ഹസാറോം ഖ്വാഹിഷേം ഐസീ..., തീരാമോഹങ്ങളെത്തഴുകി ഒരു ഗാലിബ് ഗസല്‍

By Babu RamachandranFirst Published Aug 24, 2019, 5:35 PM IST
Highlights

ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര മൂന്നാം ഭാഗം. 'ഹസാറോം ഖ്വാഹിഷേം  ഐസീ' 

അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

 

'ഹസാറോം ഖ്വാഹിഷേം  ഐസീ'

ഹൃദയത്തില്‍ നിന്നും അണപൊട്ടിയൊഴുകുന്ന അന്തമില്ലാത്ത കാമനകളെപ്പറ്റിയുള്ള ഒരു ഗസലാണ് ഇന്ന്. ഉര്‍ദുകവിതയുടെ അപരനാമം എന്നൊക്കെ പറയാവുന്ന മിര്‍സാ ഗാലിബ് എഴുതിയ, 'ഹസാറോം ഖ്വാഹിഷേം ഐസി..' എന്നുതുടങ്ങുന്ന അതിമനോഹരമായ ഒരു കാവ്യശില്പം. 

മോഹങ്ങളുടെ അക്ഷയപാത്രമാണ് നമ്മുടെ ഹൃദയം. മനുഷ്യന്റെ ആശകള്‍ക്ക് എന്നാണ് ഒരു അന്ത്യമുണ്ടാകുന്നത്? ആഗ്രഹങ്ങളൊടുങ്ങിയാല്‍ പിന്നെ ജീവിതമുണ്ടോ? അനുനിമിഷം മനസ്സില്‍ മുളപൊട്ടുന്ന അനേകായിരം മോഹങ്ങള്‍.  നമ്മുടെ ഭാഗ്യം പോലെ, അവയില്‍ ചിലതൊക്കെ, നിറവേറ്റപ്പെടുന്നു. ബഹുഭൂരിഭാഗം കാമനകള്‍ക്കും പൂര്‍ത്തീകരിക്കപ്പെടാതെ ഇടനെഞ്ചിന്റെ അടിത്തട്ടില്‍ ചെന്നടിഞ്ഞു കൂടാനാണ് യോഗം. അത്തരത്തിലുള്ള തീരാമോഹങ്ങളെപ്പറ്റിയുള്ള ഒരു ഭാവഗീതമാണ് ഈ ഗസല്‍. 

ഗാലിബ്

അര്‍ത്ഥവിചാരം 

I
हज़ारों ख़्वाहिशें ऐसी कि, हर ख़्वाहिश पे दम निकले
बहुत निकले मेरे अरमान, लेकिन फिर भी कम निकले

ഹസാറോം   ഖ്വാഹിഷേം  ഐസീ 
കെ ഹർ   ഖ്വാഹിഷ്‌ പെ ദം നിക്‌ലേ.. 
ബഹുത്‌ നിക്‌ലേ മെരേ അർമാൻ 
ലേകിൻ, ഫിർ ഭി കം നിക്‌ലേ..

'ഖ്വാഹിഷ്' എന്നത് മനോഹരമായൊരു ഉര്‍ദു വാക്കാണ്.. 'കാമന' എന്നൊക്കെ മലയാളീകരിക്കാം വേണമെങ്കില്‍.. അഭിനിവേശങ്ങള്‍, ആഗ്രഹങ്ങള്‍, മോഹങ്ങള്‍.. അങ്ങനെ പലതും ആ വാക്കിന്റെ അര്‍ത്ഥപരിധിക്കുള്ളില്‍ വരും.  'നിക്‌ലേ' എന്ന വാക്കാണെങ്കില്‍ പലയിടത്തായി പല അര്‍ഥഭേദങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട് ഗാലിബ്  ഈ ഗസലില്‍. ഇവിടെ, ഈ ഷേറില്‍, കവി പറയാന്‍ ശ്രമിക്കുന്നത്, നമ്മുടെ മനസ്സില്‍ സഫലീകരിക്കാനാവാതെ കിടക്കുന്ന കാമനകളെക്കുറിച്ചാണ്.. 'ഒരായിരം കാമനകളുണ്ട് എന്റെയുള്ളില്‍.. ' കെ ഹര്‍   ഖ്വാഹിഷ് പെ ദം നിക്‌ലേ..'. 'ദം നികല്‍നാ' - എന്നുവെച്ചാല്‍, ശ്വാസം മുട്ടി മരിക്കുക.. ഓരോന്നും എന്റെ ജീവനെടുക്കാന്‍, എന്നെ അടക്കിപ്പിടിച്ച്  ഞെരിച്ച് ശ്വാസം മുട്ടിക്കാന്‍ പോന്നവയാണ്..  

ഒരു മോഹം മനസ്സില്‍ തോന്നി, അത് നടക്കാതെ വന്നാൽ,  ഓരോ നിമിഷവും പിന്നെ വിങ്ങലാണ്, പടപടപ്പാണുള്ളില്‍.  മനസ്സിൽ നിന്നും മോഹങ്ങൾ ഒഴിഞ്ഞു പോവുക അവ സഫലമാകുമ്പോഴാണ്.  മോഹങ്ങളിൽ പലതും നിറവേറി എങ്കിലും, ഇനിയും സാക്ഷാത്കരിക്കപ്പെടാതെ ബാക്കിയായവ ഒരുപാടുണ്ട്.  എന്റെ ഉള്ളില്‍ സഫലീകരിക്കപ്പെടാതെ അടിഞ്ഞുകൂടിക്കിടക്കുന എണ്ണമില്ലാത്ത കാമനകളും നിറവേറിയ ചില മോഹങ്ങളും നോക്കിക്കഴിഞ്ഞാല്‍, സഫലമായ മോഹങ്ങൾ ഏറെ കുറവാണ് എന്ന് പറയേണ്ടി വരും

ചുരുക്കിപ്പറഞ്ഞാല്‍ എന്റെ മനസ്സിന്റെ കാമനകള്‍ ഒട്ടുമുക്കാലുമിങ്ങനെ നിറവേറാതെ കെട്ടിക്കിടന്ന് മനസ്സിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന്.. 

