അവസാന മലയാള വാര്‍ത്തയ്ക്കുശേഷം ദില്ലി ആകാശവാണി സ്റ്റുഡിയോ!

By എ.എസ് സുരേഷ് കുമാര്‍First Published Apr 26, 2017, 1:06 PM IST
Highlights

ആ സിഗ്നൽ വന്നില്ല.

വാര്‍ത്തയുടെ തലക്കെട്ടുകള്‍ ധിറുതിയില്‍ എഴുതുമ്പോള്‍ എല്ലാം വെറുതെ, എന്നായിരുന്നു തോന്നല്‍. സംശയം ന്യായം. പ്രതീക്ഷകള്‍ക്ക് അടിസ്ഥാനമില്ല. എങ്കിലും മോഹിക്കാനുള്ള അവകാശം ഇല്ലാതാകുന്നില്ല. ഏല്‍പിച്ച ഉത്തരവാദിത്തം മാറ്റിവെക്കാന്‍ പറ്റുന്നതുമല്ല.

അഞ്ചാം നമ്പര്‍ സ്റ്റുഡിയോ പതിവിനേക്കാള്‍ മൂകമെന്ന് വെറുതെ തോന്നിയതാകാം. കമ്പ്യൂട്ടറില്‍ നിന്ന് അവതരണ ഈണം തെരഞ്ഞെടുത്തു വെച്ചു. മൈക്ക് നേരെയാക്കി. ശബ്ദനിയന്ത്രണ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ചുവരിലെ ഘടികാരത്തിന്റെ നിമിഷ സൂചിക്ക് പിന്നാലെ കണ്ണുകള്‍ ചുവടുവെച്ചു.

സമയം 12.50. അവിടം മുതല്‍ 10 മിനിട്ടാണ് വാര്‍ത്ത വായിക്കേണ്ടത്. സെക്കന്റുകള്‍ പിന്നെയും മുന്നോട്ടു നീങ്ങി. പക്ഷേ, ഇല്ല: ചുവരിലെ വിളക്കിലോ, ശബ്ദനിയന്ത്രണ സംവിധാനങ്ങളിലോ ചുവപ്പ് തെളിഞ്ഞില്ല. വായന വേണ്ടിവന്നില്ല. അതൊരു മരണമായിരുന്നു.

1949 ജനുവരി ഒന്നിന് മലയാള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് ആദ്യമായി ശ്രോതാക്കളിലെത്തിച്ച കെ. പത്മനാഭന്‍ നായര്‍ക്ക് പ്രണാമം. 2017 ഏപ്രില്‍ 24ന് ഉച്ചനേരത്ത് സിഗ്‌നല്‍ കിട്ടാതെ മലയാളം ഡല്‍ഹി റിലേക്ക് സ്വച്ഛന്ദ  മൃത്യു. സ്റ്റുഡിയോ വിട്ടിറങ്ങി ന്യൂസ് റൂമിലെത്തി. ലോഗ് ബുക്കില്‍ മലയാള വാര്‍ത്താ പ്രക്ഷേപണം സിഗ്‌നല്‍ കിട്ടാതെ മുടങ്ങിയതായി രേഖപ്പെടുത്തി ഒപ്പുവെച്ചു. കഥ കഴിഞ്ഞുവെന്ന് മലയാളം.

വായന വേണ്ടിവന്നില്ല. അതൊരു മരണമായിരുന്നു

രാവിലെയും സ്റ്റുഡിയോവില്‍ സിഗ്‌നല്‍ കിട്ടിയതാണ്. വായനയും നടന്നു. പക്ഷേ, ഡല്‍ഹിയില്‍ നിന്നുള്ള ശബ്ദവീചികള്‍ അപ്രസക്തമാക്കി, തിരുവനന്തപുരം നിലയത്തില്‍ നിന്ന് ആദ്യമായി ഡല്‍ഹി വാര്‍ത്തകള്‍ റേഡിയോവില്‍ പ്രസരിച്ചു. എങ്കിലും വെബ്‌സൈറ്റില്‍ ഡല്‍ഹിയിലെ വാര്‍ത്താവതാരകന്റെ ശബ്ദം തന്നെ തെളിഞ്ഞു കിടന്നു. അതു കഴിഞ്ഞായിരുന്നു എന്റെ ഊഴം. ഉച്ച വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നു വന്നേക്കാം. എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അതു മുടങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍. സ്റ്റാന്റ് ബൈ സംവിധാനം. അങ്ങനെയാണ് വീണ്ടും ആ സ്റ്റുഡിയോയില്‍ ചെന്ന് ഇരുന്നത്. 

ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍ നിന്ന് മലയാള ശബ്ദം ഇനിയൊരിക്കലും ഉയരില്ല. 68 വര്‍ഷത്തിലേറെയായി മൂവായിരം കിലോമീറ്റര്‍ അകലെ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയ മലയാളം ബുള്ളറ്റിന്‍ ഇനി ഗൃഹാതുരത്വം പേറുന്ന ഓര്‍മ മാത്രം.

