ഈ കടുവപ്പേടി കേരളമറിയാന്‍  ഇനിയെത്ര മരണങ്ങള്‍ വേണം?

By അരുണ്‍ ചീരാല്‍First Published Sep 15, 2017, 8:37 PM IST
Highlights

ചീരാല്‍. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ കിഴക്കന്‍ പ്രദേശം. ചേര രാജവംശത്തിന്റെ അധിവാസ സ്ഥാനമായിരുന്ന ചേരന്‍കോട് മലയുടെ സമീപ്രദേശം. ആദിവാസി വിഭാഗങ്ങളായ കുറിച്യരും പണിയരും കുറുമരും നായ്ക്കരും ഊരാളിമാരുമെല്ലാം ഇടകലര്‍ന്ന് ജീവിക്കുന്നിടം. കാടും നാടും കൈകോര്‍ത്തുപിടിക്കുന്ന കോടത്തണുപ്പുള്ള വയനാടന്‍ പ്രകൃതി.

1950- 1960 കാലഘട്ടത്തില്‍ പട്ടാളത്തില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിന് പണമില്ലായിരുന്നു. പകരം ഗവണ്‍മെന്റ് ഭൂമി പതിച്ചു കൊടുത്തു. വിമുക്തഭടനായ  അച്ഛച്ചന്  വയനാട്ടിലെ ചീരാലിലാണ് ഭൂമി പതിച്ചു കിട്ടിയത്. അങ്ങനെ കണ്ണൂരില്‍നിന്ന് ഞങ്ങളുടെ കുടുംബവും ചീരാലിലെത്തി. നൂറ്റാണ്ടുകളുടെ ഗോത്രസ്മരണകളുള്ള ഈ ദേശത്ത് അങ്ങനെ രണ്ട് തലമുറയുടെ ചരിത്രം പറയാനുള്ള ഒരു ചീരാല്‍ക്കാരനായി ഞാനും.

വയനാട്ടിലിന്ന് ഇന്ന് ഭൂമിയുടെ അവകാശത്തെച്ചൊല്ലി ഒരു മൂപ്പിളമ തര്‍ക്കം നടക്കുകയാണ്. കാടുകയറിയ മനുഷ്യരും കാടിറങ്ങുന്ന മൃഗങ്ങളും തമ്മില്‍. ഞങ്ങളുടെ സ്വച്ഛതയിലേക്ക് അവരും അവരുടെ സ്വാസ്ഥ്യത്തിലേക്ക് ഞങ്ങളും കൈകടത്തിയിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ നിയന്ത്രണരേഖകളുറപ്പിച്ച് മുദ്രപ്പത്രത്തില്‍ തുല്യം ചാര്‍ത്താത്ത ഒരു കരാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കാലത്തൊന്നും കാണാനില്ലാത്തവിധം, തലമുറകളുടെ ഓര്‍മ്മിയിലില്ലാത്തവിധം ആ സംഘര്‍ഷം വലുതായിരിക്കുന്നു. വന്യമൃഗങ്ങളുടെ കാടിറക്കമാണ് ഇന്ന് ഞങ്ങളുടെ ഒന്നാമത്തെ ജീവിതപ്രശ്‌നം.
 
കാട്ടുമണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകഗാഥകള്‍ ഇന്ന് ഗതകാല ഓര്‍മ്മയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയും മാറിയ കാലാവസ്ഥയും വയനാടന്‍ കാര്‍ഷിക സമൃദ്ധിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ അതിലൊക്കെ ഗൗരവമുണ്ട് ഇപ്പോഴത്തെ ഈ സംഘര്‍ഷത്തിന്.

ഈ പ്രകൃതി പങ്കിട്ട് ഇണങ്ങി ജീവിച്ചവരാണ് ഞങ്ങള്‍. ഇപ്പോള്‍ ആ പാരസ്പര്യം മുറിഞ്ഞുപോയിരിക്കുന്നു.

ഈ പ്രകൃതി പങ്കിട്ട് ഇണങ്ങി ജീവിച്ചവരാണ് ഞങ്ങള്‍. ഇപ്പോള്‍ ആ പാരസ്പര്യം മുറിഞ്ഞുപോയിരിക്കുന്നു. അവര്‍ ക്ഷുഭിതരാണ്, ഞങ്ങള്‍ ഭയചകിതരും. ഞങ്ങള്‍ കള്ളനും പൊലീസും കളിച്ച കാപ്പിത്തോട്ടങ്ങളും ഇടവഴികളും ഞങ്ങളുടെ പുതിയ തലമുറക്ക് നഷ്ടപ്പെടുകയാണ്. കാരണം അവിടെയിപ്പോള്‍  കടുവയും, പുലിയും  കാത്തിരിപ്പുണ്ടിന്ന്. ആനയും കാട്ടുപോത്തും മുതല്‍ പന്നിയും കുരങ്ങും വരെ കാടിറങ്ങുന്നു.

