Latest Videos

എവിടെപ്പോയി നമ്മുടെ കൊള്ളസംഘങ്ങള്‍?

By P R ShijuFirst Published May 9, 2019, 2:23 PM IST
Highlights

ഈ കൊള്ളക്കാരൊക്കെ എവിടെപ്പോയി.  പി ആര്‍ ഷിജു എഴുതുന്നു 

കൊള്ളത്തലവന്‍ കൈ രണ്ടുവട്ടം അടിക്കുമ്പോള്‍ നിരനിരയായി എത്തുന്ന നര്‍ത്തകികള്‍. കരോക്കെയല്ല, സ്വന്തം ഓര്‍ക്കസ്ട്ര, പാട്ടുകാര്‍. ചെലവ് താങ്ങാനാവാതെ എഫ് എ സി ടി കഥകളി ക്ലബിനേയും ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫുട്‌ബോള്‍ ടീമിനേയും ഡിസ് ബാന്‍ഡ് ചെയ്തപ്പോഴും കൊള്ളസംഘങ്ങള്‍ സാംസ്‌കാരിക വിഭാഗം നിലനിര്‍ത്തിപ്പോന്നെന്നാണ് ഓര്‍മ.

'അല്ലോളീ, ഇപ്പ കൊള്ളസംഘൊന്നൂല്യേ?'

ജോസ് പ്രകാശിനെ 'റോട്ടുമ്മല്' വച്ച് കണ്ട കോഴിക്കോട്ടുകാരന്റെ  സംശയത്തിലെ തമാശ വിടുക. എന്നിട്ടോര്‍ത്തു നോക്കുക. എവിടെപ്പോയി നമ്മുടെ കൊള്ളസംഘങ്ങള്‍? എത്ര നാളായി അസ്സല്, ലക്ഷണമൊത്ത ഒരു കൊള്ളസംഘത്തെ കണ്ടിട്ട്? എന്തായിരിക്കും കൊള്ളസംഘങ്ങള്‍ക്കു പറ്റിയിട്ടുണ്ടാവുക? 

നമുക്കറിയാം, സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം പരമ്പരാഗത കള്ളക്കടത്ത് അത്ര ലാഭകരമല്ലാത്ത ഏര്‍പ്പാടായി മാറി. ഇലക്‌ട്രോണിക് സാധനങ്ങളുടെ കടത്തൊന്നും കള്ളക്കടത്തേ അല്ലാതായി. കസ്റ്റംസിനെ വെട്ടിച്ച് താരാദാസ് കൊണ്ടുവന്നിരുന്ന റെക്കോഡ് പ്ലെയറും ട്രാന്‍സിസ്റ്ററും പെര്‍ഫ്യൂമുമെല്ലാം കച്ചവടം ചെയ്ത് എത്ര പേരാണ് കഴിഞ്ഞിരുന്നത്, കടപ്പുറത്ത്! ബോംബെ ഡോക്കില്‍ ഇലക്‌ട്രോണിക്‌സ് ഗുഡ്‌സ് കടത്തിയിരുന്നവര്‍ സ്വര്‍ണത്തിലേക്കും പിന്നെ ഡ്രഗ്‌സിലേക്കും ഒടുവില്‍ ആയുധങ്ങളിലേക്കുമൊക്കെ മാറിയതാണ് ഇന്ത്യന്‍ അധോലോകത്തിന്റെ ചരിത്രം. അങ്ങനെ മാറിയിരിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത, ആര്യനിലെ കുതിരവട്ടം പപ്പു ജൂഹു കടപ്പുറത്തെ വാച്ചു കച്ചവടമൊക്കെ പൊളിഞ്ഞ് എന്തായോ എന്തോ? ഒരുപക്ഷേ വിദര്‍ഭയിലെ പരുത്തിക്കര്‍ഷകര്‍ക്കു മുമ്പേ ഉദാരവത്കരണത്തിനു മുന്നില്‍ ജീവിതം വച്ച് കീഴടങ്ങിയത് പരമ്പരാഗത കള്ളക്കടത്തുകാരാവാം. നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ് എന്നു ജാക്കി വിലക്കിയിട്ടും ശേഖരന്‍ കുട്ടി ആ വഴിക്കു തന്നെ പോയത് ഇതൊക്കെ മുന്‍കൂട്ടി കണ്ടാവണം.

എന്നുവച്ച് സകലതിനും ഉത്തരവാദി ഉദാരവത്കരണമാണെന്ന് പറയാമോ? 