കഠിനപദങ്ങള്‍ 
ഖ്വാഹിഷേം - ആഗ്രഹങ്ങള്‍, ദം നികല്‍നാ -ശ്വാസം മുട്ടി മരിക്കുക, അര്‍മാന്‍ -ആഗ്രഹം

II
डरे क्यों मेरा क़ातिल, क्या रहेगा उसकी गर्दन पर
वो ख़ूँ, जो चश्मे-तर से उम्र यूँ दम-ब-दम निकले

ഡരേ ക്യൂം മേരേ കാതിൽ 
ക്യാ രഹേഗാ ഉസ്‌കേ ഗർദൻ പർ 
വോ ഖൂൺ ജോ ചഷ്മ്‌-ഏ-തർ സേ 
ഉമ്ര് ഭർ യൂം ദം-ബ-ദം നിക്‌ലാ...

എന്റെ കൊലയാളി എന്തിന് ഭയചകിതനാവണം? അവനെന്താണ് ഭീഷണിയായിട്ടുള്ളത്? അവന്റെ മേല്‍ എന്തിന്റെ കറയാണ് പറ്റാനിരിക്കുന്നത്? എന്റെ ചോരയുടെയോ? അതൊക്കെ, എന്റെ കണ്ണിലൂടെ നിലയ്ക്കാതെ ഒഴുകി എന്നേ തീര്‍ന്നുപോയിരിക്കുന്നു. എന്നെ കൊല്ലേണ്ടവര്‍ വേഗം വന്നു കൊന്നോളൂ. ഒരു മനശ്ചാഞ്ചല്യവും വേണ്ട, ഞാന്‍ എപ്പോഴേ മരിച്ചവനാണ്. എന്റെ ഉടലില്‍ നിന്നും ജീവന്‍ വേര്‍പെടുത്തി എന്നുപറഞ്ഞ് നിങ്ങള്‍ക്കൊരു കുറ്റബോധവും വരില്ല.

കഠിനപദങ്ങള്‍ 
ചഷ്മ്-ഏ-തര്‍ - കണ്ണിലെ നനവ്. കാതില്‍ - കൊലയാളി, 'ഗര്‍ദന്‍ പര്‍ രെഹനാ' - ഗര്‍ദന്‍ എന്നാല്‍ കഴുത്ത്.. ഫിഗറേറ്റീവ് ആയി പറഞ്ഞതാണ്.. കുറ്റബോധം എന്ന അര്‍ഥത്തില്‍, ദം-ബ-ദം - നിലയ്ക്കാതെ, ഓരോ മിടിപ്പിലും.

III
निकलना ख़ुल्द से आदम का सुनते आये थे लेकिन
बहुत बेआबरू हो कर तेरे कूचे से हम निकले

നികൽനാ ഖുൽദ് സേ ആദം കാ 
സുൻതേ ആയേ ഹേ ലേകിൻ 
ബഡേ ബേ ആബ്റൂ ഹോകര്‍ 
തെരേ കൂചേ സെ ഹം നിക്‌ലേ..

ഈ ശേര്‍ മനസ്സിലാവണമെങ്കില്‍, ആദമിന്റെ പറുദീസാനഷ്ടത്തിന്റെ ചരിത്രം അറിഞ്ഞിരിക്കണം. കുറച്ചെങ്കിലും. ഷേറിന്റെ ആദ്യത്തെ വരി എളുപ്പമാണ്. 'നികല്‍നാ ഖുല്‍ദ് സെ ആദം കാ, സുന്‍തേ ആയേ ഹേ ലേകിന്‍.' - ആദം പറുദീസയില്‍ നിന്നും പുറത്തായതിന്റെ കഥകള്‍ നമ്മള്‍ എത്ര കേട്ടിരിക്കുന്നു! 'ബഡേ ബേ ആബ്റൂ ഹോകേ തേരേ കൂചേ സെ ഹം നിക്‌ലേ' 'വല്ലാതെ അപമാനിതനായി നിന്റെ വീട്ടില്‍ നിന്നും ഞാനിറങ്ങിപ്പോന്നു..'

എത്ര സുന്ദരമായാണ് കവി, കാമുകിയോടൊപ്പം പാര്‍ത്തിരുന്ന വീട് ഒരു സ്വര്‍ഗ്ഗമായിരുന്നു എന്ന് പറയാതെ പറഞ്ഞിരിക്കുന്നത്. അവിടെ നിന്നുള്ള ഇറങ്ങിപ്പോരലിനെ, തന്റെ അപമാനത്തെ ആദമിന്റെ പറുദീസാ നഷ്ടമായും. കാമുകിയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നപ്പോള്‍, പറുദീസ വിട്ടിറങ്ങേണ്ടി വന്ന ആദമിനേക്കാള്‍ സങ്കടം എനിക്കുതോന്നി എന്നാണ് കവി പറയുന്നത്. 

കഠിനപദങ്ങള്‍ 

ഖുല്‍ദ് - പറുദീസ, ബേ-ആബ്റൂ ഹോകേ - അപമാനിതനായി, കൂചാ - വീട്

IV
मुहब्बत में नही है फ़र्क़ जीने और मरने का
उसी को देख कर जीते हैं जिस क़ाफ़िर पे दम निकले

മുഹബ്ബത്ത് മേ നഹീ ഹേ ഫർക് 
ജീനേ ഓർ മർനേ കാ.. 
ഉസീ കോ ദേഖ്കർ ജീതേ ഹേ 
ജിസ് കാഫിർ പെ ദം  നിക്‌ലേ...

പ്രണയാതുരനായ എനിക്ക്, ജീവിച്ചിരിക്കുന്നതും, മരിച്ചുപോവുന്നതും ഒക്കെ ഒരുപോലാണിനി. ആര്‍ക്കാണോ സ്വന്തം പ്രാണന്‍ പറിച്ചുകൊടുക്കുന്നത്, ആ 'അവിശ്വാസി'യെ നിത്യം കണി കണ്ടുകൊണ്ട് ജീവിക്കും നമ്മള്‍. പ്രേമിക്കപ്പെട്ടവന് ഒന്നിച്ച് ജീവിക്കുന്നതും, ഒന്നിച്ച് മരിച്ചുപോകുന്നതും ഒക്കെ ഒരേ അനുഭൂതിയാണ് പകരുന്നത്. 

