മാംസഭക്ഷണം തേടി മഹാഭാരതഭൂമിയില്‍...

By Prasad AmoreFirst Published Apr 11, 2019, 4:54 PM IST
Highlights

കൗരവരുടെ രാജധാനി ആയിരുന്ന ഹസ്തിനപുരിയുടെ പുതിയ വര്‍ത്തമാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ യാത്ര. പ്രസാദ് അമോര്‍ എഴുതുന്നു

മത്സ്യ-മാംസാഹാരങ്ങള്‍ അപ്രിയമായ ഈ ഇടത്ത് ആഹാരരീതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ശുദ്ധി -വിശുദ്ധി സങ്കല്പം സൂചകമാണ്. പട്ടണത്തിന്റെ ഏതെങ്കിലും കോണില്‍ അനാര്‍ഭാടമായ തീനിടങ്ങളില്‍ മത്സ്യവും കോഴിയിറച്ചി വിഭവങ്ങളും കാണും. മുസല്‍മാനോ താഴ്ന്ന ജാതിക്കാരനോ നടത്തുന്ന ഭോജനശാലകളായിരിക്കും അത് .

എന്നാല്‍ പുരാതന ഇന്ത്യന്‍ ചരിത്രത്തിലെ ഉത്തരേന്ത്യന്‍ ജനത മൃഗബലി നടത്തിയ ഗോമാംസം ഭക്ഷിച്ചിരുന്നു. ആടു മാടുകളെ കൂടാതെ കുതിര, പോത്ത്, പന്നി, ഒട്ടകം, ആന എന്നി മൃഗങ്ങളെ ബലി ചെയ്തിരുന്നു. ഗോത്രത്തിന്റെ നിലനില്‍പ്പും യുദ്ധത്തിന്റെ വിജയത്തിനുമായാണ് ബലിദാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. ഗോമാംസം, അജമാംസം, കക്കുടമാംസം എല്ലാം ഉത്തരേന്ത്യയിലെ ബ്രാഹ്മണര്‍ക്ക് വിശിഷ്ട ഭോജ്യമായിരുന്നു.

ഇതിഹാസങ്ങളിലും പുരാണകഥകളിലും ഏറെ പെരുമയോടെ പരാമര്‍ശിക്കപ്പെടുന്ന ഹസ്തിനപുരത്താണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. മീററ്റില്‍ നിന്ന് മുപ്പത്തിയേഴു കിലോമീറ്റര്‍ അകലെ. ഹസ്തിനപുരത്തിന്റെ അവകാശത്തിന് വേണ്ടി പഞ്ച പാണ്ഡവന്മാരും കൗരവന്മാരും തമ്മിലുള്ള സ്പര്‍ദ്ധയുടെ കഥയാണ് മഹാഭാരതം. മിക്കവാറും എല്ലാ പ്രധാന വ്യക്തികളുടെയും മൃത്യുവില്‍ അവസാനിച്ച ഒരു മഹാ യുദ്ധത്തിന്റെ കഥയായ മഹാഭാരതം നമ്മുടെ ഭൂത കാലത്തെയും വര്‍ത്തമാനകാലത്തെയും സ്വാധീനിച്ച വൈകാരികമായ ഒരു തലമാണ്. ഇന്ത്യന്‍ ഭരണ രാഷ്ട്രീയം നിശ്ചയിക്കുന്നതില്‍ ഈ ഇതിഹാസത്തിന്റെ സ്വാധീനം ഇന്നും സുദൃഢമാണ്. 

രഥയാത്രയുടെ അവസാനദിവസമാണ് ഞാന്‍ ഹസ്തിനപുരത്തെത്തിയത്. നേരം സന്ധ്യയായിരിക്കുന്നു. തീര്‍ഥാടകരെകൊണ്ട് നിറഞ്ഞിരിക്കുന്നു. ഭ്രാന്തമായ ആവേശത്തില്‍ നൃത്തം ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ കൂട്ടം അവിടത്തെ ഒരു ക്ഷേത്രത്തിന് മുന്‍പില്‍ സമ്മേളിച്ചിട്ടുണ്ട്. ദില്ലി ഭരിക്കുന്നത് ആരെന്ന് കണ്ടെത്താനുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ വക്കത്തെത്തി നില്‍ക്കുമ്പോള്‍, ഹസ്തിനപുരിയ്ക്കും ഒഴിഞ്ഞുമാറാനാവില്ല. ഇവിടെയും തെരഞ്ഞെടുപ്പ് ചൂടിലാണ്. 

തെരഞ്ഞെടുപ്പിന്റെ വക്കത്തെത്തി നില്‍ക്കുമ്പോള്‍, ഹസ്തിനപുരിയ്ക്കും ഒഴിഞ്ഞുമാറാനാവില്ല.

