കര്‍ണാടകയിലെ രാജ്യസ്നേഹികളും രാജ്യദ്രോഹികളും; പൊലീസ് വിടാതെ പിന്തുടരുന്ന ബീദറിലെ കുട്ടികള്‍

By Web TeamFirst Published Feb 5, 2020, 5:59 PM IST
Highlights

സംഭവത്തിന് ശേഷം എല്ലാ ദിവസവും പൊലീസ് സ്കൂളിലെത്തുന്നു. ഒരാഴ്ചക്കിടെ അഞ്ച് തവണ കുട്ടികളെ ചോദ്യം ചെയ്തു. ഒൻപതും പത്തും വയസ്സുളള കുട്ടികളെ, മണിക്കൂറുകളോളം... ഒരേ ചോദ്യങ്ങൾ ആവർത്തിക്കുന്നു. മടങ്ങുന്നു, വീണ്ടും വരുന്നു.. 

ർണാടകത്തിലെ ബീദറിൽ ഷഹീൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്കൂളിൽ ജനുവരി 21ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുട്ടികളൊരു നാടകം കളിച്ചു. നാലും അഞ്ചും ആറും ക്ലാസിലെ കുട്ടികൾ. 'മുസ്ലിങ്ങളോട് ഇന്ത്യ വിട്ടുപോകാൻ സർക്കാർ പറയുന്നു', 'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെരുപ്പ് കൊണ്ടടിക്കണം'...ഇങ്ങനെ ചില പരാമര്‍ശങ്ങള്‍ സംഭാഷണങ്ങളിലുണ്ടായി. നാടകത്തിനെതിരെ എബിവിപി നേതാവ് നീലേഷ് രക്ഷല പരാതി കൊടുത്തു.  ചെറിയകുട്ടികള്‍ നാടകം അവതരിപ്പിച്ചതിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ഉടന്‍ തന്നെ പൊലീസ് കേസെടുത്തു.

 

ജനുവരി 30ന് പ്രൈമറി വിഭാഗത്തിലെ പ്രധാനാധ്യാപികയും മോദി പരാമർശം നടത്തിയ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. അധ്യാപികയുടേതാണ് ആശയമെന്നും മോദിക്കെതിരായ സംഭാഷണം വീട്ടിൽ റിഹേഴ്സലിനിടെ കുട്ടിക്ക് അമ്മ പറഞ്ഞുകൊടുത്തതാണെന്നും ബീദർ പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്.

സംഭവത്തിന് ശേഷം എല്ലാ ദിവസവും പൊലീസ് സ്കൂളിലെത്തുന്നു. ഒരാഴ്ചക്കിടെ അഞ്ച് തവണ കുട്ടികളെ ചോദ്യം ചെയ്തു. ഒൻപതും പത്തും വയസ്സുളള കുട്ടികളെ, മണിക്കൂറുകളോളം... ഒരേ ചോദ്യങ്ങൾ ആവർത്തിക്കുന്നു. മടങ്ങുന്നു, വീണ്ടും വരുന്നു.. പത്തുവയസ്സുകാരിയുടെ വിധവയായ അമ്മയും അവളുടെ അധ്യാപികയും രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാണ്. ജാമ്യാപേക്ഷ ചൊവ്വാഴ്ചയേ കോടതി കേൾക്കുന്നുളളൂ. സംഭാഷണം ശരിയല്ലെന്ന് പൊലീസുകാരോട് പറഞ്ഞെന്നും അമ്മ മാപ്പ് പറഞ്ഞെന്നും എന്നിട്ടും അവരെ പിടിച്ചുവച്ചിരിക്കുന്നത് എന്തിനെന്നും ഒറ്റക്കായിപ്പോയ കുട്ടി ചോദിക്കുന്നു. ബീദറിൽ ബന്ധുക്കളൊന്നുമില്ലാത്ത അവളിപ്പോൾ അയൽക്കാർക്കൊപ്പം കഴിയുന്നു. ഇനിയും അന്വേഷിക്കാനേറെയുണ്ടെന്നാണ് തുടർ ചോദ്യം ചെയ്യലുകളെക്കുറിച്ച് പൊലീസിന്‍റെ മറുപടി..