കാഫിര്‍ എന്ന പദം ഇവിടെ ഇത്തിരി 'ലൈറ്റാ'യിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. അര്‍ഥം അവിശ്വാസി എന്നാണെങ്കിലും, തല്ലുകൊള്ളി, കിറുക്കന്‍, ദുഷ്ടന്‍ അങ്ങനെ പ്രണയപൂര്‍വ്വം എന്തുവേണമെങ്കിലും അര്‍ത്ഥമെടുക്കാം.. ഉര്‍ദുവില്‍ കാഫിര്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തിയും ഏറെയാണ്. ഇംഗ്ലീഷില്‍ infidel എന്നതാണ് തത്തുല്യപദം. 

കഠിനപദങ്ങള്‍ 
ഫര്‍ക് - വ്യത്യാസം കാഫിര്‍ - അവിശ്വാസി, ഇവിടെ സ്‌നേഹിക്കാന്‍ അറിയാത്ത ഒരാള്‍ എന്ന അര്‍ത്ഥത്തില്‍ ആവും. 

V
ख़ुदा के वास्ते पर्दा न काबे का उठा ज़ालिम
कहीं ऐसा न हो यां भी वही क़ाफ़िर सनम निकले

ഖുദാ കേ വാസ്തേ പർദാ 
ന കാബേ സേ ഉഠാ സാലിം 
കഹീ ഐസാ ന ഹോ യാ ഭി
വഹി കാഫിർ സനം നിക്‌ലേ..

ദൈവത്തെയോര്‍ത്ത് നീ നിന്റെ മുഖത്തുനിന്നും പര്‍ദ്ദ മാറ്റരുത്. (വിവാഹ രാത്രിയില്‍, ഘൂംഘട്ട് മാറ്റി നോക്കുന്നതായിരിക്കും ഉദ്ദേശിച്ചിരിക്കുക) നീ ഇനി ആ പഴയ 'സ്‌നേഹിക്കാനറിയാത്തവള്‍' തന്നെ ആണെന്നു വന്നാലോ? ആരെയും അധികം അറിയാന്‍ എനിക്ക് പേടിയാണ്. എന്നെ സ്‌നേഹം കാണിച്ച് ഒടുവില്‍ വഞ്ചിച്ച ഒരുവളുണ്ട്. ഇനി നീയും അതുപോലെ ഒരാള്‍ ആണെങ്കിലോ? അതുകൊണ്ട് അധികം അടുക്കാതെ സുരക്ഷിതമായ ഒരു അകലം പാലിച്ചുകൊണ്ടാവാം നമ്മുടെ പ്രണയം. സ്‌നേഹം. ദാമ്പത്യം ഒക്കെയും.   

കഠിനപദങ്ങള്‍ 
ഖുദാകേ വാസ്തേ - ദൈവത്തെയോര്‍ത്ത്, പര്‍ദാ - മൂടുപടം, കാബാ- മുഖം സാലിം -ദുഷ്ട 

VI
कहाँ मैख़ाने का दरवाज़ा 'ग़ालिब' और कहाँ वाइज़
पर इतना जानते हैं, कल वो जाता था कि हम निकले

കഹാം മൈഖാനേ കാ ദർവാസാ
‘ഗാലിബ്’, ഓർ കഹാം വായിസ്.. 
പർ ഇത്‌നാ ജാൻതേ ഹേ 
കൽ വോ ജാതാ ഥാ കെ ഹം നിൿലേ...

ഇത് ഗസലിന്റെ മഖ്ത ആണ്. അവസാനത്തെ ഈരടിയായ മഖ്തയില്‍ ആണ് കവിയുടെ തഖല്ലുസ് കടന്നുവരുന്നത്. അതാണ് ഇവിടെ വരുന്ന 'ഗാലിബ്'. മദിരാലയത്തിന്റെ വാതിലും പള്ളിയിലെ മുല്ലയും തമ്മിലെന്ത് ബന്ധം? 'കഹാം യേ, ഓര്‍ കഹാം വോ...' എന്നു പറയുന്നത്, നമ്മള്‍ മലയാളത്തില്‍, 'അതെവിടെക്കിടക്കുന്നു, ഇതെവിടെക്കിടക്കുന്നു' എന്നമട്ടിലുള്ളൊരു പ്രയോഗമാണ്.. മദ്യപിക്കരുതെന്ന മതപാഠം നമ്മളെ പഠിപ്പിക്കുന്ന മൗലവിയും മദിരാലയത്തിന്റെ വാതിലും തമ്മിലെന്ത് ബന്ധമുണ്ടാവാനാണ്? ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യേണ്ട ആവശ്യമുണ്ടാത്ത ഒരാളാണ് നമ്മുടെ മൗലവി. 'പര്‍ ഇത്നാ ജാന്‍തേ ഹേ'; പക്ഷേ.. - എനിക്കറിയാവുന്നൊരു കാര്യം പറയാം. ഇനി ഞെട്ടിക്കുന്ന ഒരു സാക്ഷിമൊഴിയാണ്. 'കല്‍ വോ ജാതാ ഥാ, കെ ഹം നിക്‌ലേ..' ഇന്നലെ മദിരാലയത്തിന്റെ വാതിലിലൂടെ ഞാനിറങ്ങുമ്പോള്‍, മൗലവി അതേ വാതിലിലൂടെ അകത്തേക്ക് കേറുന്നുണ്ടായിരുന്നു..