നാഗരികവും പരിഷ്‌കൃതവുമായ ഒരു ഛായയുള്ള ഈ പ്രദേശം ഒരു ഭൂതകാല ഭൂമിക പുനരാവിഷ്‌കരിക്കുന്നത് നമ്മെ വിസ്മയഭരിതരാക്കും. സഹസ്രാബ്ദങ്ങളെ ഉല്ലംഘിക്കുന്ന ഇതിഹാസകഥകള്‍ ആധുനിക ഇന്ത്യന്‍ ഇന്ത്യന്‍ മനസ്സിനെ പാകപ്പെടുത്തുന്നത് എങ്ങനെയെന്ന് ഇവിടെ കാണാം.മഹാഭാരതത്തിന്റെ ഒരു നിശ്ചല ചിത്രീകരണം കണ്ടു, ശ്രീകൃഷ്ണനെയും ദ്രൗപതിയെയും വെളുത്ത നിറമുള്ളവരായാണ് അതില്‍ വരച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് ആധുനിക ഹൈന്ദവരുചികളെ പ്രീണിപ്പിക്കുന്ന ഒന്നാണ്. പുരാതന ഇന്ത്യക്കാര്‍ക്ക് കുറത്ത നിറമുള്ള ത്വക്കായിരുന്നു പഥ്യം എന്ന് വേണം അനുമാനിക്കാന്‍. ഹിന്ദു മത വിശ്വാസപ്രകാരം കാര്‍വര്‍ണ്ണനായ ശ്രീകൃഷ്ണനാണ് പുരുഷ സൗകുമാര്യത്തില്‍ ഉത്തമ ഭാവം. പാണ്ഡവന്മാരുടെ ഭാര്യയായ ദ്രൗപദിയെ കറുത്ത നിറമുള്ള സുന്ദരിയായാണ് പണ്ടു മുതലെ വിവരിച്ചിരുന്നത്.

പുരാണോതിഹാസകഥകള്‍ ചരിത്രമായി അവതരിപ്പിക്കുന്നതിന്റെ വൈതരണിയിലാണ് ഈ പ്രദേശം. ഒരു വശത്തു മള്‍ട്ടിപ്‌ളക്‌സുകള്‍, ഹൈവേ, മാളുകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ആധുനികതയുടെ നിറം ചാര്‍ത്തുന്ന സാങ്കേതികതകള്‍.  കടന്നുപോകുമ്പോള്‍, ഹസ്തിനപുരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ജീവിതം പ്രാക്തന പ്രതീതി ജനിപ്പിക്കും. ജാതിബോധമുള്ള ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ ചിട്ടകളോട് സാധര്‍മ്യം പുലര്‍ത്തിപോകുന്ന തിരസ്‌കൃതര്‍ തങ്ങളുടെ ഭാവി ഭാഗധേയം പുരാതന ഉണ്മയിലാണ് തേടുന്നത്...

പുരാണോതിഹാസകഥകള്‍ ചരിത്രമായി അവതരിപ്പിക്കുന്നതിന്റെ വൈതരണിയിലാണ് ഈ പ്രദേശം

ഇവിടത്തെ ദൈനംദിന ജീവിതത്തില്‍ ദേവീദേവന്മാരുടെ കഥകളും ആഘോഷങ്ങളും നിറഞ്ഞുനില്‍ക്കുന്നു. തങ്ങളുടെ പകിട്ടായ ഭൂതകാലത്തെക്കുറിച്ച് വൈകാരികമായ ഒരു ബോധത്തിലൂടെയാണ് അവര്‍ ജീവിക്കുന്നത്. 

വാമൊഴി പാരമ്പര്യവും ഇതിഹാസകഥകളും കൊണ്ട് സമ്പന്നമാണ് നാട്ടിന്‍പുറങ്ങള്‍.സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ട ഐതിഹ്യങ്ങളും സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥയുമാണ് അവരുടെ കുട്ടികള്‍ ഇന്നും കേള്‍ക്കുന്നത്. അങ്ങനെ തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് സാമൂഹ്യ അറിവ് (social Cognition) സ്വാംശീകരിക്കപ്പെടുന്നു. പുരാതന പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും സ്ഥലനാമങ്ങളും ഏതാണ്ടൊക്കെ ഇന്നും അതേപടി നിലനില്‍ക്കുന്നു.