ഇതേ കർണാടകത്തിൽ ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകറിന്‍റെ സ്കൂളിൽ , കുട്ടികളുടെ നാടകത്തിൽ ബാബറി മസ്ജിദ് പൊളിച്ചത് പുനരാവിഷ്കരിച്ചിരുന്നു. കണ്ടിരുന്ന പുതുച്ചേരി ഗവർണർ കിരൺ ബേദി കയ്യടിച്ചതാണ്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തു. പക്ഷേ രാജ്യദ്രോഹം ചുമത്തിയില്ല, ആരെയും അറസ്റ്റും ചെയ്തില്ല. നിയമോപദേശം കിട്ടിയാലേ കുറ്റപത്രമുളളൂ എന്ന് ദക്ഷിണ കന്നഡ പൊലീസ് മേധാവി പറഞ്ഞു. ഭൂരിപക്ഷത്തിന്‍റെ  ക്ഷമ പരീക്ഷിക്കരുതെന്നും ഗോധ്ര ഓർക്കണമെന്നും പറഞ്ഞ ടൂറിസം മന്ത്രി സി ടി രവി, എൺപത് ശതമാനം വരുന്ന ഞങ്ങൾ തെരുവിലിറങ്ങിയാൽ 17 ശതമാനം വരുന്ന നിങ്ങളുടെ ഗതിയെന്തെന്ന് ആലോചിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ബെല്ലാരിയിലെ എംഎൽഎ സോമശേഖര റെഡ്ഡി എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കര്‍ണാടകയില്‍ മന്ത്രിമാരുടെയും എംപിമാരുടെയും വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പര തന്നെയാണ് സമീപ നാളുകളില്‍ ഉണ്ടായത്. മുസ്ലിം പളളികൾ ആയുധപ്പുരകളാണെന്നും മുസ്ലിങ്ങൾക്ക് ഫണ്ട് നൽകില്ലെന്നും എംഎൽഎ രേണുകാചാര്യ പറഞ്ഞു.  വിദ്വേഷപ്രസംഗങ്ങളുടെ 'ആചാര്യൻ' എം പി അനന്ത് കുമാർ ഹെഗ്ഡെ ഗാന്ധിയെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിച്ചു. പൗരത്വപ്രതിഷേധക്കാരെ വെടിവക്കണമെന്ന് പറഞ്ഞത് എംഎൽഎ ബസവനഗൗഡ യത്‍നാലാണ്.  

ഹൊന്നാവറിൽ പെൺകുട്ടിയെ ജിഹാദികൾ തട്ടിക്കൊണ്ടുപോയെന്ന് കളളം പ്രചരിപ്പിച്ച എം പി ശോഭ കരന്തലജെക്കെതിരെ പൊലീസ് പേരിന് കേസെടുത്തെങ്കിലും നടപടിയൊന്നുമില്ല. തിരുനാവായയില്‍ സിഎഎയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നും ശോഭ ട്വിറ്ററില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തിലും കേരള പൊലീസ് കേസെടുത്തു. ബീദറിലെ കുട്ടികളെ പിടിച്ചിരുത്തി കുടയാനുളള ആവേശമൊന്നും ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ ഇല്ല. വിദ്വേഷ പ്രസംഗം നടത്തിയവരൊക്കെ കറകളഞ്ഞ രാജ്യസ്നേഹികളായ കര്‍ണാടക പൊലീസിന് രാജ്യദ്രോഹികളായി രണ്ട് സ്ത്രീകളെയും കുരുന്നുകളെയും  കണ്ടെത്തിയിരിക്കുന്നു എന്നതാണ് വസ്തുത.

ചായം പൂശിയ രാജ്യസ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് കർണാടകത്തില്‍ നിന്ന് നൂറുനൂറു ദൃഷ്ടാന്തങ്ങളുണ്ട്. 

click me!