കവി പറഞ്ഞുവരുന്നത് ഒരു ഇരട്ടത്താപ്പിനെപ്പറ്റിയാണ്. ഇഹലോകസുഖങ്ങള്‍, പ്രലോഭനങ്ങള്‍, വിലക്കപ്പെട്ട കനികള്‍ - അങ്ങനെ പലതും നമുക്ക് നിഷിദ്ധമാണെന്ന് പഠിപ്പിക്കുന്നവര്‍, അവയ്ക്ക് പിന്നാലെ നടന്ന് ജീവിതം പാഴാക്കരുത് എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നവര്‍ പലരുമുണ്ടാവാറില്ലേ? എന്നാല്‍, അവരില്‍ പലരും തന്നെ പകല്‍മാന്യന്മാരാണ്. പകല്‍ തത്വശാസ്ത്രങ്ങള്‍ പറഞ്ഞു പ്രസംഗിച്ചു നടന്നശേഷം രാത്രിയില്‍ തലയില്‍ മുണ്ടിട്ടുകൊണ്ട് അതേ അഗമ്യഗമനങ്ങള്‍ക്ക് മുതിരുന്നവരാണ് ഭൂരിഭാഗവും. പകല്‍ വെളിച്ചത്തില്‍ മദിരാലയത്തിലിരുന്ന് മധുസേവ നടത്തിയതിന് ദുഷ്പേര് കിട്ടിയ ആളാണ് കവി. മദ്യപിക്കരുത്, മദോന്മത്തനാകരുത് എന്ന് കവിയെ നിത്യം ഉപദേശിക്കുന്ന സാക്ഷാല്‍ മൗലവി,  താനിറങ്ങി വന്ന അതേ മദിരാലയവാതിലിലൂടെ അകത്തേക്ക് പോകുന്ന മൗലവിയെ കണ്ടിരുന്നു എന്നാണ് സാക്ഷ്യം പറയുന്നത്.

കഠിനപദങ്ങള്‍ 

മേഖാനാ- കള്ളുഷാപ്പ്, വായിസ് - മൗലവി,


കവി പരിചയം 


होगा कोई ऐसा भी कि 'ग़ालिब' को न जाने 
शाइर तो वो अच्छा है पर बदनाम बहुत है  

ഹോഗാ കോയി ഐസാ ഭി, കി 'ഗാലിബ്' കോ ന ജാനേ 
ശായർ തോ വോ അച്ഛാ ഹി, പർ ബദ്നാം ബഹുത് ഥാ.. 
 
'ഗാലിബി'നെ അറിയാത്തതായി ഈ ലോകത്ത് ആരാണുണ്ടാവുക..?
ആള്‍ ഒരു നല്ല കവിയൊക്കെത്തന്നെ, പക്ഷേ ദുഷ്‌കീര്‍ത്തിക്കും ഒരു പഞ്ഞവുമില്ല..!

മേലെ ഉദ്ധരിച്ചിരിക്കുന്ന രണ്ടു ഗാലിബിന്റെ തന്നെ രണ്ടു വരികളില്‍ ഒതുക്കാനാവും സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിതത്തെ. യഥാര്‍ത്ഥ നാമം മിര്‍സാ അസദുള്ളാ ബെയ്ഗ് ഖാന്‍. 1797  ഡിസംബര്‍ 27-ന് ആഗ്രയിലെ കാലാ മഹലില്‍ ജനനം. മികച്ചു നില്‍ക്കുന്ന എന്നര്‍ത്ഥമുള്ള 'ഗാലിബ്', സിംഹം എന്നര്‍ത്ഥമുള്ള 'അസദ്' എന്നീ തഖല്ലുസുകളില്‍ നിരവധി ഉറുദു കവിതകള്‍ രചിച്ചു. മുഗള്‍ വംശം ക്ഷയിച്ച് ഇന്ത്യ കോളനിഭരണത്തിലേക്ക് വഴുതിവീഴുന്ന കാലത്ത് ജീവിച്ചിരുന്ന ഈ കവിയുടെ നാമം, ഇന്ന് ഉറുദു കവിതയുടെ പ്രതിരൂപം തന്നെയാണ്. ലോകത്തെവിടെയും ആരും 'ഉറുദു കവിത' എന്നുപറഞ്ഞാല്‍ ആദ്യമോര്‍ക്കുന്ന പേരാണ് മിര്‍സാ ഗാലിബിന്റെത്. 

ഉസ്‌ബെകിസ്ഥാനിലെ സമര്‍ഖണ്ഡ് പ്രവിശ്യയില്‍ നിന്നും ആഗ്രയിലേക്കു കുടിയേറിയ ടര്‍ക്കിഷ് പാരമ്പര്യമുള്ള കുടുംബ പാരമ്പരയിലുള്ള മിര്‍സാ അബ്ദുള്ളാ ബെയ്ഗിന് കാശ്മീരിയായ ഇസ്സത്-ഉത്-നിസാ ബീഗത്തില്‍ ജനിച്ച മകനാണ് ഗാലിബ്. ലഖ്നൗ നവാബ്, ഹൈദരാബാദിലെ നൈസാം എന്നിവരുടെ ജീവനക്കാരനായിരുന്ന ഗാലിബിന്റെ അച്ഛന്‍ അദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോള്‍ അല്‍വാറില്‍ നടന്ന ഒരു യുദ്ധത്തില്‍ മരിക്കുന്നു. പിന്നീട് അമ്മാവനായ മിര്‍സാ നസ്രുള്ളാ ബെയ്ഗ് ഖാന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഇക്കാലത്ത്  അദ്ദേഹത്തിന്റെ  വിരുന്നുവന്ന അബ്ദുസ്സമദ് എന്ന സൗരാഷ്ട്രിയനാണ് ഗാലിബിനെ പേര്‍ഷ്യനും, അറബിയും, തത്വശാസ്ത്രവും, തര്‍ക്കശാസ്ത്രവും മറ്റും അഭ്യസിപ്പിക്കുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ ഉംറാവോ ബീഗവുമായുള്ള വിവാഹം നടക്കുന്നു. അവര്‍ക്ക് ഏഴു കുട്ടികളുണ്ടായെങ്കിലും ഒന്നുപോലും ശൈശവം പിന്നിട്ടില്ല. കുഞ്ഞുങ്ങളെല്ലാം തന്നെ അകാലത്തില്‍ തന്നെ രോഗങ്ങള്‍ക്ക് കീഴടങ്ങി മരിച്ചുപോയി. 