ദിവസങ്ങളോളം തണ്ടൂരി റൊട്ടി , ആലു പൊറാട്ട, സമോസ തുടങ്ങിയ ഗോതമ്പില്‍ നിന്നുണ്ടാക്കുന്ന ഭോജ്യങ്ങളും പച്ചക്കറി വിഭവങ്ങളും മാത്രം കഴിച്ചു വിരസമായ ഒരു ഉച്ചനേരത്തു് നാഗരികമായ മാംസഭക്ഷണം തേടി ഞങ്ങള്‍ ഗംഗാനഗറില്‍ അലഞ്ഞു. ആര്‍ഭാടമായ തീനിടങ്ങളിലൊന്നും മാംസവും മത്സ്യവും ലഭ്യമല്ല. സസ്യേതര വിഭവങ്ങള്‍ ആഹരിക്കുന്നത് അചിന്ത്യമായ അപരാധമാണെന്ന് കരുതുന്ന ആളുകള്‍. എന്റെ സഹയാത്രികയായിരുന്ന ശ്രുതി സിങ് പ്രകടമായ അപ്രീതി വെളിപ്പെടുത്തി:

'മാംസം കഴിക്കരുത് എന്നാണ് ഞാന്‍ താങ്കളോട് പറയുക. ഹൈന്ദവ വിശ്വാസ പവിത്രത അനുഭവിച്ചറിയേണ്ട ജീവിതവും സംസ്‌കാരവുമാണ്'.

പശുവിന്റെ സാമ്പത്തിക മൂല്യം അതിനോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു

മത്സ്യ-മാംസാഹാരങ്ങള്‍ അപ്രിയമായ ഈ ഇടത്ത് ആഹാരരീതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ശുദ്ധി -വിശുദ്ധി സങ്കല്പം സൂചകമാണ്. പട്ടണത്തിന്റെ ഏതെങ്കിലും കോണില്‍ അനാര്‍ഭാടമായ തീനിടങ്ങളില്‍ മത്സ്യവും കോഴിയിറച്ചി വിഭവങ്ങളും കാണും. മുസല്‍മാനോ താഴ്ന്ന ജാതിക്കാരനോ നടത്തുന്ന ഭോജനശാലകളായിരിക്കും അത് .

എന്നാല്‍ പുരാതന ഇന്ത്യന്‍ ചരിത്രത്തിലെ ഉത്തരേന്ത്യന്‍ ജനത മൃഗബലി നടത്തിയ ഗോമാംസം ഭക്ഷിച്ചിരുന്നു. ആടു മാടുകളെ കൂടാതെ കുതിര, പോത്ത്, പന്നി, ഒട്ടകം, ആന എന്നി മൃഗങ്ങളെ ബലി ചെയ്തിരുന്നു. ഗോത്രത്തിന്റെ നിലനില്‍പ്പും യുദ്ധത്തിന്റെ വിജയത്തിനുമായാണ് ബലിദാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. ഗോമാംസം, അജമാംസം, കക്കുടമാംസം എല്ലാം ഉത്തരേന്ത്യയിലെ ബ്രാഹ്മണര്‍ക്ക് വിശിഷ്ട ഭോജ്യമായിരുന്നു. പാനീയങ്ങള്‍ കുടിച്ചും മദിച്ചുമാണ് അവര്‍ കഴിഞ്ഞത്. ശതപാദ ബ്രാഹ്മണത്തില്‍ യത്ഞ്യവല്‍ക്യന്‍ പറയുന്നത് ശരീരപുഷ്ടിക്കും സൗന്ദര്യം നിലനിര്‍ത്താനും താന്‍ ഗോമാംസം നിരന്തരം കഴിച്ചുകൊണ്ടിരിക്കും എന്നാണ്. ഇന്നും തികച്ചും പരിണിതമായ മാംസാഹാരവിഭവങ്ങള്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ലഭ്യമാണ്. ദീര്‍ഘകാലം ഡല്‍ഹി സുല്‍ത്താനേറ്റിന്റെ -മുഗള്‍ ഭരണത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. അവരുടെ അനന്തരഗാമികളിലൂടെ വൈവിധ്യമായ സസ്യേതര ആഹാര രുചിഭേദങ്ങള്‍ പരിപാലിക്കപെടുന്നു. യഥാര്‍ത്ഥത്തില്‍ ജാതികളും ഗോത്രങ്ങളും ഭാഷ വിഭാഗങ്ങളും തമ്മിലുള്ള വൈവിധ്യങ്ങള്‍ക്കിടയിലും,ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ കുടിയേറിവന്ന പാഴ്‌സികള്‍ ഇറാനികള്‍, തുര്‍ക്കികള്‍, അഹായികള്‍, യൂറോപ്യന്മാര്‍ തുടങ്ങിയവരുടെ ജനിതകപ്രവാഹങ്ങളും സാംസ്‌കാരിക ധാരകളും മിശ്രിതമായ ഒരു പരിസരമാണ് ഇന്ത്യ .

