വാദികളിലെ മഴ, അതിലൂടെ സ്വദേശികളുടെ ഫോര്‍വീലര്‍ സാഹസങ്ങള്‍

By Web TeamFirst Published Jun 21, 2022, 1:38 PM IST
Highlights

ഇവിടെ മണലാരണ്യത്തില്‍ 42 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലുള്ള ചൂടില്‍ വെന്തുരുകുമ്പോള്‍ മനസ്സില്‍ മാത്രമാണ് ഓര്‍മകളുടെ മഴ പെയ്യുന്നത്

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

 

പ്രവാസ ജീവിതത്തിലെ കനത്ത ചൂടില്‍ ഒരു െപയ്ത്തിന് ദാഹിച്ച കണ്ണുകളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ മഴ വന്നു. ആ മഴ നനഞ്ഞപ്പോള്‍ ഉള്ളില്‍ കുരുത്തത് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകള്‍. ഏത് പ്രവാസിയുും കൂടെക്കൊണ്ടുനടക്കുന്ന നാടോര്‍മ്മ. 

ഇവിടെ മണലാരണ്യത്തില്‍ 42 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലുള്ള ചൂടില്‍ വെന്തുരുകുമ്പോള്‍ മനസ്സില്‍ മാത്രമാണ് ഓര്‍മകളുടെ മഴ പെയ്യുന്നത്.ചൂടിന്റെ  കാഠിന്യം മനസ്സിനെയും ശരീരത്തെയും തളര്‍ത്തുമ്പോള്‍ വേഴാമ്പലിനെ പോലെ പലപ്പോഴും ഒരു മഴക്കായ് ആകാശത്തേയ്ക്ക് നോക്കാറുണ്ട്. വര്‍ഷത്തില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം പെയ്യുന്ന ഗള്‍ഫ് നാടുകളിലെ മഴ ഓരോ മലയാളികളെയും ജന്മനാട്ടിലെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. 

നാട്ടില്‍ പെയ്യുന്ന മഴയുടെ ചിത്രങ്ങള്‍ സമ്മാനിക്കാനാവില്ലെങ്കിലും, കണ്ണു കുളിര്‍ക്കെ മഴ കാണാനും ആസ്വദിക്കാനും ഓരോ പ്രവാസിയും ഇഷ്ടപ്പെടുന്നു. അതിനാല്‍ ഇവിടെ സലാലയില്‍ മഴ പെയ്യുമ്പോഴെല്ലാം ഗൃഹാതുരത്വം നുണയാന്‍ ഞാനും സമയം കണ്ടെത്താറുണ്ട്. 

പണ്ട് സ്‌കൂള്‍ വരാന്തയിലും വീടിന്റെ ഉമ്മറപ്പടിയിലുമൊക്കെ നിന്ന് മഴ പെയ്യുമ്പോള്‍ കാറ്റത്ത് വെള്ളം മുഖത്തും വസ്ത്രത്തിലും വീഴുമായിരുന്നു. ഓടിന്‍പുറത്തുനിന്നും ഷീറ്റിന്‍ പുറത്തുനിന്നും ഊര്‍ന്നിറങ്ങി വരുന്ന മഴ കൈ വെള്ളകൊണ്ടു തട്ടിത്തെറിപ്പിക്കും. പുതുമഴയുടെ ഗന്ധം ഉള്ളിലേക്ക് എടുക്കും. 

ആ ഓര്‍മ്മയിലാണ് ഇപ്പോഴും നിന്നത്. എന്നാല്‍ ശക്തമായ കാറ്റിനെ കൂട്ടുപിടിച്ചു വന്ന മഴ കെട്ടി പുണര്‍ന്ന് അടപടലം കുളിപ്പിച്ചു. പുതു മഴ മണ്ണില്‍ തട്ടി ഉണര്‍ത്തിയ ലഹരി പിടിപ്പിക്കുന്ന ഗന്ധത്തിനായി (Petrichor)കാത്തു നിന്നെങ്കിലും കാറ്റ് അതിനെ ദൂരെ എവിടേയ്‌ക്കോ വലിച്ചുകൊണ്ടുപോയിരുന്നു. മഴ തിമര്‍ത്തു പെയ്യുകയാണ്. എന്തായാലും കാറ്റിന്റെ താളത്തിനൊത്തു പെയ്യുന്ന മഴയുടെ ചന്തം ഒന്ന് ആസ്വദിക്കാമെന്നു കരുതി ഞാന്‍ അവിടെ തന്നെ നില ഉറപ്പിച്ചു. തൊട്ടടുത്ത റൂമിലുള്ള കേരളീയര്‍ അല്ലാത്ത പലരുടെയും കണ്ണുകള്‍ ജനല്‍ പാളിയിലൂടെ കൗതുകത്തോടെയും അത്ഭുതത്തോടെയും എന്നിലേക്ക് നീളുന്നതായി ഞാനറിഞ്ഞു. 