कैदे-हयातो-बंदे-गम अस्ल में दोनों एक हैं ।
मौत से पहले आदमी गम से नजात पाये क्यों?

കൈദേ ഹയാത്തോ ബന്ദെ ഗം
അസൽ മേം ദോനോ ഏക് ഹേ
മൗത്ത് സെ പെഹ്‌ലെ ആദ്മി 
ഗം സെ നജാത്ത് പായെ ക്യൂം 

ഇത് ഗാലിബ് അക്കാലത്തെഴുതിയ ഒരു ഷേര്‍ ആണ്. കൈദേ ഹയാത് - ജീവിതത്തിന്റെ തുറുങ്കും, ബന്ദേ ഗം - ദുഖത്തിന്റെ തടവും, രണ്ടും ഒന്നുതന്നെയാണ്. ആയുസ്സു തീരും മുമ്പ് ദുഃഖത്തില്‍ നിന്നും നജാത്ത് - മോചനം കിട്ടുമെന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്നതെന്തിനാണ്?  

അതുപോലെതന്നെ, 

बाज़ीचा-ए-अतफ़ाल है दुनिया मेरे आगे 
होता है शब-ओ-रोज़ तमाशा मेरे आगे 

ബസീചാ ഏ അത്ഫാൽ ഹേ ദുനിയാ മേരെ ആഗേ 
ഹോതാ ഹേ ഷബോ റോസ് തമാശാ മേരേ ആഗേ 

എനിക്കുമുന്നില്‍ എന്നും നടക്കുന്ന ഒരു കുട്ടിക്കളിയാണ് ഈ ലോകം 
രാവും പകലും എന്റെ മുന്നില്‍ അരങ്ങേറുകയാണ് ഒരു നാടകമെന്നോണം ഇത്

ഒരിക്കല്‍ ചൂതുകളിച്ചതിന് ഗാലിബ് തുറുങ്കിലടക്കപ്പെട്ടു. താമസിയാതെ കുത്തഴിഞ്ഞ ജീവിത ശൈലിയിലേക്ക് വഴുതിവീണു അദ്ദേഹം. തവായിഫുകളുടെ കോഠകളിലെ നിത്യ സന്ദര്‍ശകനായ അദ്ദേഹം അധികം താമസിയാതെ ഒരു സ്ത്രീലമ്പടനെന്ന കുപ്രസിദ്ധിയും മുഗള്‍ ദര്‍ബാറുകളില്‍ ആര്‍ജ്ജിച്ചു. 

അദ്ദേഹത്തിന്റെ ജീവിതകാലത്തായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരം നടക്കുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാര്‍ മുഗള്‍ രാജാക്കന്മാരുമായി ബന്ധമുള്ള സകലരെയും ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ഗാലിബിനെയും തടഞ്ഞു നിര്‍ത്തി ചോദിച്ചു, 

അവര്‍ ചോദിച്ചു, 'നിങ്ങള്‍ മുസ്ലിമാണോ?'.

ഗാലിബ് പറഞ്ഞു, 'അര മുസ്ലിം' 

'അരയോ..?' 

'മദ്യസേവ പതിവുണ്ട്, എന്നാല്‍ പന്നിമാംസം ഭുജിക്കാറുമില്ല.. അതുകൊണ്ടാണ് അര എന്ന് പറഞ്ഞത്' എന്ന് ഗാലിബ്. 

സ്വാതന്ത്ര്യസമരത്തിലൊന്നും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല ബ്രിട്ടീഷുകാരില്‍ നിന്നും കിട്ടിയിരുന്ന പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചിരുന്നതുപോലും. ആ തുക കൂട്ടിക്കിട്ടാന്‍ പലവട്ടം അവര്‍ക്ക് കത്തുവരെ എഴുതിയിട്ടുണ്ട് ഗാലിബ്. കുത്തഴിഞ്ഞ ജീവിത ശൈലികൊണ്ട് ആജീവനാന്തം കടം നിറഞ്ഞ ഒരു ജീവിതമായിരുന്നു മഹാകവിയുടേത്. വിലയേറിയ മദ്യത്തിന്റെ ആരാധകനായിരുന്നു. വൈന്‍, ഷാംപെയ്ന്‍, വിസ്‌കി ഒക്കെ എവിടെ കിട്ടുമെന്നറിയാന്‍ തിരഞ്ഞുനടന്നിരുന്നു. ബ്രിട്ടീഷുകാരുമായി പുലര്‍ത്തിയിരുന്ന ബന്ധത്തിന്റെ പുറത്ത് അവരുടെ കന്റോണ്മെന്റുകളില്‍ നിന്നും 'ഓള്‍ഡ് ടോം' വിസ്‌കി സംഘടിപ്പിച്ച് അതായിരുന്നു സ്ഥിരം സേവ.  

'ഗാലിബ്'

ആകെ വിഷാദഭരിതമായിരുന്ന തന്റെ ജീവിതം മദിരയില്‍ മുക്കി പരമാവധി ആഘോഷിച്ചു കവി. ആത്മസങ്കടങ്ങളെക്കുറിച്ചോര്‍ത്തുള്ള നിശ്വാസങ്ങളായിരുന്നു അദ്ദേഹത്തിന്റെ സുന്ദരമായ പല ഷേറുകളും. അത്തരത്തില്‍ ചില ഷേറുകള്‍ ഇതാ..

कोई उम्मीद बर नहीं आती 
कोई सूरत नज़र नहीं आती 

കോയി ഉമ്മീദ് ഭർ നഹീ ആതീ 
കോയി സൂരത്ത് നസർ നഹീ ആതീ 

ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയില്ലായ്കയാണ് ഗാലിബ് ഗസലുകളുടെ ഒരു മുഖ്യപ്രമേയം. പിടച്ചിലുകളെല്ലാം അടങ്ങുക മരണത്തില്‍ മാത്രമാണ് എന്ന് അദ്ദേഹം കരുതി. പ്രതീക്ഷകളൊന്നും തോന്നുന്നില്ല, സ്‌നേഹത്തിന്റെയോ, ദൈവത്തിന്റെയോ ആയ പ്രതീക്ഷക്കു വകയുള്ള മുഖങ്ങള്‍ ഒന്നും തന്നെ തെളിഞ്ഞു വരുന്നില്ല. 

