
അരക്കോടിയുടെ പുരസ്കാരം സ്വന്തം നോവലിന് നേടുന്ന ബെഹ്റൂസ് ബൂചാനി എന്ന കുര്‍ദിഷ് മാധ്യമ പ്രവര്‍ത്തകന്‍ ഒരു വേറിട്ട അനുഭവമാണ്. ഒരുപക്ഷെ, ഒരുതരത്തിലുള്ള കാവ്യനീതിയായിരിക്കണം ഇത്. കാരണം, തടവറയിലെ ഇരുട്ടിലിരുന്ന് മൊബൈലില്‍ എഴുതിയ നോവലിലാണ് ഇറാനിയന്‍ വംശജന്‍ ബൂചാനിക്ക് പുരസ്കാരം കിട്ടിയിരിക്കുന്നത്. ഈ അഭയാര്‍ത്ഥി യുവാവ് സാഹിത്യലോകത്തെ തന്നെ ഈ പുരസ്കാരം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പുരസ്കാരമായ വിക്ടോറിയന്‍ സാഹിത്യ പുരസ്കാരമാണ് 'നോ ഫ്രണ്ട്സ് ബട്ട് മൗണ്ടന്‍സ്- റൈറ്റിങ്ങ് ഫ്രം മാനൂസ് പ്രിസന്‍' (No Friend But the Mountains: Writing from Manus Prison) എന്ന നോവലിന് ലഭിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിലായിരുന്നു നോവലെഴുത്ത്. പിന്നീടത് ഓരോ അധ്യായമായി പരിഭാഷകന് വാട്ട്സാപ്പില്‍ അയച്ചു കൊടുത്തു.
ആറു വര്‍ഷം മുമ്പ് ഓസ്ട്രേലിയയില്‍ അഭയം തേടിയെത്തിയതാണ് ഇറാനിയന്‍ വംശജനായ ബൂചാനി. ഒരു ബോട്ടില്‍ വെച്ചാണ് അന്ന് ബൂചാനി പിടിയിലായത്. പിന്നീട്, അവിടെ തടവില്‍ പാര്‍പ്പിക്കപ്പെട്ടു. ആയിരത്തോളം പേര്‍ അവിടെ തടവിലുണ്ടായിരുന്നു. പുരസ്കാരം കിട്ടിയപ്പോഴും ബൂചാനിക്ക് പറയാനുണ്ടായിരുന്നത് അതു തന്നെയാണ്, 'അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകജീവിതം നയിക്കുന്ന മനുഷ്യരിലേക്ക് തന്‍റെയീ നോവലിലൂടെ എന്തെങ്കിലും ശ്രദ്ധ പതിയുമെങ്കില്‍ അതാണ് തനിക്ക് സന്തോഷം, അതിനെയാണ് താന്‍ വില മതിക്കുന്നത്.' വാട്ട്സാപ്പിലൂടെ നോവലെഴുതിയ ബൂചാനി, വാട്ട്സാപ്പിലൂടെ തന്നെയാണ് ഈ സന്ദേശങ്ങളാദ്യം അറിയിച്ചതും.
പാപ്പുവ ന്യൂഗിനി ദ്വീപുകളിലൊന്നിലാണ് ബൂചാനി ഇപ്പോള്‍ കഴിയുന്നത്. നിരവധി ദ്വീപുകളില്‍ ഇതുപോലെ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് ആസ്ട്രേലിയയിലല്‍ കാല്‍കുത്താനുള്ള അവകാശം പോലുമില്ല. തടവറയില്‍ കഴിയുമ്പോള്‍ തനിക്കും ഭയമുണ്ടായിരുന്നുവെന്ന് ബൂചാനി പറയുന്നു. എപ്പോള്‍ വേണമെങ്കിലും തന്‍റെ ഫോണ്‍ പിടിച്ചെടുക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അന്ന് അവസാനിച്ചേനെ ആ പുസ്തകമെന്നും ബൂചാനി പറയുന്നു. കഴിഞ്ഞ വര്‍ഷം കോടതിയുത്തരവിനെ തുടര്‍ന്ന് ക്യാംപ് അടച്ചു പൂട്ടിയിരുന്നു. അതുകൊണ്ട് ദ്വീപിലെവിടെയും സഞ്ചരിക്കാമായിരുന്നു.
സ്വന്തം നാടിന്‍റെ ഭാഷയായ ഫാര്‍സിയിലാണ് ബൂചാനിയുടെ നോവല്‍. മോഴിമാറ്റത്തിലൂടെയാണ് അവാര്‍ഡ് ലഭിച്ചത്. അതിലെ നേരും വേദനയും കാണാതിരിക്കാന്‍ പുരസ്കാര കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. തടവറയില്‍ പാര്‍പ്പിച്ച ഒരാള്‍ക്ക് പുരസ്കാരം നല്‍കേണ്ടി വന്നതും കാലത്തിന്‍റെ നീതിയാകാം.
പുരസ്കാരം ലഭിച്ചതും അദ്ദേഹത്തെ ഏറെയൊന്നും സന്തോഷിപ്പിക്കുന്നില്ല. ഇത്രയും വര്‍ഷം തടവില്‍ കഴിയുക എന്നത് ഒരു മനുഷ്യനെ അപ്പാടെ തകര്‍ത്തു കളയും. ഈ അഭയാര്‍ത്ഥികളുടെ യാതനകളും ദുരന്തവും അവസാനിക്കാതെ തനിക്ക് സന്തോഷമാകില്ല. ഈ നിരപരാധികള്‍ മോചിപ്പിക്കപ്പെടണം എന്നാണ് അദ്ദേഹം പറയുന്നത്.