കിടപ്പറകളില്‍ നമ്മള്‍ ഇങ്ങനെയായിരുന്നില്ല!

By Web TeamFirst Published Dec 13, 2018, 3:48 PM IST
Highlights

രാത്രിയെ പകലാക്കി മാറ്റിയതിലൂടെ സാങ്കേതികവിദ്യ നമ്മുടെ ക്രിയാത്മകതയുടെ സങ്കേതങ്ങളെ കൊള്ള ചെയ്തിരിക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാടകകൃത്ത് തോമസ് മിഡില്‍ടണിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'ഒന്നാം ഉറക്കം നിഷേധിക്കപ്പെട്ടവര്‍ നമ്മള്‍, സ്വപ്നങ്ങളും ഭ്രമകല്പനകളും കൊള്ളയടിക്കപ്പെട്ടവര്‍ നമ്മള്‍..' സ്‌കോട്ടിഷ് എഴുത്തുകാരി കേരന്‍ എംസ്‌ലൈ എഴുതിയ കുറിപ്പ്. സ്വതന്ത്ര വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍ 

മുമ്പൊക്കെ ആളുകള്‍ ഉറക്കം പാതിയാവുമ്പോള്‍ ഉണര്‍ന്നിരുന്നു, പലപ്പോഴും. ചിന്തിക്കാന്‍, എഴുതാന്‍, പ്രേമം പങ്കുവെക്കാന്‍...  ഇന്ന് കൂര്‍ക്കം വലിച്ചുറങ്ങി നമ്മള്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്...?


സമയം പുലര്‍ച്ചെ 4:18. അറിയാതെ ഉണര്‍ന്നുപോയി ഞാന്‍. ഇങ്ങനെ നേരമല്ലാത്ത നേരത്ത് ഉണരുന്നത് ഒരസുഖമാണ്. അത് ശരീരത്തിന്റെ സ്വാഭാവിക താളത്തിന് ഭംഗം വരുത്തും. അത് ഡിപ്രഷന്റെയും ഉത്കണ്ഠയുടെയും ഒക്കെ ലക്ഷണമാണ്. ഇത്ര പുലര്‍ച്ചയ്ക്കെണീറ്റാല്‍ പിന്നെ ആകെ അസ്വസ്ഥതയാണ്. എന്റെ കണ്ണ് പുകയും. വിശേഷിച്ചൊരു വിഷാദരോഗവുമില്ലെങ്കിലും എന്റെ മനസ്സുകിടന്നു തിക്കുമുട്ടും. ഇങ്ങനെ ബലം പിടിച്ച് കിടക്കയില്‍ മലര്‍ന്നു കിടക്കുന്നതിലും നല്ലത് കിടക്ക വിട്ട് എഴുന്നേറ്റു പോരുന്നതാണ്. എന്റെ എഴുത്തുകള്‍ നടക്കുന്നത് പിന്നെക്കിട്ടുന്ന മണിക്കൂറുകളിലാണ്. മനസ്സിനുള്ളിലെ ഇരുളില്‍ കിടന്നിരുന്ന വാക്കുകള്‍ നിറവും വെളിച്ചവും കണ്ടെത്തുന്നു. രാത്രിയുടെ ഈ യാമങ്ങളില്‍ എന്റെ മനോനില വേറെയാണ്. എനിക്കിപ്പോള്‍ എഴുതാന്‍ കഴിയും. തിരുത്താനാവില്ല. കൂട്ടിച്ചേര്‍ക്കാനേ കഴിയൂ, മായ്ച്ചു കളയാനാവില്ല. അതൊക്കെ നടക്കുന്നത് എന്റെ പകല്‍ മനസ്സിലാണ്. എഴുതി മുഴുമിച്ചാലുടന്‍ ഞാന്‍ ചെന്ന് വീണ്ടും കിടക്കുകയായി. അടുത്ത ഉറക്കത്തിലേക്ക് ഊളിയിടുകയായി. 

മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികളും പ്രാണികള്‍ക്കുമെല്ലാം ഉള്ളില്‍ എല്ലാം നിയന്ത്രിക്കുന്നൊരു ക്‌ളോക്കുണ്ട്. ജീനുകളാലും   പ്രോട്ടീനുകളാലും തന്മാത്രാഘടനകളാലും നയിക്കപ്പെടുന്നൊരു ക്‌ളോക്ക്. നമുക്ക് ചുറ്റുമുള്ള വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ചാക്രിക സാന്നിധ്യങ്ങളെയും അസാന്നിധ്യങ്ങളെയും ആശ്രയിച്ചിരിക്കും ഈ ക്‌ളോക്കിന്റെ പ്രവര്‍ത്തനം. ഈ ക്‌ളോക്കുകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ശാരീരിക, മാനസിക, സാമൂഹിക പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്. ഈ റിഥത്തിനെ നമ്മള്‍ 'സിര്‍ക്കേഡിയന്‍ റിഥം' എന്ന് വിളിക്കും. ഇത് നമ്മുടെ വിശപ്പിനെ, കാമനകളെ, വികാരങ്ങളെ, സമയത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവുകളെ ഒക്കെ സ്വാധീനിക്കും. 

റോമക്കാരും ഗ്രീക്കുകാരുമൊന്നും ഉറക്കമുണര്‍ന്നിരുന്നത് കയ്യില്‍ കെട്ടിയ വാച്ചില്‍നിന്നോ, ടൈം പീസില്‍ നിന്നോ, മൊബൈല്‍ ഫോണില്‍ നിന്നോ ഒന്നും പുറപ്പെട്ടുവരുന്ന അലാറങ്ങള്‍ കേട്ടായിരുന്നില്ല. പ്രകൃതിയായിരുന്നു അവരുടെയൊക്കെ സമയസാക്ഷി. സൂര്യോദയത്തിലെ വെള്ളകീറല്‍, സന്ധ്യയിലെ കിളികളുടെ ചേക്കേറാനുള്ള ബഹളങ്ങള്‍, വയറ്റില്‍ നിന്നും പുറപ്പെട്ടിരുന്ന പ്രകൃതിയുടെ വിളി അല്ലെങ്കില്‍ പശുക്കളുടെ ബഹളങ്ങള്‍.. അതൊക്കെയായിരുന്നു ആദ്യകാല അലാറങ്ങള്‍. പിന്നെ മണല്‍ഘടികാരങ്ങളും സൂര്യഘടികാരങ്ങളും വന്നു. പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും യന്ത്രക്‌ളോക്കുകള്‍ വെച്ച പള്ളിമേടകള്‍ വന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് കൈകളില്‍ ബന്ധിച്ചു നിര്‍ത്തുന്ന ക്‌ളോക്കുകള്‍, റിസ്റ്റുവാച്ചുകള്‍ ഒക്കെ  വന്നത്. വ്യാവസായിക വല്‍ക്കരണം ടൈം പീസുകള്‍ കൊണ്ടുവന്നു. ഒപ്പം, നേരത്തിന് വീട്ടില്‍ നിന്നും ഇറങ്ങാന്‍ നമുക്കുമേല്‍ സമ്മര്‍ദ്ദമേറ്റുന്നു. 'സമയം ചുമ്മാ പാഴാക്കുന്നതിനെപ്പറ്റി നമ്മളെ ഓര്‍മിപ്പിക്കുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  എല്ലാം മാറിമറിഞ്ഞു. വീടുകളിലെല്ലാം വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു. ആധുനിക വൈദ്യുതീകരണം വീടുകള്‍ക്കുള്ളിലെ വെളിച്ചത്തെയും തദ്വാരാ നമ്മുടെ ഉറക്കത്തെയും മാറ്റിമറിച്ചു. 'At Day's Close: Night in Times Past (2005)' എന്ന പുസ്തകത്തിന്റെ രചയിതാവായ ചരിത്രകാരന്‍ റോജര്‍ എകിര്‍ച്ച് പറയുന്നു: 'എഡിസണ് മുമ്പ് നമ്മുടെ ഉറക്കം രണ്ടു ഘട്ടമായിട്ടായിരുന്നു. ആ രണ്ടു ഘട്ടങ്ങള്‍ക്കിടയില്‍ ഒന്നുമുതല്‍ പല മണിക്കൂറുകള്‍ വരെ നീണ്ടുനിന്നിരുന്ന ഒരു രാത്രിയിലെ ഉറക്കമില്ലായ്ക ഉണ്ടായിരുന്നു'. അദ്ദേഹം ഇതിനെ 'വിഭജിത നിദ്ര' (segmented sleep) എന്നു വിളിക്കുന്നു. 