കൊള്ളസംഘങ്ങളുടെ ഭാഗത്തും നിശ്ചയമായും തെറ്റുണ്ട്. പ്രി ലിബറലൈസേഷന്‍ കാലത്തെ ഏതെങ്കിലും കൊള്ളസംഘ രംഗം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം, യാതോരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസും നടത്താതെയായിരുന്നു അവരുടെ വര്‍ക്ക് മോഡല്‍. വലിയൊരു ചക്രം തിരിച്ച് ഭിത്തിയില്‍ ഒളിപ്പിച്ചു വച്ച വാതില്‍ തുറന്നാണ് ഒട്ടുമിക്ക കൊള്ള സങ്കേതങ്ങളിലേക്കും പ്രവേശനം. അന്നത്തെ സാങ്കേതിക വിദ്യ വച്ചുള്ള മെക്കാനിക്കല്‍ സംവിധാനമാവണം അത്. അകത്തേക്കു കടന്നാല്‍ പല സൂചനകള്‍ക്കായി പലവിധ ബള്‍ബുകള്‍, അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ നല്‍കാനുള്ള ശബ്ദസംവിധാനം, അസിസ്റ്റന്റ് കൊള്ളക്കാര്‍ പിടിച്ചു കൊണ്ടുവരുന്ന സിഐഡികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് കൊള്ളത്തലവന് പൊട്ടിച്ചിരിക്കാന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി. ഇത്രയും മെയിന്റയിന്‍ ചെയ്യാന്‍ തന്നെ വലിയൊരു ഇ ആന്‍ഡ് സി വിങ് വേണ്ടി വരും. (മീറ്റര്‍ പുറത്തു വയ്ക്കാന്‍ പറ്റാത്തതു കൊണ്ട് കൊള്ള സങ്കേതത്തിന് കെഎസ്ഇബി കണക്ഷന്‍ കിട്ടിയിട്ടുണ്ടാവില്ല, ജനറേറ്ററില്‍ ആയിരുന്നിരിക്കും പ്രവര്‍ത്തനം. ഡീസല്‍ വില നിയന്ത്രണം നീക്കിയത് അവര്‍ക്ക് ഇരുട്ടടിയായിക്കാണും)

സങ്കേതത്തിനുള്ളില്‍ എവിടെ ക്യാമറ വച്ചാലും ഫ്രെയ്മില്‍ വരുന്ന തടിമാടന്മാരായ ഗുണ്ടകളെ വിടുക, കാരണം സെക്യൂരിറ്റി ഈ ബിസിനസില്‍ കോംപ്രമൈസിന് സാധ്യതയില്ലാത്ത ഒന്നാണ്. എന്നാല്‍ കള്‍ച്ചറല്‍ വിങ്ങിന്റെ കാര്യം അതല്ല. കൊള്ളത്തലവന്‍ കൈ രണ്ടുവട്ടം അടിക്കുമ്പോള്‍ നിരനിരയായി എത്തുന്ന നര്‍ത്തകികള്‍. കരോക്കെയല്ല, സ്വന്തം ഓര്‍ക്കസ്ട്ര, പാട്ടുകാര്‍. ചെലവ് താങ്ങാനാവാതെ എഫ് എ സി ടി കഥകളി ക്ലബിനേയും ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫുട്‌ബോള്‍ ടീമിനേയും ഡിസ് ബാന്‍ഡ് ചെയ്തപ്പോഴും കൊള്ളസംഘങ്ങള്‍ സാംസ്‌കാരിക വിഭാഗം നിലനിര്‍ത്തിപ്പോന്നെന്നാണ് ഓര്‍മ.

വരവ് കുറവും ചെലവ് കൂടുതലുമുള്ള ഏത് കമ്പനിയേയും പോലെ കൊള്ളസംഘം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ എങ്ങനെയാവും അവര്‍ അത് എക്സിക്യൂട്ട് ചെയ്തിട്ടുണ്ടാവുക? പിടയ്ക്കുന്ന ഹൃദയത്തോടെയാവും അവര്‍ അവസാനത്തെ കള്ളക്കടത്ത് നടത്തിയിട്ടുണ്ടാവുക. 

അന്നു രാത്രി സംഘത്തിന്റെ ഫുള്‍ കോര്‍ട്ട് വിളിച്ചു ചേര്‍ത്ത് കൊള്ളത്തലവന്‍ ഒരു വിടവാങ്ങല്‍ പ്രസംഗം നടത്തിയിട്ടുണ്ടാവും. 'കൊള്ളസംഘത്തിലെ എന്റെ സഹോദരീ സഹോദരന്മാരേ' എന്നയാള്‍ അഭിസംബോധന ചെയ്തപ്പോള്‍ അവര്‍ ദീര്‍ഘമായി കൈയടിച്ചിട്ടുണ്ടാവും. ഒടുവില്‍ കൊള്ള മുതലുകള്‍ അവസാനത്തെയാള്‍ക്കു വരെ വീതിച്ചു നല്‍കി, ജോണി എന്ന മുതലയെ മാത്രം തനിക്കായെടുത്ത് അയാള്‍ രഹസ്യകോഡുകള്‍ ഇല്ലാത്ത രാത്രിയിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.

(ഉദാരവത്കരണം ജോണി എന്ന മുതലയോട് ചെയ്തത്)

click me!