आगे आती थी हाल-ए-दिल पे हँसी 
अब किसी बात पर नहीं आती 

ആഗേ ആതീ ഥീ ഹാൽ-ഏ-ദിൽ പർ ഹസീ 
അബ് കിസീ ബാത് പർ നഹീ ആതീ 

മുമ്പൊക്കെ എന്റെ ഹൃദയത്തിന്റെ അവസ്ഥകാണുമ്പോള്‍ എനിക്ക് ചിരിക്കാനെങ്കിലും സാധിച്ചിരുന്നു. അന്ന് ചെറുപ്പമായിരുന്നു, ശുഭാപ്തി വിശ്വാസങ്ങളും, നര്‍മ്മബോധവും ജീവിതത്തെ ലാഘവത്തോടെ കാണാന്‍ സഹായിച്ചിരുന്നു. ഇപ്പോള്‍ ഒന്നും തന്നെ ചിരിച്ചു കളയാന്‍ പറ്റുന്നില്ല. വിഷാദം അത്രയ്ക്കുണ്ടെന്നു സാരം. 

हम वहाँ हैं जहाँ से हम को भी 
कुछ हमारी ख़बर नहीं आती 

ഹം വഹാ ഹേ ജഹാ സേ ഹം കോ ഭീ 
കുച് ഹമാരീ ഖബർ നഹീ ആതീ

ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന അവസ്ഥയില്‍ എനിക്ക് എന്നെക്കുറിച്ചുതന്നെ ഒരു വിവരവുമില്ലാതെയായിട്ടുണ്ട്. എന്റെ മനോവിചാരങ്ങളെപ്പറ്റിപ്പോലും എനിക്ക് വേണ്ടത്ര ബോധ്യമില്ല. എനിക്കെന്താണ് വേണ്ടതെന്നോ, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നോ ഒന്നും അറിയാത്ത അവസ്ഥയാണ്. 

काबा किस मुँह से जाओगे 'ग़ालिब' 
शर्म तुम को मगर नहीं आती  

കാബാ കിസ് മൂഹ് സേ ജാവോഗേ ‘ഗാലിബ്’ 
ഷർമ്‌ തുംകോ മഗർ നഹീ ആതീ

തന്റെ ജീവിതകാലമത്രയും കവി മതം അനുശാസിച്ചിട്ടുള്ള സാത്വിക ജീവിതചര്യക്ക് കടകവിരുദ്ധമായി അഴിഞ്ഞാടിയാണ് ജീവിച്ചിട്ടുള്ളത്. ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ട എന്ത് ധൈര്യത്തിനാണ് ഗാലിബ് നീ (മക്കയിലെ) കഅബയിലേക്ക് പാപമോചനത്തിനായി വെച്ചുപിടിക്കുന്നത്..? നീ പോകും, നാണമെന്നു പറഞ്ഞത് പേരിനുപോലും ഇല്ലാത്തവനാണല്ലോ നീ..! 

ഇത്രയൊക്കെ എഴുതി എന്നുവെച്ച് കവി ജീവിതവസാനത്തില്‍ സാത്വികനായെന്നോ ഭക്തനായെന്നോ കരുതരുതേ. അവസാനം വരെയും ഗാലിബ് തന്റെ ജീവിതത്തിലെ അരാജകത്വം തുടര്‍ന്നു പോയി. 

ഗാലിബിന് സമകാലീനരായിരുന്നു മോമിനും, ദാഗ് ദെല്‍വിയും മറ്റും.  അദ്ദേഹത്തിന്റെ കാവ്യസിദ്ധിയില്‍ ആകൃഷ്ടനായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്‍ അദ്ദേഹത്തെ ദബീര്‍-ഉല്‍-മുല്‍ക് എന്ന ബഹുമാനപ്പേരു നല്‍കി ആദരിച്ചു. പേര്‍ഷ്യന്‍ ഭാഷയിലും നിരവധി കവിതകള്‍ ഗാലിബ് എഴുതിയിട്ടുണ്ടെങ്കിലും, ഇന്നദ്ദേഹം അറിയപ്പെടുന്നത് തന്റെ ഉറുദു കവിതകളുടെ പേരിലാണ്. നിന്നനില്‍പ്പിന്, സാന്ദര്‍ഭികമായി നിമിഷകവിതകള്‍ ഉര്‍ദുവില്‍ രചിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 

അത്തരത്തില്‍ ഒരു സംഭവം ബഹാദൂര്‍ ഷാ സഫറിന്റെ സദസ്സില്‍ നടന്നു. അന്ന് ഉസ്താദ് സൗക്ക് ആണ് സഫറിന്റെ സദസ്സിലെ ആസ്ഥാന കവി.  ഗാലിബ് അവിടത്തെ മറ്റു കവികളില്‍ ഒരാള്‍ മാത്രം. ഒരുദിവസം പല്ലക്കിലേറി രാജപാതയിലൂടെ ഉസ്താദ് സൗക്ക് പോകുമ്പോള്‍ ഗാലിബ് ഒരു ഷേറിന്റെ ആദ്യവരി ഉറക്കെ പാടി. 

"हुआ है शाह का मुसाहिब फिरे है इतराता "
"ഹുവാ ഹേ ഷാ കാ മുസാഹിബ് ഫിറേ ഹേ ഇത്രാതാ.."

'ചക്രവര്‍ത്തിയുടെ വേണ്ടപ്പെട്ടവനാണ് എന്നും പറഞ്ഞ് വലിയ ഗമയിലങ്ങനെ പോവുകയാണിവന്‍..'