ഇത്ര പുലര്‍ച്ചയ്ക്കെണീറ്റാല്‍ പിന്നെ ആകെ അസ്വസ്ഥതയാണ്.

ഉറക്കത്തിന്റെ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ള പാറ്റേണുകള്‍ നമ്മളെ അതിശയിപ്പിച്ചേക്കും. നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കുക, സൂര്യന്റെ ഉദയാസ്തമയങ്ങള്‍ക്ക് സമാന്തരമായാവും നമ്മുടെ സിര്‍ക്കേഡിയന്‍ റിഥവും എന്നാണ്. എന്നാല്‍ മറ്റുപല ജീവികളെയും പോലെ സ്വാഭാവികമായി ഉറങ്ങാന്‍ വിട്ടാല്‍ മനുഷ്യനും ഉറങ്ങുന്നത് ഒറ്റ സ്‌ട്രെച്ചില്‍ ഒന്നിച്ചൊന്നുമല്ല.. പല പല ചെറു ചെറു ഉറക്കങ്ങളായാണ്. വൈദ്യുതീകരണത്തിനു മുമ്പ്, തെരുവുവിളക്കുകള്‍ക്കുമുമ്പ്, രാത്രികള്‍ അക്രമത്തിന്റെയും കൊള്ളയുടെയും പിടിച്ചുപറിയുടെയും ഭീതിദമായ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ ഭയന്നിരുന്നു. കഴിവതും ഒഴിവാക്കിയിരുന്നു. നേരത്തെ കിടന്നുറങ്ങാന്‍ അവര്‍ ശീലിച്ചിരുന്നു. ചില ധനിക കുടുംബങ്ങളില്‍ മാത്രം അന്നും പെട്രോമാക്‌സിന്റെയും മറ്റും കൃത്രിമ വെളിച്ചങ്ങളാല്‍ ഉറക്കം നീണ്ടു പോയിരുന്നു. അത്തരം കുടുംബങ്ങളില്‍ വിഭജിത നിദ്രയുടെ ലക്ഷണങ്ങള്‍ കുറവായിരുന്നു എന്ന് റോജര്‍ എകിര്‍ച്ച് നിരീക്ഷിക്കുന്നു. 

ഇങ്ങനെ, പ്രാഥമികമായ ഒരു ഉറക്കത്തിനു ശേഷമുള്ള ഉണര്‍ച്ച  അത്യുത്സാഹം നിറഞ്ഞതാണ്. ആ ഇടവേളകള്‍ അന്നുള്ളവര്‍ എഴുതാനും, വായിക്കാനും, പ്രാര്‍ത്ഥിക്കാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാനും, തൊട്ടടുത്തുകിടന്നുറങ്ങിയിരുന്ന തങ്ങളുടെ പങ്കാളികളെ കുലുക്കി വിളിച്ചുണര്‍ത്തി അവരോട് കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാനും, പതുക്കെ രതിക്രീഡകളിലേക്ക് വഴുതി വീഴാനുമെല്ലാം ചിലവിട്ടുതുടങ്ങി. എകിര്‍ച്ച് പറയുന്നത്, അന്നൊക്കെ പകലത്രയും അത്യധ്വാനം ചെയ്തുവരുന്ന പങ്കാളികള്‍ക്ക് പ്രാഥമികമായ ഉറക്കത്തിനു മുമ്പ് തീവ്രമായ രതിയില്‍ ഏര്‍പ്പെടാനുള്ള ഉന്മേഷമുണ്ടായെന്നു വരില്ല. ഒരുറക്കം ഉണര്‍ന്നെണീറ്റു വന്നിരുന്ന നമ്മുടെ പൂര്‍വികര്‍ പൂര്‍വാധികം പ്രസരിപ്പോടെ പരസ്പരം പ്രാപിച്ചുപോന്നു. ഇവ്വിധമുള്ള പരാക്രമങ്ങള്‍ക്കൊടുവില്‍  രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീണ്ടുമവര്‍ രണ്ടാമതൊരുറക്കത്തിലേക്ക് വഴുതി വീണുപോകുമായിരുന്നു. ഉദാഹരണത്തിന് ചിലരുടെ കാര്യത്തില്‍  ഈ വിഭജിത നിദ്രയുടെ ആദ്യ സെഗ്മന്റ് ഒരു ഒന്‍പതു മണി മുതല്‍ ഒരുമണി വരെയായിരുന്നു.. പിന്നെ ഒന്നുമുതല്‍ നാലുവരെയുള്ള ഉണര്‍ന്നിരിപ്പിനു ശേഷം വീണ്ടും നാലുമുതല്‍ ഏഴുവരെ അടുത്ത ഖണ്ഡം ഉറക്കവും. ആകെ രണ്ടു ഘട്ടങ്ങളിലായി എട്ടുമണിക്കൂര്‍ സുഖ നിദ്ര.

