Asianet News MalayalamAsianet News Malayalam

'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

Saira Mohmad on the day i became feminist
Author
Thiruvananthapuram, First Published Jan 27, 2018, 9:01 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Saira Mohmad on the day i became feminist

ഫെമിനിസ്റ്റ് എന്ന വാക്ക് ആദ്യമായി കേട്ടത് സ്‌കൂള്‍ കാലത്താണ്. വീട്ടില്‍ ഞങ്ങള്‍ കുറെ പെണ്‍കുട്ടികള്‍ക്കിടയിലെ ഏക ആണ്‍കുട്ടി എന്ന ലേബലില്‍ ഇക്കാക്ക   എന്നു വിളിക്കുന്ന ഞങ്ങളുടെ ജ്യേഷ്ഠന്  കിട്ടുന്ന മുന്തിയ പരിഗണനയുടെ പേരില്‍  ഉണ്ടായ വഴക്കിന്റെ ദിവസമാണാ വാക്ക് ആദ്യമായി കേട്ടത് .       

വീട്ടിലെ വി ഐ പിയായിരുന്നു മൂപ്പര്‍. വിരുന്നുകാര്‍ വരുമ്പോള്‍ അവനുമാത്രം സമ്മാനങ്ങള്‍. ഞങ്ങള്‍ക്ക് ഹവായ് ചെരുപ്പ് വാങ്ങുമ്പോള്‍ അവനു ഷൂവും സോക്സും. വേണമെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ അതൊക്കെ വാങ്ങാവുന്ന വീട്ടില്‍ അവനുമാത്രം എന്താണ് പ്രത്യേകത എന്ന ചോദ്യം എന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അങ്ങിനെ ചോദിക്കാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷെ അനിയത്തി അങ്ങിനെയല്ലായിരുന്നു. അവളെന്നും ഇതൊക്കെ ചോദ്യം ചെയ്തുകൊണ്ടേ ഇരുന്നു. 
       
അന്നൊക്കെ വീടിനടുത്തുള്ള സ്‌കൂളില്‍  ഇടയ്ക്കിടെ ഓരോരോ  രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിങ് ഉണ്ടാവും.. ഏതു പാര്‍ട്ടിയാണ് എന്താണ് പറയുന്നത് എന്നൊന്നും  ഞങ്ങള്‍ക്ക്  മനസ്സിലാവില്ലെങ്കിലും ചുറ്റുവട്ടത്തുള്ള കുട്ടിപട്ടാളങ്ങളെല്ലാം  അവിടെ  ഹാജരുണ്ടാവും.

ഒരിക്കല്‍ മഹിളാസമാജത്തിന്റെയാണെന്നു തോന്നുന്നു ഒരു മീറ്റിങ്ങ് നടക്കുന്നുണ്ടായിരുന്നു അവിടെ. പതിവ് പോലെ ഞങ്ങള്‍ കുട്ടികളെല്ലാം മുമ്പില്‍ തന്നെ   സ്ഥാനം  പിടിച്ചു. ഓരോരുത്തരായി പ്രസംഗിക്കുന്നതിനിടെ വീടിന്റെ  അകത്തളങ്ങളില്‍ തന്നെ നടക്കുന്ന ആണ്‍പെണ്‍ വ്യത്യാസങ്ങളെ കുറിച്ചായി ചര്‍ച്ച.  പെട്ടെന്നാണ് അനിയത്തി അക്കാര്യം ഉറക്കെ വിളിച്ചുപറഞ്ഞത് 'സത്യമാണ് ഉമ്മാക്ക് കൂടുതല്‍ സ്‌നേഹം ഇക്കാക്കാനോടാണ്'. ഒരു എട്ടുവയസ്സുകാരിയുടെ  ആ വെളിപ്പെടുത്തല്‍ എല്ലാവരേയും ചിരിപ്പിച്ചെങ്കിലും ഞാനാകെ പേടിച്ചു പോയിരുന്നു .

ഉമ്മ ഇതറിയുമോ വലിയ പ്രശ്‌നമാകുമോ, ബാപ്പയോട് പറയുമോ എന്നൊക്കെ പേടിച്ചുപേടിച്ചാണ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങിയത്.