ഉള്‍ഗ്രാമങ്ങളില്‍ പശുക്കളെ ചൊല്ലിയുള്ള അടിപിടികളും അവയെ തട്ടിക്കൊണ്ടുപോകലും പതിവാണ്.

ഹസ്തിനപുരത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ പശുക്കളെ ചൊല്ലിയുള്ള അടിപിടികളും അവയെ തട്ടിക്കൊണ്ടുപോകലും പതിവാണ്. പശുവിനെ ഒരു വിശുദ്ധമൃഗമായി (Totem animal ) കണക്കാക്കുന്ന ഒരു ഗോത്രാരാധന ആളുകളില്‍ രൂഢമൂലമാണ്. അവരുടെ വീടിനുള്ളിലെ പശുപരിപാലനമാണ് അഴുക്കും മലിനജലവും കെട്ടിനില്‍ക്കുന്ന ഗ്രാമീണ ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്നാല്‍ ഗ്രാമാന്തരങ്ങളില്‍ മാത്രമല്ല പട്ടണനിരത്തുകളിലും വഴിതടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ശോഷിച്ച പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാണാം. ഗ്രാമീണര്‍ ശയ്യാവലംബികളായ പശുക്കളെ രാത്രീകാലങ്ങളില്‍ പുറം പ്രദേശത്തേയ്ക്ക് തള്ളിയിടുന്നു. പുരാതനകാലം മുതലെ പശുവിന്റെ സാമ്പത്തിക മൂല്യം അതിനോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഡെല്‍ഹിക്കും അതിന്റെ അതിവിദൂരമല്ലാത്ത ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്. പാണ്ഡവന്മാര്‍ നിര്‍മിച്ച പുതിയ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടിന്റെ കീഴെയാണ് . ഡല്‍ഹിയിലെ ഗുഡ്ഗാവ് ദ്രോണാചാര്യരുടെ ഗ്രാമമാണ്. കുരുക്ഷേത്ര യുദ്ധഭൂമി ഡല്‍ഹിയില്‍നിന്ന് നൂറ്റി അറുപത് കിലോമീറ്റര്‍ അകലെ ഹരിയാനയിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ വംശങ്ങളുടെയും കഥപറയുന്നു എന്ന് അവകാശപ്പെടുന്ന മഹാഭാരതം അനേകം വ്യാഖാനങ്ങള്‍ക്കും പാഠ ഭേദങ്ങള്‍ക്കും വിധേയമായ ഒരു ഇതിഹാസമാണ്. അതില്‍ നിരവധി വംശങ്ങളുടെയും പുരാതന നഗരങ്ങളുടെയും വിവരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയവും മതപരവുമായ മഹാപ്രസ്ഥാനങ്ങളുടെ ഉല്‍ഭവത്തില്‍ ഈ ഇതിഹാസ കാവ്യത്തിന്റെ അദൃശ്യ സ്വാധീനം സ്പഷ്ടമാണ്. ഹിന്ദു സാംസ്‌കാരികദേശീയത എന്ന സങ്കല്പത്തില്‍ മഹാഭാരതം പ്രഥമമായി പ്രകീര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ മഹാഭാരത സ്ഥലങ്ങളുടെ പര്യവേക്ഷണ ഉത്ഖനനത്തില്‍ നിന്നൊന്നും ആ കഥകളുടെ ചരിത്ര സാധുതയെ ആശ്രയിക്കാവുന്ന വസ്തുതകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല.

വൈവിധ്യമുള്ള രൂപങ്ങളിലും നിറത്തിലും വലിപ്പത്തിലും ഇന്ത്യക്കാരെ കാണാം. ശുദ്ധവര്‍ഗ്ഗങ്ങള്‍ എവിടെയുമില്ല. ഇന്ത്യയിലെ എല്ലാ ഗോത്രങ്ങളും സമുദായങ്ങളും ജാതികളും പല ജനിതക പരമ്പരകളുടെ കലര്‍പ്പാണെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനിതക പഠനങ്ങള്‍ സ്ഥീരീകരിക്കുന്നു. പക്ഷെ പ്രാകൃതമായ ഗോത്രബോധം നമ്മുടെ പരിസരത്തെ സങ്കീര്‍ണമാക്കുന്നു.

മഹാഭാരതം അനേകം വ്യാഖ്യാനങ്ങള്‍ക്കും പാഠ ഭേദങ്ങള്‍ക്കും വിധേയമായ ഒരു ഇതിഹാസമാണ്

Reference: India's ancient past:  RS Sharma Oxford; Edition edition (20 October 2006)

click me!