ഇരുപതാം നൂറ്റാണ്ടോടു കൂടി ഈ വിഭജിത നിദ്രയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കാണാതായി എന്ന് എകിര്‍ച്ച് പറയുന്നു. നേരത്തെ കിടന്നുറങ്ങുന്ന ശീലം ആളുകള്‍ അവസാനിപ്പിച്ചു. പകലിലെ പ്രവര്‍ത്തനങ്ങള്‍ രാത്രി ഏറെ വൈകിയും ആളുകള്‍ തുടര്‍ന്നു. ശേഷിക്കുന്ന രാത്രി വിഭജിക്കപ്പെടാന്‍ തികയാതെയായി. അദ്ദേഹം പറയുന്നത് നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ വിഭജിത നിദ്രകള്‍ മാത്രമല്ല, അവയ്ക്കിടയില്‍ ഉണര്‍ച്ചയില്‍ നമ്മള്‍ നടത്തിയിരുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേഴ്സണ്‍ തന്റെ ആദ്യ ഉറക്കത്തിനു മുമ്പ് ഫിലോസഫി പുസ്തകങ്ങള്‍ വായിച്ച്, രാത്രിയിലെ ഉണര്‍ച്ചയില്‍ അതേക്കുറിച്ച് ഗാഢമായി ചിന്തിക്കുമായിരുന്നത്രെ. രാത്രിയില്‍ നമ്മുടെ മനസ്സ് ഏറെക്കുറെ സ്വപ്നസദൃശമായ ഒരുണര്‍ച്ചയിലാണ്. സ്വപ്നങ്ങളില്‍ നമ്മുടെ ചിന്തകള്‍, ഓര്‍മ്മകളെയും, പ്രതീക്ഷകളെയും, ഭീതികളെയുമൊക്കെ അധികരിച്ച് ഇമേജറികള്‍ സൃഷ്ടിക്കും. ആ ഇമേജറികളില്‍ നിന്ന് നമ്മുടെ നമ്മുടെ മനസ്സിന് ക്രിയാത്മകമായ ആശയങ്ങള്‍ ഉരുത്തിരിക്കാന്‍ കഴിയും. ഉറക്കമില്ലാത്ത അവസ്ഥ യെപ്പോലെ(insomnia) അല്ല ഈ ഉറക്കങ്ങള്‍ക്കിടയിലെ ഉണര്‍ച്ച. അത് നമുക്ക് ഉന്മേഷം പകരുന്ന ഒരു അനുഭവമാണ്. 