ഉമ്മാക്ക്  അതുകേട്ട് ദേഷ്യവും മാനക്കേടും തോന്നിയെങ്കിലും അത് കേട്ട്  ബാപ്പ  പൊട്ടിച്ചിരിച്ചു കൊണ്ട്  നീയെന്താ ഫെമിനിസ്റ്റ് ആണോ എന്ന് ചോദിച്ച്   അനിയത്തിയെ ചേര്‍ത്ത് പിടിച്ചു. അന്നാണ് ഞാനാദ്യമായി ആ വാക്ക് കേട്ടത്.

ഫെമിനിസ്റ്റ് എന്നു  പറഞ്ഞാല്‍ എന്താണെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. അന്നൊക്കെ ഇക്കാക്കാക്ക് എല്ലാം അറിയാം എന്നായിരുന്നു എന്റെവിചാരം .

ബാപ്പ  പൊട്ടിച്ചിരിച്ചു കൊണ്ട്  നീയെന്താ ഫെമിനിസ്റ്റ് ആണോ എന്ന് ചോദിച്ച്   അനിയത്തിയെ ചേര്‍ത്ത് പിടിച്ചു.

ഒരു  ദിവസം  വീടിനടുത്തുള്ള  ഫോറസറ്റ്് ഓഫീസിന്റെ ചുമരില്‍ പച്ചില കൊണ്ട് ആരോ ബലാത്സംഗം എന്നെഴുതിയത് വായിച്ച് ബാലന്മാരുടെ സംഘം എന്നാണു  അതിനര്‍ത്ഥം എന്നവന്‍  പറഞ്ഞത്  കേട്ടു  ചിരിച്ചു ചിരിച്ചു  വീണ കോളേജുകാരി ഇത്താത്തയെ കണ്ട  ദിവസം  തൊട്ട്  അവനെ  എനിക്ക് വിശ്വാസമില്ലാതായിരുന്നു .അതുകൊണ്ടാണ് അവന്റെ  ചങ്ങാതിയോട്  ചോദിച്ചത്. സിനിമയില്‍  കണ്ടിട്ടില്ലേ സുകുമാരിയെ. കൂളിംഗ് ഗ്‌ളാസൊക്കെ  വെച്ച് പൗഡറും കാട്ടിനടക്കുന്ന  സ്ത്രീകളെയാണ് അങ്ങിനെ വിളിക്കുന്നത് എന്നവന്‍ പറഞ്ഞുതന്നു. അതിനുശേഷം ഫെമിനിസ്റ്റ്് എന്നു  പറയുമ്പോള്‍ സുകുമാരിയെ ഓര്‍മ വരും.

ഒരിക്കല്‍  വിരുന്നുവന്ന ചങ്ങാതിയോട് ഞങ്ങളുടെ വിവാഹവാര്‍ഷികമാണെന്ന്  പറഞ്ഞപ്പോള്‍ ഞങ്ങളുടെ ചങ്ങാതിക്ക് ഒരു അവാര്‍ഡ്  കൊടുക്കണമല്ലോ  എന്നയാളെന്നെ  കളിയാക്കി. അവാര്‍ഡ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കല്ലേ  തരേണ്ടത്, സ്വന്തം  വീടും  കുടുംബവും  ഉപേക്ഷിച്ചു  വേറൊരു  വീട്ടില്‍  വേറെ  ആളുകള്‍ക്ക്  വേണ്ടി ജീവിക്കുന്നവര്‍ക്കല്ലേ തരേണ്ടത് എന്നു  ചോദിച്ചപ്പോള്‍, അയാള്‍ വീണ്ടുമാ വാക്ക് എനിക്കു മുന്നില്‍ എടുത്തെറിഞ്ഞു, അപ്പോ നിങ്ങള്‍ ഫെമിനിസ്റ്റ്  ആണല്ലേ  എന്ന പരിഹാസച്ചിരി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. 