ഉസ്താദ് സൗക്ക് കേള്‍ക്കാന്‍ കണക്കാക്കി ഉറക്കതന്നെയാണ് ഗാലിബ് അത് പാടിയത്. ഉസ്താദ് കൃത്യമായി കേള്‍ക്കുകയും ചെയ്തു. അപമാനിതനായ സൗക്ക് ഇതേപ്പറ്റി ബഹാദൂര്‍ ഷാ സഫര്‍  ചക്രവര്‍ത്തിയോട് പരിഭവം പറഞ്ഞു. അന്ന് ഷാ ഗാലിബിനെപ്പറ്റി വേണ്ടത്രേ കേട്ടിട്ടുപോലുമില്ലാത്ത കാലമാണ്. 'ആരാണീ ഗാലിബ്? ഇത്രയ്ക്ക് അഹങ്കാരമോ? അവനെ അടുത്ത മുഷായിരയ്ക്ക് വിളിച്ചുവരുത്തൂ. നമുക്ക് ശരിയാക്കാം'. 

അങ്ങനെ ഗാലിബിനെ അടുത്ത കവിയരങ്ങിലേക്ക് വിളിച്ചുവരുത്തുന്നു. സദസ്സില്‍ നാട്ടിലെ കവികള്‍ക്കുമുന്നില്‍ വെച്ച് ഗാലിബ് ചോദ്യം ചെയ്യപ്പെടുന്നു. നിനക്ക് എന്തുണ്ടായിട്ടാണ് നീ ആസ്ഥാനകവി ഉസ്താദ് സൗക്കിനെ പരിഹസിച്ചത് എന്ന് സഭ ഒന്നടങ്കം ഗാലിബിനെ ചൂഴ്ന്നുനിന്നു ചോദിച്ചു. അപ്പോള്‍ ഗാലിബ് വിശദീകരിച്ചു. 'അത് എന്റെ പുതിയ ഗസലിന്റെ മഖ്തയുടെ ആദ്യവരിയാണ്.'

ഗസലിന്റെ അവസാനത്തെ ഷേര്‍ ആണ് മഖ്ത. രണ്ടാമത്തെ വരി കൂടി ഗാലിബ് കൂട്ടിച്ചേര്‍ത്തു. 

" वगरना शहर में 'ग़ालिब' की आबरू क्या है " 

വഗർനാ ഷെഹർ മേം ഗാലിബ് കി ആബ്രൂ ക്യാ ഹേ..? "

'അല്ലെങ്കില്‍ ഈ നഗരത്തില്‍ ഗാലിബിന് എന്ത് വിലയാണുള്ളത്?' 

"हुआ है शाह का मुसाहिब फिरे है इतराता 
  वगरना शहर में 'ग़ालिब' की आबरू क्या है " 
 " ഹുവാ ഹേ ഷാ കാ മുസാഹിബ് ഫിറേ ഹേ ഇത്രാതാ..
വഗർനാ ഷെഹർ മേം ഗാലിബ് കി ആബ്രൂ ക്യാ ഹേ..? "

'ചക്രവര്‍ത്തിയുടെ വേണ്ടപ്പെട്ടവനാണ് എന്നും പറഞ്ഞ് വലിയ ഗമയിലങ്ങനെ പോവുകയാണിവന്‍. അല്ലെങ്കില്‍ ഈ നഗരത്തില്‍ ഗാലിബിന് എന്ത് വിലയാണുള്ളത്'.

അതോടെ ഒറ്റയടിക്ക് സംഗതികളൊക്കെ തിരിഞ്ഞു. ഉസ്താദ് സൗക്ക് തന്നെ അപമാനിക്കാന്‍ വേണ്ടി ഗാലിബ് ചമച്ച കവിത എന്ന് പരാതിപ്പെട്ടത് ഒരു നിമിഷം കൊണ്ട് ചക്രവര്‍ത്തിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഷേര്‍ ആയി മാറി. ഗാലിബിന്റെ ദുരുദ്ദേശ്യമൊക്കെ ഒരു കവികൂടിയായിരുന്ന ചക്രവര്‍ത്തിക്ക് പിടികിട്ടിയെങ്കിലും, അതോടെ അദ്ദേഹത്തിന്റെ കാവ്യസിദ്ധി ചക്രവര്‍ത്തിയെ മോഹിതനാക്കി. അദ്ദേഹം പറഞ്ഞു, 'ഗാലിബ്, ഇത് മഖ്തയല്ലേ.. ഗസല്‍ മുഴുവനും പോരട്ടെ'.

സത്യത്തില്‍ അങ്ങനെ ഒരു ഗസലൊന്നും അദ്ദേഹം എഴുതിയിരുന്നില്ല. ചക്രവര്‍ത്തി പറഞ്ഞ സ്ഥിതിക്ക് ഇനി ഗസലില്ല എന്ന് പറഞ്ഞാല്‍ കഴുത്തിന് മീതെ തല കാണില്ല. അതുകൊണ്ട് നിമിഷനേരം കൊണ്ട് ഗാലിബ് അതി മനോഹരമായ ഒരു ഗസല്‍ തത്സമയം ആലപിച്ചു. അതാണ് 'ഹര്‍ ഏക് ബാത്ത് പേ..' എന്നുതുടങ്ങുന്ന സുന്ദരമായ ഗാലിബ് ഗസല്‍. അതും സൗക്കിനും സഹകവികള്‍ക്കുമുള്ള ഗാലിബിന്റെ മറുപടിയായിരുന്നു. അതിലെ ചില വരികളുടെ മലയാളം ചുവടെ. 

हर एक बात पे कहते हो तुम कि तू क्या है 
तुम्हीं कहो कि ये अंदाज़-ए-गुफ़्तुगू क्या है 

ഹർ ഏക് ബാത്ത് പേ കെഹ്തെ ഹോ തും കെ തൂ ക്യാ ഹേ...
തും ഹി കഹോ കെ യെ അന്ദാസ് എ ഗുഫ്തഗൂ ക്യാ ഹേ.. 

എന്ത് പറഞ്ഞാലും, നിങ്ങൾ എന്നോട് നീ എന്താണ് എന്ന് ചോദിക്കും.. എന്നെ കളിയാക്കും.. പരിഹസിക്കും.. നിങ്ങൾതന്നെ പറ ഇതെന്തൊരു (മര്യാദകെട്ട) രീതിയിലാണ് നിങ്ങൾ ഒരാളോട് സംസാരിക്കുന്നത്...? 