സാധാരണയായി ഇവിടെ സ്‌പ്രേ പോലെ വളരെ നേര്‍ത്ത നൂല്‍മഴയാണ് ലഭിക്കാറ്. അത് കണ്ടാസ്വദിക്കാനും നനയാനും ഒരു പ്രത്യേക സുഖമാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി കൊടുകാറ്റിന്റെ ശബ്ദത്തോടൊപ്പം പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ച് അതിശക്തിയിലാണ് ഇത്തവണ മഴ ഭൂമിയിലേക്ക് വന്നത്. പ്രവാസ ജീവിതത്തിന്റെ ചുട്ടു പൊള്ളുന്ന ചൂടില്‍ അപൂര്‍വ്വമായി കിട്ടുന്ന സൗഭാഗ്യം.

മഴയോടുള്ള പ്രണയം ബാല്യത്തില്‍ തുടങ്ങിയതാണ്. അന്നും ഇന്നും മഴ കാഴ്ചകള്‍ മനസ്സിന് സന്തോഷം നല്‍കുന്നു.  അതിനാല്‍ മഴയുടെ വിസ്മയ കാഴ്ചകള്‍ കണ്ണിലേക്ക് ഒപ്പിയെടുക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ഇരമ്പി എത്തിയ മഴത്തുള്ളികള്‍ ഇലകള്‍ക്കും, മേല്‍ക്കൂരകള്‍ക്കും മണ്ണിനും മുകളില്‍ പെരുമ്പറ കൊട്ടുന്നുണ്ട്. മഴയുടെയും കാറ്റിന്റെയും സംഗീതത്തിനൊത്തു പേരറിയാത്ത മരങ്ങള്‍ ആടി ഉലഞ്ഞും ഉറഞ്ഞുതുള്ളിയും നൃത്ത ചുവട് വെക്കുകയും അടുത്തടുത്ത് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ കാറ്റത്ത് പരസ്പരം  ആലിംഗനം ചെയ്യുകയും ചെയ്യുന്നു 

മരങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയുടെ ഫലമാകുമോ കാലം തെറ്റിയ ഈ മഴ?

അങ്ങിങ്ങായി പച്ചപ്പ് വിരിച്ചു നില്‍ക്കുന്ന ഈ മരങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം ലഭിക്കുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പെയ്യുന്ന ഇത്തരം മഴയിലൂടെയാണ്. പക്ഷികള്‍ കൂട്ടത്തോടെ മരച്ചില്ലകളില്‍ നിന്നും കാര്‍ ഷെഡിലെ കമ്പികളിലേക്ക് അഭയം തേടുന്നു. ചിലര്‍ മരം വിട്ടുവരാന്‍ തയാറാകാതെ നനഞ്ഞു തണുത്ത് ആടി ഉലയുന്ന മരക്കൊമ്പുകളില്‍ തന്നെ ഇരിക്കുന്നു. അവരും മഴ ആസ്വദിക്കുകയാവുമോ? അതോ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് കാവലിരിപ്പായിരിക്കുമോ? 

റൂമിനു മുന്നിലായി മണ്ണില്‍ ചെറിയ മഴച്ചാലുകള്‍ രൂപം കൊള്ളുന്നുണ്ട്. മഴയുടെ ശക്തിയില്‍ ഞൊടിയിടയില്‍ മഴച്ചാലുകള്‍ കൂടി ചേര്‍ന്ന് ഒരു വെള്ളക്കെട്ടായി മാറി. അതിലേക്ക് വര്‍ണ കടലാസില്‍ തീര്‍ത്ത തോണികള്‍ ഒഴുക്കിവിടാന്‍ മനസ്സ് മന്ത്രിക്കുന്നു. 

