രാവിലെ നാല് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും, കൃഷിയും മൃഗസംരക്ഷണവുമെല്ലാം പഠിപ്പിക്കും, വേറെ ലെവലാണ് ഈ സ്‍കൂള്‍!

By Web TeamFirst Published Jan 15, 2020, 3:04 PM IST
Highlights

ഈ സ്കൂളിന് ഇനിയുമുണ്ട് ഒരുപാട് സവിശേഷതകൾ. സ്കൂളിലേക്ക് കയറുമ്പോൾ നിലത്ത് ബോട്ട് ആകൃതിയിലുള്ള ചാരനിറത്തിലുള്ള ഒരു പാറ ചാരിവച്ചിരിക്കുന്നത് കാണാം. ഇതാണ് സ്കൂളിലെ മണി. ഓരോ ക്ലാസ്സും ആരംഭിക്കുന്നതിന് മുൻപ് ഒരു ചെറിയ പാറയുടെ സഹായത്തോടെ ഇത് മുഴക്കുന്നു. 

കുട്ടികളുടെ അറിവിനെ പാഠപുസ്‍തകത്തിൽ മാത്രം ഒതുക്കിനിർത്തുന്നതാണ് നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസരീതി. ഇതുകാരണം ജീവിതവുമായോ, പുറംലോകവുമായോ എന്തിന് പ്രകൃതിയുമായിപ്പോലും ഒരു ബന്ധവുമില്ലാതെയാണ് ഇന്നത്തെ കാലത്ത് കുട്ടികൾ വളരുന്നത്.  പാഠപുസ്തകത്തിലെ അറിവിനുമപ്പുറമാണ് ജീവിതം നൽകുന്ന പാഠങ്ങൾ. പ്രകൃതിയെയും, മണ്ണിനെയും സ്നേഹിക്കാൻ ചെറുപ്പത്തിലേ നമ്മൾ കുട്ടികളെ ശീലിപ്പിച്ചില്ലെങ്കിൽ വരുംതലമുറയോട് നമ്മൾ ചെയ്യുന്നൊരു വലിയ തെറ്റാകുമത്. 

പ്രകൃതിയെയും അറിവിനെയും കൂട്ടിയിണക്കി കുട്ടികൾക്കായി ഒരു പുതിയ വിദ്യാഭ്യാസരീതി കൊണ്ടുവരികയാണ് ഝാർഖണ്ഡിലെ, പന്ദർസലി ഗ്രാമത്തിലെ അയ്യൂബ് സ്‍കൂള്‍. മൂന്ന് മണിക്ക് സ്‍കൂള്‍ വിട്ടുകഴിഞ്ഞാൽ കുട്ടികൾ സ്‍കൂളിന്‍റെ പുറകിലുള്ള തോട്ടത്തിലേക്ക് ഓടും. അവർ നട്ട വെണ്ടയും, വഴുതനയുമൊക്കെ കായ്‌ച്ചോ എന്നറിയാൻ. പിന്നെ അവർ മണ്ണ് കിളക്കാനും, തടമെടുക്കാനുമുള്ള തിരക്കിലായിരിക്കും. പ്രകൃതിസ്നേഹത്തിൻ്റെ ഈ ആദ്യപാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് എം‌ബി‌എ ബിരുദധാരിയായ പ്രധാൻ ബിറുവയാണ്. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ചിരകാലസ്വപ്നം. ഹോ ഗോത്രത്തിൽ‌പ്പെട്ട ബിറുവ ഇതിനായി 10 വർഷത്തെ ബംഗളൂരു ജീവിതത്തിനോട് വിടപറഞ്ഞു സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. അങ്ങനെ അദ്ദേഹം ഈ സ്‍കൂള്‍ ആരംഭിക്കുകയായിരുന്നു. 