रगों में दौड़ते फिरने के हम नहीं क़ाइल 
जब आँख ही से न टपका तो फिर लहू क्या है 

രഗോം മേം ഡോഡ്തെ ഫിർനെ കെ ഹം നഹി കായൽ 
ജബ് ആംഖ് ഹി സെ ന ടപ്പ്കാ തോ ഫിർ ലഹു ക്യാ ഹേ..

ഞരമ്പുകളിൽ ഓടുന്ന ചോരയ്ക്ക് 
കണ്ണുനീരായി ഉതിരാനാവില്ലെങ്കിൽ 
പിന്നെന്തുവിലയാണുള്ളത്..? 

चिपक रहा है बदन पर लहू से पैराहन 
हमारे जैब को अब हाजत-ए-रफ़ू क्या है 

ചിപക് രഹാ ഹേ ബദൻ മേം ലഹു സെ പേരാഹൻ 
ഹാമാരെ ജേബ് കോ അബ് ഹാജ്തെ റഫു ക്യാ ഹേ..

ചോരയിൽ കുതിർന്ന കുപ്പായം എന്റെ ഉടലിൽ 
ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ വേളയിൽ 
എന്റെ കീറിപ്പോയ കീശയ്ക്ക് 
ഒരു തുന്നലിന്റെ ആവശ്യമുണ്ടോ..? 

തന്റെ മരണത്തെപ്പറ്റിയും ഗാലിബ് ഇങ്ങനെ എഴുതി 

हुए मर के हम जो रुस्वा हुए क्यूँ न ग़र्क़-ए-दरिया 
न कभी जनाज़ा उठता न कहीं मज़ार होता 

ഹുവേ മർനേ കെ ബാദ് ഹം ജോ റുസ്‌വാ 
ഹുവേ ക്യൂം ന ഗർക്ക്-എ-ദരിയാ 
ന കഭി ജനാസാ ഉഠ്‌താ, ന കഹീ മസാർ ഹോതാ 

മരണാനന്തരം ദുഷ്കീർത്തി നേടിയ ഈ ഞാൻ 
മരിച്ചപ്പോഴെന്തേ കടലിൽ മുങ്ങിപ്പോയില്ല..?
എങ്കിൽ കബറും അടക്കേണ്ടി വരില്ലായിരുന്നു, 
ശവകുടീരവുമുയരുകില്ലായിരുന്നു..! 

ഒരിക്കലും ഒരു കബറടക്കമോ ശവകുടീരമോ ആഗ്രഹിക്കാതെ 1869  ഫെബ്രുവരി 15-ന് തന്റെ എഴുപത്തൊന്നാം വയസ്സില്‍ മരണപ്പെട്ട മിര്‍സാ ഗാലിബിന്റെ പേര്‍ക്ക് ഒരു ശവകുടീരമുണ്ട് ഹസ്രത് നിസാമുദ്ദീനില്‍, നിസാമുദ്ദീന്‍ ഔലിയായുടെ ഖബറിടത്തില്‍ നിന്നും അധികം അകലെയല്ലാതെ.  

ഗാലിബിന്റെ മറ്റൊരു പ്രസിദ്ധമായ ഷേറില്‍ അവസാനിപ്പിക്കാം,
मज़े जहान के अपनी नज़र में ख़ाक नहीं 
सिवाए ख़ून-ए-जिगर सो जिगर में ख़ाक नहीं 

മസേ ജഹാൻ കെ അപ്നി നസർ മേം ഖാക് നഹി 
സിവായെ ഖൂനെ ജിഗർ സൊ ജിഗർ മേം ഖാക് നഹി..
ഇഹലോകസുഖങ്ങൾ  
എന്റെ കണ്ണിൽ ഒന്നുമല്ല...
ഈ നെഞ്ചിനുള്ളിൽ, 
എന്റെ ഹൃദയരക്തമല്ലാതെ മറ്റൊന്നുമില്ല..! 

നസിറുദ്ദീന്‍ ഷാ ഗാലിബിന്റെ റോളില്‍

 

രാഗവിസ്താരം 
ഗാലിബിന്റെ ജീവിതകഥ ഗുല്‍സാര്‍ സ്വന്തം തിരക്കഥയില്‍ ദൂരദര്‍ശനുവേണ്ടി ടെലിഫിലിം ആക്കുകയുണ്ടായി. നസിറുദ്ദീന്‍ ഷാ ആയിരുന്നു ഗാലിബിന്റെ റോളില്‍. തന്‍വി ആസ്മി, നീനാ ഗുപ്ത തുടങ്ങിയവര്‍ ഇതില്‍ അഭിനയിച്ചു. 1988-ലാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഈ ടെലിഫിലിമിനുവേണ്ടി ജഗ്ജിത് സിങ്ങും ഭാര്യ ചിത്രാ സിങ്ങും ചേര്‍ന്ന് ഈണം പകര്‍ന്ന് ആലപിച്ച ഗാലിബ് ഗസലുകള്‍ അവരുടെ ഗസല്‍ ആല്‍ബങ്ങളിലെ 'മാഗ്‌നം ഓപ്പസാ'യിട്ടാണ് കണക്കാക്കപ്പെടുന്നത്. 

ഹസാറോം ഖ്വാഹിഷേം ഐസി എന്ന ഗസല്‍ ജഗ്ജിത് സിങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത് പുരിയാ ധനശ്രീ രാഗത്തിലാണ്. സായാഹ്നങ്ങളിലാണ് പൊതുവെ ഈ രാഗം ആലപിക്കപ്പെടുന്നത്. പുര്‍വി ധാട്ടിലുള്ള ഒരു രംഗമാണിത്. കര്‍ണാടക സംഗീതത്തില്‍ ഇതിനു സമാനമായ രാഗമാണ് പന്തുവരാളി.

 

ലക്കം1 : ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

ലക്കം2 : 'ഏക് ബസ് തൂ ഹി നഹി' 

ലക്കം3: യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

click me!