തൊട്ടടുത്ത റൂമിലെ പാകിസ്താനി മഴയ്ക്ക് പിടികൊടുക്കാതെ വണ്ടിയില്‍ നിന്നും റൂമിലേക്കു ഓടി കയറാന്‍ ശ്രമിച്ചെങ്കിലും ആകെ നനഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വെളുത്തു നീണ്ട അപ്പുപ്പന്‍ താടി പോലുള്ള താടിരോമത്തില്‍ മഴത്തുള്ളികള്‍ തങ്ങിനിന്നു തിളങ്ങുന്നുണ്ട്. എന്നെ നോക്കി ചെറുപുഞ്ചിരിയോടെ 'ബഹുത് ബാരിഷ്' എന്നുപറഞ്ഞു റൂമിലേക്ക് പോയി. 

ഭൂമിപിളര്‍ക്കുന്ന മിന്നല്‍ ഉണ്ടോ എന്ന് ഞാന്‍ ആകാശത്തു പരതി നോക്കി. മാനത്തച്ചന്‍ പത്തായത്തില്‍ തേങ്ങ പെറുക്കിയിടുന്ന ഇടിയുടെ ശബ്ദവും കേള്‍ക്കാനില്ല. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയുള്ള പെരുമഴ വല്ലാത്തൊരു ദുരന്തത്തിന്റെ പ്രതീതിയാണ്. ആകാശത്തിനു ചുവട്ടില്‍ കോടിക്കണക്കിന് ജീവജാലങ്ങള്‍ മഴ നനയുന്നുണ്ട്, ഭൂമിയിലെ ഒരു എളിയ അംഗമായി ഞാനും അവരില്‍ ഒരാളായിനിന്നു. മഴത്തുള്ളിയുടെ നനവും തണുപ്പും എന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളിലേക്കും അരിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞു. കാറ്റിന്റെശക്തിയില്‍ മനസ്സും ശരീരവും ഒരു പോലെ തണുത്തു വിറച്ചു. 

മഴയുള്ള സമയങ്ങളില്‍ റോഡിലേയ്ക്കിറങ്ങിയാല്‍ സ്വദേശികളും വിദേശികളും കൂട്ടത്തോടെ വാഹനവുമായി പുറത്തേയ്ക്കിറങ്ങി മഴ കണ്ടാസ്വദിക്കും. റോഡ് നിറയെ വണ്ടികളാകും, സാധാരണ ഗതിയില്‍ ഇവിടുത്തെ റോഡിലൂടെ 120 Km/Hr വേഗതയില്‍ ചീറി പായുന്ന വാഹനങ്ങള്‍ മഴയുള്ളപ്പോള്‍ സൈഡ് ഗ്ലാസ് താഴ്ത്തി മഴയെ തൊട്ടു തലോടി വളരെ അലസതയോടെ ഇഴഞ്ഞു നീങ്ങിയാണ് പോകുന്നത്. 

അറബികള്‍ മലമുകളില്‍ നിന്നും മഴ വെള്ളം കുത്തിയൊലിച്ചു ഒഴുകുന്ന വാദിക്കരികിലും അതിന്റെ താഴ്വാരങ്ങളിലും പോയി നിന്ന് മഴയുടെ ഭംഗി ആസ്വദിക്കാറുണ്ട്. 

മഴയത്ത് മലമുകളില്‍ നിന്നും വരുന്ന വെള്ളം ഒഴുകാനായി പ്രകൃതിയില്‍ സ്വയം രൂപംകൊണ്ട ചാലുകളാണ് വാദികള്‍. ചെറുതും വലുതുമായ ധാരാളം പാറക്കഷണങ്ങളും കല്ലുകളും നിറഞ്ഞതാണ് വാദി. മഴ പെയ്യുമ്പോള്‍ മാത്രമാണ് അതിലൂടെ വെള്ളം ഒഴുകുക. അല്ലാത്ത സമയങ്ങളില്‍ വരണ്ടുണങ്ങി കിടക്കാറാണ് പതിവ്. മഴയുള്ള സമയത്ത് മണ്ണും പാറക്കല്ലുമായി ശക്തിയില്‍ കുത്തി ഒലിച്ചൊഴുകുന്ന വാദികളിലൂടെ അറബിപ്പയ്യന്മാര്‍ സാഹസികമായി ഫോര്‍ വീല്‍ വണ്ടി ഓടിച്ചു രസിക്കാറുണ്ട്. ചിലപ്പോഴൊക്കെ അപകടംവരുത്തി വെക്കുകയും ചെയ്യും. അതിനാല്‍ തന്നെ മഴയുള്ളപ്പോള്‍ വാദികള്‍ക്കു കുറുകെ കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാറുണ്ട്.