“കുട്ടികളുമായി പ്രവർത്തിക്കുന്നതാണ് കൂടുതൽ എളുപ്പം എന്നെനിക്ക് തോന്നുന്നു. മുതിർന്നവർ ഇത്തരം കാര്യങ്ങളിൽ താല്പര്യം കാണിക്കാറില്ല. പഠനത്തിനൊപ്പം പരിസ്ഥിതിയെ പരിപാലിക്കാൻ കുട്ടികളെ ശീലിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ബിറുവ പറഞ്ഞു. പന്ദ്രസാലിയിൽ, എല്ലാ പ്രായത്തിലുള്ള വിദ്യാർത്ഥികളും തോട്ടത്തിലെ പണികളിൽ പങ്കെടുക്കുന്നു. ഗ്രാമത്തിൽ കാണപ്പെടുന്ന പുഷ്പങ്ങളും, വൃത്തിയുള്ള പാതകളും, ജമന്തിക്കാടുകളും സ്‍കൂളിന് ഭംഗി കൂട്ടുന്നു. പന്ദർസലി മെയിൻ റോഡിൻ്റെ ഇരുവശത്തും അഞ്ഞൂറോളം പ്ലാശ് തൈകളാണ് കുട്ടികൾ ഈ വർഷം നട്ടുപിടിപ്പിച്ചത്. 

സ്‍കൂളില്‍തന്നെ 296 ചെടികളുണ്ട്. ഇത്രയധികം ചെടികൾ നനയ്ക്കാൻ ആവശ്യമുള്ള വെള്ളം കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമുള്ള ജോലിയല്ല. ഇതിനായി ബിറുവയും സംഘവും ഒരു പുതിയ രീതി കണ്ടുപിടിച്ചു. കാലത്ത് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ ചെടികൾ നനയ്ക്കാനാവശ്യമുള്ള വെള്ളം രണ്ട് വാട്ടർ ബോട്ടിലുകളിലായി കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ, ചെടികൾ ദിവസത്തിൽ രണ്ടുതവണവരെ അവർ നനയ്ക്കുന്നു.   

മരങ്ങളുടെ സംരക്ഷണം മാത്രമല്ല, ഗ്രാമങ്ങളിൽ കാണപ്പെടുന്ന വിവിധ പക്ഷിമൃഗാദികളുടെ സംരക്ഷണവും ഈ കൊച്ചു മിടുക്കർ ഏറ്റെടുത്തിയിരിക്കയാണ്. അമ്പുംവില്ലും ഉപയോഗിച്ച് പക്ഷികളെ കൊല്ലുന്നത് ഇവിടത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പതിവാണ്. കുട്ടികൾപോലും വിനോദത്തിനായി ധാരാളം പക്ഷികളെ ഇവിടെ കൊല്ലാറുണ്ട്. ബിറുവ നൽകിയ ഏകദേശ കണക്കനുസരിച്ച്, ഇവിടെ ഒരു കുട്ടി ഒരു മാസം ശരാശരി 10 പക്ഷികളെ വരെ കൊല്ലുന്നു. അതുകൊണ്ടുതന്നെ, പക്ഷി സംരക്ഷണ പരിപാടികൾക്ക് ഇവിടെ കൂടുതൽ പ്രാധാന്യം നൽകി വരുന്നു. ഇത്തരം പരിപാടികൾ കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവന്നത് എന്ന് ബിറുവ പറയുന്നു. ഇപ്പോൾ ഞങ്ങൾ എല്ലാത്തരം പക്ഷികളെയും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സ്കൂളിന് ഇനിയുമുണ്ട് ഒരുപാട് സവിശേഷതകൾ. സ്കൂളിലേക്ക് കയറുമ്പോൾ നിലത്ത് ബോട്ട് ആകൃതിയിലുള്ള ചാരനിറത്തിലുള്ള ഒരു പാറ ചാരിവച്ചിരിക്കുന്നത് കാണാം. ഇതാണ് സ്കൂളിലെ മണി. ഓരോ ക്ലാസ്സും ആരംഭിക്കുന്നതിന് മുൻപ് ഒരു ചെറിയ പാറയുടെ സഹായത്തോടെ ഇത് മുഴക്കുന്നു. 

ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ നാല് മുതൽ രാത്രി എട്ട് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നു. അധ്യാപകരിൽ കൂടുതലും ശമ്പളം വാങ്ങാതെ പഠിപ്പിക്കുന്നവരാണ്. “ഞങ്ങളുടെ കുട്ടികൾ ജീവിതത്തിൽ വിജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സ്കൂളുകളിലെ പതിവ് പരീക്ഷകൾക്ക് പുറമെ ഞങ്ങൾ ഞങ്ങളുടെ രീതിയിൽ പരീക്ഷകൾ നടത്തുന്നു. 110 കുട്ടികളുണ്ട് ഇവിടെ, അവർ പതിവായി ഇവിടെ പഠിക്കാനെത്തുന്നു” കിന്റർഗാർട്ടൻ അധ്യാപിക നിതിമ ബുമിജ് പറഞ്ഞു. 