നാട്ടുകാര്‍ പതിവായി വന്യമൃഗങ്ങളെ മുഖാമുഖം കാണുന്നു. ഞങ്ങള്‍ക്ക് പേടിയാണ്. തോട്ടം തൊഴിലാളികള്‍ മുതല്‍ സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ വരെ കടുവയെ നേരില്‍ കാണുന്നു. സായാഹ്നങ്ങളില്‍ നാട്ടുകാര്‍ പുറത്തിറങ്ങുന്നത് ചങ്കിടിപ്പോടെയാണ്. രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ചീരാല്‍ സ്‌കൂളിന് സമീപവും ഈയിടെ കടുവയെ കണ്ടു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് പേടി.  അതിരാവിലെ അളവ് കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി പാല്‍ അളക്കാന്‍ പോകുന്നവര്‍, കാപ്പി കുരുമുളക് തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ എല്ലാവരും പേടിച്ച, പേടിച്ച്...

വനപാലകര്‍ വന്ന് ക്യാമറകള്‍ സ്ഥാപിച്ച് കടുവയുണ്ടെന്ന് ഉറപ്പിച്ചു.

മനുഷ്യരെയോ വളര്‍ത്തു മൃഗങ്ങളെയോ   ആക്രമിക്കാത്ത സ്ഥിതിക്ക് കൂട് വെച്ച് പിടിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. കാരണം ഞങ്ങളുടെ ഈ പേടി ഇതേ അളവില്‍ അവര്‍ക്കുമുണ്ട്. അത് ഞങ്ങള്‍ക്കറിയാം.

ഒരു കൊല്ലം മുന്‍പാണ്, ഇതുപോലെ കടുവ നാട്ടിലിറങ്ങിയിരുന്നു. രണ്ടു പേരെ കൊന്നു, അതിലൊരാളെ തിന്നു. ഒരുപാട് പേരെ ആക്രമിച്ചു. അന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് നരഭോജി കടുവയെ പിടിച്ചു. ആ ഭീതി വിട്ടുമാറും മുന്‍പാണ് ഇപ്പോള്‍ വീണ്ടും കടുവ നാട്ടിലിറങ്ങിയത്.

വനാതിര്‍ത്തിയിലെ ഗ്രാമ പ്രദേശങ്ങളില്‍ ദിവസം തോറും വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്,പന്നി, കുരങ്ങു തുടങ്ങി വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നു. മയില്‍, കാട്ടാട്, പന്നി,  കുരങ്ങ് എന്നിവയുടെ ശല്യം കാരണം  കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ എല്ലാ കിഴങ്ങുവര്‍ഗ്ഗ കൃഷികളും കര്‍ഷകര്‍ ഉപേക്ഷിച്ചു.  കുരങ്ങന്‍മാരുടെ സംഘടിത ആക്രമണത്തില്‍ പച്ചക്കറി കൃഷിയും തെങ്ങ് തുടങ്ങി മറ്റു ഫലവര്‍ഗ്ഗ കൃഷികളും ഏതാണ്ട് ഇല്ലാതായി. വീട്ടിന്റെ മുറ്റത്ത് നിന്നുപോലും വീട്ടുകാര്‍ നോക്കി നില്‍ക്കെ  കുരങ്ങന്‍മാര്‍ കൂട്ടമായി വന്ന് മത്തനും കുമ്പളവും , വെള്ളരിയും പഴങ്ങളുമെല്ലാം പറിച്ചു കൊണ്ടുപോകുന്നു.