വിഭജിത നിദ്ര വിജയകരമായി നടപ്പിലാവണമെങ്കില്‍, അതിന്റെ പൂര്‍ണ്ണഗുണം നമുക്ക് കിട്ടണമെങ്കില്‍  നമ്മുടെ ജീവിതം കുടുംബത്തിന്റെ കെട്ടുപാടുകളില്‍ നിന്നും തൊഴില്‍പരമായ നിര്‍ബന്ധങ്ങളില്‍ നിന്നും ഏറെക്കുറെ നമ്മളെ സ്വാതന്ത്രമാക്കണം. അല്ലാത്തപക്ഷം, ഈ പാതിരാ ഉണര്‍ച്ചകള്‍ വരമായല്ല, ശാപമായായിരിക്കും അനുഭവപ്പെടുക. കലാ സാഹിത്യ അഭിനയ മേഖലകളില്‍ വിജയിച്ചിട്ടുള്ളവര്‍ ഈ 9-5 ജോലിയുടെ നിര്‍ബന്ധങ്ങളില്‍ നിന്നൊക്കെ ഒരുപരിധിവരെ മോചിതരായിട്ടുണ്ടാവും. തങ്ങള്‍ക്കിഷ്ടമുള്ള സമയക്രമത്തില്‍ ജോലി ചെയ്യാനും ഉപജീവനം നയിക്കാനുമുള്ള സംവിധാനങ്ങള്‍ അവര്‍ക്കുണ്ടാകും. തന്റെ 'Daily Rituals: How Artists Work' (2013)എന്ന പുസ്തകത്തില്‍ മേസണ്‍ കറി, പ്രശസ്തരായ പല കലാകാരന്മാരുടെയും ജീവിതചര്യയെപ്പറ്റി നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അവരില്‍ പലരും വിഭജിത നിദ്ര ശീലിച്ചിരുന്നവരായിരുന്നത്രേ. പാതിരാ ഇന്‍സോംനിയകളില്‍ എഴുതാന്‍ വേണ്ടി പേനയും കടലാസും കിടയ്ക്കയ്ക്കരികില്‍ സൂക്ഷിച്ചിരുന്നു അവരില്‍ പലരും. 

പ്രാഥമികമായ ഒരു ഉറക്കത്തിനു ശേഷമുള്ള ഉണര്‍ച്ച  അത്യുത്സാഹം നിറഞ്ഞതാണ്

നിക്കോളാസ് ബേക്കര്‍ എന്ന നോവലിസ്റ്റ് ഇങ്ങനെ മനഃപൂര്‍വം പ്ലാന്‍ ചെയ്തുള്ള വിഭജിത നിദ്രാ സ്വഭാവമുള്ള ഒരാളായിരുന്നു. വീട്ടുകാരൊക്കെ കിടന്നുറങ്ങുമ്പോള്‍ വിളക്കുതെളിച്ചിരുന്ന് എഴുതുന്ന ഒരാളെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ 'A Box of Matches' (2003) എന്ന നോവല്‍. 'രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റിരുന്ന് വിളക്കിന്റെ തിരി തെളിയിച്ചെടുക്കുന്നത് ഒരു ധ്യാനമാണ്. അത് മുറിഞ്ഞുപോയ ഖണ്ഡികകളെ തമ്മില്‍ ചേര്‍ക്കുന്നു. എന്റെ മനസ്സ് കൂടുതല്‍ തെളിവിലേക്ക് സഞ്ചരിക്കുന്നു..' അദ്ദേഹം പറഞ്ഞു. രാത്രിയില്‍ നമ്മുടെ മനസ്സിന്റെ ക്രിയേറ്റിവിറ്റിയ്ക്ക് അനുഗുണമായ രീതിയിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. വെര്‍ (Wehr) എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയത്, രാത്രിയിലെ ഈ ഉണര്‍ച്ചാ വേളകളില്‍ നമ്മുടെ ശ്ലേഷ്മഗ്രന്ഥികള്‍ ( pituitary glands) ഉയര്‍ന്ന അളവില്‍ പ്രൊലാക്ടിന്‍ ഉത്പാദിപ്പിക്കുമെന്നാണ്. ഉറക്കത്തിനിടയിലോ അല്ലെങ്കില്‍ ഉണര്‍ന്നിരിക്കുമ്പോഴോ നമ്മള്‍ അനുഭവിക്കുന്ന ഒരുതരം പ്രത്യേക സമാധാനവും, സ്വപ്നസദൃശമായ അനുഭവവുമൊക്കെ ഉത്പാദിപ്പിക്കും ഈ പ്രൊലാക്ടിന്‍ നമ്മളില്‍.  പ്രൊലാക്ടിന്‍ അല്ലാതെ സ്രവിപ്പിക്കപ്പെടുന്നത്   രതിമൂര്‍ച്ഛ അനുഭവപ്പെടുമ്പോഴും , അമ്മമാര്‍ മുലയൂട്ടുമ്പോഴുമൊക്കെയാണ്. അമ്മക്കോഴികളെ മുട്ടയ്ക്കുമുകളില്‍ ഏറെനേരം അടയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും പ്രൊലാക്ടിന്‍ തന്നെയാണ്. അതിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഈ പ്രൊലാക്ടിന്‍ പ്രവാഹത്തില്‍, നമ്മുടെ രാത്രിയുണര്‍ച്ചകളില്‍ നമ്മള്‍ സ്വച്ഛന്ദമായൊരു മാനസികാവസ്ഥയിലായിരിക്കും. നമുക്ക് ക്രിയാത്മകമായി ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ അപ്പോള്‍ കഴിഞ്ഞേക്കും. ഇന്നത്തെക്കാലത്തെ മനുഷ്യര്‍ മിത്തുകളില്‍ നിന്നും ഭ്രമകല്പനകളില്‍ നിന്നുമൊക്കെ അകലെ ആകാനുള്ള യാന്ത്രിക ജീവിതങ്ങള്‍ നയിക്കുന്നതിന്, നമ്മുടെ പാതിരാ ഉണര്‍ച്ചകള്‍ നമുക്ക് നഷ്ടപ്പെട്ടതും ഒരു കാരണമാവാം. 