ശ്രോതാക്കള്‍ക്ക് ആ ബുള്ളറ്റിനുകളൊന്നും നഷ്ടപ്പെടുന്നില്ല. ഒന്നും സംഭവിക്കാത്ത വിധം തിരുവനന്തപുരത്തു നിന്ന് ആകാശവാണി അവയത്രയും പ്രക്ഷേപണം ചെയ്യുന്നു. അതിന്റെ നേട്ടവും കോട്ടവും ഇനിയുള്ള കാലത്ത് തെളിഞ്ഞു വരേണ്ട കാര്യം.

എന്തിനു വേണ്ടിയാണ് ഇത്തരമൊരു പരിഷ്‌ക്കരണമെന്ന ചോദ്യം ഏറ്റുമുട്ടുന്നത് മറ്റൊരു ചോദ്യത്തോടാണ്. ആധുനിക സന്ദേശ വിനിമയ സംവിധാനങ്ങളുടെ ഇക്കാലത്ത് ഡല്‍ഹിയില്‍ നിന്നു തന്നെ വാര്‍ത്താ ബുള്ളറ്റിന്‍ റിലേ ചെയ്യണമെന്ന് എന്തു നിര്‍ബന്ധം? ആ പോസ്റ്റുമോര്‍ട്ടം ഇനി അപ്രസക്തം.

എല്ലാ ഭാഷകളുടെയും സംസ്‌കാരത്തിന്റെയും സംഗമ വേദിയല്ല ഇനി ആകാശവാണിയുടെ ഡല്‍ഹി നിലയമെന്ന തിരിച്ചറിവ് അതിനിടയില്‍ ബാക്കിയാക്കുക. പല ഭാഷകളെ ഒരുമിപ്പിക്കുന്ന ബഹുസ്വരതയുടെ ഇടം കൈവിട്ട്, മലയാളത്തിന് അതിന്റെ നാട്ടില്‍ പോയി രാപാര്‍ക്കാം.

മലയാളം ബുള്ളറ്റിന്‍ ഇനിയൊരിക്കലും കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടി കയറില്ല. ഡല്‍ഹിയിലെ കുറെ താല്‍ക്കാലിക വാര്‍ത്താവതാരകര്‍ക്ക് പലവഴി പിരിയാം. കൂടുമാറ്റത്തിനു വേണ്ടിയുള്ള മുന്‍കരുതല്‍ ക്രമീകരണം അവസാനിച്ച ഏപ്രില്‍ 25 മുതല്‍ ആകാശവാണിക്ക് ഇനി അവര്‍ അപരിചിതരാണ്. എങ്കിലും മലയാളം യൂനിറ്റിന്റെ 103ാം നമ്പര്‍ മുറി ഇനിയും തുറന്നടയും -വേറെ ആര്‍ക്കൊക്കെയോ വേണ്ടി.

2017 ഏപ്രില്‍ 24ന് ഉച്ചനേരത്ത് സിഗ്‌നല്‍ കിട്ടാതെ മലയാളം ഡല്‍ഹി റിലേക്ക് സ്വച്ഛന്ദ  മൃത്യു.

വാര്‍ത്താവായനയുടെ ലോകത്ത് അവസരം നല്‍കിയ, 15 വര്‍ഷത്തിനിടയില്‍ പലപ്പോഴും ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞ ഈ സുമനസുകള്‍ക്ക് നന്ദി, കടപ്പാട്: ടി.എന്‍. സുഷമ, സത്യേന്ദ്രന്‍, ശ്രീദേവി ഗോപിനാഥ്, ശ്രീകണ്ഠന്‍, സുഷമ മോഹന്‍, പി. സുധാകരന്‍, പി.വി ജോസഫ്, റീന, ടി. ജയകുമാര്‍, ഡോ. അനില്‍, പ്രമോദ് പുഴങ്കര, എം.സി.എ നാസര്‍, ഹസനുല്‍ ബന്ന, പി.എസ്. രാംദാസ്, എം. പ്രശാന്ത്, വാസുദേവന്‍, എന്‍.എസ്. സജിത്, ആനി രാജ, എം.വി നികേഷ്‌കുമാര്‍, വി.ബി. പരമേശ്വരന്‍, ബേബി അരുണ്‍, പ്രഭാശങ്കര്‍ മോഹന്‍, കീര്‍ത്തി, കെ.എന്‍ അശോക്, അബ്ദുല്ല, ടി.പി സുദീപ്, ഷാനവാസ്, സജി, വിജേഷ്, ആര്‍ദ്ര, സജിത്, റഹ്മാന്‍...

കുട്ടിക്കാലത്തു തന്നെ റേഡിയോ ദൗര്‍ബല്യമാക്കിത്തന്ന, മകന്റെയും കൂട്ടുവായനക്കാരുടെയും ശബ്ദത്തിനും വാര്‍ത്തക്കും നാട്ടിന്‍പുറത്ത് നിത്യം കാതോര്‍ത്ത 84കാരിയായ അമ്മയോട് ക്ഷമാപണം. ഡല്‍ഹി വാര്‍ത്തകള്‍ക്ക് പ്രത്യേക ഗാംഭീര്യം കല്‍പിച്ചു നല്‍കിയ ബഹുമാന്യരായ ശ്രോതാക്കളോട്, വിട!

ബഹുജന ഹിതായ, ബഹുജന സുഖായ!

click me!