വനത്തില്‍ നിന്നും മൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദുതകമ്പിവേലിയും ആന കിടങ്ങും  അറ്റകുറ്റ പണിനടത്താത്തതിനാല്‍ പുര്‍ണ്ണമായും നശിച്ചു. ശാസ്ത്രീയമായി കാടും നാടും വേര്‍തിരിക്കുക എന്നതാണ് വയനാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കാടും, നാടും വേര്‍തിരിച്ചു കല്‍മതില്‍ നിര്‍മ്മിക്കുക, പഴയ റെയില്‍ പാളങ്ങള്‍  കൊണ്ട് വേലികെട്ടുക അങ്ങനെ ഒരുപിടി ആവശ്യങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. എന്നാലിതൊന്നും വേണ്ടപ്പെട്ടവര്‍ ചെയ്യുന്നില്ല. പുലിക്കൂടും കിടങ്ങും കമ്പിവേലിയും കല്‍മതിലുമെല്ലാം ഈ അവസ്ഥയില്‍ അടിയന്തരമായി വേണ്ടതാണ്. ഉണ്ടായേ തീരൂ. പക്ഷേ അതൊന്നും ശാശ്വതമായ പരിഹാരങ്ങളല്ല എന്ന് നമ്മുടെ സംവിധാനങ്ങളെന്ന് തിരിച്ചറിയും?

ഞങ്ങള്‍ക്ക് പരസ്പരമുള്ള പേടിയും പകയും മാറാന്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ. കാട്ടിന്റെ സ്വാസ്ഥ്യവും തണുപ്പും സ്വാഭാവികതയും മാറുമ്പോഴാണ് അവര്‍ കാടിറങ്ങുന്നതെന്ന് വയനാടുകാര്‍ക്ക് മനസ്സിലാകും. വെട്ടിമാറ്റുന്ന ഓരോ മരവും തച്ചുടക്കുന്ന ഓരോ മലയും വറ്റിച്ചുകൊല്ലുന്ന ഓരോ നദിയും ഇടിച്ചുനിരത്തുന്ന ഓരോ പുല്‍മേടും അതിനുമേല്‍ കെട്ടി ഉയര്‍ത്തുന്ന ഓരോ കോണ്‍ക്രീറ്റ് എടുപ്പുകളും ഞങ്ങളുടെ പരസ്പര ഭീതി ഉയര്‍ത്തുകയാണ്. 

ഞങ്ങള്‍ക്ക് പഴയ സ്വസ്ഥത തിരികെ വേണം. വന്യമൃഗങ്ങള്‍ക്ക് അവരുടെ സ്വാസ്ഥ്യം തിരിച്ചു കിട്ടണം

കാട് ചുരുങ്ങുന്നു, ഉറവകള്‍ വറ്റുന്നു, ചൂടു കൂടുന്നു, പച്ചപ്പ് കരിയുന്നു. ജീവിക്കാന്‍ ഇടമില്ലാതാകുമ്പോള്‍ അവര്‍ കാടിറങ്ങുന്നു. വിശപ്പും ദാഹവും മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ. അതുകൊണ്ട് അവരുടെ ഭൂമി, ഞങ്ങളുടെ ഭൂമി എന്ന് മതിലുകെട്ടി തിരിച്ചാല്‍ ഈ കടന്നുകയറ്റങ്ങള്‍ തീരില്ല എന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ മനുഷ്യര്‍ക്ക് തല്‍ക്കാലം കിടങ്ങും മതിലും വൈദ്യുതവേലിയുമെല്ലാം വേണം. ജീവന്‍ പോകുമെന്ന ഘട്ടം വന്നാല്‍ അടിയന്തരമായി ചെയ്യേണ്ട ചിലതുണ്ടല്ലോ.. അധികൃതര്‍ക്ക് ഈ വിലാപം കേള്‍ക്കാന്‍ മനസുണ്ടാകണം.

ഇത്രയും എഴുതിയതില്‍ പലവട്ടം കടന്നുകൂടിയ ഒരു തെറ്റുണ്ട്. 'ഞങ്ങളും' 'അവരുമെന്ന' പ്രയോഗം. അവരെന്ന് വിളിച്ച് മാറ്റിനിര്‍ത്തേണ്ടവരല്ല വന്യമൃഗങ്ങള്‍. ഒരിക്കലും ഇവിടെ അങ്ങനെ ആയിരുന്നില്ല. നമ്മുടെ വംശവൃക്ഷത്തിലെ ചില്ലകള്‍ തന്നെ കാടിറങ്ങുന്ന ഈ വന്യമൃഗങ്ങളും. ഞങ്ങള്‍ക്ക് പഴയ സ്വസ്ഥത തിരികെ വേണം. വന്യമൃഗങ്ങള്‍ക്ക് അവരുടെ സ്വാസ്ഥ്യം തിരിച്ചു കിട്ടണം.ആ പാരസ്പര്യം തിരികെ വേണം. ഉള്ള കാടിനെയെങ്കിലും നമുക്ക് തിരികെ പിടിക്കണം, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പരസ്പരം പേടിക്കാതെ ജീവിക്കണം.

 

click me!