രാത്രിയെ പകലാക്കി മാറ്റിയതിലൂടെ സാങ്കേതികവിദ്യ നമ്മുടെ ക്രിയാത്മകതയുടെ സങ്കേതങ്ങളെ കൊള്ള ചെയ്തിരിക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാടകകൃത്ത് തോമസ് മിഡില്‍ടണിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'ഒന്നാം ഉറക്കം നിഷേധിക്കപ്പെട്ടവര്‍ നമ്മള്‍, സ്വപ്നങ്ങളും ഭ്രമകല്പനകളും കൊള്ളയടിക്കപ്പെട്ടവര്‍ നമ്മള്‍..' 

സാങ്കേതിക വിദ്യ നമ്മുടെ വീടുകളുടെ അകത്തളങ്ങള്‍ കൂടുതല്‍ അടുക്കും ചിട്ടയും വൃത്തിയുമുള്ളതാക്കി. വീട്ടില്‍ നിന്നും ജോലിചെയ്യാനും, നമുക്കിഷ്ടമുള്ള ജോലി സമയം തിരഞ്ഞെടുക്കാനും, തോന്നുംപടി ജോലി ചെയ്യാനുമെല്ലാം  ഇന്നു നമ്മുടെ മുന്നില്‍ വഴികളുണ്ട്. നമ്മുടെ ജോലിസമയങ്ങള്‍ അത്രയ്ക്കങ്ങ് കര്‍ക്കശമല്ല ഇപ്പോള്‍. നമ്മുടെ വിഭജിത നിദ്രാക്രമങ്ങളെ നമ്മുടെ തൊഴില്‍പരമായ പ്രതിബദ്ധതകളെ ബാധിക്കാത്ത തരത്തില്‍ നമുക്ക് കൊണ്ടുനടക്കാനാവും. നേരത്തെ കിടന്നുറങ്ങി, പ്രൊലാക്ടിന്‍ നിലാവുപെയ്യുന്ന പാതിരകളില്‍,  ഒരല്‍പനേരം, നമ്മുടെ പൂര്‍വ്വികരെപ്പോലെ, സ്വപ്നങ്ങളുടെ കാലിഡോസ്‌കോപ്പുകളിലൂടെ ഭ്രമാത്മക ചിന്തകളില്‍ മുഴുകാം. വായിക്കാം, എഴുതാം, തമ്മില്‍ മിണ്ടാം, രതിയിലേര്‍പ്പെടാം, ഒത്തിരിയൊത്തിരി സ്വപ്നങ്ങളുള്ള അടുത്ത ഉറക്കത്തിലേക്ക് മുങ്ങാങ്കുഴിയിടാം.. 

Courtesy: aeon

click me!