രണ്ടുമൂന്നു വര്‍ഷം മുമ്പൊരിക്കല്‍ വീട്ടു ജോലിക്കു വേതനം എന്നു പത്രത്തില്‍ വായിച്ച ദിവസം, ഇപ്പണിക്ക് ലീവും ഇല്ലാത്തതിനാല്‍ ഒരുപാടു കാശ് കിട്ടുമല്ലോ   പടച്ചോനെ, സ്വിസ് ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങേണ്ടി വരുമോ എന്ന് ഒരു തമാശ പറഞ്ഞ ദിവസവും, വീട്ടിലെ ആണ്‍പ്രജകള്‍ എല്ലാം കൂടി ആ വാക്ക് പറഞ്ഞു ചിരിച്ചു, ഫെമിനിസ്റ്റ്!

വീട്ടിലെ ആണ്‍പ്രജകള്‍ എല്ലാം കൂടി ആ വാക്ക് പറഞ്ഞു ചിരിച്ചു, ഫെമിനിസ്റ്റ്!

ഈയിടെ ഒരു  കൂട്ടുകാരിയുടെ എഫ് ബി പോസ്റ്റില്‍ സദാചാരവും സംസ്‌കാരവുമില്ലാത്തവളാണെന്ന് മുദ്രകുത്തി 'ചിലര്‍' കമന്റ് ഇട്ടത് വായിച്ച് എന്റെ ചങ്ങാതിക്കൂട്ടത്തില്‍ ഉണ്ടോ അവരെന്ന് തിരഞ്ഞപ്പോഴും സ്ത്രീയായതിന്റെ  പേരില്‍  രാഷ്ട്രീയമായുള്ള എതിര്‍പ്പിനെ  രാഷ്ട്രീയമായി   നേരിടാതെ വ്യക്തിപരമായി  മോശം ഭാഷയില്‍ കമന്റിട്ടവരെയും എന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയപ്പോഴും അത്  കണ്ടുപിടിച്ച  എന്റെ കൂട്ടുകാരനും  വിളിച്ചു, ഫെമിനിസ്റ്റ് എന്ന്.

ഇതിനെക്കുറിച്ച് ഒരു കൂട്ടുകാരിയോട് സംസാരിക്കുന്നത്  കേട്ട ഇവിടത്തെ പാത്തുമ്മാത്ത പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. 'ലോകത്തില്‍ രണ്ടു പാര്‍ട്ടിയെ ഉള്ളു,അത്  ആണും പെണ്ണുമാണ്, പെണ്ണ് എന്തെങ്കിലും  എതിര്‍ത്ത്  പറഞ്ഞാല്‍ ആണുങ്ങളെല്ലാം  ഒന്നാണ്, അപ്പൊ അവിടെ  പാര്‍ട്ടികളോ  ജാതിയോ  ഇല്ല'  എന്നായിരുന്നു പാത്തുമ്മത്താത്തയുടെ ആത്മഗതം. ഇക്കാര്യം സംസാരത്തിനിടെ വന്നപ്പോള്‍ കൂട്ടുകാരി ചോദിച്ചത്, 'നിന്റെ പാത്തുമ്മാത്ത  ഒരു ഫെമിനിസ്റ്റ് ആണല്ലേ എന്നാണ്. 

'നിന്റെ പാത്തുമ്മാത്ത  ഒരു ഫെമിനിസ്റ്റ് ആണല്ലേ എന്നാണ്. 

സ്ത്രീകള്‍ക്ക് അംഗീകാരവും  ബഹുമാനവും കൊടുക്കണമെന്ന് പറയുമ്പോളെല്ലാം,  ലാളിക്കലും പാചകവും  വായനയും യാത്രയുമൊന്നുമല്ല ജീവിതം, വീട്ടില്‍ വെറുതേ ഇരിക്കുന്ന നിനക്ക്  എന്തറിയാം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കുമ്പോഴെല്ലാം, 'ദേ ഒരു  ഫെമിനിസ്റ്റ് വന്നിരിക്കുന്നു' എന്ന്   ഭര്‍ത്താവ്  ദേഷ്യപ്പെട്ടു. 

ഫെമിനിസ്റ്റ് എന്നാല്‍ ആത്മാഭിമാനമുള്ള സ്ത്രീ എന്നാണെന്ന് എനിക്ക് അങ്ങിനെയാണ് മനസ്സിലായത്.

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!
 

Follow Us:
Download App:
  • android
  • ios