നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

By ഡോ. ഹസ്‌നത് സൈബിന്‍First Published Jan 30, 2018, 8:44 PM IST
Highlights

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

വീട്ടില്‍ എനിക്കെന്നും നല്ല ശബ്ദമായിരുന്നു. പോരാത്തതിന് സ്വാതന്ത്ര്യവും. ആണും പെണ്ണും സഹജീവിയല്ലേ. തന്റേതായ ഇടങ്ങളിലിരിക്കുമ്പോഴും പരസ്പരം ഇടകലര്‍ന്നും സഹകരിച്ചും ബഹുമാനിച്ചുമങ്ങനെയായിരിക്കും ലോകമെന്ന് ഞാനുമങ്ങ് നിനച്ചു. പിന്നീടൊരു പ്രഫഷണല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയ പ്പോഴാണ് എനിക്കും തോന്നിത്തുടങ്ങിയത്, ഈ ലോകത്ത് ആണുങ്ങള്‍ക്കൊരു നിയമവും പെണ്ണുങ്ങള്‍ക്കൊരു നിയമവുമാണെന്ന്.

പഠനശേഷമാണ് ജോലിയുടെ ഭാഗമായി സര്‍ക്കാരാശുപത്രികളിലിരുന്ന് ജീവിതാനുഭവങ്ങളുടെ കേള്‍വിക്കാരിയായി മാറിയത്.

അന്ന് ശ്രീജ സ്‌ക്രീനിനു പുറകില്‍ കൊണ്ടു പോയി എന്നെ കാട്ടിത്തന്നത്, ഭര്‍ത്താവിന്റെ സമ്മാനങ്ങളായിരുന്നു. കത്തുന്ന സിഗരറ്റ് കുറ്റി തൊലിപ്പുറത്ത് കുത്തിയ മര്‍ത്തിയതിന്റെ കരിഞ്ഞ പാടുകള്‍. പ്രതികരിക്കാനും നിയമ വ്യവസ്ഥയെ അറിയിക്കാനും ശ്രീജയോട് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞ അവളുടെ മുഖം ഉറക്കത്തിന്റെ വേളകളില്‍ എന്നെ ഞെട്ടിയുണര്‍ത്താന്‍ തുടങ്ങിയതിനു പിന്നെയാവണം എന്നു തോന്നുന്നു, മര്‍ദ്ദിതരാക്കപ്പെട്ടവരെ പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങിയത്. ഒരോ പൊള്ളുന്ന സിഗരറ്റ് കുറ്റിയും ശ്രീജയുടെ അസ്തിത്വത്തിലേക്കാഴ്ന്നിറങ്ങി ഏല്‍പ്പിച്ച ക്ഷതങ്ങള്‍ ഈ നാട്ടിലെ ഏത് നിയമ വ്യവസ്ഥക്കാണ് മാറ്റിയെടുക്കാന്‍ പറ്റുക!

കുഞ്ഞുങ്ങളാവാത്തതിന്റെ  പേരില്‍ ഭര്‍ത്താവില്‍ നിന്നും അമ്മായി അമ്മയില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനം ഒരു കാരണമായത് കൊണ്ടാവാം, തീരെ ചെറുപ്പത്തില്‍ തന്നെ നഫീസ ഒരു പ്രമേഹ രോഗി ആയത്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് കുഞ്ഞുങ്ങളൊക്കെയായി ജീവിക്കുമ്പോള്‍ പ്രമേഹം മൂര്‍ച്ഛിച്ച് കിഡ്‌നി യെ ബാധിച്ച് ഒന്നിടവിട്ട ദിവസങ്ങളില് ഡയാലിസിസ് സെന്റര്‍ കേറിയിറങ്ങുന്നു ഇന്ന് നഫീസ!

കത്തുന്ന സിഗരറ്റ് കുറ്റി തൊലിപ്പുറത്ത് കുത്തിയ മര്‍ത്തിയതിന്റെ കരിഞ്ഞ പാടുകള്‍

തന്നേക്കാള്‍ഒരു അര സെന്റീമീറ്റര്‍ നീളക്കൂടുതലുണ്ടോ  എന്ന നിസ്സാര സംശയത്തിന്റെ പേരും പറഞ്ഞ് നാലുമാസത്തെ ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയ സൗജയുടെ ഭര്‍ത്താവ്. പിന്നീടങ്ങോട്ട് ചിരിക്കാനും ചിന്തിക്കാനും മറന്നു പോയി, സൗജ.

അടുത്ത ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ലൈംഗികാതിക്രമങ്ങള്‍ക്കിരയായ പെണ്‍കുഞ്ഞുങ്ങളുടെ ഭീതിതമായ അനുഭവങ്ങള്‍ വിങ്ങിപ്പൊട്ടലുകളായും കേള്‍ക്കേണ്ടി വന്നു ഒന്നല്ല പല തവണ.

ആദ്യകാല ഭിഷഗ്വര ജീവിതത്തില്‍ വെറും ഒരു കേള്‍വിക്കാരി മാത്രമായിരുന്ന ഞാന്‍ പിന്നീട് അവരോടൊക്കെ സമരസപ്പെടാന്‍ തുടങ്ങിയതില്‍ പിന്നെയാണ് പേനയെടുത്ത് തുടങ്ങിയത്. ഞാന്‍ കണ്ട, കാണുന്ന  ശ്രീജമാരെയും നഫീസമാരെയും കുറിച്ച് മൊത്തമായി എഴുതണമെങ്കില്‍ എന്റെ പേന ഇനിയും കുറേ ചലിക്കേണ്ടി വരും.

ഇന്ദ്രിയങ്ങളെല്ലാം പുരുഷനെ പോലെ പകര്‍ന്ന് കൊടുത്ത് ദൈവം സൃഷ്ടിച്ചതല്ലേ സ്ത്രീയെയും? പൊതു സമൂഹം  ഫെമിനിസ്റ്റ്് എന്ന് പറയുന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന്  കൃത്യമായി എനിക്കറിയില്ല. അടിച്ചമര്‍ത്തലിന്റെ, സഹനത്തിന്റെ, അവഗണനയുടെ, നിസഹായതയുടെ, ഭയത്തിന്റെ കണ്ണീരു തോരാത്ത കഥകള്‍ എന്റെ മനസാക്ഷിയോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന സമസ്യകള്‍.. 

സ്ത്രീയുടെ ഇത്തരം അവസ്ഥകള്‍ക്കൊരു അവസാനം ആഗ്രഹിക്കുന്നെങ്കില്‍, അത് മനുഷ്യ സ്‌നേഹത്തില്‍ നിന്ന് വരുന്നതാണ്. ആ അര്‍ത്ഥത്തിലാണെങ്കില്‍  നിങ്ങള്‍ക്കെന്നെയും അങ്ങനെ വിളിക്കാം. എന്നാണ് ഞാനൊരു സ്ത്രീ പക്ഷ ചിന്തകളുള്ള ആളായതെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല. ആശുപത്രിയില്‍  രോഗികളോടൊപ്പം ചിലവിടുന്ന ഒരോ ദിവസവും എന്നെ വീണ്ടും വീണ്ടും സ്ത്രീകള്‍ക്കു വേണ്ടി പേനയെടുക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫെമിനിസം എന്നാല്‍ ആത്യന്തികമായി ഒരു മനുഷ്യജീവിയുടെ മൗലികാവകാശങ്ങളുടെ രോദനമാണ്.

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

click me!