ബഹുമാനിക്കാത്തവള്‍ എന്ന വിമര്‍ശനം കോളേജില്‍ സഹപാഠികളില്‍ നിന്ന് കേട്ടിട്ടുണ്ട്. അവരെ ബഹുമാനിക്കെന്നു ഉപദേശിക്കുന്ന പെണ്‌സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്കും നിനക്കും ലഭിക്കേണ്ട ബഹുമാനം കിട്ടാത്തത്,നിന്നെ ബാധിക്കാത്തത് എന്ത് കൊണ്ടാണെന്ന് തിരിച്ചു ചോദിച്ചിട്ടുണ്ട്.

സുഹൃത്തുക്കളില്‍ ആണും പെണ്ണും ഉണ്ടായിരുന്നിട്ടുണ്ട് എല്ലാ കാലത്തും. വ്യക്തിയെന്ന നിലയില്‍ എന്നെ പരിഗണിക്കാത്ത ഒരു ബന്ധങ്ങളും ഞാന്‍ മുന്‍പോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല.

എന്റെ ബന്ധത്തില്‍ ഒരു പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു,വീട്ടിലെ മുഴുവന്‍ പണികളും പരാതികളില്ലാതെ ചെയ്യുന്നത് കാണിച്ച് 'അവളെപ്പോലെ നല്ല കുട്ടിയാകാന്‍' ഉപദേശിച്ച ബന്ധുജനങ്ങളും എനിക്കുണ്ടായിരുന്നു. ആങ്ങളമാരുടെ തുണികള്‍ കഴുകാനും, മീന്‍ചാറു കൂട്ടി ചട്ടിയില്‍ ചോറുണ്ണാനും, മുറ്റം തൂക്കാനും മാത്രമല്ല സ്വന്തം വിവാഹകാര്യത്തില്‍ പോലും സ്വന്തമായ യാതൊരു അഭിപ്രായവുമില്ലാത്ത അവളോട് എനിക്ക് സഹതാപം പോലും തോന്നുന്നില്ല. 

അമ്മയാകട്ടെ ഒരിക്കലും നല്ല കറികള്‍ കൂട്ടി ഭക്ഷണം കഴിക്കാതെ, നല്ലതൊന്നും ആസ്വദിക്കാതെ അതൊക്കെ മകന് വേണ്ടി, അപ്പയ്ക്ക് വേണ്ടി മാറ്റി വെച്ചു.

-ആണാണെങ്കില്‍ ആഞ്ഞിലിക്കാ കുരു.

-ആണ് വില കല്ലു വില.

-നായ കിടന്നിടം,നാരീ നടിച്ചിടം നശിച്ചടും.

-പെണ്ണടികൊണ്ട പെരുമ്പറയാ നിന്നോടാരു ഗുണം ചെയ്യും.

എന്നിങ്ങനെ കുറെ പഴഞ്ചൊല്ലുകളും ശൈലികളും

-നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍ 

-കനകം മൂലം കാമിനി മൂലം 
കലഹം പലവിധമുലകില്‍ സുലഭം

എന്നിങ്ങനെ കുറെ കവിതാ ശകലങ്ങളും ഉറക്കെ ചൊല്ലി എന്നെ അടക്കി നിര്‍ത്താന്‍ പലപ്പോഴും നോക്കിയിരുന്നെങ്കിലും നിരന്തര കലഹങ്ങള്‍ കൊണ്ട് ഞാന്‍ ഇവയോടൊക്കെ എതിര്‍ത്തു നിന്നു.

എന്റെ വിവാഹത്തിലും ജീവിതത്തിലും എനിക്ക് എന്‍േറതായ തിരഞ്ഞെടുപ്പുകളും നിലപാടുകളും ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് നിഷേധിക്കാനാവാത്ത വിധം നിലപാടുകള്‍ എനിക്കുണ്ടായിരുന്നു. എന്തിനും ഏതിനും എന്റെ അഭിപ്രായം കൂടി ചോദിക്കുന്ന തരത്തില്‍ ഞാന്‍ എന്‍േറതായ ഒരു സ്ഥാനം എന്റെ വീട്ടില്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു.

മുന്‍പ് രണ്ടു തലമുറയില്‍ എന്റെ വീട്ടില്‍ ജീവിച്ച പെണ്ണുങ്ങളുടെ വിധി എനിക്കുണ്ടാവാതിരുന്നത് എന്റെ നിരന്തര കലഹങ്ങള്‍ കൊണ്ട് തന്നെയാണ്.
അത് കൊണ്ട്, വറുത്ത മീന്‍ റിമയുടെ മാത്രം കഥയല്ല.

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!​

Follow Us:
Download App:
  • android
  • ios