ഇവിടത്തെ പഠന രീതികളും വ്യത്യസ്തമാണ്. കിന്റർഗാർട്ടനിലെ വിദ്യാർത്ഥികൾ കണക്കിലെ സംഖ്യകളെ രാസ മൂലകങ്ങളുടെ ആറ്റോമിക സംഖ്യകളുമായി ബന്ധപ്പെടുത്തിയാണ് പഠിക്കുന്നത്. ഹൈഡ്രജന് 1, ഹീലിയത്തിന് 2, ലിഥിയത്തിന് 3 എന്നിങ്ങനെ അവർ ഉറക്കെ ഒറ്റസ്വരത്തിൽ ചൊല്ലും. ഇനി അക്ഷരമാല പഠിക്കാനും അവരുടെ പക്കൽ ഒരു പുതിയ രീതിയുണ്ട്. എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ എന്ന സ്ഥിരം രീതി വിട്ട്, ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുമ്പോൾ ഓക്സിജൻ, സൾഫർ, പ്ലാറ്റിനം, തുടങ്ങിയ  ഘടകങ്ങൾ ചേർത്താണ് കുട്ടികൾ പഠിക്കുന്നത്. "ചെറുപ്പം മുതൽ തന്നെ ശാസ്ത്രത്തിൽ താല്പര്യം ഉണ്ടാക്കി എടുക്കണം. ഇതൊരു ക്രിയേറ്റീവ് സ്കൂളാണ്. ഞങ്ങൾക്ക് പഠിപ്പിക്കാൻ വ്യത്യസ്ത രീതികളുണ്ട്” നിതിമ പറഞ്ഞു. “തുറന്ന സ്ഥലത്താണ് ഞങ്ങളുടെ ഭൂമിശാസ്ത്ര ക്ലാസുകൾ നടക്കുന്നത്. ഇതിനെല്ലാം പുറമെ, ഞങ്ങൾ ഇവിടെ ജാപ്പനീസ് ഭാഷയും പഠിപ്പിക്കുന്നു” ബുമിജ് കൂട്ടിച്ചേർത്തു.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 2.30 വരെ പതിവ് സ്‌കൂളിൽ പോയതിന് ശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മനീഷ ബോദ്ര ഒരു മാസമായി അയ്യൂബിലേക്ക് വരുന്നു. "അയ്യൂബ് സ്കൂളിൽ അധ്യാപകർ നന്നായി പഠിപ്പിക്കും. എൻ്റെ സ്കൂളിൽ, പുസ്തകങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ  ഞങ്ങൾ ഒരിക്കലും കാര്യങ്ങൾ യഥാർഥത്തിൽ മനസ്സിലാക്കുന്നില്ല  ”അവൾ പറഞ്ഞു.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ ബിരുദം നേടിയ രഘുനാഥ് ബിറുവ തന്നെയാണ് സ്കൂളിൽ രസതന്ത്രം പഠിപ്പിക്കുന്നത്. 2018 -ൽ പ്രധാൻ ബിറുവയ്ക്ക് ഇന്ത്യയുടെ യൂത്ത് ഐക്കൺ അവാർഡ് ലഭിക്കുകയുണ്ടായി. ഇതിൽ ഏറെ സന്തോഷമുണ്ടെങ്കിലും, ഇനിയും ഒരുപാട് ദൂരം പിന്നിടാനുണ്ട് എന്നദ്ദേഹം പറഞ്ഞു. കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതുവരെ അദ്ദേഹത്തിന് വിശ്രമമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഗോത്രഗ്രാമത്തിൽ ഇപ്പോൾ തന്നെ മാറ്റത്തിൻ്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. ഒരു നാടിന് വെളിച്ചം നൽകാനായി ഒരു തരത്തിലുള്ള പ്രതിഫലമോ ശമ്പളമോ പ്രതീക്ഷിക്കാതെ പ്രവർത്തിക്കുകയാണ് ഇവിടെ ഒരു കൂട്ടം അധ്യാപകർ.

click me!