സലാലയിലെ വാദി ദര്‍ബാത് വളരെ പ്രശസ്തമാണ്. ഖരീഫ് (മണ്‍സൂണ്‍) സീസണില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഒരുപാട് ടൂറിസ്റ്റുകള്‍ ഇതു കാണാനായി വരാറുണ്ട്. വാഴത്തോപ്പും തെങ്ങിന്‍ തോപ്പും മാമലകളും നിറഞ്ഞ സലാലയെ പൊതുവെ കേരളം എന്നാണ് അറിയപ്പെടുന്നത്. കേരളത്തിന്റ മുഴുവന്‍ പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സ്ഥലമാണ് വാദി ദര്‍ബാത്. ചെറുതും വലുതുമായ വെള്ളച്ചാട്ടവും, തെളിനീര്‍ നല്‍കുന്ന തടാകവും ചെറു വനങ്ങളും ചുറ്റും മരങ്ങള്‍ നിറഞ്ഞു പച്ചപ്പ് വിരിച്ച് കോട മഞ്ഞിന്‍ പുതപ്പണിഞ്ഞു നില്‍ക്കുന്ന മലനിരകളും, നല്ല തണുത്ത വെള്ളമൊഴുകുന്ന അരുവികളും അതിന്റെ കരയിലെ തണല്‍ മരങ്ങളും കാഴ്ചകള്‍ കണ്ട് അരുവിയിലൂടെയുള്ള ചെറുബോട്ടിലെ യാത്രയും ഒക്കെ ഒരു കുട കീഴില്‍ ലഭിക്കുന്ന വാദി ദര്‍ബാത് സഞ്ചാരികളുടെ പറുദീസയാണ്. 

സലാലയിലെ മഴയുടെ അഴകാര്‍ന്ന ഭാവങ്ങള്‍ ഇതൊക്കെ ആണെങ്കിലും ഇവിടുത്തെ മഴയ്ക്ക് ഭയാനകമായ മറ്റൊരു മുഖം കൂടിയുണ്ട്. നിലക്കാത്ത ശക്തമായ മഴ പെയ്താല്‍ നാട്ടിലെ പോലെ ഇവിടെയും പ്രളയമുണ്ടാകും. വാദികള്‍ നിറഞ്ഞു കവിയുകയും സലാല നഗരത്തിലെ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായി വെള്ളത്തിനടിയില്‍ ആവുകയും, ജബല്‍(മല) ഇടിഞ്ഞു പാറയും മണ്ണും വീണ് ചില റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്യും. പ്രളയത്തിലും ഒഴുക്കിലും പെട്ട് വീടുകളിലും വാഹനങ്ങളിലും കുടുങ്ങുന്നവരെ റോയല്‍ ഒമാന്‍ പൊലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷപെടുത്താറ്. പ്രധാനമായി വാദികളില്‍ വാഹനങ്ങള്‍ കുടുങ്ങിയാണ് അപകടങ്ങള്‍ ഏറെയുമുണ്ടാകുന്നത്. ചിലസമയത്തുണ്ടാകുന്ന കൊടും കാറ്റ് മഴയെക്കാള്‍ കൂടുതല്‍ വിനാശം വിതച്ചാണ് മടങ്ങുന്നത്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ജാഗ്രത മുന്നറിയിപ്പ് ഒമാന്‍  പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍  എവിയേഷന്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ഒരു പരിധിവരെ അപകടങ്ങളും മരണ നിരക്കും കുറക്കാന്‍ സാധിക്കുന്നു.

നിര്‍ത്താതെ ശക്തിയായി പെയ്യുന്ന മഴ കാണുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും പ്രളയത്തിന്റെ ഓര്‍മ്മകള്‍ തെളിയാറുണ്ട്.  ഉറ്റവരുടെ ജീവനും സ്വത്തും കവര്‍ന്ന പ്രളയം പലര്‍ക്കും പേടിസ്വപ്നമാണ്. എങ്കിലും ഓരോ മഴക്കാലവും നമ്മുടെ ഉള്ളിലെ പ്രണയത്തെയും, ബാല്യത്തെയും, ഗൃഹാതുര ചിന്തകളെയും ഉണര്‍ത്തുന്നു. 

 

പ്രവാസികളുടെ ജീവിതകഥകള്‍ വായിക്കാം

 

click me!